സി.പി.എം തണലിൽ ലൗ ജിഹാദിൽ ഊന്നി ‘ഇസ്ലാമോഫോബിയ’ വമിപ്പിക്കുന്ന മാണി പുത്രൻ
പ്രതികരണം/ പി. ജെ ജെയ്ംസ്
വിമോചന സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന തൊപ്പിപ്പാള-കുറുവടി സംഘം ഇ.എം.എസ് സർക്കാർ തുടക്കമിട്ട ഭൂപരിഷ്‌കരണത്തിലൂടെയും വിദ്യാഭ്യാസ നയത്തിലൂടെയും സമാഹരിച്ച സാമ്പത്തികാടിത്തറയിലാണ് 1960കളുടെ മധ്യത്തിൽ സവർണ ക്രിസ്ത്യൻ സഭാ നേതൃത്വത്തിന്റെ ആശീർവാദത്തോടെ കേരള കോൺഗ്രസ് രൂപവൽവൽകരിക്കുന്നതിലേക്കെത്തിയത്.
‘തമ്പ്രാനെന്നു വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും’, ‘ചാത്തൻ പാടം പൂട്ടാൻ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ’ തുടങ്ങിയ വിമോചന സമര മുദ്രാവാക്യങ്ങൾ അർത്ഥമാക്കുന്നതുപോലെ, എക്കാലവും കേരളത്തിലെ ദളിത് ജനതയുടെ ഒന്നാം നമ്പർ ശത്രുവായി നിലയുറപ്പിച്ചു പോന്ന കേരള കോൺഗ്രസ്, പ്രത്യേകിച്ചും അതിലെ മാണി പക്ഷം ആറര ദശാബ്ദക്കാലത്തെ കേരളീയ രാഷ്ട്രീയ സാംസ്കാരിക ജീർണ്ണതയുടെ പ്രതീകമാണ്.
ഒരു വേള, കേരള രാഷ്ട്രീയത്തിലെ ഈ ദുർഭഗ സന്തതിയുമായി സി.പി.എം ഇടക്കാലത്തുണ്ടാക്കിയ ബാന്ധവങ്ങൾ അതിന്റെ തന്നെ സവർണാഭിമുഖ്യത്തിന്റെയും ദളിത് വിരുദ്ധതയുടെയും കൂടി പ്രതിഫലനമായിരുന്നുവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
തീർച്ചയായും, ഭരണ വർഗ രാഷ്ട്രീയത്തിലെ ചക്കളത്തി പോരാട്ടത്തിന്റെ ഭാഗമായി മാണിയെ അഴിമതിയുടെ ആൾരൂപമായി കൊണ്ടാടിയതിനൊപ്പം, അയാളുടെ വീട്ടിൽ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നു കൂടി പ്രസംഗിച്ചു നടന്ന സിപിഎം ന്റെ തണലിലാണ് മാണി പുത്രനിപ്പോൾ പരമോന്നത കോടതി പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദിൽ വീണ്ടും കയറിപ്പിടിച്ചിരിക്കുന്നത്.
ഈ വിവരദോഷിക്ക് ഇതിനുള്ള പിൻബലമേകുന്നത് സിപിഎം നൊപ്പം ആർ.എസ്. എസ് കേന്ദ്രങ്ങൾ കൂടിയാണെന്ന് വ്യക്തവുമാണ്. മാത്രവുമല്ല, സിപിഎം വരുതിയിലാക്കുന്നതിനു മുമ്പ് ഇയാൾ ബിജെപിയിലേക്കു ചാലു കീറാൻ നടത്തിയ ശ്രമങ്ങളും അങ്ങാടിപ്പാട്ടാണ്.
സിപിഎം തണലിൽ ലൗ ജിഹാദിൽ ഊന്നി “ഇസ്ലാമോഫോബിയ” വമിപ്പിക്കുന്ന മാണി പുത്രൻ വിമോചന സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന…Posted by James PJ on Sunday, 28 March 2021
സവർണ ക്രിസ്ത്യൻ മത നേതൃത്വം മോദി ഭരണത്തിൽ ‘രക്ഷ’ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടതു കൂടിയാണ് വിഷയം. കത്തോലിക്കാ മത നേതൃത്വത്തിന്റെ പരമ്പരാഗതമായ ഇസ്ലാം വിരുദ്ധത (ഇപ്പോഴത്തെ പോപ് ഇതിന് അപവാദമാണെന്ന് സൂചിപ്പിക്കട്ടെ) ഇതിലൊരു ഘടകമാണു താനും.
കേരളത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്ര ഭരണത്തിന്റെ മാതൃകയിൽ കോർപ്പറേറ്റ് വൽകരണത്തോടൊപ്പം ഇസ്ലാമോഫോബിയയിൽ അധിഷ്ഠിതമായ സംഘിവൽകരണവും ഏറ്റെടുത്തിട്ടുള്ള സി.പി.എമ്മുമായുള്ള രാഷ്ട്രീയ ബാന്ധവത്തിന്റെ പശ്ചാത്തലത്തിലാണ് യാതൊരടിസ്ഥാനവുമില്ലാത്ത ലൗ ജിഹാദിനെതിരെ ജോസ് മോൻ ഇപ്പോൾ കത്തിക്കയറുന്നത്.
ഇത്ര ഗുരുതരമായ വിവരക്കേട് മാണി പുത്രൻ എഴുന്നെള്ളിക്കുമ്പോൾ, ഇയാളുമായി കൂട്ടുകെട്ടുണ്ടാക്കി ‘മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ’ (ജോസ്മോനുമായി ബാന്ധവുമുണ്ടാക്കിയതിന് സിപിഎം നൽകിയിട്ടുള്ള ന്യായീകരണം) ഇറങ്ങിയിട്ടുള്ള സിപിഎം സ്വയം എത്തിപ്പെട്ടിട്ടുള്ള രാഷ്ട്രീയ ജീർണ്ണതയുടെ ദുർഗന്ധം കൂടിയാണ് പരക്കുന്നതെന്നു പറയാതെ വയ്യ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
പ്രേമചന്ദ്രൻ MP പക്ക വർഗീയത പറഞ്ഞപ്പോൾ അതൊന്നും അറിഞ്ഞിരുന്നേയില്ല Open Press