EducationKerala

ഓൺലൈൻ സ്കൂൾ; സാമൂഹിക അകലത്തിൽ നിന്ന് സാങ്കേതിക അകലത്തിലേക്ക്

കേരളം പലതിലും മുന്നിൽ തന്നെയാണ്. അത് കൊണ്ട് തന്നെ ജൂൺ ഒന്നിന് തന്നെ അധ്യായന വർഷം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ മോദി ലോക്‍ഡൌണ്‍ പ്രഖ്യാപിച്ചപ്പോൾ അസംഘടിത തൊഴിലാളികളെ കുറിച്ച് ഓർത്തില്ല എന്നായിരുന്നു ആക്ഷേപം. അതിൻ്റെ ഫലം നമ്മൾ പിന്നെ തെരുവിൽ കണ്ടു. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങുമ്പോൾ നാട്ടിലെ സാധാരണക്കാരായ വിദ്യാർത്ഥികളെ സർക്കാർ പരിഗണിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും.

സാർവ്വത്രികമായ നെറ്റ് സംവിധാനം നിലവിൽ വരുന്നത് വരെ ക്ലാസ്സുകൾ നിർത്തി വെക്കുകയോ, ക്ലാസ്സുകൾ നഷ്ടപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുകയോ വേണം. ജൂണിൽ തന്നെ തുറക്കേണ്ടത് ആണ് സ്‌കൂൾ എന്ന ധാരണ ഒഴിവാക്കി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാവണം ഇത്തരത്തിൽ ഉള്ള സാങ്കേതിക പദ്ധതികൾ നടപ്പിലാക്കേണ്ടത്. കുറച്ചു വൈകി തുറന്നാലും അതിന് അനുസരിച്ച് നമ്മൾ കരിക്കുലം തയ്യാറാക്കിയാൽ മതി.

ഇത്തരം ആലോചനകൾ ഒന്നും ഇല്ലതെയാണൊ സർക്കാർ ഈ നടപടിയുമായി മുന്നോട്ട് പോവുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് പത്താംക്ലാസുകാരിയായ ദലിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു എന്ന വാർത്ത വരുന്ന സമയത്ത് ഇനിയും നമ്മൾ ഒന്നാമതാണ് എന്ന് പറയുന്നത് വിരോധാഭാസമല്ലേ. നമ്മുടെ അജണ്ടകളിൽ അത്തരം ആളുകളെ പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത.

Advertisement

സ്മാർട്ട്‍ഫോണും ടെലിവിഷനും ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥിനിക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായില്ല. ഇത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട ദേവിക.

ടെലിവിഷന്‍ പോയിട്ട് നല്ലൊരു ഫോണ്‍ പോലും ഇല്ലാത്ത ആയിരങ്ങൾ ഉള്ള നാട് ആണ് നമ്മുടെ നാട്. എല്ലാവർക്കും തുല്യ അവസരം എന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സമൂഹിക നീതി അട്ടിമറിക്കപ്പെടും എന്ന് തീർച്ചയായും ഭയപ്പെടേണ്ടിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള അകലം കൂടുകയില്ലേ ?

ഒരു ചെറിയ ശതമാനം കുട്ടികളേ ഫസ്റ്റ് ബെല്ലിനു പുറത്തു പോകൂ എന്ന് പറയുന്നു. പക്ഷേ ആ ചെറിയ ശതമാനം കുട്ടികളുണ്ടല്ലോ, അവരാണ് ഈ സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരും (marginalized) ദുർബലരായവരും (vulnerable). എല്ലാ പദ്ധതികളിലും പരിഷ്കാരങ്ങളിലും ആദ്യ പരിഗണന അവർക്കാണ് വേണ്ടത്.

അക്ഷരാഭ്യാസമുള്ളവരും ഇല്ലാത്തവരും എന്ന വേർതിരിവിൽ നിന്ന് ഇൻറർനെറ്റ് അറിയുന്നവരും അല്ലാത്തവരും എന്ന വേർതിരിവിലേക്ക് എത്തിയത് 90 കൾക്ക് ശേഷമാണ്. ടെക്കിയാവുക എന്നതിലേക്ക് മത്സരിച്ചു കയറുന്ന ലോകത്തിന്‍റെ കൂടെ അതിന് ഒന്നും അവസരമില്ലാത്ത ആളുകളെ കൂടി ഉൾക്കൊള്ളേണ്ടത് അല്ലേ നമ്മുടെ പൊതു വിദ്യാഭ്യാസം. കുട്ടികളുടെ മാനസികാവസ്ഥ എന്നൊന്നില്ലേ?

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ പരീക്ഷക്ക് എതിരെ സമരം ചെയ്ത SFI, KSU അടക്കമുള്ള മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകൾ ഇത്തരം വിഷയത്തിൽ കുറ്റകരമായ മൗനം പാലിക്കുന്നുണ്ട് എന്നത് ഖേദകരമാണ്.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x