Environment

വിഴിഞ്ഞത്തേത് അദാനി സ്പോൺസേഡ് സമരം? | വി പി റജീന

രണ്ട് കാരണങ്ങളാൽ അദാനി വിഴിഞ്ഞം വിടുകയാണ്. അതിൽ ആദ്യത്തേതാണ് പ്രധാനവും പെട്ടന്നുമുള്ള കാരണം. ശ്രീലങ്കൻ തീരത്ത് ചൈനയുടെ ചാരക്കപ്പൽ പ്രത്യക്ഷപ്പെട്ടതോടെ / സ്വന്തം തുറമുഖത്തിലൂടെ ചൈനയുടെ നേരിട്ടുള്ള സാന്നിധ്യം ഉറപ്പാക്കപ്പെട്ടതോടെ അറബിക്കടലിൽ അതിനോട് മൈലുകളുടെ വ്യത്യാസത്തിൽ മാത്രം കിടക്കുന്ന കേരള തീരം സമീപ ഭാവിയിൽ നേരിടാൻ പോവുന്ന വൻ സുരക്ഷാ ഭീഷണി.

ചൈനയുടെ സ്വപ്ന പദ്ധതിയായ ‘One Belt One Road’ / സിൽക്ക് റൂട്ട് ഇനി ഉപേക്ഷിക്കപ്പെട്ടാൽ പോലും ഇന്ത്യൻ മഹാസമുദ്രത്തെ ചൈനീസ് സൈന്യം വലയം ചെയ്യുമെന്നതിൽ തർക്കമില്ല.

ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ട കന്നി കപ്പലിൻ്റെ തുടർച്ചയായ കപ്പൽ ശൃംഖലകൾ കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽ ഉയർത്താൻ പോവുന്ന സുരക്ഷാ പ്രതിസന്ധികൾ കാണാനിരിക്കുന്നേയുള്ളൂ. കാര്യങ്ങൾ തങ്ങളുടെ വഴിക്കു തന്നെയെന്ന് ഉറപ്പിച്ച് അപ്രതീക്ഷിതമായി ചൈന നടത്തിയ നീക്കം വിഴിഞ്ഞം പദ്ധതിക്കും ഭീഷണിയൊരുക്കുമെന്നതിൽ തർക്കമില്ല.

കേരളത്തിൻ്റെ പരിസ്ഥിതിക്ക് പുല്ലുവില കല്പിച്ച് അദാനി തുടങ്ങിയതാണ് തുറമുഖ നിർമാണമെങ്കിലും കേരള തീരം രണ്ടു മൂന്നു വർഷം കൊണ്ട് നേരിട്ട / ഇനി നേരിടാൻ പോവുന്ന വൻ തീര ശോഷണം വിഴിഞ്ഞം പദ്ധതിക്ക് അത്ര ശുഭസൂചനയല്ല നൽകുന്നത്.

മാത്രമല്ല, ഏതാനും വർഷങ്ങളായി അറബിക്കടലിലെ കേരള തീരമേഖല ന്യൂനമർദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും തട്ടകമായി മാറിയത് ഭാവിയിൽ കപ്പൽ ഗതാഗതത്തെയടക്കം പ്രതികൂലമായി ബാധിച്ചേക്കാനുള്ള സാധ്യത. ഇതൊക്കെ രണ്ടാമത്തെ കാരണം.

ഇനിയാണ് കളി. സംസ്ഥാന സർക്കാറുമായുള്ള കരാർ പ്രകാരം 2019 ഡിസംബറിനകം തുറമുഖം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ്. ഈ സമയത്തിനുള്ളിൽ തീരാത്ത പക്ഷം 3 മാസം കൂടി ഇളവ് നൽകും. എന്നിട്ടും തീർന്നില്ലെങ്കിൽ
പ്രതിദിനം 12 ലക്ഷം രൂപ വെച്ച് സർക്കാറിന് അദാനി നഷ്ടപരിഹാരം കൊടുക്കണം.

2015ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് തീർക്കുമെന്ന അദാനിയുടെ പ്രഖ്യാപനം നടന്നില്ല. ഇതെ തുടർന്ന് ആർബിട്രേഷൻ കൗൺസിനെ സമീപിച്ച് 2023 ഡിസംബർ 23 വരെ സമയം നീട്ടി വാങ്ങി.

ഒരിക്കലും ഈ സമയം കൊണ്ട് പണി തീരാൻ പോവുന്നില്ല. അദാനിക്ക് സർക്കാറിന് അങ്ങോട്ട് നഷ്ടപരിഹാരം നൽകാതെ തടിയൂരാനുള്ള അവസരം ഒരുക്കാനുള്ള ഒത്തുകളിയാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പൊടുന്നനെ കത്തിപ്പടർന്ന സമരത്തിൻ്റെ സ്വഭാവം.

അങ്ങനെയെങ്കിൽ ഇതിനകം തന്നെ അന്നം മുട്ടിയ മൽസ്യത്തൊഴിലാളികളുടെ ജീവിതം വെച്ചുള്ള / അവരെ വഞ്ചിച്ചു കൊണ്ടുള്ള കളികൾ സമർത്ഥമായി തുടരുകയാണ് എന്നേ പറയാനാവൂ.

വളരെ മുന്‍കൂട്ടി തന്നെ ഇതിന്റെ അപകടം മനസിലാക്കി എതിർപ്പുയർത്തിയ പരമ്പരാഗത മത്സ്യതൊഴിലാളികളെയും അവർക്കൊപ്പം നിന്ന പരിസ്ഥിതി പ്രവർത്തകരെയും വകഞ്ഞുമാറ്റി, ആ സമയത്തൊക്കെ ഇത് വികസനത്തിന്റെ സ്വർഗരാജ്യത്തിലേക്കുള്ള കപ്പല്‍ചാലാണെന്നു പറഞ്ഞ് പ്രദേശവാസികളുടെ സങ്കടങ്ങള്‍ക്ക് കാതുകൊടുക്കാതിരുന്ന സഭാനേതാക്കളെ ഇളക്കിവിട്ടുള്ള കളിയാണിപ്പോൾ.

സമരം കാരണം പണി നിർദിഷ്ട കാലയളവിൽ നടന്നില്ലെന്ന വാദം അദാനിക്ക് ആർബിട്രേഷന് മുമ്പാകെ ഉന്നയിക്കാൻ. ഇതറിയാതെ സമരമുഖത്ത് സജീവമായ യഥാർത്ഥ ഇരകളുടെയടക്കം ആവേശത്തെ മുതലെടുത്താണ് അദാനി കൈ നനയാതെ തടിയൂരാൻ പോവുന്നത്. യഥാർത്ഥ ഇരകളുടെ അതിജീവന സമരത്തെ പോലും അദാനി മുതലാളി ഹൈജാക്ക് ചെയ്തിക്കുന്നു!

ഇതിനിടെ കരാർ വ്യവസ്ഥ പാലിച്ചില്ലെന്ന് സർക്കാറിനെ കുറ്റപ്പെടുത്താനും അദാനി മറന്നിട്ടില്ല. ഇനി പണി മുടക്കിയതിൻ്റെ കാരണക്കാർ സംസ്ഥാന സർക്കാറാണെന്ന് വരുത്തി തീർത്ത് സർക്കാറിൽ നിന്ന് തിരിച്ചിങ്ങോട്ട് നഷ്ടപരിഹാരം ഈടാക്കാനും അദാനി കളിച്ചേക്കും. മുതലാളിത്തം അതിൻ്റെ തന്നെ പ്രതിസന്ധിയിൽ നിന്നും ലാഭമൂറ്റും. അങ്ങനെ ഉണ്ടാക്കി കുമിഞ്ഞ് കൂട്ടിവെച്ചതാണല്ലോ അദാനി – അംബാനിമാരുടെ ഇക്കാണുന്ന സമ്പാദ്യമെല്ലാം.

അദാനി കേരളം വിടുന്നത് എല്ലാം കൊണ്ടും നല്ലതിനാണെന്നതിൽ തർക്കമില്ല. അത് പക്ഷെ, കരാർ ഏകപക്ഷീയമായി ലംഘിച്ച കമ്പനി തക്കതായ നഷ്ടപരിഹാരം കേരള സർക്കാറിന് കൊടുത്തുകൊണ്ടും മൽസ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടം നികത്തിക്കൊണ്ടുമായിരിക്കണം.

അവരുടെ തൊഴിലും ജീവിതവും സുരക്ഷിതമാക്കണം. വിഴിഞ്ഞം തീരത്തിന് സംഭവിച്ച പാരിസ്ഥിതിക ആഘാതം ഇതിനകം തന്നെ കനത്തതാണ്. അത് പൂർവസ്ഥിതിയിൽ ആക്കാനുള്ള ചെലവ് അദാനിയിൽ നിന്ന് തന്നെ ഈടാക്കുന്നതടക്കമുള്ള ആവശ്യങ്ങൾ പൂർവാധികം ശക്തമായി ഉന്നയിച്ചു കൊണ്ടുള്ള സമരമുഖത്താണ് മൽസ്യത്തൊഴിലാളികൾ നിലകൊള്ളേണ്ടത്.

കേരളം ഐക്യപ്പെടേണ്ടതും അത്തരമൊരു സമരത്തിനാണ്

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x