PoliticalSocial

ഗുണയിലെ കുടിയൊഴിപ്പിക്കലും സംവരണത്തിന് നേരെ ഉയരുന്ന ചോദ്യങ്ങളും

ആനുകാലികം/ജൗഹർ കെ അരൂർ

മധ്യപ്രദേശിലെ ഗുണയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന ദളിത് കുടുംബത്തെ അതിക്രൂരമായ രീതിയിൽ കുടിയൊഴിപ്പിക്കുന്ന കാഴ്ച മനുഷ്യ മനസാക്ഷിക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് വിളവെടുക്കാമായിരുന്നിട്ടും അതിനുള്ള അവസരം പോലും നൽകാൻ തയ്യാറവതെ കൃഷി നശിപ്പിക്കുവാൻ ശ്രമിച്ചത് പോലീസിന്റെ നേതൃത്വത്തിലാണ്.

ആധുനികതയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് കൂടെ ഇതിനോട് ചേർത്ത് വായിക്കുമ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്ന ഉച്ചനീചത്തത്തിന്റെ ഇരുണ്ട ചിത്രം കർക്കിടകത്തിന്റെ ഇരുണ്ട അന്തരീക്ഷത്തിൽ പോലും നമുക്ക് തെളിഞ്ഞു കാണാൻ കഴിയും.

പത്താം ക്ലാസ്സ്‌, പ്ലസ്ടു റിസൾട്ട്‌കൾക്ക് പിന്നാലെ ഹയർ സെക്കണ്ടറി, കോളേജ് അഡ്മിഷനുകൾ തുടങ്ങാൻ പോകുന്ന ഈ സാഹചര്യത്തിൽ മലയാളികൾ ഒളിഞ്ഞും തെളിഞ്ഞും ചർച്ച ചെയ്യുന്ന സംവരണം എന്ന വിഷയം കൂടി ഇതിലേക്ക് ചേർത്ത് വായിക്കണമെന്ന് തോന്നുന്നു.

വികസനത്തിന്റെ പേരിൽ സംവരണ വിരുദ്ധത

എന്ത് കൊണ്ട് സാമ്പത്തിക സംവരണം ആയിക്കൂടാ….? ജാതി തിരിച്ചുള്ള ഈ സംവരണമൊക്കെ പരിഷ്‌കൃത സമൂഹത്തിനു ചേർന്നതാണോ…? തുടങ്ങി ചോദ്യങ്ങൾക്ക് പുറമെ ‘എസ് സി’ ആയി ജനിച്ചാൽ മതിയായിരുന്നു എന്ന് വരെ കമന്റ് പാസ്സാക്കുന്ന ആളുകൾ മതേതര, ജനാതിപത്യ വിശ്വാസികളുടെ കൂട്ടത്തിലുമുണ്ട് എന്നതൊരു നഗ്നസത്യമാണ്.

സംവരണത്തിന്റെ ലക്ഷ്യങ്ങളെകുറിച്ചോ, സംവരണം എന്ന വ്യവസ്ഥ ഭരണ ഘടനയിൽ ഉൾപെടാനുണ്ടായ കാരണങ്ങളെകുറിച്ചോ ഉള്ള ധാരണ ഇല്ല എന്നതിന് പുറമെ അവർണ്ണരുടെ ഉന്നമനത്തിൽ അസ്വസ്ഥരാവുന്ന സവർണ മേധാവിതത്വത്തിന്റെ കുല്സിത ശ്രമങ്ങളും ഇത്തരം ചോദ്യകർത്താക്കളെ സൃഷ്ടിക്കുന്നുണ്ട്.

സംവരണം എന്നത് ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയോ, തൊഴിലില്ലായ്മ ദുരീകരണത്തിനു വേണ്ടിയോ അല്ലെങ്കിൽ കേവല ഉദ്യോഗ ലഭ്ദിക്ക് വേണ്ടിയോ ഉള്ള ഒന്നല്ല. മറിച്ച്‌, കാലങ്ങളായി സവർണ സമൂഹം സമൂഹത്തിൽ അനുഭവിച്ചു പോരുന്ന പദവികളിലേക്കും സാമൂഹ്യ ചുറ്റുപാടുകളിലേക്കും, സവർണ മേധാവിത്തം കൊണ്ട് സാമൂഹികമായും സാംസ്‌കാരികമായും പിൻ തള്ളപ്പെട്ട ജന സമൂഹത്തെ ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്.

സവർണത നിലനിൽക്കുന്നുണ്ടോ ?

ഇത് പറയുമ്പോൾ പലപ്പോഴും ഉയർന്നു വരാറുള്ള ‘ഈ സവർണ മേധാവിത്തമൊന്നും ഇപ്പോഴില്ലല്ലോ’ എന്ന ചോദ്യം ഇവിടെ ആമുഖമായി ഗുണയിലെ സംഭവം സൂചിപ്പിച്ചത് കൊണ്ട് ഉയരാൻ സാധ്യതയില്ല എങ്കിലും ‘ ഈ പിന്നോക്ക വിഭാഗത്തിൽ പെട്ട സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഉയര്ന്നവരെ ഈ സംവരണ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൂടെ…? ‘ എന്ന ചോദ്യം ഇവിടെയുമുയർന്നേക്കാം.

ഒറ്റ നോട്ടത്തിൽ ശരിയെന്ന് തോന്നിയേക്കാവുന്ന ഒരു ചോദ്യമാണിത്. എന്നാൽ ഈ വിഷയത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ സത്യം മറ്റൊന്നാണ് എന്ന് ബോധ്യപ്പെടും. പിന്നോക്ക ജാതിയിൽ പെട്ട ആളുകൾ എത്ര ഉന്നതിയിൽ എത്തിയാലും അവരെ അംഗീകരിക്കാൻ തയ്യാറാവാത്ത വലിയ ഒരു സവർണ സമൂഹമാണ് ഇന്ത്യയിലുടനീളമുള്ളത്. ചരിത്രത്തിൽ ഡോക്ടർ പൽപ്പുവിന്റേയും, തിരുവിതാംകൂറിലെ അതി സമ്പന്നരിൽ ഒരാളായിരുന്ന ആലംമൂട്ടിൽ ചാന്നാറുടെയുമൊക്കെ ജീവിതം അതിനേറ്റവും വലിയ ഉദാഹരണങ്ങളാണ്.

അതി സമ്പന്നനായിട്ടും സവർണർ പോകുന്ന ക്ഷേത്രങ്ങളിലോ ചടങ്ങുകളിലോ ഒന്നും ചാന്നാർക്ക് പ്രവേശനമുണ്ടായിരുന്നില്ല. വിദ്യാസമ്പന്നനായിട്ടും ഒരു ജോലിക്ക് വേണ്ടി സ്വദേശം വിട്ട് മൈസൂർ രാജ്യത്തേക്ക് ജോലി തേടി പോകേണ്ടി വന്ന ആളായിരുന്നു ഡോക്ടർ പല്പു.

Read Also: ബി. ആർ. അംബേദ്കർ വിഭാവനം ചെയ്ത സാമൂഹിക നീതി

ഇതൊക്കെ ചരിത്രമല്ലേ…? എന്നതാണ് അടുത്തതായി ഉയരാൻ സാധ്യതയുള്ള ചോദ്യം. അതിനുള്ള ഉത്തരങ്ങൾ ഓരോ ദിവസവും പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്, ജാതീയമായ അധിക്ഷേപം സഹിക്ക വയ്യാതെ ജോലി ഉപേക്ഷിക്കേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥരും, പഠനം നിർത്തി ആത്ഹമത്യ വരെ ചെയ്ത പ്രൊഫെഷണൽ വിദ്യാർത്ഥികളും പ്രബുദ്ധ കേരളത്തിൽ പോലുമുണ്ട്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പ്, 2020 ജൂലൈ മാസം ആദ്യ വാരത്തിൽ ഭരണഘടന ശില്പി ഡോക്ടർ ബി ആർ അംബേദ്കറിന്റെ മുബൈയിലെ വസതിക്ക് നേരെയുണ്ടായ ആക്രമണം തുടങ്ങി ഇന്ത്യ ഒന്നടങ്കം ചർച്ച ചെയ്ത സംഭവങ്ങൾ വേറെയും.

പിന്നോക്ക ജാതിയിൽ ജനിച്ചു എന്ന കാരണം കൊണ്ട് വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായുമൊക്കെ ഉയര്ന്നവർ പോലും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിൽ ഇനിയും ഈ വിധത്തിലൊന്നും ഉയരാത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും എന്നതിന്റെ ഉത്തരമാണ് പാട്ട ഭൂമി ഒഴിപ്പിക്കുന്ന ജന്മി ചരിത്രം ഓർമിപ്പിക്കും വിധം മധ്യപ്രദേശിലെ ഗുണയിൽ നിന്നും പുറത്ത് വന്ന വാർത്ത.

അത്കൊണ്ട് തന്നെ ഇപ്പോൾ നില നിൽക്കുന്ന സംവരണ വ്യവസ്ഥക്ക് നേരെ ഉയരുന്ന ചോദ്യ ശരങ്ങൾക്ക് മുന്നിൽ ഒരു പരിച കൂടിയായിത്തീരുന്നുണ്ട് ഗുണയിലെ സംഭവം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x