
ജിയോ ഓഫർ മഴവില്ലു പോലെ മോഹിപ്പിച്ചു മാഞ്ഞുപോയത് നിങ്ങളോർക്കുന്നുവോ? ആദ്യത്തെ ഒരു കൊല്ലം അൺലിമിറ്റഡ് ഡാറ്റയും കോളും ഫ്രീ! പിന്നെ മൂന്ന് മാസത്തേക്ക് മുന്നൂറ് രൂപയാക്കി.
ഇതിനിടെ അൺലിമിറ്റഡ് ഡാറ്റ എന്ന മോഹനവാഗ്‌ദാനം 1gb – 2gb ആക്കിയത് നമ്മളറിഞ്ഞില്ല! ഇപ്പൊ ഇതേ പ്ലാൻ 84 ദിവസത്തേക്ക് 600 രൂപയാണ്! എവിടന്ന് തുടങ്ങി, എങ്ങെത്തി നിൽക്കുന്നു എന്നാലോചിച്ചു നോക്കിയാൽ മതി, നമ്മളകപ്പെട്ടിരിക്കുന്ന ട്രാപ്പിന്റെ ആഴം മനസിലാക്കാൻ!
രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓഫീസും, ടവറും ഒക്കെയുണ്ടായിരുന്ന BSNLനെ സർക്കാർ ശ്വാസം മുട്ടിച്ചു കൊന്നു. മറ്റു കമ്പനികളെല്ലാം മത്സരിക്കാനാകാതെ നിന്നു കിതയ്ക്കുകയാണ്. പേരിന് അവശേഷിക്കുന്ന ഈ കമ്പനികൾ കൂടെ കളം വിട്ടാൽ, കുത്തകാവകാശം മൊത്തമായും ജിയോ’ക്ക് തീറെഴുതപ്പെടും.
അങ്ങനെ വന്നാൽ പിന്നെ അവര് നിശ്ചയിക്കുന്ന റേറ്റിന് വാങ്ങുകയെന്നല്ലാതെ നമുക്ക് മറ്റു പോംവഴികളില്ല! ഇതു പോലെ പെട്രോളിയത്തിന്റെ വില നിർണ്ണയിക്കാനുള്ള അവകാശം കമ്പനികൾക്ക് വിട്ടു കൊടുത്തപ്പോൾ സംഭവിച്ചതു കണ്ടില്ലേ?
ക്രൂഡ് ഓയിലിന്റെ വില ബാരലിന് 10 ഡോളറായി താണപ്പോഴും, ലിറ്ററിന് 75 രൂപ കൊടുത്ത് നമ്മൾ വാങ്ങേണ്ടി വന്നു. കഴിഞ്ഞ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് പെട്രോൾ വില വർദ്ധനയ്ക്കെതിരെ ടൂ വീലർ ഉരുട്ടി സമരം ചെയ്ത ബി.ജെ.പി നേതാക്കളൊക്കെ ഇന്ന് എവിടെയാണ്?
പെട്രോളിന് 1 രൂപ കൂടിയാൽ സമരത്തിനിറങ്ങുന്ന നമുക്കിപ്പോൾ അതൊന്നും വിഷയമേ അല്ലാതായി! തിളച്ച വെള്ളം ദേഹത്തു വീണാൽ പൊള്ളലേറ്റ് നിലവിളിച്ചു പോകും. എന്നാൽ പതുക്കെ പതുക്കെ വെള്ളത്തിന്റെ ചൂട് കൂട്ടി കൊണ്ടു വന്നാൽ, അതത്ര അറിയില്ല. ഒടുവിൽ തിരിച്ചറിയുമ്പോഴേക്കും, മരണവെപ്രാളമാകും!
അതേ തന്ത്രമാണിപ്പോൾ പയറ്റുന്നത്. ഇതു തന്നെയല്ലേ പാചക വാതക സിലിണ്ടറിന്റെ കാര്യത്തിലും സംഭവിച്ചത്? കുറ്റിക്ക് 250 രൂപ ഉണ്ടായിരുന്നതാണ് പൊടുന്നനെ 500 രൂപയാക്കി, അധിക വില സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞത്! ഇപ്പൊ 600 രൂപയാണ് ഗാർഹിക സിലിണ്ടറിന്! സബ്‌സിഡി വരുന്നോ, ഇല്ലയോ എന്നാർക്കറിയാം!
ഇതേക്കാളൊക്കെ വലിയ അപകടമാണിപ്പോൾ കാർഷിക ബില്ലിന്റെ രൂപത്തിൽ നമ്മുടെ മുന്നിലുള്ളത്. പരിധിയില്ലാതെ കാർഷിക വിഭവങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാനും, വിറ്റഴിക്കാനും സാധിക്കുമ്പോൾ, കമ്പനി പറയുന്ന വിലക്ക് വാങ്ങാൻ നിർബന്ധിതരാകും!


ഒരു കിലോ അരിയുടെ വില ഒരു രൂപ വർദ്ധിപ്പിച്ചാൽ തന്നെ ആയിരക്കണക്കിന് കോടി രൂപ കമ്പനികൾക്ക് അധിക ലാഭമുണ്ടാകും.
വസ്ത്രമോ, ഇലക്ട്രോണിക്ക് ഉല്പന്നങ്ങളോ ഒക്കെ ആളുകൾ വാങ്ങുക അവരവരുടെ സാമ്പത്തിക ശേഷിക്കനുസരിച്ചാകും. എന്നാൽ ഒരു കിലോ അരിയോ, ഗോതമ്പോ, ഉരുളകിഴങ്ങോ ആവശ്യമുള്ളവർ, വാങ്ങിച്ചേ പറ്റൂ!
ഇതു നന്നായി അറിയാവുന്നത് കൊണ്ടാണ് ഭക്ഷ്യ വസ്തുക്കളുടെ കുത്തക കൂടെ കൈപ്പിടിയിലാക്കാൻ നോക്കുന്നത്. ലോഞ്ച് ചെയ്ത് മാസങ്ങൾക്കുള്ളിൽ ജിയോ മാർട്ട് ഈ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സർവ്വീസ് ആയി കഴിഞ്ഞു!
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി എങ്ങനെയാണോ ഈ നാട്ടിലെ വിഭവങ്ങളെ ചൂഷണം ചെയ്തത്, അതു പോലെയാണ് കോർപ്പറേറ്റുകൾ പ്രവർത്തിക്കുന്നത്!
ജനാധിപത്യ ഭരണകൂടങ്ങളെ ആ രാജ്യത്തെ ജനങ്ങൾക്കെതിരെ തിരിക്കുന്ന അതിവിചിത്രമായ കാഴ്‌ച്ചയ്ക്കാണ് നാം സാക്ഷിയാകുന്നത്! വിളവ് നൽകിയ പാടം വിശപ്പേകുമ്പോൾ, കലപ്പയേന്തിയ കർഷകർ കലാപകാരികളാകുക തന്നെ വേണം!!!