KeralaNews

അദാനി ഉറപ്പാണ്

ഹാഷിം ചേന്നാമ്പിളളി

ഭരണം മാറിയാലും പുതിയ സർക്കാർ ഇതിനൊക്കെ തടയിടുമെന്ന വിശ്വാസവും എനിക്കില്ല !

ഇന്ത്യയിലെ കോർപ്പറേറ്റ് ഭീമൻമാരിൽ പ്രബലരാണ് അദാനി ഗ്രൂപ്പ്. അംബാനിയെ പോലെ തന്നെ ഗുജറാത്തിയായ അദാനി കണ്ണടച്ചു തുറക്കും വേഗത്തിലാണ് ഇന്ത്യയിലെ അതിസമ്പന്നരുടെ മുൻനിരയിൽ സ്ഥാനം പിടിച്ചത്. ഗുജറാത്തിൽ നരേന്ദ്രമോഡി അധികാരത്തിൽ വന്നതു മുതൽ തുടങ്ങിയതാണ് വളർച്ചയുടെ വേഗം. 2014 ൽ മോഡിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്ര ഭരണം പിടിച്ചതോടെ ഗുജറാത്തിനുമപ്പുറം ആഗോള ഭീമനായി വളരുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
ഇന്ന് ഓയിൽ, ഗ്യാസ്, ഇലക്ട്രിസിറ്റി, സീ-എയർ പോർട്ടുകൾ, ദേശീയപാത അടക്കമുള്ള ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ നല്ല പങ്കും കരാർ ലഭിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. മോഡി അധികാരത്തിൽ വന്ന ശേഷം അഡാനിയുടെ ബിസിനസ് സാമ്രാജ്യം അനേക മടങ്ങ് വർദ്ധിച്ചു എന്നതും പരമസത്യം. മോഡിയുടെയും RSS-BJP നേതൃത്തിന്റെയും ഉറ്റചങ്ങാതിയാണ് അദാനി എന്നതും പച്ചപ്പരമാർത്ഥം.

എന്നാൽ CPM ന്റെ നേതൃത്വത്തിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും സ്ഥിതി മറിച്ചല്ല. അദാനി ഗ്രൂപ്പ് വിവിധ പദ്ധതികളിലൂടെ കേരളത്തിലും കഴിഞ്ഞ 5വർഷം കൊണ്ട് വേരുറപ്പിച്ചു.

അധികാരമേറ്റെടുത്ത ഉടനെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ആ കൂടിക്കാഴ്ച്ചയിൽ പ്രധാനമന്ത്രി ഏതാനും പദ്ധതികളിൽ പ്രത്യേക ശ്രദ്ധയും നടപടികളും വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി, ദേശീയപാത വികസന പദ്ധതി, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, കൂടങ്കുളം വൈദ്യുതി ലൈൻ പദ്ധതി എന്നിവയാണവ. ഇതിൽ കൂടങ്കുളം പദ്ധതി ഒഴിച്ച് ബാക്കി 3ഉം അദാനി ഗ്രൂപ്പ് കരാർ എടുത്തിട്ടളള പദ്ധതിയാണ് (കൂടങ്കുളം വൈദ്യുതി ലൈനിൽ അദാനിക്ക് താൽപര്യമുണ്ടോ എന്ന് വ്യക്തമല്ല). പ്രധാനമന്ത്രി ആവശ്യപ്പെട്ട പ്രകാരം തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ എതിർപ്പുകൾ പോലും മാറ്റി വച്ച് മുഖ്യമന്ത്രി തന്നാൽ ആവുന്ന വിധം ആ പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യമാകും എന്നുറപ്പാക്കി. അതു കൂടാതെ തിരുവനന്തപുരം എയർപോർട്ടും അദാനി ഏറ്റെടുത്തിട്ടുണ്ട്. എയർ പോർട്ട് സ്വകാര്യ വൽക്കരണത്തെ ശക്തമായി എതിർക്കും എന്നൊക്കെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി തട്ടി വിട്ടു. ദേശീയപാത വിഷയത്തിലും പ്രഖ്യാപിത നിലപാട് ഇതാണല്ലോ. പക്ഷെ സംഭവിച്ചത് നേരെ വിപരീതവും. ഇപ്പോൾ 8850 കോടി രുപയുടെ വൈദ്യുതി കരാറിന്റെ വിവരങ്ങളും പുറത്തു വന്നു.

ദേശീയപാത
“””””””””””””””””””””
നവലിബറൽ നയങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്പിക്കും എന്നതാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാട്.
ദേശീയപാത അടക്കമുള്ള പൊതുനിരത്തുകൾ ചുങ്കപ്പാതകളാക്കി മാറ്റി ടോൾ ഈടാക്കുന്നത് 1991ൽ നരസിംഹ റാവു ഗവൺമെന്റ് കാലം മുതൽ ഇന്ത്യയിൽ നടപ്പാക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായാണ്. CPM പാർട്ടി നയമനുസരിച്ച് കേരളത്തിലെ ദേശീയപാതകൾ ടോൾ റോഡുകളാക്കുന്ന പദ്ധതിയെ പിണറായി സർക്കാർ ശക്തമായി എതിർക്കേണ്ടതാണ്. എന്നാൽ തീവ്ര വലതുപക്ഷ നയം നടപ്പിലാക്കുന്ന പ്രധാനമന്ത്രിയുടെ ആജ്ഞ കൂടുതൽ ആവേശത്തോടെയാണ് മുഖ്യമന്ത്രി നടപ്പാക്കാൻ ശ്രമിച്ചത്. ദേശീയപാത വിഷയത്തിൽ ചർച്ചയില്ലെന്ന് പ്രഖ്യാപിച്ചും അര സെന്റീമീറ്റർ പോലും വീതി കുറക്കില്ലെന്നും സമരക്കാർ നാടിന്റെ ശത്രുക്കളും തീവ്രവാദികളുമാണ് എന്നുമൊക്കെ ആക്രോശിച്ചുമാണ് പോലീസിനെ ഉപയോഗിച്ച് ഭൂമി പിടിച്ചെടുത്ത് ചുങ്കപ്പാത ഉറപ്പാക്കിയത്. കോവിഡ് മഹാമാരി മുതലെടുത്ത് പാൻഡമിക് നിയമങ്ങളുടെ ഭീതി വിതച്ചും സംഘടിച്ചു ചെറുക്കാനുളള ജനങ്ങളുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്തുമാണ് ഭുമി സർവ്വെ അടക്കമുള്ള നടപടികൾ തീർത്തത്.

ഈ അതിരുകടന്ന താൽപര്യത്തിന്റെ കാരണവും അദാനി ആണെന്നുളള സംശയവും ഇപ്പോൾ പൊന്തി വരുന്നു. കേരളത്തിലെ ഏതാനും റീച്ചുകളുടെ ചുങ്കപ്പാത കരാർ അദാനി നേടിക്കഴിഞ്ഞു. മിക്ക റീച്ചറുകളിലും കരാർ ഉറപ്പിക്കാനുളള നീക്കത്തിലാണ് അദാനി ഗ്രൂപ്പ് എന്നറിയുന്നു. ഒരാഴ്ച്ച മുമ്പ് അദാനി അടക്കമുള്ള ഒരു സംഘം ഇപ്പോൾ ടെണ്ടർ നടപടികളുടെ പ്രാരംഭ ഘട്ടത്തിലുളള മലപ്പുറം മുതൽ തേക്കോട്ടുളള ദേശീയപാത പദ്ധതി പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തിയതായും അറിയുന്നു. ചുരുക്കത്തിൽ കേരളത്തിലെ നല്ലൊരു പങ്ക് ചുങ്കപ്പാതയും അദാനിക്ക് ‘ഉറപ്പാക്കി’

വിഴിഞ്ഞം
“”””””””””””””””
അദാനിക്ക് കരാർ ലഭിച്ച വിഴിഞ്ഞം പദ്ധതിയിൽ 5000 കോടി രുപയുടെ അഴിമതിയാണ് പ്രതിപക്ഷത്തായിരുന്നപ്പോൾ പിണറായി വിജയൻ ആരോപിച്ചത്. എന്നാൽ ഇടതുപക്ഷം ഭരണം പിടിച്ചതിനു ശേഷം അദാനി തിരുവനന്തപുരത്ത് പാർട്ടി ഓഫീസിൽ നേരിട്ടെത്തി നേതാക്കളെ കണ്ട ശേഷം പിന്നീട് CPM നേതാക്കൾ ആരും തന്നെ വിഴിഞ്ഞം പദ്ധതിയിൽ അഴിമതി ആരോപിച്ചിട്ടില്ല. അകമഴിഞ്ഞ സഹായങ്ങൾ സർക്കാർ നൽകിയിട്ടുമുണ്ട്. അങ്ങനെ വിഴിഞ്ഞം അദാനിക്ക് ‘ഉറപ്പാക്കി’

ഗെയിൽ പൈപ്പ് ലൈൻ
“”””””””””””””””””””””””””””””””””””””””
കേരളത്തിൽ എല്ലാ വീടുകളിലും തീരെ കുറഞ്ഞ വിലയിൽ ഗ്യാസ് എത്തിക്കാനുളള പദ്ധതി എന്ന രീതിയിലാണ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അവതരിപ്പിക്കപ്പെട്ടത്. പലയിടത്തും പൈപ്പ് ലൈനിങ്ങിന്റെ കരാർ ലഭിച്ചത് അദാനിക്ക്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം വന്നു. അതിലും പിണറായി വിജയൻ അദാനി പക്ഷത്ത് നിലയുറപ്പിച്ചു. സംസ്ഥാനത്ത് റോഡ് വെട്ടി പൊളിക്കുന്നതിനുളള പൊതുമരാമത്ത് നിരക്കിനേക്കാൾ അധികമാണ് കൊച്ചി കോർപ്പറേഷൻ നിരക്ക്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള റോഡുകൾ പൊളിക്കുമ്പോൾ കോർപ്പറേഷൻ നിരക്കിൽ ഫീസ് അടക്കണമെന്ന് കോർപ്പറേഷൻ നിലപാടെടുത്തു. അദാനി സംസ്ഥാന സർക്കാരിൽ ബന്ധപ്പെട്ട് പൊതുമരാമത്ത് നിരക്കിൽ അടച്ചാൽ മതിയെന്ന ഉത്തരവ് സമ്പാദിച്ചു. വിഷയം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ചർച്ചയായി. കുടിവെള്ളത്തിന് വേണ്ടി പാവപ്പെട്ട ജനങ്ങൾ റോഡ് കുഴിക്കുമ്പോൾ കൂടിയ നിരക്കും അദാനിയെ പോലുള്ള കുത്തകക്ക് കുറഞ്ഞ നിരക്കും ഈടാക്കുന്നത് അന്യായമാണെന്ന് പ്രതിപക്ഷമടക്കം വികാരം കൊണ്ടു. കൗൺസിൽ തീരുമാനപ്രകാരം സ്ഥലം MLA ഹൈബി ഈഡൻ, മേയർ, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവലാതി പറയാൻ തീരുമാനിച്ചു. എന്നാൽ ഈ സംഘത്തിന്റെ ന്യായമായ ആവശ്യം കേൾക്കാൻ പോലും മുഖ്യമന്ത്രി മനസ് കാണിച്ചില്ലെന്ന് ഹൈബി ഈഡൻ പറയുന്നു. ഇതിലൂടെ കോടികളുടെ ലാഭം അദാനിക്ക് ‘ഉറപ്പാക്കി’

വിന്റ് പവർ സപ്ലൈ
“””””””””””””””””””””””””””””””””
ഇപ്പോൾ വിവാദമായ 8850 കോടി രുപയുടെ wind power സപ്ലൈ പദ്ധതിയിലും മോഡി-അദാനി-പിണറായി താൽപര്യം വ്യക്തമാണ്. ഈ പദ്ധതിയിൽ 1000 കോടി രൂപയുടെ അഴിമതിയാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. അടുത്ത 25 വർഷക്കാലത്തേക്ക് കുടിയ നിരക്കിൽ അദാനിയിൽ നിന്നും സംസ്ഥാനം വൈദ്യുതി വാങ്ങും എന്നതാണത്രെ വൈദ്യുതി ബോർഡ് ഒപ്പു വച്ച കരാറിലെ വ്യവസ്ഥ. കഴിഞ്ഞ ദിവസം കണ്ണൂരിൽ വച്ച് മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കുടിക്കാഴ്ച്ച നടത്തി എന്ന ആരോപണവുമുണ്ട്. മുഖ്യമന്ത്രി ഇത് ഇതുവരെ നിഷേധിച്ചിട്ടില്ല. കേരളത്തിലെ വൈദ്യുതി മേഖലയിൽ അടുത്ത 25 വർഷത്തേക്ക് അദാനിയുടെ ചൂഷണം ‘ഉറപ്പാക്കി’ എന്നർത്ഥം.

വിമാനത്താവളം
“””””””””””””””””””””””””””
കേരളത്തിന്റെ അഭിമാനമാണ് തിരുവനന്തപുരം വിമാനത്താവളം. രാജ്യത്തെ മറ്റു പല വിമാനത്താവളങ്ങളും പോലെ അതും സ്വകാര്യവൽക്കരിക്കാൻ തീവ്ര വലതുപക്ഷ മോഡി ഭരണകൂടം തീരുമാനിച്ചു. അദാനി ഗ്രൂപ്പ് കരാർ നേടാൻ കച്ചകെട്ടി ഇറങ്ങിയ വാർത്തകൾ വന്നു. എന്തു വില കൊടുത്തും എതിർക്കുമെന്ന് പാർട്ടിയും മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. പക്ഷെ കേരളം പിന്നീട് കണ്ടത് അദാനിക്ക് വിമാനത്താവളം കൈമാറുന്ന കാഴ്ചയാണ്. കേരളം സമർപ്പിച്ച ടെണ്ടർ തുകയേക്കാൾ അൽപം കൂടുതൽ രേഖപ്പെടുത്തിയ അദാനിക്ക് കരാർ ലഭിച്ചു എന്ന് തൊടുന്യായം. പക്ഷെ കള്ളക്കളികൾ പിന്നീട് പുറത്തുവന്നു. കേരളം ടെണ്ടർ സമർപ്പിക്കുന്നതിനുളള പി ആർ വർക്കിന് ചുമതലപ്പെടുത്തിയത് അദാനിയുടെ ഉറ്റ ബന്ധുവിന്റെ (അദാനിയുടെ മകന്റെ അമ്മായി അച്ചൻ എന്നാണ് ഓർമ്മ) ഉടമസ്ഥതയിലുളള കൺസൽട്ടൻസി സ്ഥാപനത്തെയാണത്രെ! കള്ളനെ തന്നെ താക്കോലും ഏൽപ്പിച്ചുവെന്നർത്ഥം. അതോടെ തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് ‘ഉറപ്പാക്കി’

കേവലം കേരളത്തിന്റെ വികസന താൽപര്യങ്ങൾ മാത്രമാണ്
മുഖ്യമന്ത്രിയുടെ അതിരുവിട്ട പിന്തുണക്ക് കാരണമെന്ന് വാദിക്കുന്നവരുണ്ട്.
എന്നാൽ കേന്ദ്രം ലാവ്ലിൻ വടി ഉയർത്തി വരുതിയിലാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് പോലെ അഴിമതി താൽപര്യങ്ങളാണ് എന്നുമുളള മറുവാദങ്ങളുമുണ്ട്. കാലം തെളിയിക്കട്ടെ.

NB: ഭരണം മാറിയാലും പുതിയ സർക്കാർ ഇതിനൊക്കെ തടയിടുമെന്ന വിശ്വാസവും എനിക്കില്ല.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x