പ്രവാചക വിമർശനങ്ങൾക്ക് പ്രവാചകനോളം പഴക്കമുണ്ട്. ആരായിരുന്നു പ്രവാചകൻ എന്നറിയാതെയായിരുന്നു വിമർശനങ്ങൾ ഒക്കെയും. പ്രവാചകന്റെ കടുത്ത വിമർശകർ അദ്ധേഹത്തെ അടുത്തറിയാൻ തുടങ്ങിയതോടെ ഹൃദ്യമായ അനുചര വൃത്തത്തിലേക്ക് മാറുന്നത് ലോകം കണ്ടതാണ്.
പ്രവാചകനെ വിമർശിച്ച് സിനിമയെടുത്ത ഡച്ച് സംവിധായകൻ അർനോൾഡ് വാൻഡൂൺ പ്രവാചകനെ പഠിക്കാൻ തയ്യാറായപ്പോൾ കടുത്ത പ്രവാചക സ്നേഹിയായി മാറുന്നത് സമകാലീന ലോകത്തിൻ്റെ സാക്ഷ്യമാണ്.
പ്രവാചകൻ വിമർശനങ്ങൾക്ക് അധീതനാണെന്ന അഭിപ്രായം ആർക്കുമില്ല. വിമർശിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിനു മുൻപ് ആ പ്രവാചകനെ കുറിച്ച് പ്രാഥമികമായെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക എന്നത് സാമാന്യ മര്യാദയാണ്.
അത്തരമൊന്ന് പ്രവാചക വിമർശകർ അവലംബമാക്കാറില്ലെന്നതാണ് യാഥാർത്ഥ്യം. മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് അമേരിക്കൻ എഴുത്തുകാരനായ മൈക്കിൾ എച്ച്. ഹാർട്ടിന്റെ The Hundred: A ranking of the most influential persons in History എന്ന കൃതി. ഇതിൽ മുഹമ്മദ് നബിക്കാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്.
മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും നബി നേതാവാണെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. മുഹമ്മദ് നബിയെന്ന രാഷ്ട്രീയ നേതാവിനെയും മുഹമ്മദ് നബിയെന്ന മതതത്വജ്ഞനെയും അദ്ദേഹം ഒരേ ബിന്ദുവിൽ കൂട്ടിയിണക്കുന്നുണ്ട്.
പ്രവാചകൻ്റെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാർട്ടിന്റെ ഭാഷ്യം. ചുരുങ്ങിയ കാലം കൊണ്ട് വൻ വിറ്റഴിവുണ്ടായതു തന്നെ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസക്തി വിളിച്ചോതുന്നു.
ഒരുപക്ഷേ ജനസഹസ്രങ്ങൾ ഈ ഗ്രന്ഥം മുഖേനയായിരിക്കാം പ്രഥമമായി പ്രവാചകനെ വായിക്കുന്നത്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറാൻ പ്രലോഭനങ്ങളുടെ നീണ്ട നിര മുന്നിലുണ്ടായിട്ടും സത്യത്തോടൊപ്പം ഉറച്ചു നിന്ന ആദർശ ധീരനായിരുന്നു ആ പ്രവാചകൻ. പെണ്ണും പണവും വാഗ്ദാനങ്ങളായി നിരത്തപ്പെട്ടിട്ടും അവക്കു മുന്നിൽ മനസ്സിളകാതെ പിടിച്ചു നിന്ന സത്യവാദി. രാജ്യവും അധികാരവും കൈ പിടിയിലായ ദിവസം ആട്ടിയോടിച്ചവരോടൊക്കെയും കാരുണ്യത്തിന്റെയും പൊതു മാപ്പിന്റെയും തണൽ വിരിച്ച മനുഷ്യ സ്നേഹി.
ഈന്തപ്പന ഓലയിൽ കിടന്നുറങ്ങുകയും, പിന്നിയ വസ്ത്രങ്ങളും, പൊട്ടിയ ചെരിപ്പും സ്വന്തമായി തുന്നുകയും ചെയ്ത ലളിത്യത്തിൻ്റെ നിറപ്പകർച്ച. അതിരുകളില്ലാത്ത വിട്ടുവീഴ്ച്ചകളിലൂടെ വിശാലതയെ മതമാക്കിയ ആചാര്യൻ.
മിണ്ടാ പ്രാണികളോട് കരുണ ചെയ്യുന്നത് പുണ്യമാണെന്നും, വഴിയിൽ നിന്ന് തടസ്സം നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ച കാരുണ്യത്തിന്റെ ഉഗ്ര രൂപം. വർണ വിവേചനത്തിനും, അടിമത്വ രീതികൾക്കുമെതിരെ പ്രായോഗിക നിലപാട് സ്വീകരിച്ച മനുഷ്യ വിമോചകൻ.
അന്ധ വിശ്വാസങ്ങൾക്കും അനചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ നിലകൊണ്ട പരിഷ്കർത്താവ്. പെണ്ണിന് ജീവിക്കുവാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച സ്ത്രീ വിമോചകൻ. അധാർമികതയിൽ മുങ്ങിക്കുളിച്ച ഒരു ജന വിഭാഗത്തെ ഉത്തമ സമൂഹമായി മാറ്റിയെടുത്ത നവോത്ഥാന നായകൻ. നൂറ്റാണ്ടുകൾക്കിപ്പുറവും കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹം തങ്ങളേക്കാൾ സ്നേഹിക്കുക്കയും, നെഞ്ചോട് ചേർക്കുകയും, പിൻപറ്റുകയും ചെയ്യുന്ന ആത്മീയ നേതാവ്.
വിയർപ്പു വറ്റുന്നതിനു മുന്നെ പണിയെടുത്തവന് കൂലി നൽകണമെന്ന് നിർദ്ദേശിച്ച തൊഴിലാളി നേതാവ്. അനാഥ കുട്ടികൾക്കു മുന്നിൽ സ്വന്തം കുട്ടികളെ ലാളിക്കരുതെന്ന് പഠിപ്പിച്ച മനുഷ്യ സ്നേഹി.അങ്ങനെയങ്ങനെ വിശേഷണങ്ങൾ ഏറെയാണ്.
ഒരിക്കൽ വായിക്കാൻ തയ്യാറായാൽ ഈ പ്രവാചകനെ കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെയും നീങ്ങും. ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ടൊരു ലോക നേതാവുമില്ലെന്നിരിക്കെ പ്രവാചകനെ കുറിച്ചുള്ള വായനയിലേക്കാണ് ലോകത്തെ ക്ഷണിക്കേണ്ടത്. അങ്ങനെയൊരു വായനക്കു തയ്യാറാകുന്ന പക്ഷം സമാനതകളില്ലാത്ത മാതൃകകളുടെ കേദാരമായി ഈ പ്രവാചകൻ അനുഭവപ്പെടും.
കെ വി നദീർ
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS