
സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി ആയിരിക്കാനുള്ള യോഗ്യത ഒരുപക്ഷേ എനിക്ക് ഉണ്ടാകാം, ഈ ഇരിക്കുന്ന സെക്രട്ടറിക്ക് എന്താണ് യോഗ്യത…!
സംഗീതം അറിയുമോ…!
സംഗീതം പഠിച്ചിട്ടുണ്ടോ…!
നാടകം പഠിച്ചിട്ടുണ്ടോ…!
നൃത്തം പഠിച്ചിട്ടുണ്ടോ…!
പിന്നെയെന്ത് യോഗ്യതയുടെ പുറത്താണ് എൺപത് വയസ്സുള്ള സെക്രട്ടറി അവിടെ ഇരിക്കുന്നത്..!
മേൽപ്പറഞ്ഞ കാര്യങ്ങൾ ശാസ്ത്രീമായി പഠിച്ച് ബിരുദാനന്തര ബിരുദവും, ഡോക്ടറേറ്റും ഒക്കെ ഉള്ള ഡോ.ആർ.എൽ. വി രാമകൃഷ്ണൻ എന്ന മനുഷ്യൻ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്.
താൻ നേരിട്ട അനീതിയുടെ ഫലമായി ഇങ്ങനെ ഒരു മുഖ്യധാരാ മാധ്യമത്തിൽ വന്നിരുന്ന് ഈ വിധം ചോദിക്കേണ്ടി വരുന്നതും മറ്റേയാൾക്ക് ഇതൊന്നും ഇല്ലാതെ ആ പദവി അലങ്കരിക്കാൻ കഴിയുന്നതിൻ്റെയും പേരാണ് വരേണ്യത, ജാതീയത. രാമകൃഷ്ണൻ അത് അടിവരയിട്ടു പറയുന്നുണ്ട്.
സാമ്പത്തികമായി ഉന്നതി പ്രാപിച്ച അത്യാവശ്യം ഭേദപ്പെട്ട ജീവിത നിലവാരത്തിൽ എത്തിയ ദളിതരുടെയെങ്കിലും പ്രാതിനിധ്യത്തിന് വേണ്ടി ഉള്ള ഭരണഘടന അവകാശങ്ങൾ എടുത്തു മാറ്റി കൂടെ, അവർക്ക് അത് നിയമം വഴി വീണ്ടും നൽകേണ്ട ആവശ്യമുണ്ടോ! നിരന്തരം സംവരണ വിരുദ്ധ നാവുകളിൽ നിന്ന് കേട്ട് തഴമ്പിച്ച ഡയലോഗാണ്.
അതിനും കൂടിയുള്ള മറുപടിയാണ് രാമകൃഷ്ണൻ എന്നയാൾ. കേരളത്തിൽ ഏറ്റവും പ്രശസ്തനായ ഒരു ദളിത് വ്യക്തിത്വം, ദളിത് സമൂഹത്തിൽ നിന്ന് സിനിമ മേഖല വഴി ഏറ്റവും ഉന്നതിയിൽ എത്തിച്ചേർന്ന കലാഭവൻ മണിയുടെ സഹോദരൻ കൂടിയായ RLV രാമകൃഷ്ണൻ താൻ നേരിടുന്ന അനീതി അക്കമിട്ട് പറയേണ്ടി വരുന്നത് എത്ര യോഗ്യത നേടിയാലും എത്ര ഉയരം കീഴടക്കിയാലും ജാതി നിർണ്ണയിക്കുന്ന യോഗ്യതയുടെ അളവുകോൽ ഈ സമൂഹത്തിൽ സകലയിടങ്ങളിലും ഉള്ളത് കൊണ്ടാണ്.
എന്നാൽ ഇതൊന്നും കേട്ടാൽ വരേണ്യ അടിത്തറിയിൽ നിലകൊള്ളുന്ന നമ്മുടെ പൊതുബോധത്തിന് ഇളക്കം തട്ടില്ല. ഒരു ബ്രാഹ്മണ ഇല്ലത്തെ ദാരിദ്ര്യം ആരെങ്കിലും സാഹിത്യം രചിച്ച് ഇട്ടാൽ ആയിരം പേര് കാണും അതിനുമേൽ വ്യവസ്ഥിതയെ കുറ്റപ്പെടുത്താൻ, സംവരണം ഉൾപ്പെടെയുള്ള സാമൂഹിക നീതി ആശയങ്ങൾക്ക് എതിരെ സമൂഹ മാധ്യമത്തിൽ എങ്കിലും പടപൊരുതാൻ, ഒരു ദളിതൻ അവൻ ജീവിതത്തിൽ ഉടനീളം നേരിടുന്ന വിവേചനങ്ങൾ സഹിക്കവയ്യാതെ എഴുതേണ്ടി വരുന്ന ആത്മഹത്യ കുറിപ്പിന് ലഭിക്കുന്നതിൻ്റെ ആയിരം മടങ്ങ് സ്വീകാര്യത അതിനു ലഭിക്കുക തന്നെ ചെയ്യും. കാരണം ദളിതൻ ആകുമ്പോൾ സ്വഭാവികമാണ് എന്നാൽ മറുവശത്ത് അതൊന്നും പാടില്ലല്ലോ, അതാണല്ലോ നാട്ട് നടപ്പ്.
അടുത്ത നാളിൽ ഒരു സുഹൃത്ത് നൽകിയ ഉപദേശം നിങ്ങളിങ്ങനെ നിരന്തരം വിവേചനം വിവേചനം എന്ന് പറഞ്ഞു സമയം കളയാതെ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു മുൻപോട്ട് പോകണം എന്നാണ്. (അദ്ദേഹം അത് നല്ല ഉദ്ദേശത്തോടെ പറഞ്ഞതാണ് എന്നാൽ ഈ കാര്യങ്ങളെ ഗൗരവപൂർവം കാണാതെ എത്ര നല്ല ഉദ്ദേശത്തോടെ ആണെങ്കിലും ഇത്തരം ഡയലോഗിൽ ഒതുക്കി നോർമലൈസ് ചെയ്തുപോയാൽ അതൊക്കെ കേവലം ഗ്യാലറിയിൽ ഇരുന്നുള്ള ഗീർവാണം മുഴക്കൽ പോലെയേ കാണാൻ കഴിയൂ).
ജാതിയുടെ അടിത്തറയിൽ വ്യവസ്ഥതി കെട്ടിപ്പൊക്കിയ സകല തടസ്സങ്ങളും മറികടന്ന് മുൻപോട്ട് പോയവർ വലിയ വലിയ പദവിയിൽ എത്തി ചേർന്നവർ അവിടെ എത്തി ചേർന്ന് കഴിഞ്ഞും നേരിടേണ്ടി വരുന്ന, തീവ്രതയോടെ അനുഭവിക്കുന്ന വിവേചനത്തിൻ്റെ എത്രയെത്ര സാക്ഷ്യം നിങ്ങൾക്ക് കേൾക്കണം….!!!
അക്കാദമിക്ക് ഇടങ്ങളിൽ, കലാ മേഖലയിൽ, ബ്യൂറോക്രസിയിൽ, ജുഡീഷ്യറി, മീഡിയയിൽ എന്ന് തുടങ്ങി എല്ലായിടത്തുമുള്ള ദളിതരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും, ജീവിതത്തിൽ ഉടനീളം, ദിനംപ്രതി നേരിടേണ്ടി വരുന്ന എത്രയായിരം അനീതികളുടെ, മാറ്റി നിർത്തലിൻ്റെ ആകെത്തുകയാണ് അവരുടെ ജീവിതം എന്ന്.
ഒരുപക്ഷേ ദളിതരിൽ തന്നെ ഏറ്റവും കൂടുതൽ വിവേചനം നേരിടുന്നത് ഉയർന്ന പദവിയികളിൽ സ്ഥാനമാനങ്ങളിൽ എത്തി ചേർന്ന ദളിത് ജീവിതങ്ങൾ തന്നെയാണ്.
കാരണം അവിടെങ്ങളാണല്ലോ ചിലർ ഒരിക്കലും എത്തരുതെന്ന് മറ്റു ചിലർ തിട്ടൂരം കൽപിച്ച് അടച്ചു കെട്ടി ഭദ്രമാക്കി വെച്ചിരുന്നത്.