
ദോഹ: കോവിഡ് പോരാട്ടങ്ങൾക്കായി ഖത്തർ സർക്കാറിന് കീഴിൽ വളണ്ടിയർ സേവനം നടത്തിയ മലയാളിയുടെ അനുഭവക്കുറിപ്പ് ശ്രദ്ദേയമാവുന്നു.
ഹമദ് ബിൻ സിദ്ദീഖിന്റെ കുറിപ്പ് വായിക്കാം..
കഴിഞ്ഞ ഒരു മാസക്കാലമായി സന്നദ്ധ സേവനത്തിലാണ്. കൂടെ എഴുപതോളം വളണ്ടിയർമാരും. ഇന്ത്യ (കേരള), ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യക്കാരായ യുവാക്കൾ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിലാണ് വളണ്ടിയർമാരായിട്ടുള്ളത്. കോവിഡ് 19 നുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രഥമ ദൌത്യം. റോഡുകളിലെ ചെക്ക് പൊയിൻ്റുകളിൽ പോലീസുകാരുമായി ചേർന്ന് ബോധവത്കരണം നടത്തുക, ലേബർ ക്യാമ്പുകൾ, ക്വാറൻ്റൈൻ സെൻ്ററുകൾ തുടങ്ങി വിവിധ സ്ഥലങ്ങൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുടെ സന്ദർശിക്കുകയും താമസക്കാരായ ആളുകൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്നിവ പ്രധാന ഉത്തരാവദിത്തങ്ങളാണ്. മന്ത്രാലയത്തിൻ്റെ വക്താക്കളായി ബോധവത്കരണ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ആദ്യമൊക്കെ ധൈര്യം കുറവായിരുന്നു. കൊറോണ ബാധിതരായ നിരവധി പേരെ നേരിൽ കാണാനും സംസാരിക്കാനും ആത്മവിശ്വസവും ആശ്വാസവും നൽകുന്ന വാക്കുകൾ അവരുമായി പങ്കുവെക്കാൻ സാധിച്ചതോടെ കൊറോണ പേടി കുറേയേറെ മാറി. ആ ആത്മവിശ്വാസം ഉള്ളത് കൊണ്ട് തന്നെ കുറെ പേർക്ക് ധൈര്യം കൊടുക്കാനും സാധിച്ചിട്ടുണ്ട്. ഏതാണ്ട് നാല്പതിനായിരത്തോളം ആളുകളാണ് സന്നദ്ധ സേവനത്തിന് രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ നിന്ന് ആദ്യം വിളിക്കപ്പെട്ട കുറച്ചു പേരിൽ ഈയുള്ളവനും ഉൾപെട്ടു. ഇപ്പോൾ വളണ്ടിയർ കോഡിനേഷനാണ് ചുമതല. അന്നം തരുന്ന രാജ്യത്തോടുള്ള സ്നേഹവും കടപ്പാടും പരമാവധി തിരിച്ചു നൽകാൻ ശ്രമിക്കുകയാണ്.

ഖത്തർ ഗവൺമെൻ്റ് ഇവിടുത്തെ ജനങ്ങളോട് കാണിക്കുന്ന കരുതലും സ്നേഹവും എത്ര വലുതാണെന്ന് അനുഭവിച്ചറിയുന്നവരാണ് ഇവിടെ താമസിക്കുന്ന ഓരോ സ്വദേശിയും വിദേശിയും. ഭക്ഷണവും മരുന്നും വസ്ത്രവും കൂടാതെ മാനസികമായ വലിയ സപ്പോർട്ടും നൽകാൻ സർക്കാർ എന്നും ശ്രദ്ധ കാണിച്ചിട്ടുണ്ട്. ഭയം ഇല്ലാതാക്കുകയായിരുന്നു ഒന്നാമത്തെ പോളിസി. തുടക്കം മുതൽക്കു തന്നെ വിവിധ ഭാഷകളിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വീഡിയോ ആയും എഴുത്തുകളായും പ്രചരിപ്പിക്കാൻ ഖത്തറിലെ ഓരോ മന്ത്രാലയവും ശ്രദ്ധിച്ചിട്ടുണ്ട്. രോഗ ബാധിതരുടെ കണക്കിനേക്കാൽ രോഗ മുക്തരുടെ എണ്ണത്തെ ആദ്യം പറയുന്ന പോളിസിയും അതിൻ്റെ ഭാഗമാണ്. രോഗ ബാധിതരുടെയും മരിക്കുന്നവരുടെയും കണക്കുകൾ പുറത്തുവിടുമ്പോൾ വിദേശിയെന്നോ സ്വദേശിയെന്നോ തരം തിരിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

അതുപോലെ തന്നെയാണ് ക്വോറൻ്റൈൻ സെൻ്ററുകളിലെ സൌകര്യങ്ങളും, പതിനാലു ദിവസം ക്വോറൻ്റൈൻ സെൻ്ററുകളിൽ കഴിഞ്ഞാൽ സ്വന്തം വീടുകളിലേക്ക് മടങ്ങാം. വേണമെങ്കിൽ ഇരുപത്തി ഒന്ന് ദിവസം വരെ അവിടെ കഴിയാം. അത്രയും ദിവസത്തെ ഭക്ഷണവും മരുന്നും സൌജന്യമായി ഇവിടുത്തെ ഗവൺമെൻ്റ് നൽകുകയാണ്. ആദ്യത്തെ പത്ത് ദിവസങ്ങളിലാണ് പകർച്ചക്ക് സാധ്യത എന്നതാണ് പുതിയ കണ്ടെത്തൽ. പ്രത്യേകിച്ച് ഖത്തറിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് തീവ്ര പരിചരണം ആവശ്യമായി വന്നിട്ടുള്ളതും. അതുകൊണ്ടുതന്നെ പലപ്പോഴും വീടുകളിൽ കഴിയാനാണ് ആരോഗ്യ മന്ത്രാലയം ഉപദേശിക്കാറുള്ളത്.

ഏതായാലും ഖത്തറിനെ സംബന്ധിച്ചെടുത്തോളം കൊറോണ അത്ര ഗൌരവകാരിയല്ല എങ്കിലും പകർച്ച വ്യാധി ആയതിനാൽ കൂടുതൽ പകരുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇഹ്തിറാസ് എന്ന ആപ്ലിക്കേഷൻ ഉപകാരപ്രദമാണെങ്കിലും ടെസ്റ്റ് ചെയ്യപ്പെടാത്ത കോവിഡ് ബാധിതൻ്റെ സാന്നിധ്യം തിരിച്ചറിയാനോ തനിക്ക് സ്വയം കോവിഡ് ബാധിച്ചോ ഇല്ലയോ എന്ന് മനസ്സിലാക്കിത്തരുവാനോ ഉള്ള കഴിവ് ഈ ആപ്പിനില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. എന്നു പറഞ്ഞാൽ എല്ലാ പച്ചയും സേഫ് അല്ല എന്നർത്ഥം. അതുകൊണ്ട് ഈ ആപ്ലിക്കേഷനിൽ പച്ച കത്തുവരെല്ലാം നെഗറ്റീവുകാരാണ് എന്നു കരുതി മാസ്കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകരുത് എന്ന് പൊതുവായി മനസ്സിലാക്കുക.
കേരളത്തിൽ അതിവേഗം ബാധിക്കാൻ പോകുന്ന ഈ പകർച്ച വ്യാധിയെ അല്പമെങ്കിലും ഗൌരവത്തോടെ സമീപിക്കണമെന്നു തന്നെയാണ് എനിക്ക് പറയാനുള്ളത്. സാധാരണ പറയാറുള്ളതുപോലെ സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ ശുചിയാക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, നല്ല ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, പുകവലി മദ്യപാനം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുക തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
തണുപ്പു വരുമ്പോൾ കോട്ടിടാതെ അഹന്തയോടെ നെഞ്ചു വിരിച്ച് നടന്ന് പിറ്റെ ദിവസം കഫക്കെട്ടും പനിയും പിടിച്ച് പുതപ്പിനുള്ളിൽ കിടന്ന് നിലവിളിക്കുന്ന സാദാ മലയാളിയുടെ സ്വഭാവം കൊറോണയോട് കാണിക്കരുത് എന്നാണ് എല്ലാവരോടും പറയാനുള്ളത്. സൂക്ഷിക്കുക, പരമാവധി ശ്രദ്ധിക്കുകയും ചെയ്യുക. ഇനി അഥവാ വന്നാൽ ധൈര്യമായിരിക്കുക. എത്രമാത്രം മനസ്സ് ശക്തമാണോ അത്രയും പ്രയാസങ്ങൾ കുറയും. ഒരു ചെറിയ പനി, ജലദോഷം, ചുമ എന്നിങ്ങനെ സാധാരണ മഴക്കാല രോഗം പോലെ വന്നു പോകുന്ന ഒന്നാണിത്. പക്ഷെ, കുറച്ചൊക്കെ കരുതൽ കാണിക്കേണ്ടതാണ്. കാരണം, നാം കാണിക്കുന്ന ചെറിയ അശ്രദ്ധ മൂലം ഒരുപാട് ആളുകൾ പ്രയാസപ്പെടും. അതുകൊണ്ട് കോവിഡിൻ്റെ അടയാളങ്ങൾ ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് ആരോഗ്യ വകുപ്പിനെ അറിയിക്കുക, സ്വയം തടങ്കലിലേക്ക് പ്രവേശിക്കുകയും ചെയ്യുക. പഴങ്ങൾ പച്ചക്കറികൾ ഒപ്പം പോഷകാഹാരങ്ങളും സ്ഥിരമായി കഴിച്ചു ശീലിക്കുക. ഇഞ്ചിയും ചെറുനാരങ്ങയും പച്ചമഞ്ഞളും തേനും ചെറു ചൂടുവെള്ളത്തിൽ ചേർത്ത് ഇടക്കിടെ കുടിക്കുക. കഫക്കെട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ആവി പിടിക്കുക. തൊണ്ട വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ദിവസം മൂന്നോ നാലോ തവണ ഉപ്പു വെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക, വീടിനകത്തിരുന്നും ചെറു വ്യായാമങ്ങൾ ചെയ്യുക, മനസ്സിന് ആത്മവിശ്വാസവും ധൈര്യവും എന്നും നൽകുക ഇത്രയൊക്കെയാണ് നാം ചെയ്യേണ്ടത്.
ഓർക്കുക, ഭയമല്ല വേണ്ടത് ജാഗ്രതയാണ്. കഥകെട്ട ധൈര്യവും കാണിക്കരുത് എന്തും നേരിടാനുള്ള മനക്കരുത്ത് മതി.
(ഫോക്കസ് ഖത്തർ അഡ്മിൻ മാനേജർ ആണ് ലേഖകൻ)
നല്ല നിർദ്ദേശങ്ങൾ
നല്ല നിർദ്ദേശങ്ങൾ, കോടാനുകോടി സൂക്ഷ്മാണു ജീവികൾ നമുക്ക് ചുറ്റും ഉണ്ട്. അത് അതിന്റെ അതിജീവനത്തിനു ശ്രമം നടത്തിക്കിണ്ടേയിരിക്കും. മനുഷ്യ ജീവികണം ഇത്തരത്തിലുള്ള സൂക്ഷ്മാണു ജീവികളുമായുള്ള യുദ്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഇതിൽ വിജയിക്കുക എന്നത് നമ്മുടെ നിലനിൽപിന് ആവിശ്യമാണ്. അതുകൊണ്ട് തന്നെയാണ് ഭൂമുഖത്തു മനുഷ്യജീവൻ ഇന്നും നിലനിൽക്കുന്നത്. നമ്മുടെ ശാസ്ത്ര സമൂഹം ഇതിനെയും അതിജീവിക്കും എന്നുള്ള ആത്മവിശ്വാസം പുലർത്തി മുന്നോട്ട് പോവുക.