അതിസങ്കീർണമായ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക അവസ്ഥകളിലൂടെയാണ് ഇന്ത്യൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് പോലോരു മഹാമാരിയെ ലോകമൊന്നാകെ നേരിട്ട് കൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ സാധാരണ / അടിസ്ഥാനവർഗ്ഗതോടുള്ള ഭരണകൂട സമീപനം ഏതുതരത്തിലുള്ളതാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. കോവിഡ്ൻറെ മറവിലും വംശീയ വെറിപൂണ്ട് ബഹുജൻ മുസ്ലിം ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുകയാണ് ഇന്ത്യൻ അധികാരവർഗ്ഗം.
ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയിലെ അധസ്ഥിത / അടിസ്ഥാന ജനതയുടെ ഉന്നമനത്തിനുവേണ്ടി രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ നടത്തിയ ബാബാസാഹിബ് ബി ആർ അംബേദ്കറെ ഓർക്കാതെ ഇന്ത്യൻ ജനാധിപത്യ വിശ്വാസികൾക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. ആധുനിക ജനാധിപത്യ ഇന്ത്യയുടെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കാവുന്ന ഡോ: ബി അർ അംബേദ്കറുടെ 129 ആം ജന്മദിനമാണ് കഴിഞ്ഞ ഏപ്രിൽ 14 ന് കടന്ന് പോയിരിക്കുന്നത് .
എൻ ആർ സി യും സി എ എ യും നിയമപരമായി തന്നെ നിലവിൽ വന്ന, ഇന്ത്യൻ മുസ്ലിങ്ങളുടെയും, ദലിത്- ആദിവാസികളുടെയും നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായികൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നമ്മൾ വീണ്ടും വീണ്ടും അംബേദ്കറെ ഓർക്കേണ്ടതുണ്ട്, അംബേദ്കർ ചിന്തകൾ ചർച്ചചെയ്യേണ്ടതുണ്ട്.
ഇന്ത്യയിലെ അധസ്ഥിത- പീഡിത വിഭാഗങ്ങളുടെ, പാർശ്വ വൾക്കരിക്കപെട്ടവരുടെ , ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി അംബേദ്കർ നൽകിയ സംഭാവനകൾ അതി പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്. നിരന്തര രാഷ്ടീയ കൂടിയാലോചനകളുടെയും ഇടപെടലുകളുടെയും ഫലമായിട്ടാണ് അംബേദ്കർ ഭരണഘടനാ അവകാശമായിക്കൊണ്ട് ‘ സംവരണത്തെ ‘ അവതരിപ്പിക്കുന്നത്.
എന്നാല് സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളുടെ അവകാശം തട്ടിയെടുക്കുന്നതായും, മറ്റൊരു വിഭാഗത്തിന് അനർഹമായി ലഭിക്കുന്ന ഔദാര്യമായിട്ടുമൊക്കെയാണ് ഇന്ത്യൻ ബ്രഹ്മനിക്കൽ പൊതുബോധം സംവരണത്തെ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ എന്താണ് സംവരണമെന്ന് പഠിക്കേണ്ടതുണ്ട്.
ഇന്ത്യൻ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ അടിത്തറ ജാതി വ്യവസ്ഥയാണെന്നത് ഭിന്നാഭിപ്രായമില്ലാത്ത വിഷയമാണ്. അതിനാൽ ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയത്തിൽ യാതൊരു ദൃശ്യതയും ഉണ്ടവാതിരുന്ന, ചരിത്രപരമായി തന്നെ പ്രത്യേക പദവികൾ (underprivileged) ഒന്നും ലഭിച്ചിട്ടില്ലാത്ത , പീഡിതരായ സമൂഹത്തിലെ വിവിധ ദുർബല വിഭാഗങ്ങളെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഒരു ഭരണഘടന സംവിധാനമായിട്ട് വേണം സംവരണത്തെ നമ്മൾ മനസ്സിലാക്കാൻ.
യഥാർത്ഥത്തിൽ ഭരണഘടനയിൽ സംവരണം അഥവാ സംരക്ഷണ വിവേചനം ( protective discrimination) ഉൾപ്പെടുത്തണമെന്നുള്ളത് ബാബസഹെബ് അംബേദ്കറിന്റെ നിർബന്ധമായിരുന്നു. 1949 നവംബർ 25 ന് കോൺസ്റ്റിട്ടുവന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇത് വ്യക്തമാക്കുന്നുണ്ട് ;
” ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ പരിപൂർണമായി നിരകരിക്കപ്പെട്ട രണ്ടു കാര്യങ്ങളെ മുന്നിർത്തിക്കൊണ്ട് ആവണം നമ്മൾ തുടങ്ങേണ്ടത്.
സാമൂഹിക തലത്തിലുള്ള സമത്വമാണ് അതിലൊന്നമതെ കാര്യം: നിലവിൽ ഒരു പ്രത്യേക ജനവിഭാഗത്തെ മഹത്വവൽകരിക്കുകയും, ഉയർത്തുകയും മറ്റൊരു വിഭാഗത്തെ തരംതാഴ്ത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ശ്രേണി തിരിച്ചുള്ള അസമത്വമാണ് (graded inequality) ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനം.
സാമ്പത്തിക തലത്തിലുള്ള സമത്വമാണ് രണ്ടാമത്തെ കാര്യം; എന്തുകൊണ്ടെന്നാൽ ഒരു വശത്ത് സമ്പത്ത് മുഴുവൻ അധീനപ്പെടുത്തിയിരിക്കുന്ന കുറച്ചാളുകളും , മറുവശത്ത് പരമദരിദ്ര്യതിൽ കഴിയുന്ന സാധാരണക്കാരുമടങ്ങുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്”.
ഇത്തരത്തിൽ നിലനിൽക്കുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ രാഷ്ട്രീയപരമായും ഭരണഘടനാപരമായും നേരിടുക എന്നത് വലിയൊരു ദൗത്യമാണ്. ആ ദൗത്യമാണ് അംബേദ്കർ ഏറ്റെടുത്തിട്ടുള്ളത്.
തുടർന്ന് അംബേദ്കർ തുറന്നുപറയുന്നുണ്ട് : ” 1950 ജനുവരി 26 ഓട് കൂടി പരസ്പര വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് നമ്മൾ പ്രവേശിക്കാൻ പോവുന്നത്. രാഷ്ട്രീയ ജീവിതത്തിൽ സമത്വം കൈവരിക്കുകയും എന്നാല് സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അസമത്വം തുടരുകയും ചെയ്യുന്ന വൈരുദ്ധ്യം. ‘ ഒരു വ്യക്തി, ഒരു വോട്ട്, ഒരു മൂല്യം ‘ എന്ന തത്വം നിലവിൽ വരുന്നതോടെ രാഷ്ട്രീയപരമായ സമത്വം സാധ്യമാവുമെങ്കിലും , ഇന്ത്യൻ സാമൂഹിക ഘടനയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കാത്ത പക്ഷം ‘ ഒരു വ്യക്തി ; ഒരു മൂല്യം ‘ എന്ന ആശയം സാമൂഹ്യ- സാമ്പത്തിക ജീവിതത്തിൽ നിരാകരിക്കുന്നത് നമ്മൾ തുടർന്ന്കൊണ്ടേയിരിക്കും “.
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിയമപരമാവുന്നതോടെ ജാതി മത വർഗ്ഗഭേദമന്യെ ‘ ഒരു വ്യക്തി, ഒരു വ്യക്തിക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം ‘ എന്ന തത്വം പ്രയോഗിഗമായും നിലവിൽവരികയും, അതോടെ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് സവർണ്ണ- വരേണ്യ വർഗ്ഗവും, ദളിതരും, ആദിവാസികളും, സ്ത്രീകളും, മറ്റു പിന്നോക്ക സമുദായക്കാരും തില്യരാവുകയും ചെയ്യും. എന്നാൽ ഇന്ത്യൻ സാമൂഹ്യ സാമ്പത്തിക ഘടനയിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജാതീയ ബോധങ്ങളെ തുടച്ചു നീക്കാത്തിടത്തോളം തുല്യ സാമൂഹ്യ നീതി നടപ്പിൽവരുത്തുക അപ്രായോഗികമാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹിക നീതി ഒരു പോലെ വിതരണം ചെയ്യണമെങ്കിൽ സ്റ്റേറ്റ്ന്റെ ഇടപെടലുകൾ അനിവാര്യമാണ്. ഇൗ സമത്വതിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തൊഴിലിടങ്ങളിലും സംവരണം നടപ്പിൽവരുത്തുന്നത്. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവരും, മറ്റു സാമൂഹ്യ – വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുമാണ് സംവരണത്തിന്റെ പരിധിയിൽ പെടുന്ന സാമൂഹിക വിഭാഗങ്ങൾ.
റിസർവേഷന് വേണ്ടിയുള്ള അംബേദ്കറിന്റെ പോരാട്ടങ്ങളുടെ തുടക്കം 1932 ലെ ‘ കമ്മ്യുണൽ അവാർഡി ‘ൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിയടക്കമുള്ളവരോട് അതിശക്തമായ ആശയ സംഘട്ടനത്തിലൂടെ ദളിതർക്ക് ‘ സപ്പറേട്ട് എലക്ട്ടറേട്ട് ‘ എന്ന ആവശ്യം അംബേദ്കർ നേടിയെടുക്കുകയായിരുന്നെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
എന്നൽ ഇൗ ആവശ്യം നിലവിൽവരുന്നതോടെ ഇന്ത്യയിലെ ഹിന്ദു മതം ശിഥിലമാവുമെന്ന് ആശങ്കപ്പെട്ടുകൊണ്ട് ഗാന്ധി നിരാഹാരം പ്രഖ്യാപിക്കുകയും, തുടർന്നുള്ള സമ്മർദ്ദത്തിന് പുറത്ത് അംബേദ്കറിന് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നതുമായ രാഷ്ട്രീയ സാഹചര്യങ്ങള്ക്കും ചരിത്രം സാക്ഷിയാണ്.
ചുരുക്കത്തിൽ ജീവിതത്തിലുടനീളം പരുക്കൻ യാഥാർത്ഥ്യങ്ങളോട് പോരാടുകയും, തന്നെപ്പോലെ താൻ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ ഉയർച്ചയ്ക്ക് വേണ്ടിയും നിരന്തരമായി സമരം ചെയ്ത പ്രതിഭാധനനാണ് ബാബ സഹേബ് ബി ആര്‍ അംബേദ്കർ.
എന്നാൽ ഇന്നും തുടർന്ന് പോരുന്ന ജാതീയതയും സവർണ്ണ മേൽക്കോയ്മയും ഇന്ത്യൻ ദളിതരുടെയും മതന്യൂനപക്ഷങ്ങളുടെയും സോഷ്യൽ മൊബിലിറ്റിയെ സാരമായി നിയന്ത്രിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് സത്യം. ഇത് മനസ്സിലാക്കാൻ സംവരണത്തെ ചൊല്ലിയുള്ള സമകാലിക ചർച്ചകൾ വിശകലനം ചെയ്യേണ്ടതുണ്ട്.
(തുടരും )
രണ്ടാം ഭാഗം: സംവരണവും സമകാലിക ചർച്ചകളും
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS