Sports

ലിവർപൂളിന് ആദ്യ പ്രീമിയർ ലീഗ് കിരീടം

ഫാൻ പോസ്റ്റ്/ ഒമർ യാസിഫ്

വർഷം 1998

ലോകകപ്പ് ഫുട്‌ബോളിൽ ചിരവൈരികളായ അർജന്റീനയും ഇംഗ്ലണ്ടും പ്രീക്വർട്ടർ മത്സരത്തിൽ ഏറ്റുമുട്ടുന്നു. ലാറ്റിനമേരിക്കൻ കേളി ശൈലിയെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ കേട്ട് ആ മത്സരത്തിൽ അർജന്റീനക്കായിരുന്നു എന്റെ പിന്തുണ. ആദ്യ പത്ത് മിനുട്ടിൽ തന്നെ ബാറ്റിസ്റ്റുടയും ഷിയററും ഓരോ പെനാൽറ്റി ഗോളിലൂടെ ഇരു ടീമുകളുടെയും വല ചലിപ്പിച്ചു. കളിയുടെ പതിനാറാം മിനുട്ട്, ഇംഗ്ലണ്ട് ഹാഫിൽ നിന്ന് ഡേവിഡ് ബെക്കാം പന്ത് പതിനാറുകാരൻ പയ്യൻ മൈക്കൽ ഓവന് മറിച്ചു നൽകുന്നു.

മൈതാന മധ്യത്തിൽ നിന്ന് കിട്ടിയ ആ പന്ത് റോബർട്ടോ അയാളയടക്കം അഞ്ച് അർജന്റീനൻ കളിക്കാരെ മറികടന്ന് അടിച്ചത് ഗോൾവലയത്തോടൊപ്പം എന്റെ ഇടനെഞ്ചിലേക്ക് കൂടിയായിരുന്നു. അന്ന് മുതൽ ആ മൈക്കൽ ഓവന്റെയും, മൈക്കൽ ഓവന്റെ ക്ലബ്ബായ ലിവർപൂളിനെയും മനസ്സിൽ കുടിയിരുത്തിയതാണ്.

ഓവൻ പിന്നീട് റയൽ മാഡ്രിഡിലേക്കും, അവിടുന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും പിന്നീട് ന്യുകാസിലിലേക്കും ഒക്കെ പോയെങ്കിലും എന്റെ മനസ്സ് ലിവർപൂളിനൊപ്പം തന്നെ നിന്നു. എല്ലായിടത്തും പച്ചയെ പ്രണയിച്ച ഞാൻ ഇവിടെ മാത്രം ചുവപ്പിനൊപ്പം ഉറച്ചു നിന്നു. ഓവന്റെ ടീം എന്നതിലപ്പുറം ടൈറ്റിൽസ് ഒരു വിഷയമേ അല്ലായിരുന്നു എനിക്ക്. പ്രീമിയർ ലീഗിൽ ആദ്യ നാലിൽ കയറണം, അടുത്ത തവണ ചാമ്പ്യൻസ് ലീഗ് കളിക്കണം എന്നിങ്ങനെ ചെറിയ ചെറിയ ആഗ്രഹങ്ങൾ മാത്രം. യുണൈറ്റഡും ആഴ്‌സണലും മാത്രം അരങ്ങു വാഴുന്ന ലീഗിൽ മൂന്നോ നാലോ സ്ഥാനങ്ങൾ ഉറപ്പിക്കുക പ്രയാസമായിരുന്നില്ല.

ആയിടക്കാണ് റഷ്യൻ കോടീശ്വരൻ ചെൽസിയെ വാങ്ങുന്നതും നാലാം സ്ഥാനം വരെ കിട്ടാൻ ലിവർപൂൾ പാട് പെടുന്നതും കണ്ടത്. എന്നാലും തട്ടി മുട്ടി അവിടെ വരെയെത്തും.

വർഷം 2005

പ്രീമിയർ ലീഗിൽ ആദ്യ നാലിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി അന്നത്തെ ഏറ്റവും നല്ല ക്ലബ്ബ്കളിലൊന്നായ എസി മിലാനെ നേരിടുന്ന ലിവർപൂൾ. കളി ആദ്യ പകുതി പിന്നിട്ടപ്പോൾ 3 ഗോളുകൾക്ക് തോറ്റു നിന്നിടത്ത് നിന്ന് അസാധ്യമാം വിധം തിരിച്ചെത്തി നായകൻ ജെറാർഡിന്റെ തോളിലേറി കപ്പെടുത്ത നിമിഷം ജീവിതത്തിൽ മറക്കാൻ സാധിക്കാത്തതാണ്.

വർഷം 2013

ഖരഗ്പൂർ ഐഐടി യിൽ ഒരു കൂട്ടം ഫുട്ബാൾ ഭ്രാന്തന്മാരുടെ ഇടയിൽ പെട്ട ആ വർഷമാണ് ഓരോ കളിയും പ്രീമിയർ ലീഗിൽ കാത്തിരുന്ന് കണ്ടത്. ഡിസംബർ കഴിയുമ്പോ ലിവർപൂൾ 4 പോയിന്റുകൾക്ക് മുന്നിൽ, പിന്നെ തൊട്ട് പിന്നിൽ ഉണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റിയെ 2നെതിരെ 3 ഗോളുകൾക്ക് മലർത്തിയടിച്ച് കപ്പിൽ മുത്തമിടാൻ സകല തയ്യാറെടുപ്പുകളും നടത്തി കാത്തിരുന്ന സമയം, ചെല്സിക്കെതിരായ മത്സരത്തിൽ നായകൻ ജെറാർഡിന്റെ കുപ്രസിദ്ധമായ സ്ലിപ്പിൽ കപ്പിനും ചുണ്ടിനുമിടയിൽ ഒരിക്കൽകൂടി പ്രീമിയർ ലീഗെന്ന സ്വപ്നം നഷ്ടമായി.

വർഷം 2019

തലേ വർഷം ഗോൾകീപ്പർ കാരിയസിന്റെ അബദ്ധങ്ങളിൽ മാത്രം നഷ്ടപെട്ട ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഒരുമിച്ചു മുന്നേറിയ ലിവർപൂൾ, ചാമ്പ്യൻസ് ലീഗ് തോറ്റിട്ടായാലും പ്രീമിയർ ലീഗ് കിട്ടണമെന്നായിരുന്നു കടുത്ത ആഗ്രഹം. ഡിസംമ്പർ കഴിയുമ്പോ 7 പോയിന്റ് ലീഡും. പക്ഷെ നിർഭാഗ്യം കൂടേ തന്നെയായിരുന്നു. ചാമ്പ്യൻസ് ലീഗ് ബാഴ്‌സലോണയെയും ടോട്ടൻഹാമിനെയും പരാജയപ്പെടുത്തി രാജകീയമായി നേടിയെങ്കിലും പ്രീമിയർ ലീഗ് ഒരു പോയിന്റിന് അടിയറ വെക്കേണ്ടി വന്നു.

വർഷം 2020

മുറിവേറ്റ സിംഹത്തിന്റെ നിശ്വാസം ഗർജ്ജനത്തേക്കാൾ ഭീകരമായിരുന്നു. ഇത്തവണ ഒരു നിർഭാഗ്യത്തിനും അടിയറ വെക്കാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. ആദ്യ 19 മത്സരങ്ങൾ കഴിയുമ്പോൾ പോയിന്റ് നഷ്ടപ്പെട്ടത് യുണൈറ്റഡ് നെതിരെ അവരുടെ ഹോമിൽ നേടിയ ഒരു സമനിലയിലൂടെ മാത്രം. അപരാജിതരായി മുന്നോട്ട് പോയി ലീഗ് ടൈറ്റിൽ അടിക്കണമെന്ന മോഹത്തിന് വാട്ഫോഡ് എന്ന കുഞ്ഞൻ ടീം തടയിട്ടെങ്കിലും അതിനും പ്രീമിയർ ലീഗ് കിരീടത്തെ ഞങ്ങളിൽ നിന്ന് തട്ടി തെറിപ്പിക്കാൻ പ്രാപ്തമായിരുന്നുമില്ല.

22 പോയിന്റ് ലീഡുമായി പ്രീമിയർ ലീഗ് നേടാൻ വെറും 2 മത്സരങ്ങളുടെ അകലമുണ്ടായപ്പോൾ മഹാമാരിയായി കൊറോണ കടന്നു വന്നു. എല്ലാം കൈവിട്ടു പോയെന്ന് തോന്നിയ നിമിഷത്തിൽ നിന്നും തിരിച്ചു വന്നു ഇന്ന് ഇതാ 7 മത്സരങ്ങൾ ബാക്കി നിൽക്കെ ലിവർപൂൾ പത്തൊൻമ്പതാം ലീഗ് ടൈറ്റിലും ആദ്യ പ്രീമിയർ ലീഗ് കിരീടവും നേടിയിരിക്കുന്നു. കളിച്ച 19 ടീമുകളെയും ലിവർപൂൾ ഈ തവണ പരാജയപ്പെടുത്തി എന്ന അപൂർവ റെക്കോർഡും ഇത്തവണ 24 മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ നേടി. സെന്റർ ബാക്ക് ഗോമസും ഗോൾ കീപ്പര്മാരായ അലിസൻ, അഡ്രിയാൻ തുടങ്ങിയവർ ഒഴികെ സീസണ് തുടക്കത്തിലുണ്ടായിരുന്ന എല്ലാവരും ലിവർപൂളിനായി ഗോളുകൾ നേടി.

യുണൈറ്റഡിനെതിരായി ഗോൾ കീപ്പർ അലിസന്റെ ഗോൾ അസിസ്റ്റും സെലിബ്രേഷനും വേറിട്ടതായി. ക്ളോപ്പ് ആശാനെ കുറിച്ച് പറയാതെ എങ്ങനെ നിർത്തും, ഫെർഗൂസനെയും വെങ്ങറെയും പോലെ ലിവർപൂൾ ഒരു മാനേജർ അഡിക്റ്റ് ടീം ആയിരുന്നില്ല. അങ്ങനെ ആ 2014 ലോകകപ്പ് കഴിഞ്ഞപ്പോൾ സ്റ്റാർ സ്‌ട്രൈക്കർ സുവാരസിനെ ബാഴ്‌സലോണ റാഞ്ചുകയും ടീമിന്റെ എല്ലാമെല്ലാമായിരുന്ന ജെറാർഡ് കളി നിർത്തുകയും ചെയ്ത് തകർന്നടിയുന്ന ടീമിന്റെ മാനേജരായിട്ടാണ് ക്ളോപ്പ് ലിവർപൂളിലെത്തുന്നത്. അവിടെ നിന്ന് പടിപടിയായി അദ്ദേഹം ടീമിനെ വാർത്തെടുത്തു.

ആദ്യം എഫ്എ കപ്പും പിന്നെ ചാമ്പ്യൻസ് ലീഗും സൂപ്പർകപ്പും ക്ലബ്ബ് ഫുട്ബാൾ വേൾഡ് കപ്പും പിന്നെയിതാ ഇന്ന് അപ്രാപ്യമായിരുന്ന പ്രീമിയർ ലീഗ് കിരീടവും ലിവർപൂളിലെത്തിച്ചിരിക്കുന്നു. ആദ്യമായി പ്രീമിയർ ലീഗ് കിരീടം നേടുന്നത് കാണാൻ ഗ്യാലറിയിൽ ആളും ആരവവും ഇല്ലായെന്നത് ദുഃഖകരമെങ്കിൽ കൂടെ മനസ്സിനുള്ളിൽ ഫുട്ബാളിനെ കുടിയിരുത്തിയവർക്ക് നമ്മുടെ ഓരോരുത്തരുടെയും മനസ്സുകൾ തന്നെ ഗ്യാലറികളായി പരിവർത്തിപ്പിക്കാമല്ലോ.ഏറെ സന്തോഷകരമായ ഈ അവസരത്തിലെങ്കിലും ഇതൊക്കെ പ്രകടിപ്പിച്ചില്ലെങ്കിൽ പിന്നെപ്പോഴാ???

Liverpool, You Never Walk Alone!!!

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
യാസിർ ഗഫൂർ
4 years ago

തോറ്റു തോറ്റു അങ്ങേയറ്റത്ത് എത്തുമ്പോഴും ഏതൊരു രാജഗോപാലിനെയും കാത്തു ഒരു നേമം ഉണ്ടാകും എന്ന് പറഞ്ഞത് പോലെ ലിവർപൂളിന്‌ ഉള്ളതായിരിക്കും 2020.

Back to top button
1
0
Would love your thoughts, please comment.x
()
x