ചക്രം പോലെ ചരിത്രം | ഡോ. ജഅഫർ എ.പി
മുന്തിയ കടലാസിൽ കളർ ചിത്രങ്ങളോടെ ഇംഗ്ലീഷിൽ അച്ചടിച്ച് വന്നിരുന്ന ‘Soviet Union’ ഉം മലയാളം പതിപ്പായ ‘സോവിയറ്റ് നാടുകൾ ‘ ഉം വായിച്ച് നടന്ന കുതൂഹലമായ ഒരു കുട്ടിക്കാലം പലർക്കുമുണ്ടാവും.
എൺപതുകളിലെ വിദ്യാർത്ഥി ജീവിതത്തിലെ നിറം പിടിച്ച ഓർമകൾ.
സ്ഥിതി സമത്വവും സാമൂഹ്യ നീതിയും വാഴുന്ന ലോകത്തെ കുറിച്ച മനുഷ്യൻ്റെ നിതാന്ത സ്വപ്നങ്ങൾ പുലരുന്ന മാതൃകാ ദേശമായി സോവ്യയറ്റ് നാടുകൾ കരുതപ്പെട്ടിരുന്ന കാലം. ലോകത്തിൻ്റെ പാതി ചുവപ്പാണെന്നും, ഏതാനും വർഷങ്ങൾക്കുള്ളിൽ ബാക്കി ഭാഗവും ചുവക്കുമെന്നും മാർക്സിസ്റ്റ് ചരിത്ര ബോധമുള്ളവർ വിശ്വസിച്ചിരുന്ന നാളുകൾ.
ഇരുമ്പ് മറക്കകത്ത് മറ്റൊരു ലോകമാണെന്നും അത് അത്ര നിറമുള്ളതല്ലെന്നും പറയുന്നവരുടെ നാക്കുകൾ താഴിട്ടു പൂട്ടിയിരുന്ന കാലം. മഹാ സാഹിത്യകാരന്മാരായ പാസ്റ്റർനാക്കും സോൾസെനിറ്റ്സണും അങ്ങിനെ പൂട്ടപ്പെട്ടവരായിരുന്നു.
എന്നാൽ തൊണ്ണൂറുകളുടെ പകുതിയോടെ സോവ്യയറ്റ് സാമ്രാജ്യം ശിഥിലമാവുകയും കിഴക്കൻ യൂറോപ്പിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകർന്ന് വീഴുകയും ചെയ്തു.
സൈനികവും പ്രത്യയശാസ്ത്രപരവ്യമായ എതിരാളില്ലാതെ ലോകത്തെ ഒരേയൊരു വൻശക്തിയായി മാറിയ അമേരിക്കയുടെ ചുറ്റുമാണ് പിന്നീട് ലോക രാഷ്ട്രീയം കറങ്ങിയത്.
ഉദാര ജനാധിപത്യത്തിനും സ്വതന്ത്ര കമ്പോള സമ്പദ്ഘടനക്കും ബദലില്ലെന്ന് ഫ്രാൻസിസ് ഫുക്ക്യാമയെ പോലുള്ള പണ്ഡിതന്മാർ നീരീക്ഷിച്ചു. ‘The End of History and the Last Man’- Francis Fukuyama.
ഇതെ കാലത്താണ് നാഗരിക സംഘട്ടനങ്ങളാവും ഭാവിയിൽ ചരിത്രത്തിൻ്റെ ഗതി നിശ്ചയിക്കുക എന്ന സിദ്ധാന്തവുമായി സാമുവൽ ഹണ്ടിംഗ്ടൻ കടന്നു വരുന്നത്. ‘The Clash of Civilizations and the Remaking of World Order’- Samuel P. Huntington
റഷ്യ ഓർത്തഡോക്സ് ക്രൈസ്തവ ദേശത്തിൻ്റെ കേന്ദ്രമാണെന്നും പശ്ചിമ നാഗരികതയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ലോകമാന്നെന്നും ഹണ്ടിംഗ്ടൻ നിരീക്ഷിച്ചു. ഏകാധിപത്യ പ്രവണത ഓർത്തഡോക്സ് നാഗരികതയുടെ സഹജ പ്രകൃതമന്നെന്നും ജനാധിപത്യവും സ്വാതന്ത്ര്യബോധവും പാശ്ചാത്യ നാഗരികതയുടെ സവിശേഷ ഗുണങ്ങളാണെന്നും ഹണ്ടിംഗ്ടൻ അഭിപ്രായപ്പെട്ടു. നാഗരികതകളെ വെള്ളം കടക്കാത്ത അറകളായി കാണുന്ന ലളിത യുക്തിയാണ് ഹണ്ടിംഗ്ടൻ പുസ്തകത്തിലുടനീളം പ്രയോഗിച്ചത്.
മനുഷ്യനെ പറ്റിയും അവൻ്റെ ഭാഗധേയത്തെ പറ്റിയും ഭാവിയെ പറ്റിയുമുള്ള എല്ലാ സിദ്ധാന്തങ്ങളും അപൂർണ്ണമാണ്. കാരണം സങ്കീർണ്ണമായ മനുഷ്യാവസ്ഥകളെ സരള സമവാക്യങ്ങളിൽ ലഘൂകരിക്കാനാവില്ല.
റഷ്യയും ഉക്രയിനും സാംസ്കാരികമായും ചരിത്രപരമായും വിശ്വാസപരമായും ഒരു നാഗരിക കുടുംബമാണ്. അവർക്കിടയിലെ തർക്കവും യുദ്ധവും ഹണ്ടിംഗ്ടൻ്റെ ഭാഷയിൽ നാഗരികമായ ആഭ്യന്തര യുദ്ധമാണ് ( intra-civilizational war). എന്നാൽ NATO യുടെ നേതൃത്വത്തിലുള്ള പാശ്ചാത്യരും റഷ്യയെ പിന്തുണക്കുന്ന ഓർത്തഡോക്സ് നാടുകളും തമ്മിലുള്ള വിശാലവും വിനാശകരവുമായ നാഗരികതകൾ തമ്മിലുള്ള സംഘട്ടനമായി ഈ യുദ്ധം രൂപാന്തരപ്പെടാം( Inter-civilizational war).
വ്യത്യസ്ത സംസ്കാരങ്ങൾ ഉരുമ്മി നിൽക്കുന്ന (civilizational faultline) ബാൾക്കൻ പ്രദേശത്തേക്ക് കുരുതികളും കലാപങ്ങളും വ്യാപിച്ചാൽ നിലക്കാത്ത വെടിയൊച്ചകളും വിലാപങ്ങളും അഭയാർത്ഥി പ്രവാഹങ്ങളുമായി ഭൂഖണ്ഡങ്ങൾ അശാന്തമാവും. സരയാവോയിൽ ഒരു രാജകുമാരൻ ( Franz Ferdinand of Austria) കൊല്ലപ്പെട്ട താരതമ്യേന നിസാരമായ കാരണത്തിനാണ് ഒന്നാം ലോക യുദ്ധം ആരംഭിച്ചത്. അതിൻ്റെ തുടർച്ചയായി രണ്ടാം ലോകയുദ്ധവും.
റഷ്യക്ക് എളുപ്പത്തിൽ ഉക്രയിനെ അധീനപ്പെടുത്താൻ സാധിച്ചെന്ന് വരാം. എന്നാൽ യുദ്ധം ജയിച്ചു കൊള്ളണമെന്നില്ല. (Winning the battle, but losing the war). സംഘർഷങ്ങളും യുദ്ധങ്ങളും കരാറുകളിലൂടെ ഒത്തു തീർപ്പിലെത്തിയാലും അരക്ഷിതവും അശാന്തവുമായ ഭാവിയിലേക്കുള്ള വെടിമരുന്നുകളാണ് അവ ബാക്കി വെക്കുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS