Middle East

മലയിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ ബാലൻ്റെ രക്ഷകനായി സൗദി യുവാവ്

അനുഭവം/മുജീബ് ഏടവണ്ണ

ഒരു രാത്രി മലയിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ ബാലനു രക്ഷകനായതു സ്വദേശി യുവാവ്. രക്ഷിതാക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ കുട്ടി യനസ് മലയിൽ ഒറ്റപ്പെടുകയായിരുന്നു.

പ്രഭാത നമസ്കാരത്തിനായി നാലര മണിക്ക് എഴുന്നേറ്റ ആദിൽ അൽജസ്മി ‘ഹസ്സ ഫസ്സ’ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് മലനിരകൾക്കിടയിൽ വച്ച് കാണാതായ കുഞ്ഞിനു വേണ്ടി തിരച്ചിൽ നടക്കുന്ന വിവരം അറിയുന്നത്

രാത്രി മുഴുവൻ തിരച്ചിൽ ഊർജിതമായിട്ടും കുട്ടിയെ കണ്ടെത്തിയില്ലെന്നറിഞ്ഞ ആദിൽ കൂട്ടുകാർക്കൊപ്പം ഡ്രോൺ അടക്കമുള്ള ഉപകരണങ്ങളുമായി മലയിലേക്ക് പുറപ്പെട്ടു.

കുഞ്ഞിനെ കാണാതായ യനസ് മലയും വഴികളും ദുർഘടമാണ്. തിരയേണ്ടതും തിരഞ്ഞതുമായി പർവത ഭാഗങ്ങളെ രണ്ടായി അടയാളപ്പെടുത്തി, ആസൂത്രണത്തോടെയാണ് ഇവർ ദൗത്യം തുടങ്ങിയത്.

ഇരുട്ടായതിനാൽ ഡ്രോൺ ഉപയോഗിച്ചായി ആദ്യം തിരച്ചിൽ. ബാറ്ററി കഴിയുന്നതുവരെ ഡ്രോൺ പറന്നെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ട്രക്കിങ് വാഹനമുപയോഗിച്ചായി ശ്രമം. ഒടുവിൽ ഡ്രോൺ ഇറങ്ങിയ ഇടത്തു നിന്നും 100 മീറ്റർ അകലെ പാറക്കിടയിൽ കുട്ടി കിടക്കുന്നതായി ആദിൽ കണ്ടെത്തി.

ഉത്സാഹവും ഉത്കണ്ഠയും ഒന്നിച്ചു മനസ്സിൽ ഓളം തളളി. കുട്ടിയെ കണ്ട സന്തോഷം ഉണ്ടായിരുന്നെങ്കിലും അവനു ജീവനു ഹാനി സംഭവിക്കരുതെന്നായി പ്രാർഥന.

അടുത്ത് എത്തിയപ്പോൾ അവൻ ഉറക്കത്തിലായിരുന്നു. ഉണർത്തിയപ്പോൾ ‘അച്ഛാ അച്ഛാ ‘ എന്നു വിളിച്ചു. ഉടൻ അവനെ തോളിലിട്ട് ആശ്വസിപ്പിച്ചു.

ആദിൽ തന്നെ പറയുന്നു ‘ കുഞ്ഞ് എന്റെ കൈകളിൽ സുരക്ഷിതനാണെന്നു മനസ്സിലായപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എന്റെ വാഹനത്തിലേക്കു കൊണ്ടു പോയി. ആദ്യം അവനു വെള്ളം കൊടുത്തു. നിർജലീകരണം മൂലം അവൻ തളർന്നിരുന്നു. പാറയിൽ നിന്നു വീണ പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല.

വൈകാതെ അന്വേഷണ സംഘത്തെ വിവരമറിയിച്ചു. അവർ ആംബുലൻസുമായി എത്തി. കുഞ്ഞിനെ അവർക്ക് കൈമാറുകയും ചെയ്തു. ‘മാതാപിതാക്കൾക്കൊപ്പം മലനിരകളിലൂടെ യാത്ര ചെയ്തപ്പോഴാണ് കുട്ടിയെ കാണാതായത്.

ഒരിടത്ത് ഇറങ്ങിയ യാത്രാ സംഘം എല്ലാവരും കയറിയിട്ടുണ്ടാകുമെന്ന ധാരണയിൽ യാത്ര തുടരുകയായിരുന്നു. വേറെയും കുട്ടികൾ വാഹനങ്ങളിൽ ഉണ്ടായിരുന്നതിനാൽ അവർക്കൊപ്പം കുട്ടിയും ഉണ്ടാകുമെന്നു കരുതിയതാണ് രക്ഷിതാക്കൾക്ക് വിനയായത്.

റാസൽഖൈമ പൊലീസ്, റസ്ക്യൂ വിഭാഗം, പൊലീസ് നായ, സിവിൽ ഡിഫൻസ്, എയർ വിങ് ഹെലിക്കോപ്റ്റർ എന്നിവയെല്ലാം കുഞ്ഞിനായുള്ള തിരച്ചിലിൽ പങ്കുകൊണ്ടിരുന്നു.

അതിനിടയിൽ നിന്നാണ് സാഹസിക യാത്രികരുടെ വാട്സാപ്പ് കൂട്ടായ്മയുടെ അംഗമായ ആദിൽ അൽ ജസ്മി കുഞ്ഞിനെ കണ്ടെടുത്തത്. ആധി ആഹ്ലാദമായി മാറിയ നിമിഷങ്ങളിൽ രക്ഷിതാക്കൾക്ക് കുട്ടിയെ കൈമാറാൻ കഴിഞ്ഞ സന്തോഷത്തിലാണ് സാഹസിക പ്രിയനായ ഈ സ്വദേശി യുവാവ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x