NewsOpinion

കേരളത്തിൽ ഒരു ട്രാൻസ്‌ക്രിപ്റ്റ് കിട്ടാൻ എന്തൊക്കെ ചെയ്യണം ?

കോതമംഗലത്ത് എഞ്ചിനീയറിങ്ങ് പഠിച്ചിരുന്ന കാലത്തൊന്നും ട്രാൻസ്‌ക്രിപ്റ്റ് എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ല. ഐ.ഐ.ടി.യിൽ പഠിക്കുന്ന സീനിയേഴ്സ് പറഞ്ഞാണ് ഈ വാക്ക് കേൾക്കുന്നത്. വിദേശത്ത് ഉപരിപഠനത്തിന് അപേക്ഷിക്കാൻ അപേക്ഷ ഫോമും, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും, ട്രാൻസ്‌ക്രിപ്റ്റും വേണം. തിരുവനന്തപുരത്ത് സി.ഇ.ടി.യിൽ നിന്നും പഠിച്ചു വന്ന ജിമ്മിയാണ് എനിക്ക് ട്രാൻസ്‌ക്രിപ്റ്റ് എന്താണെന്ന് പറഞ്ഞുതന്നത്.

ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ ഇതറിയാം, എന്നാലും എന്റെ പോലത്തെ ബൂമർമാർക്ക് വേണ്ടി ഒന്ന് പറയാം.

നമ്മുടെ ബിരുദകാലത്ത് യൂണിവേഴ്സിറ്റിയിൽ പഠിച്ച വിഷയങ്ങളും അതിന്റെ മാർക്കും രേഖപ്പെടുത്തി യൂണിവേഴ്സിറ്റി നൽകുന്ന ഒരു രേഖയാണിത്. സാധാരണ മാർക്ക് ലിസ്റ്റ് പോലെയാണെങ്കിലും വിവിധ രാജ്യങ്ങളിലെ മാർക്ക് ലിസ്റ്റുകൾ പല തരത്തിൽ (മാർക്ക്, ഗ്രേഡ്, ഗ്രേഡ് പോയിന്റ് എന്നിങ്ങനെ) ആയതിനാൽ അതിന്റെ കുറച്ചു വിവരവും ട്രാൻസ്‌ക്രിപ്റ്റിൽ കൊടുക്കാറുണ്ട്. വിദേശ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടാൻ ഇത് കൂടിയേ തീരൂ. ഇപ്പോൾ ഇത് നാട്ടിലും സാധാരണയാണല്ലോ.

കഴിഞ്ഞ ദിവസം എന്റെ ഒരു ഫേസ്ബുക്ക് സുഹൃത്ത് എനിക്ക് ഒരു ഫോം അയച്ചു തന്നു. കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ നൽകേണ്ട രേഖകളുടെ ലിസ്റ്റ് ആണ്.

Documents to be enclosed with application for transcripts (3 sets)

A. First Set

  1. Acad Form 13
  2. Acad Form 30
  3. Final result notification order
  4. Consolidate fee receipts (of all semesters)
  5. Address slip
  6. Two Passport Size Photos
  7. SSLC Certificate Front page
  8. Dowry Declaration Certificate
  9. Thesis Front Page

B. Second and Third Set

  1. Acad Form 30
  2. Final Result Notification
  3. Consolidated fee receipts (of all semesters)
  4. Thesis Front Page

ചേട്ടൻ ഇതിനെ പറ്റി ഒന്നെഴുതണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ലിസ്റ്റ് വായിച്ച ഞാൻ ഞെട്ടി. എനിക്ക് സത്യത്തിൽ വിശ്വസിക്കാൻ പറ്റിയില്ല.

ഡൗറി ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് ?
ഇത് വരെ അടച്ച എല്ലാ ഫീസിന്റെയും റെസിപ്റ്റ്?
രണ്ടു ഫോട്ടോ?
എസ് എസ് എൽ സി ബുക്ക്?
ഫൈനൽ റിസൾട്ട് നോട്ടിഫിക്കേഷൻ ഫോം?
മൂന്നു കോപ്പി?

ഇത് സത്യമാണോ? ഞാൻ വീണ്ടും വീണ്ടും ചോദിച്ചു.

അതെയെന്ന് മാത്രമല്ല പുതുക്കിയ നിർദ്ദേശവുമാണ് എന്നായിരുന്നു മറുപടി. ഈ നിയന്ത്രണങ്ങൾ മാറണം എന്നാഗ്രഹമുള്ള ആളാണ്. ആ വിശ്വാസത്തിലാണ് എഴുതുന്നത്.

എന്നാൽ ഒരു യൂണിവേഴ്സിറ്റിയെപ്പറ്റി എഴുതുന്നതിന് മുൻപ് ഇതൊരു അപാകത ആയേക്കാം എന്നുകരുതി ഞാൻ മറ്റു യൂണിവേഴ്സിറ്റികളുടെ വെബ്‌സൈറ്റിലും കയറിനോക്കി.

ഒരു കാര്യം പറയാം. കേരള മുതൽ കണ്ണൂർ വരെയുള്ള സംസ്ഥാന സർവ്വകലാശാലകളിൽ ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ വിദ്യാർത്ഥി നൽകേണ്ട വിവരങ്ങൾക്കോ ഫീസിനോ ഒരു ഏകീകരണവും ഇല്ല. എല്ലാവരും തന്നെ എസ് എസ് എൽ സി ബുക്കൊക്കെ വീണ്ടും ചോദിക്കുന്നുണ്ട്. As proof of date of birth എന്നാണ് കേരള യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ. എന്തിന്? മൂന്നോ നാലോ വർഷം അവിടെ പഠിച്ച വിദ്യാർത്ഥി എന്തിനാണ് ജനന തിയതി തെളിയിക്കേണ്ടത്?

ഐ ഐ ടി യിൽ പഠിക്കുന്ന കാലത്ത് അവിടെ ഓഫീസിൽ പോയി പത്തു രൂപ കൊടുത്താൽ പത്തു മിനിറ്റിനകം ട്രാൻസ്‌ക്രിപ്റ്റ് കിട്ടുമായിരുന്നു. ഇതെഴുതുന്നതിന് മുന്നോടിയായി ഇപ്പോൾ കാര്യങ്ങൾ എങ്ങനെ ഉണ്ടെന്നറിയാൻ ഞാൻ ഐ ഐ ടി യിലേക്ക് ഒരു മെയിൽ അയച്ചു,

ഞാൻ അവിടുത്തെ പഴയ ഒരു വിദ്യാർത്ഥിയാണ്, 1988 ൽ എം ടെക്ക്. എനിക്ക് എന്റെ ട്രാൻസ്‌ക്രിപ്ട് വേണം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ മറുപടി വന്നു.

എന്തായിരുന്നു ആ മറുപടി? നിങ്ങളുടെ റോൾ നമ്പർ എത്രയായിരുന്നു എന്ന്.

ഐ ഐ ടിയിൽ ജോയിൻ ചെയ്യുന്ന അന്ന് കിട്ടുന്ന ഒരു നമ്പർ ആണ്. എനിക്ക് ഇന്നും ഓർമ്മയുണ്ട് 8610366. ഇതൊരു കോഡാണ്

1986 ഇൽ (86) ജൂലൈ ഇൻ ടേക്കിൽ (10) സിവിൽ എൻജിനീയറിങ്ങിൽ (3) പരിസ്ഥിതി വിഭാഗത്തിൽ (6) ആറാമത്തെ വിദ്യാർത്ഥിയാണ് (6). ഈ ഒറ്റ നമ്പർ മതി അവർക്ക് അന്നും ഇന്നും എന്റെ എല്ലാ വിവരങ്ങളും ലഭ്യമാക്കാൻ.

ഓൺലൈൻ ആയിട്ടാണെങ്കിൽ ഒരു ഫോം ഉണ്ട്, അതിൽ റോൾ നമ്പറും പാസായ വർഷവും, പിന്നെ ഫീസ് ഓൺലൈൻ ആയി അടക്കാനുള്ള നമ്പറും ഉണ്ട്.

വെറുതെ ഒരു രസത്തിന് ഞാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ട്രാൻസ്‌ക്രിപ്റ്റ് കിട്ടാൻ എന്ത് വേണം എന്ന് നോക്കി. പഠനം കഴിയുന്ന വിദ്യാർത്ഥികൾക്ക് ട്രസ്ക്രിപ്റ്റ് ലഭ്യമാക്കാൻ ഒരു eDocument പോർട്ടൽ ഉണ്ട്. ചെറിയൊരു ഫീസ് അടച്ച് നിങ്ങളുടെ അഡ്മിഷൻ നമ്പർ ഉൾപ്പടെ രെജിസ്റ്റർ ചെയ്യണം. റിസൾട്ട് വന്നുകഴിഞ്ഞാൽ ഇരുപത്തിനാലു മണിക്കൂറിനകം നിങ്ങളുടെ ട്രാൻസ്‌ക്രിപ്റ്റ് അവിടെ ലഭ്യമാകും. പിന്നെ രണ്ടാമത് ഫോട്ടോയും ഡൗറി സർട്ടിഫിക്കറ്റും ഒന്നും വേണ്ട.

നമ്മുടെ അക്കാദമിക്ക് രംഗം ലോകനിലവാരത്തിൽ എത്തണം എന്നതാണ് നമ്മുടെ ആഗ്രഹം.

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ ആവശ്യമായ വിവരങ്ങൾ ഏകീകരിക്കാനും സാധിക്കുമെങ്കിൽ അത് ഓക്സ്ഫോർഡിലെപ്പോലെ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ട് ആയി എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതും ആക്കാൻ നിയമപരമായും സാങ്കേതികമായും എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ?

ലോക നിലവാരം വേണ്ട, ചുരുങ്ങിയത് ഇന്ത്യയിലെ നല്ല മാതൃകകൾ എങ്കിലും സ്വീകരിച്ചു കൂടേ?

കേരളത്തിൽ നിന്നും കൂട്ടായി വിദ്യാർഥികൾ പുറത്തേക്ക് പോകുന്ന വിഷയത്തിൽ ഞാൻ പറയുന്ന കാര്യമുണ്ട്. വിദേശത്ത് പഠനത്തിനായിട്ടല്ല, ഒരു ജോലി കിട്ടാനും അവിടെ കൂടുതൽ സാമ്പത്തിക സൗകര്യത്തിലും സ്വതന്ത്രമായ അന്തരീക്ഷത്തിലും ജീവിക്കാനാണ് കുട്ടികൾ പോകുന്നത്. അവരെ തടയുന്നതല്ല, അവരെ നാടുമായി ഏറ്റവും ബന്ധപ്പെടുത്തി നിർത്തുന്നതിലാണ് ഇനി നമ്മുടെ ഭാവി. അവരെ വെറുപ്പിക്കരുത്. പരമാവധി സഹായിക്കുകയും നാടിനോട് വൈകാരികമായി ചേർത്തുനിർത്തുകയുമാണ് വേണ്ടത്

ഒരു ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ പഠിച്ച കാലത്ത് ഫീസടച്ച എല്ലാ രസീതും ഡൗറി സർട്ടിഫിക്കറ്റും ആയി വരണമെന്നൊക്കെ പറയുന്നത് ഈ നൂറ്റാണ്ടിന് ചേർന്നതാണോ? ഇത് മാറ്റാൻ സാധിക്കില്ലേ ?

മുരളി തുമ്മാരുകുടി

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x