
‘ഇരപിടിയന്മാരുടെ’ കഥകൾ പലയിടത്തും വീണ്ടും വീണ്ടും വായിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.
എത്രയെത്ര പെൺകുഞ്ഞുങ്ങളുടെ, സാമൂഹ്യ- രാഷ്ട്രീയ- സാഹിത്യ ജീവിതമാണ് ഈ കഴുകന്മാർ തല്ലികൊഴിച്ചുകളഞ്ഞത് എന്നത് നിസ്സാരകാര്യമല്ല.
എന്നിട്ട് ഈ ‘ നദികളും, പുഴകളും, ഗുൽമോഹറുകളും, നിത്യകാമുകന്മാരും’ ഒക്കെ പുരോഗമന-ലിബറൽ മുഖംമൂടി അണിഞ്ഞു ഒന്നും സംഭവിക്കാതെ പതിവുപോലെ കവിയരങ്ങുകളിലും ഫിലിം ഫെസ്റ്റിലും രാഷ്ട്രീയപാർട്ടിസമ്മേളനങ്ങളിലും സജീവമായി നിൽക്കുകയും ചെയ്യും, കുറ്റബോധത്തിന്റെ കണിക പോലും ഇല്ലാതെ..
അടുത്ത ഇരയെ അവർ അവിടെയും തേടികൊണ്ടിരിക്കും. ചില പെൺകുട്ടികളോട് സംസാരിച്ചപ്പോൾ പലരും പറഞ്ഞത് ‘ലിംഗഭേദമില്ലാതെ’ ഇടപെടും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആൺസുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യാനും മറ്റും തയ്യാറാകുന്നത് എന്നാണ്.
പക്ഷെ, പലപ്പോഴും തിയറികളെ കൂട്ടുപിടിച്ചു കൊണ്ട് ലൈംഗികതക്കുള്ള ‘കൺസെന്റ്’ നിർമ്മിച്ചെടുക്കാനാണ് അവർ ഈ അവസരം ഉപയോഗിക്കുന്നത്.
എല്ലാവരും അങ്ങനെ ആണെന്ന് അല്ല. ധാരാളം പേര് അങ്ങനെ ഉണ്ട്. അത് അത്ര നിസ്സാരമല്ല.
ഒരു കാര്യം എടുത്തു പറയാൻ ആഗ്രഹിക്കുന്നു. ഒരാൾ രാഷ്ട്രീയമായി ഏതു പക്ഷക്കാരൻ ആയാലും, ഏത് പാർട്ടിയിൽപെട്ട ആൾ ആയാലും, ‘by default’ സ്ത്രീകളോട്/കുട്ടികളോട്/ഭിന്നലിംഗത്തിൽ പെട്ടവരോട് മാന്യമായി പെരുമാറും എന്നുള്ളതിന് ഒരു ഗ്യാരണ്ടിയും ഇല്ല.
അരാജകവാദിയും, ഇടതുപക്ഷ- പുരോഗമന വാദിയും, വലതുസദാചാരവാദിയും, കടുത്ത മതവിശ്വാസിയും, യുക്തിവാദിയും ഒക്കെ ‘വേട്ടക്കാരായി’ അധഃപതിച്ച ധാരാളം കഥകൾ നമുക്ക് മുന്നിൽ ഉണ്ട്.
പീഡോഫീലിയയെ സാധാരണവൽക്കരിക്കുന്ന ഷോർട്ട് ഫിലിം പോലും ഇവിടെ സ്വീകരിക്കപ്പെട്ടു. നന്നായി വായിക്കുന്ന, യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന, രാഷ്ട്രീയബോധമുള്ള എത്രയോ കുഞ്ഞുങ്ങൾ ആണ് ഇത്തരം മനുഷ്യവിരുദ്ധരുടെ കെണിയിൽ കുടുങ്ങി എന്നെന്നേക്കുമായി ഉൾവലിയുന്നത് എന്ന് ഓർക്കണം.
അതൊരു സാമൂഹ്യനഷ്ടം കൂടിയാണ്. ഒപ്പം തീരാവേദനയും. പലപ്പോഴും സോഷ്യൽ ക്യാപിറ്റലും, പ്രിവിലേജും, പണവും ഒന്നുമില്ലാത്ത കുട്ടികൾക്ക് അതിജീവനം തന്നെ അസാധ്യമാകുന്നു. വാളയാർ ഓർക്കുക.
ഒരു കേസ് വരുമ്പോൾ മാത്രം ചർച്ച ചെയ്തത് കൊണ്ട് ഇത് അവസാനിക്കില്ല. വിദ്യാർത്ഥി/ യുവജന-രാഷ്ട്രീയ- സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങളോട് പറയാനുള്ളത് നിങ്ങൾ നിരന്തര ജാഗ്രത പുലർത്തണം എന്നാണു.
ലിംഗനീതി, ലൈംഗികത, കുട്ടികളോടുള്ള പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മോണിറ്ററിങ് ആവശ്യമാണ്. അംഗങ്ങൾക്കിടയിൽ അതിരുകളെകുറിച്ച് തുറന്ന ചർച്ചയും പെരുമാറ്റചട്ടവും ഉണ്ടാകണം. ഏതു വിശുദ്ധ പശു ആയാലും അത് ബാധകമാക്കണം.
ഓർക്കുക, നിങ്ങളുടെ പ്രസ്ഥാനത്തിൽ നുഴഞ്ഞു കയറുന്ന ഇത്തരം ഒരു പുഴു മതിയാകും അതുവരെ പൊതുസമൂഹത്തിൽ നിങ്ങൾ ആർജ്ജിച്ച വിശ്വാസ്യത നഷ്ടപ്പെടാൻ..


