Social

മദ്യപാനം; ശരാശരി മലയാളി പുരുഷന്റെ പ്രകടമായ പൊങ്ങച്ചം

കാലികം/പ്രമോദ് പുഴങ്കര

ഒരു ശരാശരി മലയാളി പുരുഷന്റെ ഏറ്റവും പ്രകടമായ ആണത്ത പൊങ്ങച്ചങ്ങളിലൊന്നാണ് മദ്യം. കുടിച്ചാൽ വയറ്റിൽ കിടക്കണം എന്ന് പഴഞ്ചൊല്ലായത് കുടിച്ചാൽ ഒരു കാലത്തും വയറ്റിൽ കിടക്കാത്ത ഒരു അശ്ലീലമാണ് മലയാളി പുരുഷൻ എന്നതുകൊണ്ടാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടും പൊതുസ്ഥലത്ത് കുടിച്ചു കുന്തം മറിയുന്ന മലയാളി ആണിനെപ്പോലൊരാളെ കാണൽ വിരളമായിരുന്നു. മദ്യം, ചൂതാട്ടം എന്നീ രണ്ടു സ്വഭാവവിശേഷങ്ങളെ ഇത്രയേറെ ആശ്രയിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ കേരളത്തിനുള്ളത് എന്തുമാത്രം രോഗാതുരമായ ഒരു സമൂഹമാണ് നമ്മുടെ എന്നുകൂടിയാണ് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

മദ്യനിരോധനത്തിന്റെ puritan കുപ്പായമിടണം എന്നല്ല ഇതിനർത്ഥം. മദ്യം ആളുകൾക്ക് കുടിക്കണമെങ്കിൽ അത് മാന്യമായി വാങ്ങാനും കഴിയണം. ഇതൊന്നും ഇവിടെ നടക്കുന്നില്ല.

കേരളത്തിൽ ഒരു Retail outlet -ൽ നിന്നും മദ്യം വാങ്ങുക എന്നാൽ ഒരു ഗതികേട് എന്നെ പറയാനാകൂ. ഇത്രയേറെ, അതായത് വിലയേക്കാൾ എത്രയോ ഇരട്ടി നികുതി നൽകി വാങ്ങുന്ന ദ്രാവകരൂപത്തിലുള്ള ഒരുത്പന്നം ഒന്ന് പൊതിഞ്ഞുകൊടുക്കാൻ പോലും മര്യാദ കാണിക്കാത്ത ഒന്നാണ് ഇവിടെ മദ്യവിൽപ്പന.

ബ്രാണ്ടിയും റമ്മും കേരളത്തിൽ ഏറ്റവും കൂടുതൽ ചെലവാകുന്നതിന്റെ ഒരു കാരണം കൗണ്ടറിലെ സ്വർഗ്ഗദ്വാരത്തിലേക്കെത്തുമ്പോൾ മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള സാവകാശമൊന്നും ഇല്ലാത്തതുകൊണ്ടാകും. കേരളത്തിൽ മദ്യപിച്ച് ശീലിച്ച ഒരാൾക്കൊപ്പം കഴിയുമെങ്കിൽ മദ്യപിക്കാനിരിക്കരുത്. ആ സായാഹ്നം ഒരു കുപ്പി ബ്രാണ്ടിയിൽ കലക്കി നശിപ്പിച്ചതായി കരുതിക്കോളണം.

ദാഹിക്കുന്നവർ വെള്ളം കുടിക്കുന്ന പോലെ മദ്യപിക്കുന്നത് വേണമെങ്കിൽ ഒരു തനത് മലയാളി ആചാരമായി കണക്കാക്കാം എന്ന് തോന്നുന്നു. കയ്യിട്ടു വാരുന്ന ഇറച്ചി, ഒന്നരപ്പിടി കപ്പലണ്ടി, ചുറ്റും ചിതറിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ, തെറിവിളി, ഭോഗസാഹസികതകളുടെ ശിക്കാരി ശംഭു വീരസ്യങ്ങൾ, മദ്യശാലയിലാണെങ്കിൽ മദ്യം വിളമ്പുന്ന ജീവനക്കാരോടുള്ള സേവകവാത്സല്യം അങ്ങനെയങ്ങനെ.

മദ്യപാനം ഒരു ആണത്ത പ്രദർശനമായാണ് നമ്മുടെ പൊതുബിംബങ്ങൾ കാണിക്കുന്നത്. ആണുങ്ങൾ ഒളിച്ചുകൂടി നിന്ന് മദ്യപിക്കുന്നത് കണ്ടുപിടിക്കുന്ന രസികത്തികളായ, കോപം അഭിനയിക്കുന്ന ഭാര്യമാർ, മദ്യം ഒളിപ്പിക്കുന്നത് ഭാര്യയോടുള്ള സ്നേഹപ്രകടനമായിമാറുന്ന കുടുംബ ദൃശ്യങ്ങൾ, രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ യദുകുലരതിദേവനാകുന്ന ഭർത്താവ് , കുടിയൊക്കെ തനിക്കൊരു കുട്ടിക്കളിയാണെന്ന മട്ടിൽ മദ്യവിരുന്ന് നടത്തുന്ന ആറാംതമ്പുരാൻ അങ്ങനെ മലയാളിയുടെ ആണുങ്ങൾക്ക് മദ്യത്തിന്റെ സുഗന്ധം ഒരലങ്കാരമാണ്. അച്ചായൻ എന്നൊരു വിചിത്രവസ്തുവാണെങ്കിൽ പിന്നെ പറയാനുമില്ല.

ജീവിതത്തിന്റെ സർഗാത്മകവും ക്രിയാത്മകവുമായ വളർച്ച മുരടിക്കുന്ന ഒരു സമൂഹമാണ് ഇത്തരം നിസ്സാരതകളിൽ അഭിരമിക്കുന്നത്. മദ്യപാനം ഒരു കുറ്റമല്ല. അതൊരു സാധാരണ കാര്യമാണ്. കുടിക്കേണ്ടവർക്ക് ആകാം, അല്ലാത്തവർക്ക് വേണ്ട. വല്ലാതെ കുടിച്ചാൽ ആരോഗ്യത്തിനു സാരമായ ദോഷങ്ങളുണ്ടാക്കുന്ന ഒരു സാധനവുമാണത്.

എന്നാലത് ഒരു സാമൂഹ്യാസ്തിത്വത്തെ നിർണ്ണയിക്കുന്ന അടയാളമായി മാറുമ്പോൾ ആ സമൂഹത്തിനു സാരമായ തകരാറുണ്ട്. ഇതൊരു വലിയ മികവാണ് എന്ന് നമുക്ക് തോന്നുന്നത് അത് നമുക്ക് മാത്രമാണ് തോന്നുന്നത് എന്നതുകൊണ്ടാണ്. കടുത്ത സാമൂഹ്യാരോഗാതുരതയാണ് നാമീ പ്രദർശിപ്പിക്കുന്നത്. വ്യാജമായ ആരോഗ്യമാണ് നമ്മുടെ സമൂഹത്തിന്റേത്, വ്യാജമായ ആനന്ദവും.

മദ്യപന്റെ രതിപോലൊരു പൊയ്ക്കൂത്ത്. അയാൾ കരുതുന്നത് താൻ ചുഴറ്റിയെറിയുകയാണ് ചുരികയെന്നാണ്. ബോധരഹിതനായൊരു നാറി (നാറ്റമുള്ളവൻ എന്ന അർത്ഥത്തിലെടുത്താൽ മതി) തന്റെ ശരീരത്തിനുമുകളിൽ തോണ്ടുകയും മാന്തുകയും ചെയ്തുകൊണ്ട് ഉറങ്ങുകയാണെന്ന് അടിയിൽ കിടക്കുന്ന സ്ത്രീക്കറിയാം. പുറത്തുള്ള സ്ത്രീകളല്ലാത്തവർക്കുമറിയാം. കുറച്ചു തുപ്പലും സമയം മെനക്കെടുത്താൻ പാകത്തിൽ ഇത്തിരി സ്ഖലിതവും പിന്നെ തേറ്റയൊലിക്കുന്ന ഉറക്കവുമാണയാൾ. അതയാൾ അറിയുകയേയില്ല.

മലയാളി സമൂഹം ആ വഴിയിലെത്തിയിരിക്കുന്നു, സാമ്പത്തിക സ്രോതസുകളും. തൊഴിലാളികളും നിത്യവരുമാനക്കാരുമായ ഒരുപാട് മനുഷ്യരുടെ സാമൂഹ്യജീവിതത്തിന്റെയും രാഷ്ട്രീയ ബോധത്തിന്റെയും ശരീരത്തെ രോഗബാധിതമാക്കിക്കൊണ്ടാണ് ഈ സാമ്പത്തികസ്രോതസിനെ നാം വികസിപ്പിക്കുന്നതും.

ജനസംഖ്യയുടെ പാതിയിലേറെ വരുന്ന സ്ത്രീകൾ, വലിയൊരു ശതമാനം കുട്ടികൾ, മദ്യപിക്കാത്ത പുരുഷന്മാർ ഇവരെയൊക്കെ കഴിച്ചുള്ള ഒരു വിഭാഗമാണ് മദ്യപിക്കുന്നവർ. രണ്ടു ബാറും ഒരു ചെറുകിട മദ്യവില്പനശാലയുമുണ്ടെങ്കിൽ ആ ചെറുപട്ടണം എന്ന പൊതുസ്ഥലം പിന്നെ ഇവർക്കാർക്കും പ്രാപ്യമാകാത്ത വിധത്തിൽ അരക്ഷിതമാണ്.

കേരളത്തിന്റെ സായാഹ്നങ്ങൾ മദ്യവിൽപ്പനയുടെ യുക്തിയുടെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന അവസ്ഥയുണ്ട്. ഇത് ഗുരുതരമായ ഒരു സാമൂഹ്യപ്രശ്നമാണ്. ഇതാകട്ടെ മദ്യ ലഭ്യതയുടെ മേൽ നാമുണ്ടാക്കിയ ഈ ഭീകരത കൊണ്ടുണ്ടായതാണ്. ആവശ്യക്കാർക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ, അവർക്ക് വീട്ടിലെത്തിച്ചു നൽകുന്ന മട്ടിലൊക്കെ ഒരു സാധാരണ വിൽപ്പന വസ്തുവായി മദ്യം മാറേണ്ടതുണ്ട്. ഒരേ സമയം മദ്യത്തെ ആണത്തവീരസ്യങ്ങളിൽ നിന്നും സദാചാര നിഗൂഢതകളിൽ നിന്നും മോചിപ്പിക്കേണ്ടതുമുണ്ട്.

ഇനി മദ്യാപ്പെന്ന ബെവ്‌ക്യുവിനെ കുറിച്ച്. ഏതുത്പ്പന്നവും അളക്കുന്നത് അതിന്റെ പ്രകടനത്തിലാണ്. കേരളത്തിലെ ശരാശരി പ്രതിദിന മദ്യ ഉപഭോഗം വെച്ചു നോക്കിയാൽ എത്ര പേർ ആപ്പ് download ചെയ്യുമെന്നും വാങ്ങാൻ വരുമെന്നുമൊക്കെ കണക്കാക്കാവുന്നതേയുള്ളു. അതിനു പാകത്തിലാണ് അത് രൂപപ്പെടുത്തേണ്ടതും.

നൂറുകണക്കിന് കോടിയുടെ വിൽപ്പന നടത്തുന്ന ഒരു ഉൽപ്പന്നത്തിന്റെ വിൽപ്പനയ്ക്കായി ഒരു ആപ്പ് തയ്യാറാക്കുമ്പോൾ അത് മികച്ച രീതിയിൽ ഉണ്ടാക്കാനുള്ള ഉത്തരവാദിത്തവും അവർക്കുണ്ട്. ആ പണി അതുണ്ടാക്കിയവർക്ക് നന്നായറിയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നതും. അത് ഉപഭോക്താവിന്റെ അവകാശം കൂടിയാണ്.

മദ്യം വാങ്ങാൻ ആളുകളെത്തുന്നത് ഒരു അത്ഭുത സംഭവം പോലെ ഇത്രയും ആവേശത്തോടെ സംപ്രേക്ഷണം ചെയ്യുന്ന വാർത്താചാനലുകൾ കേരളത്തിൽ മാത്രമായിരിക്കും. ലക്ഷക്കണക്കിന് മനുഷ്യരെ തെരുവിൽ മരിക്കാൻ വിട്ടിട്ട് 56 ഇഞ്ചിന്റെ സുൽത്താൻ വാഴുന്ന ഒരു രാജ്യത്താണ് ഇതെന്നുകൂടി ഓർക്കണം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x