കേരളത്തിലെ ക്രിസ്ത്യൻ-മുസ്ലിം സമൂഹങ്ങൾക്കിടയിൽ കപട വിരോധം ഉന്നയിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ
പ്രതികരണം/പി. ജെ ബേബി പുത്തൻപ്പുരക്കൽ
ഒരു ബഹുമത സമൂഹത്തിൽ മതേതരത്വം നിലനില്കാതെ ജനാധിപത്യം നിലനില്ക്കുമേ? ഒരിക്കലുമില്ല. പക്ഷേ, ജനാധിപത്യ കേരളം ഉറങ്ങുകയാണോ? അതോ ഉറക്കം നടിക്കുകയാണോ?
ഈ ചോദ്യമുന്നയിക്കുന്നത് ജനാധിപത്യത്തെ – ജനാധിപത്യപരമായ സാമൂഹ്യന്തരീക്ഷത്തെ- ജീവവായു പോലെ കരുതുന്ന
കേരളത്തിലെ വലിയൊരു ഭാഗം നല്ല മനുഷ്യരോടാണ്.
അവരുടെ മുന്നിൽ മുട്ടുകുത്തി ഇരു കൈകളുമുയർത്തി ഞാനിത് ചോദിക്കുന്നു.
ഇതു ചോദിക്കാൻ കാരണം ക്രിസ്തീയ സമുദായത്തിൽ ഇന്ന് ഭ്രാന്തമായ രീതിയിൽ മുസ്ലിം വിരോധം വളർത്തി അവരിൽ നല്ലൊരു ഭാഗത്തെ ബി.ജെ.പിയിലേക്ക് ആട്ടിത്തെളിക്കാൻ നടക്കുന്ന ശ്രമങ്ങളോട് കേരളീയ ജനാധിപത്യ പക്ഷം കാണിക്കുന്ന അങ്ങേയറ്റം ഉദാസീനമായ നിലപാടാണ്.
ലവ് ജിഹാദും, ഹാഗിയ സോഫിയയും കഴിഞ്ഞ് ഇപ്പോൾ നടക്കുന്ന തികഞ്ഞ അസംബന്ധം മാത്രമായ “ഹലാൽ – ഹറാം ” വിഷയം വരെ മതനേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ രഹസ്യ പ്രോത്സാഹനത്തോടെ ധ്യാനഗുരുക്കന്മാരും, ബി ജെ പി കൈകാര്യം ചെയ്യുന്ന കള്ള “ക്രിസ്ത്യൻ ” വാട്സാപ്പ് -ഫേസ് ബുക്ക് ഹാൻഡിലുകളും മതവെറി വളർത്താനുപയോഗിക്കുന്നു ..
അവർക്കെതിരെ ഒരു കാര്യമായ ആശയപരമായ പ്രതിരോധവുമുയരുന്നില്ല.
മത തലത്തിൽ എന്ന മട്ടിൽ ഇതങ്ങനെ നടക്കുമ്പോൾ, മറുവശത്ത്,
ലീഗ് യു ഡി എഫിനെ വിഴുങ്ങിക്കഴിഞ്ഞിരിക്കുന്നു, അവർ മതമൗലികവാദം വളർത്തുന്നു, കോൺഗ്രസ് അവർക്കു കീഴടങ്ങിയിരിക്കുന്നു എന്ന പച്ച നുണ CPIM ഉം ബി ജെ.പിയും ഇരുവശത്തു നിന്നും ശക്തമായി ഉന്നയിക്കുന്നു.
ആ വിഷലിപ്തമായ പ്രചരണത്തിനെതിരെ LDF ഉമായി ചേർന്നു നില്ക്കുന്ന ഇതര ജനാധിപത്യ പാർട്ടികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന സി പി ഐ മുതൽ 1NL ഉം
CPIM L -റെഡ് ഫ്ളാഗും വരെ ഒരക്ഷരം പരസ്യമായി പറയാൻ തയ്യാറല്ല. അവരെല്ലാം കീഴടങ്ങുന്നു…
നെടുങ്കുന്നം സ്കൂൾ ഹെഡ്മിസ്ട്രസിനെ “ചവിട്ടേൽക്കുന്നവന്റെ സുവിശേഷമാണ് ഓണം, ഗാന്ധിജി മുതൽ നെൽസൻ മണ്ടേല വരെയുള്ളവരുടെ പാത നാം പിന്തുടരണം” എന്ന ഓണസന്ദേശം നല്കിയതിന്, ഹിന്ദു മതഭ്രാന്തരുടെ ആവശ്യപ്രകാരം, കേരളത്തിലെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി നിർബന്ധിച്ചു മാപ്പു പറയിക്കുകയും, അത് വീണ്ടും ഉച്ചത്തിൽ പറയിച്ച് റെക്കോർഡ് ചെയ്ത് അതേ മതഭ്രാന്ത സംഘത്തിന് കൈമാറുകയും ചെയ്ത പിണറായി വിജയൻ നയിക്കുന്ന കേരള പോലീസിന്റെ നടപടി അറിഞ്ഞില്ല എന്നു നടിക്കുന്നു ക്രിസ്ത്യൻ മതനേതൃത്വം.
അവരാണ് ഹലാൽ മാംസം കഴിച്ചാൽ മതം പോകും എന്ന പ്രചരണത്തിന് പ്രോത്സാഹനം നല്കുന്നത്.
1970 കളിൽ കടുത്ത വിശ്വാസിയായിരിക്കെ ഞാൻ കർണ്ണാടകയിലെ (ബാംഗ്ളൂരിലോ, മൈസൂരിലോ മറ്റോ) ഒരു കത്താലിക്കാ ദേവാലയം സന്ദർശിച്ചിരുന്നു. അവിടെയുള്ള അച്ചൻ (വൈദികൻ) പറഞ്ഞത് ഒരു വിധ മൂർത്തികളെയും (രൂപങ്ങളെയും ) ഇവിടെ വച്ചിട്ടില്ല, വെളിച്ചത്തിന്റെ പ്രതീകമായി ഒരു നിലവിളക്ക് മാത്രം കത്തിച്ചു വച്ചിരിക്കുന്നു, ഏതു മതക്കാർക്കും ഇവിടെ വന്ന് അവരവരുടെ ഈശ്വരനെ ഒരേ സമയം അനുസ്മരിച്ച് നിശ്ശബ്ദമായി പ്രാർത്ഥിക്കാൻ അവസരം നല്കാനാണത് എന്നാണ്.
അങ്ങനെ സർവമത സാഹോദര്യത്തിന്റെയും, “ഏതു മതമായാലും ഒരേ ഒരു ഈശ്വരൻ ” എന്നതിന്റെയും വഴിയെ പോയ ഇന്ത്യൻ കത്തോലിക്കാ മതം ഇന്ന് ” ഞങ്ങളുടെ ദൈവ ” ത്തിന്റെയും അവന് പിടിക്കാത്ത ഹലാൽ പരിപാടിക്കുമെതിരെ നീങ്ങുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയാണ്. സംഘ പരിവാർ അജണ്ട.
ജർമനിയും ഫ്യൂറർ ഹിറ്റ്ലറുമായി കത്തോലിക്കാ സഭ ഒപ്പുവച്ച നീചമായ കോൺകോർ ദാത്ത് ഉടമ്പടി ലക്ഷക്കണക്കിന് കത്തോലിക്കരടക്കം ലോകത്ത് കോടിക്കണക്കിന് മനുഷ്യ ജീവൻ നശിക്കുന്നതിനിടയാക്കി. ഭൂമിയെ അത് നരകമാക്കി.
ജർമനിയിൽ ഹിറ്റ്ലർക്കെതിരെ സോഷ്യൽ ഡമോക്രാറ്റുകളുമായി താത്വിക കാരണങ്ങളുടെ പേരിൽ ഐക്യമുണ്ടാക്കാൻ വിസമ്മതിച്ച കമ്യൂണിസ്റ്റ് പാർട്ടി നിലപാട് ഏതാണ്ട് മുഴുവൻ കമ്യൂണിസ്റ്റ് പാർട്ടി പാർട്ടിയംഗങ്ങളുടെയും കൊലയിൽ മാത്രമല്ല കലാശിച്ചത്.
ജനാധിപത്യവാദികൾ മാത്രമല്ല, ഹിറ്റ്ലറെ മതപരമായ കാരണങ്ങളാൽ ഫ്യൂറർ എന്നു വിളിക്കാൻ വിസമ്മതിച്ച ക്രിസ്ത്യൻ വിഭാഗങ്ങളും ക്രൂരമായി വേട്ടയാടപ്പെട്ടു.
അത്തരമൊരു ചരിത്രാനുഭവത്തെപ്പറ്റി വളരെയേറെ ചർച്ച ചെയ്യാറുള്ള മലയാളി സമൂഹം ജർമൻ ക്രിസ്ത്യാനികളുടെ രൂഢമൂലമായ ജൂത വിരോധമാണ് ആ അവസ്ഥക്കടിസ്ഥാനമാക്കപ്പെട്ടത് എന്നറിയാവുന്നവരാണ്.
പക്ഷേ, കേരളത്തിൽ 1500 കൊല്ലം ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ച ചരിത്രമാണ് ക്രിസ്ത്യൻ – ഹിന്ദു-മുസ്ലിം സഹോദരങ്ങൾക്കുള്ളത്.
അതായത് ഇല്ലാത്ത മുസ്ലിം വിരോധം കപട പ്രശ്നങ്ങൾ ഉന്നയിച്ച് വളർത്തുന്നവർ ഹിന്ദു രാഷ്ട്രത്തിന്റെ ശിലയിടുകയാണ് ചെയ്യുന്നത്. ഗ്യാസ് ചേംബറുകളിലേക്ക് ക്രിസ്ത്യൻ-മുസ്ലിം ജനവിഭാഗങ്ങളെ ആട്ടിത്തെളിക്കുകയാണ് അവർ.
ജർമൻ സാഹചര്യത്തിൽ നടപ്പാക്കപ്പെട്ട നാസി തന്ത്രം, കാര്യമായ ഒളിവും മറയുമില്ലാതെ കേരളത്തിന്റെ ജനാധിപത്യ ശരീരത്തിൽ പ്രയോഗിക്കപ്പെടുമ്പോൾ, ജനാധിപത്യവാദികൾ ഉറങ്ങുകയാണോ? ഉണർന്ന്, “നിർത്ത് “എന്ന് നാമൊറ്റക്കെട്ടായി പറയേണ്ട സമയമല്ലേ, ഇത് ?
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS