ലോകം കാത്തിരുന്ന കോവിഡ് വാക്സിൻ ആദ്യമായി പുറത്തിറക്കി റഷ്യ

മോസ്‌കോ: ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിനിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ കോവിഡ് വാക്‌സിൻ ഔദ്യോഗികമായി പുറത്തിറക്കി. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും പുതിന്‍ പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.
കൊറോണ വൈറസില്‍നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്ന് തങ്ങളുടെ വാക്‌സിന്‍ പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. വാക്‌സിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പുതിന്‍ നന്ദി അറിയിച്ചു. ഇത് ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു
‘ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്‌സിന്‍ വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്‌സിന്‍ ലഭിച്ചു. അവള്‍ സുഖമായിരിക്കുന്നു.’ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്‌സിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്‌കോ അറിയിച്ചു.
ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സീൻ നൽകുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സീന് ഓഗസ്റ്റിൽ സർക്കാർ അനുമതി നല്‍കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 12നായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നു പറഞ്ഞിരുന്നെങ്കിലും 11നു തന്നെ പുടിൻ പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യഘട്ടത്തിൽ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സീനിലാണ് റഷ്യയുടെ പരീക്ഷണം
ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
നൂറോളം വാക്സിനുകളാണ് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ പ്രതിരോധിക്കാൻ തയാറാകുന്നത്. നാലെണ്ണം മൂന്നാം ഘട്ടത്തിലെത്തി മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയാണ്. അതിൽ മൂന്നെണ്ണം ചൈനയിലും ഒന്ന് ബ്രിട്ടനിലാണെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Russia registers first Covid-19 vaccine, Putin’s daughter administered dose