പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ല എന്ന് പറയുന്നു, എന്നിട്ടും എം.എസ്.എഫിൽ തുടരുന്നതെന്ത്..
കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഹരിത നേതാക്കളോട് മാധ്യമപ്രവർത്തകന്റെ ചോദ്യം.
മറുപടി: അഭിമാനകരമായ അസ്ഥിത്വം എന്ന ആശയത്തിലാണ് പാർട്ടി നിലനിൽക്കുന്നത്. പാർട്ടിയുടെ ആശയാടിത്തറയാണ് ഹോണറബിൾ എക്‌സിസ്റ്റൻസ് എന്നത്. പാർട്ടി എന്നത് ഏതെങ്കിലും നേതാവിന്റെതല്ല.
എന്നിട്ടും പാർട്ടി നിങ്ങളെ അംഗീകരിക്കുന്നില്ലല്ലോ എന്ന് അടുത്ത ചോദ്യം.
മറുപടി: ഞങ്ങൾ സി.എച്ച് മുഹമ്മദ് കോയയെ പിന്തുടരുന്നരാണ്. സി.എച്ച് മുമ്പേ പറഞ്ഞുവെച്ച ഒരു വാക്കുണ്ട്. നേതാക്കൻമാർ മാറിമാറി വന്നേക്കാം, കാലം മാറി മാറി വന്നേക്കാം. പക്ഷെ, നിങ്ങൾ പിടിച്ച കൊടിയും ആദർശവുമാണ് പാർട്ടി എന്ന്.
ഞങ്ങളീ പോരാട്ടം നടത്തുന്നത് മനോഭാവത്തിന് എതിരെയാണ്. ഇതൊരിക്കലും പാർട്ടിയുടെ ആഭ്യന്തര കലഹമല്ല. പുതിയ കാലത്ത് യുവാക്കളും യുവതികളും വിദ്യാർഥികളും ഉയർന്ന് ചിന്തിക്കുന്നവരാണ്. മികച്ച എക്‌സ്‌പ്ലോഷർ കിട്ടുകയും ചെയ്യും.
അതേസമയം, ഏതൊരു സ്ഥാപനത്തിനും പുതിയ ജനറേഷനെ ഉൾക്കൊള്ളാനുള്ള വിമുഖതയുണ്ട്. ആ മനോഭാവം ഒരു കാലത്തും നല്ലതല്ല. മുസ്‌ലിം ലീഗ് എന്ന ആശയത്തിൽ തന്നെ ഞങ്ങൾ എല്ലാ കാലത്തുമുണ്ടാകും.
ഈ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പോയാൽ ജൻഡർ ഇഷ്യൂ പരിഹരിക്കും എന്ന് വിശ്വസിക്കുന്നില്ല. സി.പി.എമ്മിലും ബി.ജെ.പിയിലും ജമാഅത്തെ ഇസ്ലാമിയിലുമൊന്നും ജൻഡർ ഇക്വാലിറ്റിയില്ല.
ഹരിത മുൻ നേതാക്കളുടെ പത്രസമ്മേളനം സാദിഖലി തങ്ങളും പി.എം.എ സലാമും അടക്കമുള്ള ലീഗ് നേതാക്കൾ ആവർത്തിച്ചാവർത്തിച്ച് കാണണം.
ഞങ്ങൾക്കൊരു സി.എച്ച് ഉണ്ട് എന്നാണ് അവർ പറയുന്നത്. സി.എച്ച് മരിച്ച ശേഷമാണ് ഈ കുട്ടികളെല്ലാം ജനിച്ചത്. എന്നിട്ടും അവർക്ക് പറയാൻ ലീഗിൽ നിന്ന് സി.എച്ച് അല്ലാതെ മറ്റൊരു പേരില്ല.
സി.എച്ച് മരിച്ച സെപ്തംബറിലാണ് ഈ കുട്ടികൾക്ക് ആ മനുഷ്യന്റെ പേര് പറഞ്ഞ് ലീഗ് നേതാക്കളോട് ആശയസമരം നടത്തേണ്ടി വരുന്നത് എന്നത് എത്രമേൽ ദുര്യോഗമാണ്.
ആ കുട്ടികൾ ഉയർത്തുന്ന മുദ്രാവാക്യവും ആശയസമരവും ഈ കാലഘട്ടത്തിന്റേതാണ്. അവർക്ക് നേരെ ഉയരുന്ന വിരലുകളെ അവർ ചോദ്യം ചെയ്‌തേക്കും.
പാർട്ടി എന്നത് കുടുംബസ്വത്തല്ല എന്ന് തോന്നുന്ന കാലത്തോളം അവരത് ചെയ്തുകൊണ്ടിരിക്കും. ചിലരുടെ കുടുംബ കാര്യമാണ് പാർട്ടി എന്ന് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരേയും ആരെങ്കിലുമൊക്കെ ശബ്ദിക്കും. പിന്നെ പൂർണ നിശബ്ദത..
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS