Art & LiteratureFeature

മിര്‍സ ഗാലിബ്: കാവ്യക്കൂട്ടിലൊരു പ്രണയക്കാട്

ഗസൽ ഓർമകൾ/ഷബീർ രാരങ്ങോത്ത്

ന സുനോ ഗര്‍ ബുരാ കഹെ കൊയി
ന കഹൊ ഗര്‍ ബുരാ കരെ കൊയി

ആരെങ്കിലും വേണ്ടാത്തത് പറഞ്ഞെന്നാല്‍ കേള്‍ക്കാതിരിക്കുക
വേണ്ടാത്തതൊരുവന്‍ ചെയ്‌തെന്നാല്‍ അത് പറയാതിരിക്കുക

ഗസലുകളെ നെഞ്ചേറ്റിയവര്‍ക്ക് മറന്നു കൂടാനാകാത്ത പേരാണ് ഗാലിബിന്റേത്. മിര്‍സ അസദുല്ലാഹ് ബൈഗ് ഖാന്‍ എന്ന മിര്‍സ ഗാലിബ് ഗസലിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ മഹാനാണ്. അസദ്, ഗാലിബ് എന്നീ തൂലികാ നാമങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ദാബിറുല്‍ മുല്ക്, നജ്മുദ്ദൗള എന്നീ പേരുകള്‍ അദ്ദേഹത്തിനോടുള്ള ബഹുമാനാര്‍ഥം അദ്ദേഹത്തിന് ചാര്‍ത്തി നല്കിയിരുന്നു.

‘മുഗള്‍ ഭരണം ഭാരതത്തിനു നല്കിയ അമൂല്യ നിധികള്‍ മൂന്നാണ്. താജ്മഹല്‍, ഉര്‍ദു, ഗാലിബ് എന്നിവയാണ് അവ.’ എന്ന് എഴുതപ്പെട്ടിട്ടുണ്ട്.

ലളിത വാക്കുകള്‍ കൊണ്ടും ലളിതാര്‍ഥങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്നിരുന്ന ഗസല്‍ കാവ്യ ശാഖയിലേക്ക് അല്പം ഗഹനമായ ചിന്തകളും വാക്കുകളും സമ്മാനിച്ചാണ് ഗാലിബിന്റെ കടന്നു വരവ്. 1797 ഡിസംബര്‍ 27 നാണ് ഗാലിബിന്റെ ജനനം.

ബാല്യകാലത്തു തന്നെ ഗാലിബിനു പിതാവിനെ നഷ്ടമായിരുന്നു. പതിമൂന്നാം വയസില്‍ തന്നെ വിവാഹിതനാവുകയും ഡല്‍ഹിയില്‍ താമസമാക്കുകയുമായിരുന്നു. പതിനൊന്നാം വയസില്‍ തന്നെ ഗാലിബ് കവിത കുറിച്ചു തുടങ്ങിയിട്ടുണ്ട്.

ഡല്‍ഹി ഗാലിബിന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. എല്ലാ കാര്യങ്ങളിലും സ്വന്തം ബോധ്യങ്ങള്‍ ഗാലിബിനുണ്ടായിരുന്നു. അമീര്‍ ഖുസ്രോവിനെ മാത്രമാണ് ഗാലിബ് തന്റെ നിലവാരത്തിലുള്ള പേര്‍ഷ്യന്‍ പണ്ഡിതനായി അംഗീകരിച്ചിരുന്നത്.

കവിതയിലാകട്ടെ തന്നോളമൊപ്പമെത്താന്‍ മറ്റാര്‍ക്കുമാവില്ലെന്ന് ഗാലിബ് വിശ്വസിച്ചിരുന്നു. കാവ്യ ലോകത്ത് ഇബ്രാഹിം സൗഖുമായി അദ്ദേഹം തുടര്‍ന്നു പോന്നിരുന്ന കലഹം ഏറെ പ്രസിദ്ധവുമാണ്.

ബഹദൂര്‍ ഷാ സഫറുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു ഗാലിബ്. 1837 ല്‍ ബഹദൂര്‍ ഷാ സഫര്‍ തന്റെ ഗുരുവായിരുന്ന ഇബ്രാഹിം സൗഖിനെ കൊട്ടാരം ആസ്ഥാന കവിയായി നിയമിച്ചതിലുള്ള നീരസം അദ്ദേഹം മറച്ചു വെച്ചിരുന്നില്ല. സൗഖിന്റെ മരണശേഷമാണ് പിന്നീട് ഗാലിബ് ആസ്ഥാന കവിയായി അവരോധിക്കപ്പെടുന്നത്.

വായനയും എഴുത്തുമായി കഴിഞ്ഞിരുന്ന ഗാലിബ് പക്ഷെ പുസ്തകങ്ങള്‍ ഒന്നും തന്നെ വാങ്ങിയിരുന്നില്ല എന്നാണ് വിവരം. ലൈബ്രറികളായിരുന്നു അദ്ദേഹത്തിന്റെ വായനയെ മുന്നോട്ടു നടത്തിയത്.

പരലോകത്തെ തെറ്റിന് ഇഹലോകത്ത് ശിക്ഷ ലഭിച്ചതാണ് തന്റെ ജീവിതമെന്നാണ് ഗാലിബ് പറഞ്ഞിരുന്നത്. 1212 റജബ് 8 തന്റെ കോടതിയിലേക്കുള്ള വരവായും (ജനനം), 1225 റജബ് 7 ന് തനിക്ക് ജീവപര്യന്തം ശിക്ഷ (വിവാഹം) ലഭിച്ചതായും അദ്ദേഹം എഴുതിയിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് തന്റെ വീട്ടിലേക്ക് (പരലോകം) തന്നെയല്ലാതെ മറ്റെവിടെ പോകാന്‍ എന്നും അദ്ദേഹം ചോദിക്കുന്നു.

ഗാലിബിന്റെ രചനകള്‍ ഏറെ സങ്കീര്‍ണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലളിത പദങ്ങള്‍ക്കു പകരം ഗഹനമായ പദങ്ങളെ ഗാലിബ് അനായാസം ഉപയോഗിച്ചു. കടുത്ത വിമര്‍ശനങ്ങളും ഇതിനെത്തുടര്‍ന്ന് അദ്ദേഹം നേരിടുകയുണ്ടായി.

ഒരു സാധാരണക്കാരന് ഒറ്റയടിക്ക് മനസിലാക്കാവുന്നതായിരുന്നില്ല ഗാലിബിന്റെ രചനകളില്‍ മിക്കതും. അതിനെത്തുടര്‍ന്ന് ഗാലിബ് വേദികളില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്നു.

ഗാലിബ് ഹാജറെന്നു കണ്ടാല്‍ കഠിന പദങ്ങള്‍ കോര്‍ത്തിണക്കി അസംബന്ധങ്ങള്‍ മുഷായറകളില്‍ മുഴക്കി ഗാലിബിനെ അപമാനിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു.

ഒരിക്കല്‍ ഒരു മൗലവി വന്ന് ഗാലിബിന്റെ ഒരു ശേറിന്റെ അര്‍ഥം മനസിലായില്ലെന്ന് പറയുകയുണ്ടായി. ഗാലിബ് ഏതാണ് ഷേര്‍ എന്നാരാഞ്ഞു

പഹ്ലെ തൊ രൗഹന്‍ഗുല്‍ ഭേസ് കെ അണ്ഡേ സെ നിക്‌ലാ
ഫിര്‍ ദവാ ജിത്‌നാ ഹെ, കുല്‍ ഭേസ് കെ അണ്ഡേ സെ നിക്‌ലാ

(ആദ്യം എരുമമുട്ടയില്‍ നിന്ന് പനിനീര്‍ സത്ത് പുറത്തു വന്നു
പിന്നാലെ, മറ്റു മരുന്നുകളും ഓരോന്നായി പുറത്തു വന്നു)


അമ്പരന്ന ഗാലിബ് അത് തന്റേതല്ലെന്നു പറഞ്ഞു. മൗലവി പക്ഷേ, തറപ്പിച്ചു പറഞ്ഞു. ഗാലിബിന് കാര്യം മനസിലായത് പിന്നീടാണ്. മൗലവി അദ്ദേഹത്തെ അധിക്ഷേപിച്ചതായിരുന്നു.

ഗാലിബ് പിന്നീട് മറുപടിയായെഴുതി.

മുഷ്‌കില്‍ ഹെ സബ്‌സ് കലാം മെരാ ഏ ദില്‍
സുന്‍ സുന്‍ കെ ഉസേ സുഖ്‌വന്‍വരാനെ കാമില്‍
ആസാന്‍ കെഹ്നെ കി കര്‍തെ ഹെ ഫര്‍മയിഷ്
ഗൊയം മുഷ്‌കില്‍ വഗര്‍നാ ഗോയം മുഷ്‌കില്‍

(ഓ ഹൃദയമേ, ശരിയാണല്ലോ, എന്റെ രചനകള്‍ ദുര്‍ഗ്രാഹ്യമാണല്ലോ, കാവ്യലോകം കീഴടക്കിയ മഹാകവികള്‍ അത് കേള്‍ക്കെ ലളിതമായെഴുതാന്‍ പറയുന്നുവല്ലോ
ഞാനെന്തു ചെയ്യാന്‍, പ്രയാസകരമായല്ലാതെയെഴുതുക എന്നത് എനിക്കേറെ പ്രയാസകരമാണല്ലോ)

ഗാലിബിന്റെ ഈ മറുപടി കുറിക്കു കൊള്ളുന്നതായിരുന്നു. ഒടുക്കം എല്ലാ കവികളേയും പിണക്കുക അത്ര പന്തിയല്ലെന്നു കണ്ട് പേര്‍ഷ്യന്‍ ഭാഷയില്‍ കവിതയെഴുതുകയായിരുന്നു ഗാലിബ്. വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഗാലിബ് വീണ്ടും ഉര്‍ദുവില്‍ എഴുതിയത്.

നിലപാടുകളുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും ഗാലിബ് തയ്യാറായിരുന്നില്ല. ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരില്‍ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങള്‍ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.

ഗസലിനു പുറമെ മസ്‌നവികളും ഖസീദകളും ഗാലിബിന്റെ തൂലികയില്‍ നിന്ന് പിറവി കൊണ്ടിരുന്നു. ഗസലിലാകട്ടെ പരമ്പരാഗതമായ പ്രണയമെന്ന വിഷയത്തിനു പുറമെ തത്വ ചിന്തകളെക്കൂടി ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ചത് ഗാലിബാണ്.

മികച്ച ഒരു കത്തെഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ കത്തെഴുത്ത് സംസാരം പോലെയായിരുന്നു. അകലം കുറക്കാൻ പേന കൊണ്ട് സംസാരിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി. അദ്ദേഹത്തിൻ്റെ കത്തുകൾ ഖുതൂതെ ഗാലിബ് എന്ന പേരിൽ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

ഉര്‍ദു കാവ്യ പാരമ്പര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗാലിബ് എന്ന പേര് ഏറെ പ്രധാനമാകുന്നത് അദ്ദേഹത്തിന്റെ കവിതകളുടെ കാലാതിവര്‍ത്തിത്തം കൊണ്ടു തന്നെയാണ്. ഗൂഡാര്‍ഥ പ്രദാനമായ ആ രചനാ ശൈലി ഇന്നും വെല്ലുവിളി നേരിടാതെ കിടപ്പുണ്ട്.
1869 ഫെബ്രുവരി 15 ന് ആ മഹാ കവി വിടവാങ്ങി.

പൂച്‌തെ ഹെ വൊ കി ഗാലിബ് കോന്‍ ഹെ
കൊയി ബത്‌ലാവൊ കി ഹം ബത്‌ലായേ ക്യാ

(ഗാലിബ് ആരാണെന്ന് അവര്‍ ചോദിക്കുന്നു
ആരെങ്കിലുമൊന്നു പറയൂ, ഞാനെന്തു പറയാനാണ്)

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Lulu
4 years ago

?

Back to top button
1
0
Would love your thoughts, please comment.x
()
x