IndiaViews

“അഗ്നിപഥ്” സൈന്യത്തിൽ കാവിവൽക്കരണത്തിന്റെ തുടക്കമോ?

പ്രമോദ് പുഴങ്കര

സമൂഹത്തെ mlitarise ചെയ്യുക എന്നതൊരു ഫാഷിസ്റ്റ് അജണ്ടയാണ്. അത് തങ്ങൾക്ക് വേണ്ട തരത്തിൽ ഉപയോഗിക്കാനുള്ള പ്രത്യയശാസ്ത്രപാകത്തിൽ സമൂഹത്തെ അതിനൊപ്പം അവർ രൂപപ്പെടുത്തുകയും ചെയ്യും . ഈ അജണ്ടയുടെ ഒരു രൂപമാണ് ഇപ്പോൾ ഇന്ത്യൻ സേനയിലേക്ക് അഗ്നിപഥ് /അഗ്നിവീർ പദ്ധതി/പേരിൽ നാല് വർഷത്തെ നിശ്ചിതകാലത്തേക്ക് സൈനികരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം. രണ്ട് വലിയ അപകടങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കുക. ഒന്ന് സൈന്യത്തെ താത്ക്കാലിക കൂലിപ്പട്ടാളക്കാരെ കയറ്റിവിട്ട് രാഷ്ട്രീയവത്കരിക്കുക. രണ്ട് തിരികെ സാധാരണ ജനസമൂഹത്തിലേക്ക് ഇതേ സൈനികരെ ഇറക്കിവിട്ട് സമൂഹത്തെ സൈനികവത്കരിക്കുക.

ഇപ്പോൾ 46000 പേരെയാണ് നിയമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഭാവിയിൽ ഭൂരിഭാഗം സൈനികരെയും ഈ വഴിക്ക് നിയമിക്കും. സൈന്യത്തിനെ അമിതമായി ആദരർശവത്കരിക്കുകയും അതിനൊപ്പം തങ്ങളുടെ സങ്കുചിത ദേശീയതയുടെ വെറുപ്പും രാഷ്ട്രീയവും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാറിന് ഇത് മറ്റൊരവസരമാണ്. നാല് വർഷം കഴിഞ്ഞു തിരികെയെത്തുന്ന ഇത്തരക്കാർക്ക് പോലീസ് സേനയിൽ ജോലിസംവരണം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു . അതായത് സിവിലിയൻ ഭരണകൂടത്തെ സൈനികവത്കരിക്കാൻ വളരെ എളുപ്പത്തിലുള്ള വഴി തെളിയുകയാണ്.

പരിശീലനം ലഭിച്ച സൈനികരെ പട്ടാളത്തിലാണ് വേണ്ടത്, ആഭ്യന്തര ജീവിതത്തിൽ അച്ചടക്കം നോക്കാനല്ല. നാലുകൊല്ലത്തെ സൈനിക സാഹസികയാത്ര കഴിഞ്ഞുവരുന്ന ഒരു rogue force പൗരസമൂഹത്തിന്റെ വലിയ ബാധ്യതയാകും. അവർ പ്രൊഫഷണൽ പട്ടാളക്കാരുമല്ല, എന്നാൽ ആഭ്യന്തര ജനസമൂഹത്തിൽ സവിശേഷ അധികാരങ്ങൾ ഉണ്ടെന്ന് കരുതുന്ന ഒരു വിഭാഗമാവുകയും ചെയ്യും. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുക സംഘ്പരിവാറാണ്.

സൈനിക അച്ചടക്കം പട്ടാളമെന്ന ഒരു സംവിധാനത്തിൽ മാത്രമായി ചുരുങ്ങേണ്ട ഒന്നാണ്. അതിനെ അനുസരണയുടെ, ചോദ്യം ചെയ്യാത്ത, വരിതെറ്റിക്കാത്ത മനുഷ്യരുടെ പൊതുസമൂഹമാക്കി മാറ്റേണ്ടത് authoritarian state ന്റെയും ഫാഷിസ്റ്റുകളുടെയും ആവശ്യമാണ് . അതിലേക്കു കൂടിയാണ് ഈ നീക്കം. അനുസരണയുടെയും ശരീര ശക്തിയുടെയും രാഷ്ട്രീയ ലക്ഷ്യത്തിനു ഫാഷിസ്റ്റുകൾ യോഗ ഒരു ദേശീയ പരിപാടിയാക്കും. എന്നാൽ നമുക്ക് യോഗയെ മതേതരമാക്കി ആഘോഷിക്കാം എന്നു ഫാഷിസ്റ്റ് വിരോധികളും കരുതുമ്പോഴാണ് അച്ചടക്കം ഒരു സാമൂഹ്യമാനകമാകുന്നതും ഫാഷിസ്റ്റുകൾക്ക് പണി എളുപ്പമാകുന്നതും.

അതിശക്തനും ധീരനുമായ ഒരൊറ്റ നേതാവ്, അയാൾക്ക് കീഴിൽ എണ്ണയിട്ട യന്ത്രം പോലെ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന ആജ്ഞാനുവർത്തികളുടെ സംഘടന, എതിർപ്പും പ്രതിഷേധവും അരാജകവാദമായി മുദ്രകുത്തപ്പെടുന്ന അത്തരമൊരു കാലത്തിൽ പൊതുസമൂഹം വഴികളിൽ പൂക്കളുമായി വരിതെറ്റാതെ നേതാവിനെ കാത്തുനിൽക്കണം . അവിടെ പൊതുസമൂഹത്തിനെ അത്തരത്തിൽ മാറ്റിയെടുക്കാൻ പതിനായിരക്കണക്കിന് മുൻ സൈനികരേക്കാൾ പാകപ്പെട്ട ആരുണ്ട് !

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x