EntertainmentSocial

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍; ഇത് നിങ്ങളുടെ വീട്ടിലെ കഥയാണ് !

റിവ്യൂ/നീലീന അത്തോളി

കുടിച്ചുവെച്ച് കാലിയായ ആ ചായക്കപ്പ് വെറും ഒരു ചായക്കപ്പല്ല. അത് ഒരു സ്ത്രീയുടെ മേലുള്ള അധീശ്വത്വത്തെ നോര്‍മലൈസ് ചെയ്യുന്ന അടുക്കള ചിഹ്നമാണ്.

ഭാര്യമാരെ പുറകില്‍ നിന്ന് വന്ന് ഭര്‍ത്താവ് വാരിപ്പുണരുന്ന രംഗങ്ങളായും അതീവ രുചികരമായ ഭക്ഷണമുണ്ടാക്കുന്ന ഇടവുമായല്ലേ കൂടുതലും അടുക്കളകളെ സിനിമകള്‍ ദൃശ്യവത്കരിച്ചിട്ടുള്ളൂ.

വിയര്‍പ്പും പുകയും എച്ചിലും അധികാരവും അധീശ്വത്വവും നിറഞ്ഞ വീട്ടിലെ സകലമാന സ്ത്രീവിരുദ്ധതയും ഇന്‍സെന്‍സിറ്റിവിറ്റിയും നിറഞ്ഞ ഒരിടമായി എത്ര സിനിമകള്‍ അടുക്കളകളെ കാണിച്ചിട്ടുണ്ട്. അതിവിടെ കാണാം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍.

കയ്യും കാലും ബന്ധിച്ച, വ്യക്തിത്വം അടിയറവ് വെച്ച, അവനവനെ തന്നെ സ്ത്രീകള്‍ മറന്നുവെച്ച നരകമായി എത്ര സിനിമകള്‍ അടുക്കളയെ പോര്‍ട്രെ ചെയ്തിട്ടുണ്ട്. ട്രെയിലറില്‍ കാണുന്ന ആ ചെറു രൂപത്തിന്റെ വികാസം തന്നെയാണ് സിനിമ.

സ്ത്രീകളനുഭവിക്കുന്ന ദുരിതം അതേതുമായിക്കൊള്ളട്ടെ അതിനെ കണ്‍വേ ചെയ്യാന്‍ ദുഷ്ടരായ പുരുഷന്‍മാരുടെ സാന്നിധ്യം ആവശ്യമില്ല.

നമ്മള്‍ തീര്‍ത്തും നല്ലവരായി കാണുന്ന മനുഷ്യരുടെ പ്രവൃത്തികളാണ് പലപ്പോഴും മനുഷ്യത്വവിരുദ്ധവും സ്ത്രീ വിരുദ്ധവുമാവുന്നത്. അതവര്‍ പോലും അറിയണമെന്നുമില്ല.

ആ രീതിയില്‍ ഡ്രാമാറ്റിക്കല്ലാതെ, ഡ്രാമാ ഡയലോഗുകളില്ലാതെ, വില്ലന്‍ നല്ലവന്‍ ദ്വന്ദം സൃഷ്ടിക്കാതെ സിനിമ കണ്‍വേ ചെയ്യുന്നുണ്ട്.

ഒരു സ്ത്രീയോട് പറയുന്ന അരുതുകളും അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്ന ഉത്തരവാദിത്വങ്ങളും എത്ര സൗമ്യമായാണ് അവളിലേക്ക് കാലകാലാങ്ങളായി എത്തുന്നതെന്നും എങ്ങനെയാണ് സ്വാഭാവികതയായി മാറുന്നതെന്നും സിനിമ കാണിച്ചു തരുന്നു.

അതിവൈകാരികതയോ വയലൻസോ ഇല്ലാതെ ലക്ഷക്കണക്കിന് വീട്ടകങ്ങളിൽ ഇന്നും നടക്കുന്ന വൈവാഹിക ബലാത്സംഗം എന്ന വിഷയവും സിനിമ കയ്യൊതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.

സമ്മതമില്ലാതെ കടന്നു പിടിക്കുന്നതും സെക്‌സിനു നിര്‍ബന്ധിക്കുന്നതും മാത്രമല്ല മാരിറ്റല്‍ റേപ് പരിധിയില്‍ വരുന്നത്. ക്ഷീണിതയായിരിക്കുന്ന നേരത്ത് ഇത് താനീ നിമിഷം ആഗ്രഹിക്കുന്നില്ല എന്ന സ്വയം തിരിച്ചറിവില്ലാതെ സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും മാരിറ്റല്‍ റേപ് പരിധിയിൽ വരും.

ആ തിരിച്ചറിവ് ഭര്‍ത്താവിനും ഭാര്യക്കും പലപ്പോഴുമില്ലെന്ന് മാത്രം. ഇത്ര സെന്‍സിറ്റീവ് ആയ വിഷയത്തെ ഒട്ടും വോയറിസ്റ്റിക് അല്ലാതെ ആണ്‍കാമനകളെ തൃപ്തിപ്പെടുത്താതെ ദൃശ്യവത്കരിച്ചു എന്നുള്ളതിന് ഡയറക്ടര്‍ ജിയോ ബേബിക്ക് ഒരു ബിഗ് സല്യൂട്ട്.

ആര്‍ത്തവ കാലത്ത് വീട്ടിലെ തുളസിച്ചെടിയില്‍ നിന്ന് തുളസിയില പറിക്കുമ്പോള്‍ പഴികേട്ടവരാണോ നിങ്ങൾ, ആര്‍ത്തവ കാലത്ത് അയ്യപ്പന്‍മാര്‍ പരിസരത്തുകൂടെ പോകുമ്പോള്‍ അരക്ഷിതാവസ്ഥയും നോട്ടങ്ങളും അനുഭവിച്ചവരാണോ നിങ്ങള്‍.

വീട്ടില്‍ അനിയനോ ചേട്ടനോ കഴിച്ച പാത്രങ്ങള്‍ കഴുകുന്നത് നിങ്ങളുടെ ചുമതലയും അവരുടെ ചുമതല അല്ലാതാവുകയും ചെയ്യുന്നതിന് വിധേയരായവരാണോ നിങ്ങള്‍.

എങ്കില്‍ ആ അടുക്കള കാണുന്ന ഓരോ നിമിഷവും നില്‍ക്കുന്നത് നരകത്തിലാണെന്ന് നിങ്ങള്‍ക്കനുഭവപ്പെടും. നിലം കാവി പൂശാത്ത ആ ഇരുട്ടുമൂടിയ അടുക്കളയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് തോന്നും.

യോഗയും നടത്തവും എക്‌സര്‍സൈസും വരെ ഒരു പുരുഷ ലക്ഷ്വറിയാണെന്ന് നിങ്ങള്‍ തിരിച്ചറിയും. നിര്‍മ്മാല്യത്തിലെ കാറിത്തുപ്പിനോളം പ്രഹര ശേഷിയുണ്ട് ആ അഴുക്കുവെള്ളത്തിന്.

ഒറ്റവാക്കില്‍ വിപ്ലവാത്മകം… വരും തലമുറ കാണേണ്ടത്. പഴഞ്ചന്‍ മനസ്സുകള്‍ കണ്ട് പശ്ചാത്തപിച്ച് സ്വയം തിരുത്തേണ്ടത്.

കല്ല്യാണ ദിവസത്തെ ആ newly registered കാറിന്റെ ഷോട്ടും, പണ്ടം വെച്ച ആ അലമാരയുടെ ഷോട്ടും മനസ്സീന്ന് മായുന്നില്ല. ആ പാട്ടും വരികളും അതുപോലെ തന്നെ….സിനിമയിലേക്ക് ഇഴുകി ചേർന്നത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x