Opinion

മോളി കണ്ണമാലിയും മനോരമ ആരോഗ്യ മാസികയും: ‘വെളുത്ത’ ഇടങ്ങളിലെ ‘കറുത്ത’ ആഘോഷങ്ങൾ

സമകാലികം/പ്രമോദ് പുഴങ്കര

കറുത്ത സ്ത്രീയും വെളുത്ത വനിതയും തമ്മിലെന്താണ് ? ഒരു മുഖചിത്രത്തിലൂടെ മാറുന്ന രാഷ്ട്രീയമാണോ മോളി കണ്ണമാലി എന്ന നടിയുടെ മനോരമ ആരോഗ്യമാസികയുടെ മുഖചിത്രത്തിന് പിന്നിൽ? കറുപ്പിനോടുള്ള സാമൂഹ്യനിരാസം കേവലമായ ആ നിറത്തോട് മാത്രമുള്ളതല്ല, അത് ഒരു രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാണ്. കേരളത്തിലെ ജാതീയതയും സവർണ സൗന്ദര്യ സങ്കൽപ്പങ്ങളും അധികാര രാഷ്ട്രീയവുംആണധികാര സാമൂഹ്യബന്ധങ്ങളും ചേർന്ന മിശ്രണത്തിന്റെ അവിഭാജ്യഘടകമാണ് ആ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം.

മനോരമയുടെ വനിത പോലൊരു സ്ത്രീകൾക്കായി എന്ന പേരിലിറങ്ങുന്ന പ്രസിദ്ധീകരണമാകട്ടെ ഇപ്പറഞ്ഞ എല്ലാ ഘടകങ്ങളുടെയും പ്രത്യയശാസ്ത്ര, സാംസ്കാരിക രാഷ്ട്രീയ മൂല്യബോധത്തെ നിരന്തരം ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കറുത്ത ശരീരത്തിന്, ജാതി വിഭജനത്തിന്, വർഗ്ഗവ്യത്യാസത്തിനു ആ മൂല്യബോധം കല്പിച്ചുനൽകിയ ഇടങ്ങളിൽ നിന്നും പുതിയ സ്വീകാര്യത നൽകുമ്പോൾ അത് നിഷ്ക്കളങ്കമായ ഒന്നല്ല. അതിലുള്ളത് ഒരു സമരത്തെയും അതിന്റെ രാഷ്ട്രീയത്തേയും അവഗണിക്കുകയും ‘Welcome to our club ” എന്ന് പറയുകയുമാണ്.

Read Also: അകറ്റി നിർത്തപ്പെട്ടവർ; വർണവെറിയുടെ രാഷ്ട്രീയം

ഇന്നോളം വെളുത്ത നിറത്തിനും മുഖക്കുരുവില്ലാത്ത ഹിമമൃദുല മുഖങ്ങൾക്കും പട്ടുപോലുള്ള ശരീരത്തിനുമൊക്കെ മാത്രം താളുകൾ നീക്കിവെച്ചവർ മുഖചിത്രമായി ഒരു കറുത്ത ശരീരത്തെ ആവശ്യപെടുന്നത് ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായല്ല. അദ്ധ്വാനിക്കുന്ന സ്ത്രീകളില്ലാത്ത, ദരിദ്രരില്ലാത്ത, രണ്ടാംനിര പൗരരായി അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദമില്ലാത്ത, പരുപരുത്ത ശരീരചിത്രങ്ങളില്ലാത്ത, സർക്കാർ സ്‌കൂളുകളിലെ പെൺകുട്ടികളില്ലാത്ത, മക്കൾക്ക് സ്‌കൂൾ വിട്ടുവരുമ്പോൾ ഒരുക്കാൻ വിഭവങ്ങൾക്കായി സമയമില്ലാത്ത, വീട്ടിലില്ലാത്ത, കനലടുപ്പുകളിൽ കരളുവേവിക്കുന്ന പെണ്ണുങ്ങളില്ലാത്ത സ്വയംപ്രഖ്യാപിത അഭിജാതരുടെ ഇന്നത്തെ അതിഥി മാത്രമാണ് കറുപ്പ്. വരുവിൻ, കാണുവിൻ എന്നാണത്.

Ibrahim Frantz Fanon

മുഖചിത്രത്തിനു വേണ്ട യോഗ്യതകളിൽ നിങ്ങൾ പാകമാണോ എന്നാണ്. നിങ്ങൾ എങ്ങനെയാണോ അങ്ങനെ നിങ്ങൾ സ്വീകാര്യരല്ലാതിരിക്കുകയും വെളുത്ത സൗന്ദര്യശാസ്ത്രത്തിന്റെ അടുക്കളകളിൽ നിങ്ങളെ പാകം ചെയ്യുകയും ചെയ്യുമ്പോഴാണ് ഈ മാറ്റമുണ്ടാകുന്നത്. അതായത് ഉപരിവർഗ ലാവണ്യബോധത്തിനു പാകമായ നിങ്ങളെ ബോധിക്കുകയാണ്, നിങ്ങളുടെ ലാവണ്യബോധത്തിന്റെ രാഷ്ട്രീയത്തിന് അവർ പാകമാവുകയല്ല ചെയ്യുന്നത്. “When people like me, they like me “in spite of my color.” When they dislike me; they point out that it isn’t because of my color. Either way, I am locked in to the infernal circle.” ( Frantz Fanon, Black Skin, White Masks) എന്ന് ഫാനൻ പറയുന്നത് ഈ സ്വീകാര്യതയുടെ രാഷ്ട്രീയത്തെയും വെളുത്ത മാനദണ്ഡങ്ങളേയും കുറിച്ചാണ്.

എന്തുകൊണ്ടാണ് കറുപ്പിനെ വെളുപ്പ് സ്വീകരിക്കുമ്പോൾ (ഇവിടെ വെളുപ്പൊരു നിറം മാത്രമായി കാണരുത്, അതൊരു വർഗ, വംശ രാഷ്ട്രീയം കൂടിയാണ്.അതിൽ കറുപ്പ് നിരസിക്കപ്പെടുന്നതിൽ നിറത്തിന്റെ ഉടമയുടെ സാമൂഹ്യനില കൂടി ബാധകമാണ്) അത് ആഘോഷിക്കപ്പെടുന്നത്? വെളുപ്പിന്റെ സൗന്ദര്യബോധത്തിലേക്ക് കയറുന്നതിൽ ആത്മഹർഷം കണ്ടെത്തുന്ന വിധത്തിലേക്ക് നാം പാകപ്പെടുത്തപ്പെട്ടു എന്നതുകൊണ്ടാണത്.

കറുത്ത നായകനും വെളുത്ത നായികയും എന്ന ദ്വന്ദം തമിഴ് ചലച്ചിത്രങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നത് ഇതുകൊണ്ടാണ്. ആണധികാരത്തിന്റെ ഉള്ളിലേക്ക് പാകപ്പെട്ട കറുപ്പിനെ ഉൾക്കൊള്ളുന്ന ദ്രാവിഡ രാഷ്ട്രീയത്തിന്റെ അധികാരനില പിന്നീട് ഏറ്റവും വേഗത്തിൽ കൊണ്ടുവന്നത് വെളുത്ത സ്ത്രീകളെയാണ്. അധികാരമുള്ള കറുത്ത ആണിന് വെളുത്ത പെണ്ണിനെ ലഭിക്കുന്ന ആ വലിയ സാധ്യത. അതുകൊണ്ട് കറുത്ത ആണധികാരത്തിനുപോലും വെളുത്ത നായിക ഉണ്ടാകുന്നത്.

കറുപ്പ് എന്തുകൊണ്ട് തമസ്കരിക്കപ്പെട്ടു എന്നത് കേവലമായ സൗന്ദര്യപ്രശ്നമല്ല. അതൊരു രാഷ്ട്രീയാധികാര പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ആ രാഷ്ട്രീയാധികാര പ്രശ്നത്തെയും സാമൂഹ്യബന്ധത്തെയും വെല്ലുവിളിക്കാത്ത കേവലമായ ആതിഥ്യമര്യാദ വെറും തട്ടിപ്പാണ്.

ഉപരിവർഗ്ഗത്തിന്റെ, ജാതി വ്യവസ്ഥയുടെ, വംശശുദ്ധിയുടെയൊക്കെ സൗന്ദര്യലോകങ്ങളിലേക്ക് കടന്നുചെല്ലുന്ന കറുത്ത മനുഷ്യർ സ്വീകരിക്കപ്പെടുന്നത് വെളുത്ത വ്യാകരണനിയമങ്ങൾ വെച്ചാണ്. കലാഭവൻ മണി ഒരുദാഹരണമാണ്. അഭിനയസാധ്യതയുള്ള ഒരു നടനായിരുന്നു മണി. പക്ഷെ പലപ്പോഴും പറയുന്ന പോലൊരു ദളിത് പ്രതിനിധാനം പോലുമായിരുന്നില്ല മണിയുടെ പാട്ടുകളും അഭിനയജീവിതവും.

അത് ദളിത ജീവിതത്തിന്റെ രാഷ്ട്രീയം ചോർത്തിയ കാഴ്ചകൾ മാത്രമായിരുന്നു. സവർണ, സമ്പന്ന നായക കഥാപാത്രങ്ങളെ അനുകരിക്കുന്ന കറുത്ത മനുഷ്യൻ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല. കറുത്തവർക്കൊഴികെ. കാരണം അയാൾ മുന്നോട്ടുകൊണ്ടുപോകുന്നത് വ്യവസ്ഥയുടെ മൂല്യബോധത്തെയും അധികാരരാഷ്ട്രീയത്തെയുമാണ്. ആ മൂല്യബോധത്തെ വെല്ലുവിളിക്കുമ്പോളാണ് നിങ്ങളുടെ സ്വീകാര്യതയുടെ മാറ്റ് ഉരച്ചുനോക്കേണ്ടത്.

Read Also: മാല്‍ക്കം എക്സ്; അമേരിക്കൻ വംശീയതയെ പ്രതിരോധിച്ച ധീരൻ

സ്വീകാര്യതയുടെ ‘Make over ” വളരെ പ്രധാനമാണ്. അതായത് പെരുന്നാളിന് മൈലാഞ്ചിയിടുന്ന വെളുത്ത കൈത്തണ്ടകളാണ് പതിവ്. എന്തുകൊണ്ട് കറുത്ത കൈത്തണ്ടകളിലില്ല എന്നല്ല പ്രധാന ചോദ്യം എന്തുകൊണ്ട് ഇറച്ചിവെട്ടുകാരില്ല എന്നതാണ്. അതായത് പഴയിടം മോഹനൻ നമ്പൂതിരിയുടെ അടുക്കള കാണിക്കാമെങ്കിൽ എന്തുകൊണ്ട് ഇറച്ചിവെട്ടുകാരും വെപ്പുകാരും വരുന്നില്ല എന്നാണ്. എന്തുകൊണ്ട് ദയക്ക് ക്ഷാമമില്ലാതാവുകയും അവകാശങ്ങൾക്ക് പഞ്ഞമുണ്ടാവുകയും ചെയ്യുന്നു എന്നാണ്.

നമ്മളെ ക്ഷണിക്കുമ്പോൾ നമ്മളോട് പറയുന്നത് നിങ്ങൾ, ഞങ്ങൾ പോകാൻ പറയുമ്പോൾ, അല്ലെങ്കിൽ സമയം കഴിഞ്ഞാൽ പോകാനുള്ള ആളുകൂടിയാണ് എന്നതാണ്. അകത്തു പായവിരിച്ചിട്ടുണ്ട് വരൂ എന്നത്, പായ മടക്കി, ഇറങ്ങിക്കോളൂ എന്നുകൂടിയാണ്.

ഒരിക്കലും നിങ്ങളുടേതല്ലാത്ത ഒരിടത്താണ് നിങ്ങൾ ആഘോഷിക്കപ്പെടുന്നത്. നിങ്ങളുടേതുകൂടിയായ ഇടങ്ങളിൽ നിങ്ങൾ സ്വാഭാവികമായ ഒന്ന് മാത്രമാണ്.

അടിമക്കച്ചവടം നിന്നതിനുശേഷവും യൂറോപ്പിലും അമേരിക്കയിലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലേറെ വരെയും കറുത്ത വർഗക്കാരെ പ്രദർശിപ്പിക്കുന്ന ‘Human Zoo” നടന്നിരുന്നു. 1950-കൾ എന്നോർക്കണം. വേലിക്കെട്ടുകളാണ് മാറിയത്. കാഴ്ച്ചയിപ്പോഴും ഏതാണ്ട് പഴയ പോലെയാണ്.

ഇത് പോലുള്ള പുറംചട്ടയുടെ കാഴ്ച്ചപ്പുറം സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും കറുപ്പിന്റെ രാഷ്ട്രീയത്തിന്റെയും ചരിത്രനിരാസമാണ്. “You’re us,” and if anyone thinks you are a Negro he is mistaken, because you merely look like one.” (Fanon ) എന്ന പോലെയാണ് വെളുത്ത രോഗമാസികകളിലെ കറുത്ത ആഘോഷങ്ങൾ. അത് തിരിച്ചറിയുക എന്നതൊരു രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം പുറത്തല്ല, അകത്താണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x