
കൊറോണ വൈറസ് ശരീരത്തോട് ചെയ്യുന്നത്…
ഡിസംബറിൽ ചൈന തിരിച്ചറിഞ്ഞ കൊറോണ വൈറസ് അഥവാ സാർസ്- കൊവ്-2 നാലു മാസം കൊണ്ട് 70,000ലേറെ പേരുടെ ജീവനെടുത്തു. രോഗം ബാധിക്കാത്ത ലോകരാഷ്ട്രങ്ങൾ വിരലിലെണ്ണാവുന്നവ മാത്രം. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ വിവിഐപികളും രോഗത്തിന്റെ തടവറയിലാണ്. രോഗബാധിതരിൽ ബഹുഭൂരിപക്ഷവും ജീവിതത്തിലേക്കു തിരികെയെത്തി. അവരിൽ പലർക്കും നേരിയ തോതിലേ വൈറസ് ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളൂ. എന്നാൽ, ചിലരിൽ അതു ഗുരുതരമായിരുന്നു. മനുഷ്യശരീരത്തിൽ വൈറസിന്റെ പ്രവർത്തന ഘട്ടങ്ങൾ ഇങ്ങനെ
“അടയിരിക്കൽ’ ഘട്ടം
വൈറസ് ശരീരത്തിൽ സ്ഥാനമുറപ്പിക്കുന്ന ഘട്ടമാണിത്. രോഗബാധിതന്റെ ചുമയോ തുമ്മലോ വഴിയാകാം വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. അല്ലെങ്കിൽ വൈറസ് ബാധിച്ച വസ്തുവിൽ നിന്ന് നിങ്ങളുടെ കൈകളിലൂടെ മുഖത്തും തുടർന്ന് ഉള്ളിലേക്കുമെത്താം. അപ്പോൾ നിങ്ങൾക്ക് രോഗം പ്രകടമാകണമെന്നില്ല. ഏതാണ്ട് അഞ്ചു ദിവസത്തോളം വൈറസ് ബാധിച്ചത് അറിയുകയേ ഇല്ല.
നേരിയ അസ്വാസ്ഥ്യം
രോഗം ബാധിച്ച പത്തിൽ എട്ടു പേർക്കും ഈ ഘട്ടത്തിൽ പനിയും ചുമയും അനുഭവപ്പെടും. ശരീരവേദന, തൊണ്ടവേദന, തലവേദന എന്നിവയ്ക്കും സാധ്യത. പക്ഷേ, എല്ലാവരിലും ഇതു സംഭവിക്കണമെന്നില്ല. വല്ലാത്ത അസ്വാസ്ഥ്യമായിരിക്കും പിന്നീട്. ശരീരം സ്വന്തം പ്രതിരോധശേഷി ഉപയോഗിച്ച് വൈറസിനെ നേരിടാൻ തുടങ്ങുന്നതിന്റെയാണ് ഈ അസ്വാസ്ഥ്യം. വൈറസ് കയറിക്കൂടിയതു തിരിച്ചറിയുന്ന ശരീരം മറ്റു കോശങ്ങളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് സൈറ്റോകിൻസ് എന്ന രാസവസ്തു ഉപയോഗിച്ചു സന്ദേശങ്ങൾ അയയ്ക്കും. ഇതോടെയാണു പ്രതിരോധ സംവിധാനം ഒത്തൊരുമിച്ച് യുദ്ധത്തിനു തയാറാകുക. ശരീരകോശങ്ങൾ വൈറസിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമാണു പനിയും ശരീരവേദനയും. രോഗബാധിതന് തുടക്കത്തിൽ വരണ്ട ചുമയാണുണ്ടാകുക. കോശങ്ങളിലെ അസ്വാസ്ഥ്യം ഇതൊരു പരിധിവരെ കുറയ്ക്കും. എന്നാൽ, ഇവയെ വൈറസ് കീഴടക്കിയിട്ടുണ്ടാകും. അടുത്തഘട്ടത്തിൽ കഫത്തോടു കൂടിയ ചുമ. കട്ടിയുള്ള കഫം പുറത്തേക്കു വരും. വൈറസ് ബാധിച്ച് നശിച്ച ശ്വാസകോശ കോശങ്ങളും ഇതോടൊപ്പം പുറന്തള്ളപ്പെടും.
രോഗിക്ക് ഈ സമയം പൂർണ വിശ്രമം അഥവാ കിടപ്പു മാത്രം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പാരസെറ്റമോൾ ഗുളിക കഴിക്കാൻ നൽകും. ആശുപത്രി വാസത്തിന്റെ ആവശ്യമില്ല. ഒരാഴ്ച നീളും ഈ ഘട്ടം. വലിയൊരു വിഭാഗത്തിനും ഈ ഘട്ടത്തിൽ തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷികൊണ്ട് രോഗമുക്തി നേടാനാകും. ചിലരിൽ മാത്രം രോഗം ശക്തമാകും. നിലവിലുള്ള പഠനങ്ങളിൽ ഇതെന്തുകൊണ്ട് എന്നു വ്യക്തമല്ല. മൂക്കൊലിപ്പ് പോലുള്ള ലക്ഷണങ്ങൾ രോഗം ശക്തമാകുന്നവരിൽ കാണപ്പെടുന്നുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
രോഗം ഗുരുതരമാകുന്നു
ശരീരത്തിന്റെ പ്രതിരോധശേഷിയെ വൈറസ് മറികടക്കുന്നതോടെ രോഗത്തിനാകും മേൽക്കൈ. വൈറസിനെ തുരത്താനുള്ള സന്ദേശങ്ങൾ ശരീരത്തിൽ തലങ്ങും വിലങ്ങും പായും. ശരീരമാകെ വൈറസും പ്രതിരോധ സംവിധാനവുമായി ഏറ്റുമു്ടൽ. ശരീരമാകെ തീവ്രമായ വേദനയായിരിക്കും ഫലം. പ്രതിരോധ സംവിധാനമാകെ അസന്തുലിതമാകും. ന്യുമോണിയ ബാധിക്കും. ശ്വാസതടസമുണ്ടാകും. വെന്റിലേറ്റർ ആവശ്യമാകും. 14 ശതമാനം രോഗികളിൽ ഈ അവസ്ഥയുണ്ടാകുന്നതായാണു കണക്ക്.
അതീവ ഗുരുതരം
ആറു ശതമാനം പേരിലേ ഈ അവസ്ഥയുണ്ടാകൂന്നുള്ളൂ. പ്രതിരോധ സംവിധാനം തളരുന്നു. രക്തസമ്മർദം ക്രമാതീതമായി താഴും. ഇതു മറ്റു ശരീരാവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. കടുത്ത ശ്വാസതടസമുണ്ടാകുന്നതോടെ ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. ഇതു വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതോടെ രക്തശുദ്ധീകരണം തകരാറിലാകും. കുടലുകൾക്കുള്ളിലെ സ്തരങ്ങൾ ആദ്യം തകരും. ഒന്നിലധികം അവയവങ്ങൾ ഒന്നിച്ചു തകരാറിലാകും. ഈ സമയവും ശരീരം കടുത്ത പ്രതിരോധമുയർത്താൻ ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ എല്ലാ കോശങ്ങളിലേക്കുമെത്തും വൈറസ്.
എക്സ്ട്രാ കോർപ്പോറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ (ഇസിഎംഒ) ഉപയോഗിക്കേണ്ടി വരും. കൃത്രിമ ശ്വാസകോശത്തിലേക്ക് രക്തം കൃത്രിമ കുഴലുകളിലൂടെ കടത്തിവിട്ട് ഓക്സിജൻ നിറച്ച് ശരീരത്തിലേക്കു തിരികെയെത്തിക്കുന്ന രീതിയാണിത്. ചില രോഗികൾ ഈ ഘട്ടത്തെയും അതിജീവിക്കും. എന്നാൽ, നിരന്തരമായ പുകവലി മൂലമോ മറ്റു കാരണങ്ങളാലോ ശ്വാസകോശം ദുർബലമായവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും ഇതു നിർണായക ഘട്ടമാണ്.