
ആലുവയിൽ നിന്ന് അവിചാരിതമായി പെട്ടന്നൊരു ദിവസം ചാവക്കാട്ടേയ്ക്ക് സ്ഥലം മാറ്റമായപ്പോൾ ഇവിടത്തെപ്പോലെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ അവിടെയും വേണേ ഗുരുവായൂരപ്പാ എന്നായിരുന്നു ബിനിയുടെയും ആരുണിയുടേയും പ്രാർഥന.
എന്നാലോ, ചിക്കൻ ഫ്രൈ ഉണ്ടോ എന്നു ചോദിച്ചയാൾക്ക് കബാബ്, ചില്ലി, സിക്സ്റ്റിഫൈവ്, ഡ്രാഗൺ, തന്തൂരി, ലോലിപോപ്പ് തുടങ്ങിയ വിഭവങ്ങൾ ഒന്നാകെ കിട്ടിയ അനുഭവമായിരുന്നു ചാവക്കാട്ടു ചെന്നപ്പോൾ ഉണ്ടായത്.
അത്രയ്ക്കുണ്ടായിരുന്നു ഒന്നിനൊന്നു മികച്ച വിഭവങ്ങൾ കിട്ടുന്ന ഹോട്ടലുകൾ !
താമസിക്കാൻ കിട്ടിയ തെക്കേ നടയിലെ ഫ്ലാറ്റിനു തൊട്ടടുത്തായിരുന്നു ചിക്കിംഗ് എന്നതിൽ തുടങ്ങി ഞങ്ങളുടെ ഭക്ഷണഭാഗ്യം! ഓൺലൈനൊന്നും ബുക്ക് ചെയ്യാൻ നിൽക്കേണ്ട കാര്യമില്ലായിരുന്നു. അന്ന് അഞ്ചാം ക്ലാസുകാരനായിരുന്ന ആരുണിയ്ക്ക് റോഡു മുറിച്ചു കടന്ന് വാങ്ങിക്കൊണ്ടുവരാനുള്ളതേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ മാസത്തിൽ ഒരിക്കലൊക്കെയല്ലേ ചിക്കിംഗ് കഴിക്കാൻ രസമുള്ളൂ. അതുകൊണ്ട് മറ്റു ഹോട്ടലുകൾ പരീക്ഷിക്കാമെന്ന് വിചാരിച്ച് അങ്ങിറങ്ങി.
ചാവക്കാട് റോഡിലെ, ഇപ്പോൾ പേരു മറന്ന ഹോട്ടലിലാണ് ആദ്യം കയറിയത്. ആലുവയിൽ ഞങ്ങൾ പരീക്ഷിച്ച ഹോട്ടലുകളെ ഒന്നുമല്ലാതാക്കുന്ന വിഭവങ്ങളായിരുന്നു അവിടെ. അതും തുലോം വിലക്കുറവിലും ! അളവാണെങ്കിലോ, ഏതാണ്ട് ഇരട്ടിയോളവും. മുഴുവനും കഴിക്കാനാവാതെ അന്ന് പാർസലാക്കിക്കേണ്ടി വന്നു.
അതിനെ തുടർന്ന്, ആലുവയിൽ അനുവർത്തിച്ചു പോന്നിരുന്ന സ്ഥിരം ഒരേ ഹോട്ടൽ എന്നതിനു പകരം ഞങ്ങളുടെ ദ്വൈവാര ഹോട്ടൽ സന്ദർശന പദ്ധതിയിൽ ഓരോ തവണയും പുതിയ ഹോട്ടലുകൾ പരീക്ഷിക്കാമെന്നു തീരുമാനിച്ചു.
അങ്ങനെ, തെക്ക് ഒരുമനയൂരു നിന്ന് വടക്ക് എടക്കഴിയൂരു വരെയും കിഴക്ക് കൂനംമൂച്ചി വരെയുമുള്ള ഹോട്ടലുകൾ ഒരു വർഷം നീണ്ട കാലയളവിൽ സന്ദർശിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായി. പടിഞ്ഞാറ് അറബിക്കടലായിരുന്നതു കൊണ്ട് ഹോട്ടലുകൾ ഒന്നും തന്നെ ലഭ്യമല്ലായിരുന്നു.
മനസിൽ തങ്ങി നിൽക്കുന്ന ചില പേരുകൾ കൂടി പറയട്ടെ: അൽ സക്കി, ഗ്രാൻഡ്, പാരഡൈസ്, ഫുഡ് പാർക്ക്, റൂമി, ഹിറ…
ഇതിനിടെ പെപ്പർ പോലുള്ള തൃശൂരത്തെ മൂന്നാലു റെസ്റ്റോറന്റുകളും സന്ദർശിച്ചിരുന്നു.
കാബിനിൽ വരുന്ന പല ഇടപാടുകാരോടും ചാവക്കാട്ടെ ഹോട്ടൽ അനുഭവങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുമായിരുന്നു. അങ്ങനെ സംസാരിച്ച വഴിയാണ്, മലപ്പുറം ജില്ലയിലെ കുഴിമന്തി ചാവക്കാട്ടു കിട്ടുന്നതുപോലല്ല എന്നും ഒരു തവണ പരീക്ഷിക്കുന്നതിൽ തെറ്റില്ല എന്നും ബ്ലാങ്ങാടുള്ള റഹ്മാനിക്ക പറഞ്ഞത്.
എന്നാൽ അതൊന്നു പരീക്ഷിക്കണമല്ലോ എന്നു തീരുമാനിച്ച് ഒരു ഞായറാഴ്ച ഞങ്ങൾ മലപ്പുറം ജില്ലയിലേക്കു വിട്ടു. പൊന്നാനി- തവനൂർ- കുറ്റിപ്പുറം വഴി വളാഞ്ചേരിയിൽ പോയി നഹ്ദി കുഴിമന്തി കഴിച്ചതും എടപ്പാൾ- ചങ്ങരംകുളം- കുന്നംകുളം വഴി ചാവക്കാട്ടേയ്ക്കു മടങ്ങിയതും കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം പോലെയാണ് ഓർമയിൽ നിൽക്കുന്നത്. (ഹാസ്യാത്മകമായ എടപ്പാൾ ഓട്ടത്തെക്കുറിച്ച് നാട്ടിൽ ആരെങ്കിലും പരാമർശിക്കുമ്പോൾ, ചാവക്കാടുണ്ടായിരുന്ന സമയത്ത് എടപ്പാളൊക്കെ പോയിട്ടുണ്ട് എന്നു ഞാൻ പറയാറുണ്ട്. എടപ്പാൾ പോവാത്ത കൂട്ടുകാർ അപ്പോഴൊക്കെ ആരാധനയോടെ എന്നെ നോക്കുകയും ചെയ്യാറുണ്ട്).
ചൊവ്വല്ലൂർപ്പടിക്കു സമീപം അന്നുണ്ടായിരുന്ന ഒരു ഫ്രൈ ചിക്കൻ ഫാസ്റ്റ് ഫുഡ് ഹോട്ടലൊഴികെ എങ്ങും നിരാശരാകേണ്ടി വന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ അനുഭവം.
ഇതിലെവിടെയാണ് ഹലാൽ എന്ന ചോദ്യം മനസിൽ ഉദിക്കുന്നുണ്ടല്ലേ? അതാണു രസകരം.
ആലുവയിലെ ഹോട്ടലുകളിൽ ഹലാൽ ബോർഡുകൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല.
പക്ഷേ ചാവക്കാട് ചെന്നപ്പോൾ ഏതാണ്ട് എല്ലാ ഹോട്ടലുകൾക്കു മുന്നിലും ഹലാൽ ബോർഡുകൾ കണ്ടുതുടങ്ങി. ഞങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റി.
സ്വർണപ്പണയസ്ഥാപനങ്ങൾക്കു പുറത്ത് ‘വളരെ കുറഞ്ഞ പലിശ നിരക്ക്’ എന്നെഴുതി ആളുകളെ ആകർഷിക്കുന്നതു പോലെ സ്വാദിഷ്ടമായ ആഹാരം എന്നതിന്റെ അറബി വാക്കോ മറ്റോ ആണ് ഹലാൽ എന്നും ഭക്ഷണപ്രിയരെ ആകർഷിക്കാനാണ് ഹോട്ടലിനു മുന്നിൽ ഹലാൽ എന്നെഴുതുന്നതെന്നുമാണ് ബിനിയും ആരുണിയും ഒരു പരിധിവരെ ഞാനും അന്നു കരുതിപ്പോന്നിരുന്നത്.
സ്വാദു മാത്രമല്ല, മതപരമായ എന്തോ വശവും ഹലാൽ എന്ന വാക്കിനുണ്ട് എന്ന് എനിക്കു പക്ഷെ, തോന്നിയിരുന്നു.
രണ്ടാഴ്ചകൂടുമ്പോൾ നാട്ടിലേക്കു നടത്തുന്ന യാത്രകളിൽ അങ്ങനെ ഞങ്ങൾ ഹലാൽ ബോർഡ് നോക്കി കയറാൻ തുടങ്ങി.
അങ്ങനെ ഒരിക്കൽ വാടാനപ്പള്ളിയ്ക്കു സമീപത്തെ ഒരു ഹോട്ടലിൽ ഹലാൽ ബോർഡ് കണ്ടു കയറിയതും, പ്രതീക്ഷിച്ച സ്വാദ് ഭക്ഷണത്തിനില്ല എന്നു കണ്ട് ‘ഇത് ഹലാലാണെന്നു തോന്നുന്നില്ല’ എന്നു ബിനി പറഞ്ഞതും ‘ഗ്രേഡ് കുറഞ്ഞ ഹലാലായിരിക്കും’ എന്ന് ആരുണി കൂട്ടിച്ചേർത്തതും ഇന്നോർക്കുമ്പോൾ ചിരിച്ചുവശംകെടും.
പാലാംകടവിലുള്ള അഹ്മദിക്കയാണ് ഹലാൽ എന്നതിന്റെ വാക്യാർഥം ‘അനുവദിക്കപ്പെട്ടത്’ എന്നാണെന്നും അതിന്റെ വിപരീതം ഹറാം ആണെന്നും, അർത്ഥം ‘നിഷേധിക്കപ്പെട്ടത് ‘ എന്നാണെന്നും മനസിലാക്കിത്തന്നത്. അതായത്, ഭക്ഷണം മാത്രമല്ല, ജീവിതവും ഹലാലായിരിക്കണം എന്നു ചുരുക്കം.
ബാങ്കുകാരനായ എനിക്കു മനസിലാക്കാനായി ഹലാൽ നിക്ഷേപത്തെക്കുറിച്ചും അദ്ദേഹം അന്നു വിവരിച്ചു തന്നു. പലിശരഹിത നിക്ഷേപം എന്നതു മാത്രമല്ല, അനുവദനീയമായ മേഖലകളിൽ മാത്രമേ ഹലാൽ നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുക ഇൻവെസ്റ്റ് ചെയ്യാൻ പാടുള്ളൂ അത്രേ.
തുടർന്ന് പലരിൽ നിന്നായി ഹലാലിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയതെന്തെന്നാൽ ഒരു മൃഗത്തെ, തല കിബ് ലയ്ക്കു നേരെയാക്കി സിരകൾ മുറിച്ച് ചോര വാർത്തു വേണം ഭക്ഷണത്തിനായി കൊല്ലേണ്ടത്. കൂടാതെ, ദൈവനാമത്തിൽ വേണം അറുക്കാൻ (ബിസ്മി ചൊല്ലിക്കൊണ്ടു വേണം എന്നതാണു ശരിയായ പ്രയോഗം). മീനും മറ്റും കഴിക്കാൻ ഇങ്ങനെ ചെയ്യേണ്ടതില്ല എന്നതും എടുത്തു പറയേണ്ടതാണ്.
അമുസ്ലീങ്ങൾ കൊന്ന മൃഗത്തിന്റെ മാംസം ഹലാൽ അല്ല എന്നതും വിശദീകരിക്കപ്പെട്ടു. കാരണം, അമുസ്ലീങ്ങൾക്ക് ബിസ്മി ചൊല്ലാൻ പറ്റില്ലല്ലോ. അതുപോലെ, തലക്കടിച്ചോ മറ്റോ കൊന്ന മൃഗങ്ങളും, ബിസ്മി ചൊല്ലിയാണു കൊന്നതെങ്കിൽ പോലും ഹലാൽ അല്ല.
ഇങ്ങനെയൊക്കെ പാലിച്ച് ഹലാലാക്കി കൊന്നാൽ പോർക്കും കഴിക്കാൻ പാടില്ലേ എന്ന ഒരു മണ്ടൻ ചോദ്യം ഞാനന്ന് ചോദിച്ചത് ഫിറോസിക്കയോടാണോ കരീമിക്കയോടാണോ എന്ന് എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ പറ്റുന്നില്ല. ആരായാലും, ചിരിച്ചു കൊണ്ട് പറഞ്ഞതെന്തെന്നാൽ, ഖുറാൻ പ്രകാരം പന്നിമാംസം മുസ്ലീമിന് ഹറാമാണ് സാറേ’ എന്നായിരുന്നു.
നിലവിൽ ഒരു കൂട്ടർ ആഞ്ഞുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഹലാൽ ദുഷ്പ്രചരണം ശ്രദ്ധയിൽ പെട്ടപ്പോൾ എഴുതിയതാണ് ഇത്രയും.
ബിരിയാണിയൊക്കെയുണ്ടാക്കുമ്പോൾ അതിൽ തുപ്പിയാണ് ഹലാലാക്കുന്നത് എന്ന പ്രസ്തുത വിഷജീവികളുടെ വാദം കഴിഞ്ഞ ദിവസം ഞാൻ ബിനിയുടെ ശ്രദ്ധയിൽ പെടുത്തി. മുസ്ലീങ്ങൾ പാകം ചെയ്യുന്ന വിഭവങ്ങൾക്ക് ഇത്ര സ്വാദു വരണമെങ്കിൽ ഫുഡ് എസ്സെൻസുകളെ വെല്ലുന്ന എന്തോ അവരുടെ തുപ്പലിൽ തീർച്ചയായും ഉണ്ട് എന്നല്ലേ അർഥം എന്നായി ബിനി.
കറക്റ്റ് വാദമല്ലേ ?
നീട്ടുന്നില്ല. പക്ഷേ, ദുഷ്പ്രചാരകരോട് രണ്ടു വാക്ക് പറയാതിരിക്കാനും വയ്യ.
അവരോടാണ്: മതേതര കേരളത്തെ തുപ്പിത്തോൽപിക്കാനാണ് നിങ്ങൾ ആഞ്ഞുശ്രമിക്കുന്നത്. ശ്രമിച്ചോളൂ. നിങ്ങൾക്ക് അതല്ലേ അറിയൂ. പക്ഷേ ഒന്നോർക്കുക. നിങ്ങളുടെ മറ്റനേകം പരാജയങ്ങളുടെ ലിസ്റ്റിലേക്കല്ലാതെ വിജയങ്ങളുടെ ലിസ്റ്റിലേക്ക് ഈ തുപ്പൽ സമരമെന്നല്ല, നിങ്ങളുടെ ഒരു സമരവും കേരളത്തിൽ ചെന്നുചേരാൻ പോവുന്നില്ല.
ഹലാൽ തന്നെ വേണം എന്നു പ്രത്യേകം പറഞ്ഞു വാങ്ങിയ ചിക്കൻ വച്ച് ബിനി ഉണ്ടാക്കിയ ഗ്രില്ല്ഡ് വിഭവമാണ് ഇന്നത്തെ സ്പെഷൽ.
ചിക്കൻ മുറിച്ചവർ തുപ്പിയിട്ടാണോ പാകം ചെയ്ത ബിനി തുപ്പിയിട്ടാണോ, അതോ ആക്രാന്തം മൂത്ത എന്റെ തുപ്പൽ തന്നെ വീണിട്ടാണോ എന്നറിയില്ല, ഗ്രില്ല്ഡ് ചിക്കന് ഒടുക്കത്തെ സ്വാദ് !!!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS