Opinion

ഇന്ത്യൻ രാഷ്ട്രീയവും നുണ ഫാക്ട്റികളും

ചാറ്റ് ജിപിറ്റി, ഡീപ് സീക് തുടങ്ങിയ എ ഐ സോഫ്ട്‍വെയറുകൾ ഇപ്പോൾ വളരെ പ്രശസ്തമാണല്ലോ. പക്ഷെ ചാറ്റ് ജിപിറ്റിയോട് പന്ത്രണ്ട് മണി കഴിഞ്ഞു മൂന്നു മിനിറ്റ് കാണിക്കുന്ന ഒരു ക്ലോക്ക് വരയ്ക്കാൻ പറയൂ (prompt : generate image of an analog clock showing 3 minutes past 12).

ഇങ്ങിനെ ചോദിച്ചാൽ, ചാറ്റ് ജിപിറ്റി നമുക്ക് തരുന്ന ഇമേജ് ഒരു ക്ലോക്കിന്റെ തന്നെ ആയിരിക്കും, പക്ഷെ കാണിക്കുന്ന സമയം 10:10 ആയിരിക്കും.

ഇത്രക്ക് ബുദ്ധിയുള്ള ചാറ്റ് ജിപിറ്റിക്ക് തെറ്റ് പറ്റുമോ എന്ന് ചോദിച്ചാൽ പറ്റുമെന്നാണ് ഉത്തരം. കാരണം ചാറ്റ് ജിപിറ്റി പ്രവർത്തിക്കുന്നത്, ലോകത്ത് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചാണ്.

പണ്ടുള്ള വാച്ച് നിർമാതാക്കൾ, തങ്ങളുടെ ലോഗോ ഒക്കെ ശരിക്ക് കാണാൻ പറ്റിയ വിധത്തിലുള്ള സമയമായി തിരഞ്ഞെടുത്ത സമയമാണ് പത്ത് മണി കഴിഞ്ഞു പത്ത് മിനിട്ടുള്ള ക്ലോക്ക്. സൂചികൾ ഇടതും വലതുമായി നില്കുന്നത് കൊണ്ട് ലോഗോ നന്നായി കാണാൻ പറ്റും, പലർക്കും ഇത് വളരെ ഭംഗിയായി തോന്നുകയും ചെയ്യും. അതുകൊണ്ട് ഇപ്പോൾ ക്ലോക്കിന്റെ ലഭ്യമായ ഭൂരിപക്ഷം ചിത്രങ്ങളും ഫോട്ടോകളും കാണിക്കുന്നത് 10:10.

ആയതുകൊണ്ട്, നമ്മുടെ ചോദ്യത്തിന്റെ ഉത്തരത്തിന് ഏറ്റവും അടുത്തുള്ള ഇമേജ് ആയ ഒന്നാണ് ചാറ്റ് ജിപിറ്റി കാണിക്കുക, 10:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ ചിത്രം.

ഇതേ പോലെ തന്നെ ഒരു പ്രശ്നമാണ് ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ഇമേജ് ഉണ്ടാക്കാൻ പറഞ്ഞാലും സംഭവിക്കുന്നത് (prompt : generate image of a left handed person writing a letter). ചാറ്റ് ജിപിറ്റി തരുന്നത് വലതുകൈ കൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രമായിരിക്കും. കാരണം ലോകത്ത് ഏറ്റവും കൂടുതലുള്ളത് വലതുകൈ കൊണ്ടെഴുതുന്ന ആളുകളുടെ ചിത്രമാണ്.

കംപ്യൂട്ടറിനു വരെ തെറ്റ് പറ്റാമെങ്കിൽ നമ്മൾ മനുഷ്യരുടെ കാര്യമാലോചിച്ചു നോക്കൂ.

ആയിരക്കണക്കിന് വാർത്താ ചാനലുകൾ നമുക്ക് തരുന്ന വാർത്തകൾ സത്യമാണോ അല്ലയോ എന്ന് ആഴത്തിൽ പരിശോധിച്ച് ശരിയായ വാർത്തകൾ മാത്രം വിശ്വസിക്കാൻ കുറെ സമയവും ഊർജവും ചിലവാക്കുന്നത് കൊണ്ട്, നമ്മുടെ തലച്ചോർ പലപ്പോഴും, നമ്മുടെ വിശ്വാസങ്ങൾക്ക് അനുസരിച്ചുള്ള തെളിവുകൾ സ്വീകരിക്കുകയാണ് സാധാരണ ചെയ്യുക.

കാരണം ഊർജം ഏറ്റവും കുറച്ചു ചിലവഴിക്കാൻ വേണ്ടി ഡിസൈൻ ചെയത് ഒന്നാണ് നമ്മുടെ തലച്ചോർ. അതുകൊണ്ടാണ്, ഒരു ബാറ്റിനും ബോളിനും കൂടി 110 രൂപയും, ബാറ്റിനു ബോളിനേക്കാൾ നൂറു രൂപ കൂടുതലുമാണെങ്കിൽ ബാറ്റിനും ബോളിനും എത്ര രൂപ വിലയുണ്ടെന്ന് ചോദിക്കുമ്പോൾ ബാറ്റിനു നൂറും ബോളിനു പത്തുമെന്ന് നമ്മൾ ഉത്തരം പറയുന്നത്. (ഒറ്റനോട്ടത്തിൽ ശരിയാണെന്നു തോന്നാമെങ്കിലും ഈ ഉത്തരം തെറ്റാണ്.)

നമ്മുടെ ഓർമ്മകൾ പോലും പൂർണമായും ശരിയായ ഓർമകളല്ല, നമ്മൾ ഒരു വ്യക്തിയെ കുറിച്ചോ, ഒരു സംഭവത്തെ കുറിച്ചോ ഓർക്കുമ്പോൾ യാഥാർത്ഥത്തിൽ നമ്മൾ ഈ വ്യക്തിയെ കുറിച്ച് അല്ലെങ്കിൽ സംഭവത്തെ കുറിച്ച് അവസാനം ഓർത്ത ഓർമയെ ആണ് ഓർക്കുന്നത് (when you remember an event, you’re actually remembering the recollection from the last time you remembered it).

ഓർമിക്കുക എന്നത്, ഒരു വ്യക്തിയെയോ സംഭവത്തെയോ നമ്മുടെ മനസ്സിൽ പുനരാവിഷ്ക്കരിക്കുന്ന ഒരു പരിപാടിയാണ്. അവസാനം നമ്മുടെ ഓർമ ശരിയല്ലെങ്കിൽ, പിന്നീട് ആ ഓർമ്മകൾ ഒരിക്കലും ശരിയാകാത്ത ഒരു പ്രശ്നം ഉണ്ടാകും.

അതുകൊണ്ടാണ്, പലപ്പോഴും ഒരു സംഭവത്തിലെ ദൃക്‌സാക്ഷി വിവരങ്ങൾ, വളരെ പെട്ടെന്ന് രേഖപ്പെടുത്തി വച്ചില്ലെങ്കിൽ, പിന്നീട് ഒട്ടും പൊരുത്തമില്ലാത്ത വിവരങ്ങൾ പല സാക്ഷികളിൽ നിന്ന് ലഭിക്കുന്നത്.

നെഹ്‌റുവിനെ കുറിച്ച് അനേകം നുണക്കഥകൾ എഴുതിയുണ്ടാക്കി കഴിഞ്ഞാൽ, ഇനി വരുന്ന തലമുറയും നെഹ്‌റുവിനെ കുറിച്ചുള്ള ഓർമ്മകൾ സംഘപരിവാർ നിർമ്മിച്ചെടുത്ത ഓർമകളായിരിക്കും എന്ന് എനിക്കുറപ്പാണ്.

ഊർജം ലഭിക്കാൻ വേണ്ടി, വളരെയധികം ചിന്തിക്കാതെ, നമ്മുടെ തലച്ചോർ ഷോർട് കട്ടുകൾ എടുക്കുന്നത് കൊണ്ട്, നമ്മുടെ മനസ്സിൽ ആദ്യം തോന്നുന്ന കാര്യം തെറ്റാണെങ്കിൽ കൂടി വിശ്വസിക്കുന്ന സ്വഭാവക്കാർ സാധാരണ വലതുപക്ഷ ചിന്താഗതിക്കാരായിരിക്കും.

ഉദാഹരണത്തിന്, ജാതി സംവരണം ഒരു തൊഴിലിടത്തിലെ ഗുണനിലവാരം കുറക്കുമെന്നോ, കുടിയേറ്റം ഒരു രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ പിന്നോക്കം വലിക്കുമെന്നോ, ഒരു പ്രത്യേക മതത്തിൽ പെട്ടവർ കൂടുതൽ കുട്ടികളെ പ്രസവിക്കുമെന്നോ, മദ്യവും ലോട്ടറിയും ആണ് കേരളത്തിലെ പ്രധാന വരുമാന മാർഗമെന്നോ ഒക്കെ പറഞ്ഞാൽ പെട്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ.

രണ്ടു കാര്യങ്ങൾ തമ്മിൽ പരസ്പര ബന്ധമുണ്ട് എന്നത്കൊണ്ട്, ഒന്ന് മറ്റൊന്നിന് കാരണമാകണം എന്നില്ല എന്നത് സ്റ്റാറ്റിസ്റ്റിക്സിലെ ഒരു അടിസ്ഥാന തത്വമാണ്.

സമയവും ഊർജവും എടുത്ത്, കാര്യങ്ങൾ കൂടുതൽ പഠിച്ച്, ശരിയായ ധാരണയിൽ എത്തുന്നത്, മനുഷ്യന്റെ സ്വാഭാവികമായ ഒരു പ്രവർത്തി അല്ല. വലതുപക്ഷ ചിന്താഗതിക്കാരനാകാൻ (ഞാൻ വലതുപക്ഷം എന്നതുകൊണ്ടുദ്ദേശിക്കുന്നത് നാട്ടിലെ സംഘപരിവാർ – ക്രി സംഘി സംഘടനകളെയും അവരുടെ അണികളെയും, അമേരിക്കയിലെ ട്രമ്പ് അനുകൂലികളെയുമാണ്) മനുഷ്യന് വലിയ അധ്വാനത്തിന്റെ ആവശ്യമില്ല എന്ന് ചുരുക്കം.

എന്നാൽ എന്തുകൊണ്ട് ഇടതുപക്ഷവും കോൺഗ്രസ്സും കേരളത്തിൽ ഇത്രനാൾ പിടിച്ചുനിന്നു എന്നതിന്റെ ഉത്തരം, നമ്മുടെ ലൈബ്രറി സമ്പ്രദായവും, പഴയ കാല ശാസ്ത്ര സാഹിത്യ പരിഷത്തും ( ഇപ്പോൾ ചില സാമൂഹിക വികസന കാര്യങ്ങളിൽ അവരുമായി അഭിപ്രയ വ്യത്യാസമുണ്ട്) , പാർട്ടി ക്ലാസുകളും ഒക്കെയാണ്.

ഓരോ കവലകളിലും നിന്ന് ലോക രാഷ്ട്രീയത്തെ കുറിച്ച് ആഴത്തിൽ സംസാരിക്കുന്ന രാഷ്ട്രീയക്കാർ നമുക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. നാലാം ക്ലാസ് വരെ പഠിച്ച എന്റെ ബാപ്പ തന്നെ പെരുമ്പടപ്പ് നിർമല ലൈബ്രറിയിലെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. പുള്ളിയെ പോലെ ഈജിപ്തിലെ പ്രസിഡന്റ് അബ്ദുൽ നാസർ സൂയസ് കനാൽ പിടിച്ചെടുത്തതിന്റെ രാഷ്ട്രീയം മുതൽ, ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തങ്ങളെ കുറിച്ചുവരെ വാതോരാതെ സംസാരിക്കാൻ കഴിയുന്ന ചുമട്ടു തൊഴിലാളികൾ ഒരു കാലത്ത് കേരളത്തിൽ വലിയ അത്ഭുതം ഒന്നുമല്ലായിരുന്നു.

പക്ഷെ ആ ഒരു സംസ്കാരം നിലനിർത്തിപോരാൻ കേരളത്തിലെ ഇടത് രാഷ്ട്രീയ സംഘടനകൾക്കും കോൺഗ്രസിനും കഴിഞ്ഞോ എന്നത് സംശയാസ്പദമാണ്.

വാട്സാപ്പ് , ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ഒക്കെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന പാർട്ടി ബിജെപിയാണ്. സത്യമായാലും നുണയായാലും ഒരു കാര്യം വളരെ പെട്ടെന്ന് പരത്താനുള്ള സംഘടനാ ശേഷി ഇപ്പോൾ ഉള്ളത് ബിജെപിക്ക് മാത്രമാണ് (സ്വാതി ചതുർവേദിയുടെ I am a Troll: Inside the Secret World of the BJP’s Digital Army എന്ന പുസ്തകം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്).

അതിന് കുറച്ചെങ്കിലും പ്രതിരോധം തീർക്കുന്നത്, സുനിൽ മാഷിനെ പോലുള്ളവരുടെ പ്രഭാഷങ്ങളാണ്. കൊറോണകാലത്തെ വാർത്താസമ്മേളങ്ങൾ മുഖ്യമന്ത്രി ആഴ്ചയിൽ ഒന്ന് വീതമെങ്കിലുമായി വീണ്ടും തുടങ്ങിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ വർഗീയ ശക്തികൾക്കെതിരെ കൂടുതൽ ആഴത്തിൽ ഓരോ വ്യക്തിയുടെയും അടുത്തെത്തുന്ന തരത്തിലുള്ള പ്രധിരോധം നമ്മളെ തീർക്കേണ്ടതുണ്ട്.

ഇപ്പോൾ ഡൽഹിയിൽ നടന്നത്, കേരളത്തിൽ നടക്കാതിരിക്കാൻ, സാധാരണക്കാരെ രാഷ്ട്രീയപരമായി നമ്മൾ ബോധവത്കരിക്കേണ്ടതുണ്ട്. രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ, അംബേദ്‌കർ, നെഹ്‌റു, സമൂഹത്തിൽ ജാതി നിശബദമായി പ്രവർത്തിക്കുന്നതെങ്ങിനെ തുടങ്ങിയ അനേകം വിഷയങ്ങൾ എളുപ്പം മനസിലാകുന്ന വിധത്തിൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിലെങ്കിൽ അനേക വർഷങ്ങൾ അതിനെ തിക്ത ഫലം നമ്മൾ അനുഭവിക്കേണ്ടി വരും.

എത്രയും പെട്ടെന്ന് തുടങ്ങാമോ, അത്രയും നല്ലത്.

Nazeer Hussain Kizhakkedathu

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x