കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരുന്നു 1993 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു തുടങ്ങിയ പാലിയേറ്റീവ് കെയർ സംവിധാനമെന്നതിൽ തർക്കത്തിന് വകയില്ല.
പിന്നീട് 1996 ൽ മഞ്ചേരി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച പാലിയേറ്റീവ് സംവിധാനമാണ് ഇന്ത്യയിലെ തന്നെ ആദ്യ ജനകീയ പാലിയേറ്റീവ് കൂട്ടായിമ.
അവിടെ നിന്നും വളർച്ച ആരംഭിച്ച് കേരളത്തിലെ വിശിഷ്യാ ഉത്തര കേരളത്തിലെ ഓരോ പ്രദേശങ്ങളിലേക്കും പാലിയേറ്റീവ് കെയർ യൂണിറ്റുകൾ വ്യാപിച്ചു. ഓരോ മനുഷ്യനും ഇന്ന് ഒരു നിലക്കല്ലെങ്കിൽ മറ്റോരു നിലയിൽ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി തീർന്നു.
ചികിത്സ അവസാനിച്ച് പ്രതീക്ഷയറ്റ് വീടുകളിലേക്ക് മടങ്ങുന്ന കാൻസർ രോഗികളിലായിരുന്നു ആദ്യ കാലത്ത് പാലിയേറ്റീവ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
മരണം മുന്നിൽ കണ്ട് വീടകങ്ങളിൽ നീറി കഴിയുന്ന ഇത്തരം രോഗികളെ വീട്ടിൽ ചെന്നു പരിചരിച്ച് മരണം വരെയുള്ള ജീവിതം ആശ്വാസകരമാക്കുക, രോഗികളുടെ കുടുംബത്തിന് സാമ്പത്തികവും മാനസികവുമായ പിന്തുണ നൽകുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം.
കാലത്തിനൊപ്പം നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ, ഒരു ഭാഗം തളർന്നു പോയവർ, ജന്മനാ അരക്ക് കീഴെ തളർന്നവർ കിഡ്നി രോഗികൾ ഷുഗർ പ്രെഷർ തുടങ്ങിയ രോഗം മൂര്ധന്യാവസ്ഥയിൽ എത്തിചേർന്നവർ തുടങ്ങി മാനസിക രോഗികളിലേക്ക് വരെ പാലിയേറ്റീവിന്റെ സാന്ത്വനം കടന്നു ചെന്നു.
രോഗി പരിചരണത്തിന് വേണ്ടിയുള്ള ഈ ജനകീയ കൂട്ടായ്മയുടെ വിജയം അകമഴിഞ്ഞുള്ള വളണ്ടിയർമാരുടെ സേവനവും നാട്ടുകാരുടെ പരിപൂർണ പിന്തുണയും തന്നെയാണ്.
കോവിഡിനെ ഭയന്ന് ലോകം മുഴുവൻ വീടുകളിൽ ഒതുങ്ങിയപ്പോൾ പോലും വീടകങ്ങളിൽ തങ്ങളെയും പ്രതീക്ഷിച്ചു കഴിയുന്ന രോഗികളുടെ പ്രതീക്ഷ തെറ്റിക്കാതെ പാലിയേറ്റീവ് വളണ്ടിയർമാരും നേഴ്സ്മാരും കർമ നിരതരായിരുന്നു.
ഏതൊരു സംവിധാനത്തെയും പോലെ പാലിയേറ്റീവിന്റെയും നിലനിൽപ്പിന് വലിയ രീതിയിൽ തന്നെയുള്ള സാമ്പത്തികം ആവശ്യമാണ്. ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിലൂടെയുള്ള ഫണ്ട് സമാഹരണവും വ്യക്തികൾ നൽകുന്ന മാസവരിയും കടകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സുകളുമൊക്കെയാണ് പാലിയേറ്റീവ് സംവിധാനങ്ങളുടെ സാമ്പത്തിക സ്രോതസ്സ്.
ഇന്ന് ലോകം മുഴുക്കെ എന്ന പോലെ കോവിഡ് തീർത്ത പ്രതിസന്ധിയിൽ പാലിയേറ്റീവ് കെയർ സെന്ററുകളും സാമ്പത്തികമായി വലിയ പ്രയാസം നേരിടുകയാണ്. വരുമാനം ഗണ്യമായ രീതിയിൽ കുറഞ് പ്രവർത്തനങ്ങൾ സ്തംഭിച്ചു പോകുമോ എന്ന അവസ്ഥയിലാണ് പല പാലിയേറ്റീവ് യൂണിറ്റുകളും.
ഓരോ പാലിയേറ്റീവ് യൂണിറ്റുകളുടെയും പ്രതീക്ഷ ജനുവരി 15 നോടനുബന്ധിച്ചു നടക്കുന്ന വിഭവ സമാഹരണത്തിൽ ജനങ്ങൾ അകമഴിഞ്ഞു സഹകരിക്കുമെന്ന് തന്നെയാണ്.
ആരോഗ്യമുള്ള നമ്മൾ ഇത്രമേൽ പ്രയാസമനുഭവിക്കുന്നുവെങ്കിൽ രോഗം തിന്ന് തീർക്കുന്ന നമ്മുടെ കൂടെപ്പിറപ്പുകൾ എത്രമേൽ കഷ്ടപ്പെടുന്നുണ്ടാകുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ.
സാന്ത്വനത്തിന്റെ ഈ തൂവൽ സ്പര്ശങ്ങൾ നിലച്ചു പോകാതിരിക്കാൻ നമുക്ക് നമ്മുടെ നാടുകളിലെ പാലിയേറ്റീവ് കെയർ സെന്ററുകളെ നെഞ്ചോട് ചേർക്കാം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
?