AgricultureViews

കാർഷിക മേഖലയോട് എന്തിനീ ക്രൂരത..?

പ്രതികരണം/ ജൗഹർ കെ അരൂർ

കാർഷിക മേഖല ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സ്കൂൾ തലം മുതൽ പാടി പഠിച്ചവരാണ് നമ്മളെല്ലാം. പക്ഷെ ഇന്ത്യ ഒരു കാർഷിക രാജ്യമാണ് എന്ന കേവലമായ അഭിസംബോധനക്കപ്പുറം ഇന്ത്യയുടെ കാർഷിക മേഖലയെക്കുറിച്ച് അറിവും ധാരണയും നമുക്കെത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്.

മലയാളികൾ എന്ന നിലയിൽ അതിന് കൃത്യമായ കാരണം നമുക്ക് നിരത്താനുണ്ട് എന്നത് വേറെ കാര്യം. കണ്ണിനും മനസിനും കുളിർമ നൽകുന്ന കേവലമൊരു കാഴ്ചയാണല്ലോ ഇന്ന് ഭൂരിപക്ഷം മലയാളികൾക്കും കൃഷി.

കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക ബില്ലും അതിനെതിരെയുള്ള പ്രതിഷേധങ്ങളും ശക്തിയാർജിച്ചു വരുന്ന ഈ ഒരവസരത്തിലെങ്കിലും ഇന്ത്യയുടെ കാർഷിക മേഖലയിലേക്കൊന്നെത്തി നോക്കുന്നത് നല്ലതാണ്.

ഇന്ത്യൻ ജന സംഖ്യയുടെ പകുതിയിലധികവും കർഷകരാണ്. ഇന്നും അവരുടെ ഉപജീവനവും സംസ്കാരവുമെല്ലാം കൃഷി തന്നെയാണ്. അത്കൊണ്ട് കാർഷിക രാജ്യമാണ് ഇന്ത്യ എന്ന് ഉറക്കെ തന്നെ പറയാം. പക്ഷെ ഈ അഭിസംബോധനയോടും ഇവിടുത്തെ കര്ഷകരോടും കാർഷിക മേഖലയോടുമൊക്കെ ഇവിടുത്തെ ഭരണകൂടങ്ങൾ എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ പതിനാലു ശതമാനവും കാർഷിക മേഖലയുടെ സംഭാവനയാണ് എന്നാണ് കാർഷിക മന്ത്രാലയത്തിന്റെ കണക്ക്. സ്വാതന്ത്രാനന്തര ഇന്ത്യയുടെ ആദ്യ കാലങ്ങളിൽ ഇത് അറുപത് ശതമാനമായിരുന്നു എന്നത് കൂടി ഇതിലേക്ക് ചേർത്തു വായിക്കുമ്പോഴാണ് കാർഷിക മേഖലക്ക് രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന അധോഗതി മനസിലാക്കാൻ നമുക്ക് കഴിയുകയുള്ളൂ

കാർഷിക മേഖലയുടെ ഈ അധോഗതിക്ക് രാജ്യം ഭരിച്ചിരുന്ന ഓരോ ഭരണകൂടങ്ങൾക്കും അവരുടേതായ പങ്കുണ്ട്, അല്ലെങ്കിൽ ഓരോ ഭരണകൂടവും അവരുടേതായ രീതിയിൽ കാർഷിക മേഖലയെ അവഗണിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഓരോ പഞ്ച വത്സര പദ്ധതികളിലും കാർഷിക മേഖലക്ക് വേണ്ടി മാറ്റി വെക്കുന്ന സാമ്പത്തിക സഹായത്തിൽ വരുന്ന കുറവുകൾ പരിശോധിച്ചാൽ അത് നമുക്ക് വ്യക്തമാകും.

പട്ടിണിയിൽ നിന്നും രാജ്യത്തെ കരകയറ്റുക എന്ന വലിയ ഒരു ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ടായിരുന്നു മുൻകാല സർക്കാരുകളെല്ലാം കാർഷിക മേഖലയെക്കാൾ വ്യാവസായിക മേഖലകൾക്കും മറ്റും ഊന്നൽ നൽകിയിരുന്നത് എന്നാൽ ഇന്ന് കേന്ദ്രം കർഷകർക്ക് വേണ്ടി എന്ന വാദത്തിനൊപ്പം കൊണ്ട് വന്ന ബില്ലുകൾ ഇന്ത്യൻ കാർഷിക മേഖലയെ കൂടി കോർപറേറ്റകൾക്ക് തീറെഴുതി നൽകാനുള്ള ഗൂഡ തന്ത്രമാണ്.

‘ അവശ്യസാധന നിയമ ഭേദഗതി, കാര്ഷികോല്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക (സംരക്ഷണ) നിയമം ‘ എന്നീ മൂന്ന് നിയമങ്ങളാണ് കേന്ദ്രം ലോക് സഭയിലും രാജ്യ സഭയിലും കൊണ്ട് വന്നിരിക്കുന്നത്.

പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് വകവെക്കാതെ, തങ്ങളുടെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് കൊണ്ടാണ് ബിജെപി ഇത് പാസാക്കി എടുത്തത് എങ്കിലും രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്ന പ്രതിഷേധങ്ങളും ഘടകകക്ഷികളിൽ നിന്ന് തന്നെയുള്ള എതിർപ്പുകളും ബിജെപി ക്ക് കനത്ത തിരിച്ചടി തന്നെയായിരിക്കും നൽകുക.

ലോക് സഭയിൽ ബില്ല് വെക്കുന്നതിനും മുൻപ് ഓർഡിനൻസ് ഇറക്കിയ സമയത്ത് തന്നെ പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. സർക്കാർ സംഭരണത്തിന്റെ വലിയ ഒരു പങ്കും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നാണ് എന്നത് കൂടി നമ്മൾ പരിഗണിക്കണം.

എന്താണ് കർഷക നിയമത്തിൽ കർഷകരുടെ വില്ലൻ എന്ന് കൂടി നമ്മൾ പരിശോധന വിധേയമാക്കുമ്പോൾ മാത്രമേ രാജ്യത്തിന്റെ കാർഷിക മേഖല നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ശരിയായ ധാരണ നമുക്ക് ലഭിക്കുകയുള്ളൂ.

കാർഷിക ഉത്പന്നങ്ങളുടെ വ്യാപാര നിയന്ത്രണം നിലവിൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസ്ഡ് മാർക്കറ്റ് കമ്മിറ്റി (എ പി എം സി ) കളുടെ നേതൃത്വത്തിലായിരുന്നു. ഒരു പരിധി വരെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിച്ചിരുന്നതും ഈ എ പി എം സി കളുടെ ഇടപെടലുകളായിരുന്നു.

എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോട് കൂടി ഈ സംവിധാനം അപ്രസക്തമാകുകയും നാമാവശേഷമാകുകയും ചെയ്യുമെന്നാണ് കാർഷിക രംഗത്തെ വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നത്. എ പി എം സി സംവിധാനം തുടരുമെന്ന് പ്രതിഷേധങ്ങളെ തണുപ്പിക്കാൻ വേണ്ടി സർക്കാർ പറയുന്നുണ്ടെങ്കിലും പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ അത് അപ്രായോഗികമാണ്.

കാർഷിക ബില്ലിലെ മറ്റൊരു വില്ലൻ താങ്ങു വിലയാണ്. വില തകർച്ചയിൽ കര്ഷകന് താങ്ങായി നിൽക്കുന്ന മിനിമം താങ്ങു വില സംവിധാനവും തുടരുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പുതിയ നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ സർക്കാർ കാല് മാറും എന്നതിൽ സംശയമില്ല. ഈ കഴിഞ്ഞ ജനുവരിയിലെ സാമ്പത്തിക സർവേയിൽ മിനിമം താങ്ങു വില സംവിധാനം സർക്കാരിന് ക്ഷീണമാണ് എന്നും അത് എടുത്ത് കളയണമെന്നും സൂചിപ്പിച്ചിരുന്നു.

“വിളയിറക്കും മുൻപേ പണം, ഒരൊറ്റ ഇന്ത്യ ഒരൊറ്റ വിപണി ” തുടങ്ങി വാചകങ്ങൾ ഹൈലൈറ്റ് ചെയ്ത് കൊണ്ടാണ് ബില്ല് കൊണ്ട് വന്നതെങ്കിലും ‘ഏത് വിള ഇറക്കണം എന്ന് പണം മുടക്കുന്നവൻ തീരുമാനിക്കും’ എന്ന ഒരു സൂചന കൂടി ധന മന്ത്രി നൽകിയിട്ടുണ്ട്. കർഷകരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലിലേക്ക് കൂടിയാണിത് വിരൽ ചൂണ്ടുന്നത്.

ചുരുക്കം പറഞ്ഞാൽ കുത്തകകൾ പറയുന്ന കൃഷി ചെയ്ത് അവർ പറയുന്ന വിലക്ക് അവർക്ക് വിള നൽകുന്ന ഒരു യന്ത്രമായി കർഷകനെ മാറ്റിയെടുക്കാൻ വരെ പഴുതുകളുള്ള ഒരു നിയമമാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.

മാറി മാറി വരുന്ന സർക്കാരുകളൊക്കെയും ‘കർഷകർക്ക് വേണ്ടി ‘ എന്ന പേരിൽ കൊണ്ട് വന്ന നിയമങ്ങളും നിയമ ഭേദഗതികളുമൊക്കെ കടലാസുകളിൽ ഉറങ്ങികിടക്കുകയും അല്ലെങ്കിൽ വിപരീത ഫലം നൽകുകയും ചെയ്യുകയും കർഷകർ നില്ക്കകള്ളി ഇല്ലാതെ ആത്മഹത്യ ചെയ്യുകയോ കാർഷിക വൃത്തിയിൽ നിന്ന് മനസില്ലാ മനസോടെ കൊഴിഞ്ഞു പോകുകയോ ചെയ്യുന്ന ഒരു കാർഷിക രാജ്യത്ത് കർഷകരുടെ തലക്കടിക്കുന്ന മറ്റൊരു നിയമ ഭേദഗതി കൂടി കൊണ്ട് വന്നിരിക്കുന്നു.

കാർഷിക മേഖലയിലെ ഉല്പാദന വർദ്ധനവിനെക്കുറിച്ചും മറ്റുമൊക്കെ വാചാലരാകാൻ ശ്രമിക്കുന്നവരൊന്നും കർഷകരുടെ വരുമാനത്തെ കുറിച്ചോ അതിന്റെ വർധനവിനെ കുറിച്ചോ അവരുടെ ജീവിത ചുറ്റുപാടുകളെ കുറിച്ചോ ചിന്തിക്കാത്ത ഒരു കാർഷിക രാജ്യത്ത് കൃഷിയാണ് സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് എന്ന പ്രഹസന വചനവും പേറി നടക്കാനാണ് നമ്മുടെ വിധി.

2 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x