
EIA 2020 ക്കെതിരെ പ്രതിഷേധക്കടലാണ് സോഷ്യൽ മീഡിയയിൽ. EIA എന്തിനുവേണ്ടി കൊണ്ടുവന്നു എന്നറിയാത്തവരാണോ ഈ പുതിയ നയങ്ങളുമായിട്ട് പ്രകൃതിക്കുനേരെ ചോദ്യചിഹ്നമാകുന്നത്?! എല്ലാം ചെയ്യുന്നത് മനുഷ്യൻ തന്നെ.. എന്നിട്ടനുഭവിക്കുന്നതോ?! അനുഭവിക്കുമ്പോൾ മനുഷ്യനെ പോലെ ഭൂമിയിൽ അവകാശമുള്ള മിണ്ടാപ്രാണികളും ഉൾപ്പെട്ടുപോകുന്നു.
കണ്ണുകൊണ്ട് കാണാനാവാത്ത വൈറസിനോടും തോരാത്ത മഴയോടും, എന്തിനു പറയണം പ്രകൃതിയുടെ ഏത് പ്രതിഷേധത്തിനു മുന്നിലും കൂപ്പുകുത്തി വീഴാൻ മാത്രം കഴിയുന്ന മനുഷ്യന്, പ്രകൃതിയെ ചൂഷണം ചെയ്തുണ്ടാക്കിയിട്ടെന്ത് കാര്യമാണുണ്ടാകാൻ പോകുന്നത്?! എന്നിട്ടതനുഭവിക്കാൻ മനുഷ്യനാകുമോ! കരഭാഗത്തേക്കാൾ കൂടുതൽ കടൽഭാഗമായ ഭൂമിയിൽ മനുഷ്യവാസം മറ്റേതു ജീവജാലങ്ങളെ പോലെയുള്ളൊന്നുമാത്രമാണ്.
Read Also: കോവിഡ് മറവിൽ കേന്ദ്ര സർക്കാർ അട്ടിമറിക്കുന്ന പരിസ്ഥിതി നിയമങ്ങൾ.
ഭൂമിയിൽ മനുഷ്യർ തിങ്ങിനിറയുമ്പോൾ കരഭാഗം കൂടുന്നില്ലായെന്നുമറിയാം. കിട്ടിയ കരഭാഗം പങ്കുവെച്ച് ജീവിക്കേണ്ട മനുഷ്യൻ, ഉള്ളതെല്ലാം സ്വന്തം അധീനതയിലാക്കാൻ നോക്കുമ്പോൾ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് മിണ്ടാപ്രാണികളുടേതാണ്. മനുഷ്യനുൾപ്പെടുന്ന ഭൂരിഭാഗം ജീവജാലങ്ങൾക്കും ശ്വസിക്കാൻ ശുദ്ധവായു വേണം..
മനുഷ്യൻ കാടും വയലും നികത്തി കെട്ടിടം പണിയുമ്പോൾ, വാസസ്ഥലം നഷ്ടമാവുന്ന മറ്റു ജീവജാലങ്ങളുമുണ്ട്, ഈ ഭൂമിയിൽ. ഭൂമി എല്ലാവർക്കുമുള്ളതല്ലേ! കാലങ്ങൾ കഴിയുംതോറും ജീവിതശൈലി മാറുന്ന മനുഷ്യരെ പോലെയാണോ മറ്റു മിണ്ടാപ്രാണികൾ?
ജീവിച്ചോളൂ.. ജീവിക്കുമ്പോൾ മറ്റു ജീവജാലങ്ങളെയും പരിഗണിക്കേണ്ടതല്ലേ? കോഴിയും പോത്തും ആടും എന്നിങ്ങനെ പോകുന്നു മനുഷ്യന്റെ മാംസാഹാരങ്ങൾ.. ഇതുപോലെ അവർക്കും വേണ്ടേ ഭക്ഷണം?!
വ്യവസായങ്ങൾകൊണ്ടുള്ള സാമ്പത്തികലാഭം നോക്കുമ്പോൾ നികത്താനാവാത്ത നഷ്ടങ്ങളുടെ കണക്കും നോക്കേണ്ടതല്ലേ! ഈ പ്രപഞ്ചത്തിൽ ഭൂമിയിലെ ജീവജാലങ്ങളെ നിലനിർത്തുന്നതെല്ലാം ആശ്രയിച്ചാണ് മനുഷ്യന്റെ ഓരോ 24 മണിക്കൂറും കടന്നുപോകുന്നത്. സൂര്യനുദിച്ചില്ലെങ്കിൽ, ഇരുട്ട് നിറഞ്ഞ ദിവസങ്ങളെ വൈദ്യുതി വെളിച്ചത്തിൽ പകലാക്കാൻ മനുഷ്യനാവുമോ? മനുഷ്യനെന്തൊക്കെ കണ്ടുപിടിച്ചാലും പരിമിതികളുള്ള ഇങ്ങനെ പലതുമുണ്ട്, ഭൂമിയിൽ.
പരസ്പരം ആശ്രയിച്ചുജീവിച്ചു പോകുന്ന ഈ ഭൂമിയിൽ നല്ല നാളേയ്ക്ക് വേണ്ടി ഭൂമിയെ സജ്ജമാക്കുക എന്നത് മനുഷ്യന്റെ ഉത്തരവാദിത്വം കൂടിയാണ്. കാരണം, ഇത്രത്തോളം മാറ്റങ്ങൾ ഭൂമിയിൽ കൊണ്ടുവന്നത് നമ്മൾ മനുഷ്യരാണല്ലോ! ഇത്രയൊക്കെ ആയ സ്ഥിതിക്ക്, ഇരിക്കുന്ന കൊമ്പ് മുറിക്കല്ലേ എന്നുമാത്രം ഇനി പറയാനുള്ളൂ…!!
Well written.