ജോജി നിർവഹിക്കുന്ന ജീവിതത്തിന്റെ പ്രാതിനിധ്യങ്ങൾ
ലോക ക്ലാസിക് നാടകങ്ങളെ പ്രമേയമാക്കിയുള്ള അനേകം ചലച്ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ പലതും ശ്രദ്ധേയമായ സിനിമകളായി മാറിയിട്ടുണ്ട്. ഷേക്സ്പിയർ നാടകങ്ങളിൽ ദുരന്ത പര്യവസായിയായ പ്രമേയം കൊണ്ടും കഥാമികവ് കൊണ്ടും കാലങ്ങളെ കീഴടക്കി നിലനിൽക്കുന്ന ഒരു ക്ലാസിക് കഥാ തന്തുവാണ് മാഗ്ബത്ത് എന്ന നാടകത്തിന്റേത്. മാഗ്ബത്തിന്റെ കഥാ തന്തുവിനെ മലയാളത്തിന്റെ സാമൂഹിക ജീവിതത്തിലേക്കും സവിശേഷമായ ഒരു ആഖ്യാന പരിസരത്തേക്കും അതിമനോഹരമായി പുനർ വിന്യസിച്ച് കൊണ്ട് ദിലീഷ് പോത്തൻ എന്ന സംവിധായകൻ രൂപകൽപന ചെയ്ത ഗംഭീരമായൊരു സിനിമാവിഷ്കാരമാണ് ജോജി.
കിഴക്കൻ തിരുവിതാംകൂറിലെ എരുമേലിയെന്ന മലയോര ഗ്രാമത്തെയും അവിടുത്തെ ജീവിതത്തെയും പശ്ചാത്തലമാക്കിയാണ് കഥ പുരോഗമിക്കുന്നത്. പ്രതാപിയും എന്തിനും പോന്ന ശക്തനുമായ പനച്ചേൽ കുട്ടപ്പൻ മുതലാളിയുടെ മൂന്ന് മക്കളിൽ ഇളയവനാണ് ജോജി. അന്തർമുഖനും അല്പം മാനസിക വ്യതിയാനമുണ്ടോ എന്ന് പ്രേക്ഷകർക്ക് സംശയിക്കാവുന്നതുമായ ജോജിയാണ് സിനിമയുടെ ടൈറ്റിൽ കഥാപാത്രം. കഥാപാത്രത്തിന്റെ ഭാവപരമായ ആഴങ്ങളെയും പകർച്ചകളെയും മാസ്മരികമായി സ്വന്തത്തിലേക്ക് സാന്നിവേശിപ്പിച്ച് സ്ക്രീൻ പ്രസൻസ് കൊണ്ടും പകർന്നാട്ടം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഫഹദ് ഫാസിലാണ് ജോജിയായി വരുന്നത്. പ്രാപ്തിയില്ലാത്തവൻ എന്ന ദുഷ്പേര് സമ്പാദിച്ച ജോജി തന്റെ ആനന്ദം കണ്ടെത്തുന്നത് സ്വന്തമായി ഒരു കുതിരയെ വാങ്ങി പരിപാലിച്ചാണ്. അധികാരവും ധനവിനിമായവും മറ്റാർക്കും ഒരു തരിമ്പ് പോലും കൈമാറാത്ത പനച്ചേൽ കുട്ടപ്പൻ പക്ഷെ ഒട്ടും പിശുക്കനല്ല. വീടും വാഹനവും മാറ്റ് ചുറ്റുപാടുകളുമെല്ലാം ഒരു ധനാഢ്യന് ചേർന്ന പ്രമാണിത്തത്തോടെ തന്നെ ഒരുക്കിയിട്ടുണ്ട്.
മക്കളെല്ലാം അപ്പന്റെ മുന്നിൽ കുഞ്ഞാടുകളാണ്. സ്ട്രോക്ക് വന്ന് അപ്പന്റെ ഒരു വശം തളർന്നു പോയപ്പോൾ മാത്രമാണ് അപ്പന്റെ മുന്നിൽ നേരെ നിന്ന് സ്വന്തം ആവശ്യങ്ങൾ കൊത്തിപ്പെറുക്കി പറയാനെങ്കിലും മക്കൾക്ക് ധൈര്യം വരുന്നത്. അപ്പന്റെ സ്വത്തിൽ നിന്ന് ഇഷ്ടപ്രകാരം ചിലവഴിക്കാനും ആസ്വദിക്കാനുമുള്ള ഒരു നല്ല നാളെയെ അവരെല്ലാം കൊതിക്കുന്നുണ്ട്. അപ്പന്റെ വീഴ്ചയിൽ കാര്യമായ സങ്കടങ്ങളൊന്നും മക്കൾക്കില്ല. മരിച്ച് പോകുന്നെങ്കിൽ പൊയ്ക്കോട്ടെ എന്നാഗ്രഹിക്കുന്ന മക്കളുടെയും മരുമോളുടെയും മുന്നിൽ അപ്പൻ രോഗമുക്തനായി മടങ്ങിയെത്തുമ്പോൾ കഥ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
ഇതിനകം തന്റെ കുതിരയെ വിറ്റ് കാശ് വാങ്ങിയ ജോജി തന്റെ ജീവിതം അഭിവൃദ്ധി പ്രാപിക്കാത്തത്തിന്റെ കാരണം അപ്പനും വീടും സൊസൈറ്റിയുമാണെന്ന് വിശ്വസിക്കുന്നു. അവരെയൊക്കെ അതിജയിക്കണം എന്നും ഉറപ്പിക്കുന്നു. രോഗാവസ്ഥയിൽ പോലും ഉഗ്ര പ്രതാപിയായി നിൽക്കുന്ന പനച്ചേൽ കുട്ടപ്പൻ ഇല്ലാതായെങ്കിൽ എന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള ക്രിമിനൽ ബോധം ഉണർന്ന് വരുന്നത് ജോജിയിലാണ്. ഒരു കുറ്റത്തെ ഒളിപ്പിക്കാൻ കുറ്റങ്ങളുടെ കുപ്പായങ്ങളിലേക്ക് ഒരാൾക്ക് പരകായ പ്രവേശം നടത്തേണ്ടി വരുന്നതെങ്ങനെയെന്ന കാഴ്ചയാണ് ജോജി പ്രേക്ഷകർക്ക് നൽകുന്നത്. ഒരു സാധാരണ മനുഷ്യൻ കുറ്റവാളിയെന്ന വ്യക്തിത്വത്തിനുള്ളിലേക്ക് കടക്കുന്നതിൽ അയാൾക്കുള്ളത് പോലെ പങ്ക് മറ്റാർക്കൊക്കെ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം കാണാനുള്ള ഒരു ബാധ്യത കൂടി ഈ സിനിമ പ്രേക്ഷകന്റെ വ്യവഹാര ലോകത്തേക്ക് വെച്ച് കൊടുക്കുന്നുണ്ട്.
അസാമാന്യമായ അഭിനയത്തികവ് കൊണ്ടും കഥാപാത്രത്തിന്റെ കൈയ്യടക്കം കൊണ്ടും സിനിമയിൽ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന ബാബുരാജ് എന്ന നടന്റെ നടന വിസ്മയങ്ങളെക്കുറിച്ച് ഒന്നും പറയാതെ ജോജി എന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. പനച്ചേൽ കുട്ടപ്പന്റെ മൂത്ത മകനായ പനച്ചേൽ ജോമോനാണ് ബാബുരാജ്. ബൈബിളാണ് മനുഷ്യന്റെ ജീവിതത്തിന്റെ മാന്വൽ എന്ന് അഭിപ്രായപ്പെടുന്ന പുരോഹിതനോട് വിയോജിച്ച് കൊണ്ട് മനസാക്ഷിയാണ് തന്റെ ജീവിതത്തിന്റെ മാന്വൽ എന്ന് ജോമോൻ പറയുമ്പോൾ ജീവിത വീക്ഷണത്തിന്റെ വലിയ അർഥകല്പനകളെ പ്രേക്ഷകന് അനുഭവിക്കാൻ കഴിയും. സ്വന്തം നീതിബോധത്തെ കുടുംബക്കാർക്ക് മുന്നിൽ മാത്രമല്ല, വികാരിക്ക് മുന്നിൽ പോലും തുറന്ന് പ്രഖ്യാപിക്കാനും അത് നടപ്പിലാക്കാനും മടിക്കാത്ത ജോമോൻ ജീവിതത്തോട് എത്രത്തോളം സത്യസസന്ധമായാണ് ഇടപെടുന്നത് എന്ന് നമുക്ക് മനസിലാകുന്നുണ്ട്. അന്യന്റെ ജീവിതത്തിലേക്കും അവരുടെ സ്വാതന്ത്ര്യത്തിലേക്കും അനാവശ്യ വീക്ഷണം നടത്തുകയും ഒരു കാര്യവുമില്ലാതെ അതിൽ ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ജോമോൻ പരസ്യവുമായി പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെയുള്ളവർ കള്ളുഷാപ്പിലിരുന്ന് കുണുകുണാ പറയുന്നവരാണെങ്കിലും പള്ളി മേടയിലിരുന്ന് താളത്തിൽ പറയുന്നവരാണെങ്കിലും കൈകാര്യം ചെയ്യുമെന്നാണ്.
ഒടുവിൽ കുറ്റങ്ങളെല്ലാം വെളിപ്പെട്ട്, ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോഴും ജോജി ഗൂഗിളിൽ അഭയം പ്രാപിക്കുന്നത് ഒരു സൊലൂഷന് വേണ്ടിയാണ്. സാമൂഹിക ജീവിതം അന്യമായിപ്പോകുന്ന അനേകം മനുഷ്യരുടെ പ്രതിനിധാനമാണ് ജോജി നിർവഹിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട തുരുത്തുകളിലേക്ക് ചേക്കേറാൻ കൊതിച്ച് ജീവിതത്തെ പങ്കിലമാക്കിക്കളഞ്ഞ അനേകരുടെ പ്രാതിനിധ്യം കൂടി ജോജി നിർഹിക്കുന്നുണ്ട്. താനല്ല കുറ്റക്കാർ, തന്നെ ഇങ്ങനെയാക്കിയ വീടും സമൂഹവുമാണ് ശരിയായ കുറ്റക്കാർ എന്ന് ജോജി ആരോപിക്കുന്നു. ഒരു കുറ്റവാളി അങ്ങനെ ആത്മാർത്ഥമായും ചിന്തിക്കുന്നെങ്കിൽ, ആ സമൂഹം താൻ കൂടി ഉൾപ്പെടുന്നതാണല്ലോ എന്നൊരു ചിന്തയുടെ കവാടം കൂടി പ്രേക്ഷകർക്ക് മുമ്പിൽ തുറന്ന് വെച്ചാണ് ജോജി എന്ന സിനിമ അവസാനിക്കുന്നത്.
മക്കളെക്കുറിച്ച് അപ്പന്മാർ പറയുന്നത് പോലെ കൃത്യമായി വേറെ ആർക്കും പറയാൻ പറ്റില്ല എന്നത് സത്യമാണ്. പനച്ചേൽ കുട്ടപ്പൻ ജോജിയെക്കുറിച്ച് പണ്ടേ പറഞ്ഞ് വെച്ചിട്ടുണ്ടായിരുന്നു, അവനൊരു സൈക്കിക് പീസാണെന്ന്. അവനെ സൂക്ഷിക്കണമെന്നും കുട്ടപ്പനറിയാമായിരുന്നു. അത് കൊണ്ടാണ് അര ജീവനിലിരുന്നിട്ടും ജോജിയുടെ കഴുത്തിന് തൂക്കി അയാൾ തള്ളി എറിയുന്നത്. ശ്യാം പുഷ്കരൻ എന്ന എഴുത്തുകാരന്റെ രചനാ വൈദഗ്ധ്യത്തെക്കുറിച്ചും പ്രത്യേകമായി തന്നെ പറയേണ്ടതുണ്ട്. ഒപ്പം ഷൈജു ഖാലിദിന്റെ ക്യാമറയും. കാഴ്ച ഭംഗിയും ആംഗിളുകളും ഓരോ സീനിന്റെയും ആത്മാവ് തൊട്ടറിഞ്ഞുള്ളതും സിനിമ സംവേദനം ചെയ്യാൻ ശ്രമിക്കുന്ന ആശയങ്ങളിലേക്ക് പ്രേക്ഷകനെ മനോഹരമായി കൂട്ടിക്കൊണ്ട് പോകുന്നതുമാണ്. കാസ്റ്ററിംഗിന്റെ സൂക്ഷ്മതയും ഇഴ ചേരലുമാണ് മറ്റൊരു സവിശേഷത. ബാബുരാജ് എന്ന നടന്റെ ഇതു വരെയുള്ള അഭിനയ ജീവിതത്തിലെ മാസ്റ്റർ പീസായിരിക്കും ഈ സിനിമ. നെഗറ്റിവ് റോളിൽ ഫഹദ് ഫാസിൽ അഭിനയിക്കുകയല്ല, നൃത്തമാടുകയായിരുന്നു. ഒന്നുമാവാൻ കഴിയാതെ പോകുന്നവന്റെ ഉള്ളിലെ പക എങ്ങനെയൊക്കെയാണ് പുറത്ത് വരുന്നത് എന്നാണ് ജോജി കാണിക്കുന്നത്. മനുഷ്യ ബന്ധങ്ങളിൽ നഷ്ടപ്പെട്ട് പോകുന്ന ഒരു വലിയ ഏലമന്റിനെ ഈ സിനിമ ആദ്യാവസാനം ഉൾക്കൊണ്ട് നിൽക്കുന്നുണ്ട്. അതിനെ ബന്ധങ്ങളുടെ ആത്മാവ് എന്ന് നമുക്ക് വിളിക്കാം. ഹീറോ, വില്ലൻ എന്ന ദ്വന്ത്വ നിർമിതിയുടെ അർത്ഥമില്ലായ്മകളെക്കുറിച്ചാണ് ദിലീഷ് പോത്തൻ മുമ്പ് പറഞ്ഞതെങ്കിൽ ഒരു ലക്ഷണമൊത്ത വില്ലൻ എങ്ങനെ രൂപപ്പെടുന്നു എന്നാണ് ജോജിയിലൂടെ ദിലീഷ് പറയുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS