ഇംഗ്ലീഷ് കളിക്കാർക്ക് മാനസിക ബലം കുറവാണ്, ഇന്ത്യക്കാർക്ക് ഭയങ്കര മാനസികബലമാണ്, അത് കൊണ്ടാണ് ഇന്ത്യയോട് പിടിച്ചു നിൽക്കാൻ കഴിയാതെ നാലാം ടെസ്റ്റ് തോറ്റത് എന്നൊരു തിയറിയും (അപ്പൊ മൂന്നാം ടെസ്റ്റ് പൊരുതുക പോലും ചെയ്യാതെ ഇന്ത്യ തോറ്റത് അന്ന് മാത്രം അവർക്ക് മനോബലം ഇല്ലാതിരുന്നത് കൊണ്ടാണോ എന്ന് ചോദിക്കരുത്) അതിന് പിൻബലമായി മാനസിക പ്രശ്നങ്ങളാൽ കരിയർ അവസാനിപ്പിക്കേണ്ടി വന്ന ഇംഗ്ലീഷ് ക്രിക്കറ്റിലെ കളിക്കാരെ ഉദാഹരിച്ചും ചില പോസ്റ്റുകൾ കണ്ടിരുന്നു.
മാർക്കസ് ട്രെസ്ക്കോത്തിക്, ജോനഥൻ ട്രോട്ട്, ആൻഡ്രൂ ഫ്ലിന്റോഫ്, കെവിൻ പീറ്റേഴ്‌സൺ തുടങ്ങി കുറെ ഉദാഹരണങ്ങളും കണ്ടിരുന്നു. (ട്രോട്ടും പീറ്റേഴ്‌സണും ശരിക്കും സൗത്ത് ആഫ്രിക്കൻ ആണ്).
ഇപ്പോഴത്തെ കളിക്കാരിൽ ബെൻ സ്റ്റോക്‌സും. ഇംഗ്ലണ്ടിൽ മാത്രമല്ല, ലോകമാകെ എലീറ്റ് അത്‌ലറ്റുകളും സ്പോർട്സ് താരങ്ങളും മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
അതിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ നമ്മൾ അറിയുന്നുള്ളൂ എന്ന് മാത്രം. മുകളിൽ പറഞ്ഞവർ കൂടാതെ ഇംഗ്ലണ്ടിന്റെ റഗ്ബി ഇതിഹാസം ജോണി വിൽക്കിൻസൺ, ബോക്സിങ് താരങ്ങളായ റിക്കി ഹാറ്റൺ, ടൈസൺ ഫ്യുറി, അമേരിക്കൻ ടെന്നീസ് ഇതിഹാസങ്ങളായ സറീന വില്യംസ്, ആന്ദ്രേ അഗാസി, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ ആൻഡ്രൂ സൈമണ്ട്സ്, അടുത്തിടെ ഗ്ലെൻ മാക്‌സ്‌വെൽ, എക്കാലത്തെയും മികച്ച നീന്തൽ താരമായ ഇയാൻ തോർപ്പ്, തുടങ്ങി അനേകം ഒളിമ്പിക്/ലോക ചാമ്പ്യന്മാരുടെയും പേരുകൾ ചുമ്മാ ഒരു ഗൂഗിൾ സെർച്ച് നടത്തിയാൽ നമുക്ക് കാണാനാകും.
ചെറുപ്രായം മുതൽ പെർഫോം ചെയ്യാനും ജയിക്കാനുമുള്ള കഠിനമായ പ്രയത്നവും പരിശീലനവും പ്രതീക്ഷകളും ആയി ജീവിക്കുന്ന മനുഷ്യർക്ക് മനസ്സിന്റെ താളം എപ്പോഴെങ്കിലും തെറ്റിയില്ലെങ്കിലേ അതിൽ അസ്വാഭാവികതയുള്ളൂ.
പക്ഷെ ഒരു സൂപ്പർ ഹ്യൂമൻ ഇമേജുമായി ജീവിക്കുന്ന ഇത്തരം കായിക താരങ്ങൾ അത് പുറത്തു പറയുന്നത് വിരളമാണ്. പലരും കരിയർ നേരത്തെ അവസാനിപ്പിക്കും, ബ്രിട്ടീഷ് ജൂഡോ ചാമ്പ്യനായിരുന്ന ക്രെയ്ഗ് ഫാലനെപ്പോലെ ചുരുക്കം ചിലർ ആത്മഹത്യയിലേക്കും നീങ്ങും.
ലോകത്താകമാനം ഉള്ളൊരു സംഗതി ഇന്ത്യയിൽ മാത്രം ഇല്ലെന്ന് നമ്മൾക്ക് വേണമെങ്കിൽ നടിക്കാം. അതും കോടിക്കണക്കായ ജനത്തിന്റെ പ്രതീക്ഷകൾ തലയിലേറ്റി ജീവിക്കേണ്ടി വരുന്ന ക്രിക്കറ്റ് കളിക്കാർക്ക്.
ഏതെങ്കിലും മേജർ ടൂർണമെന്റിൽ തോറ്റാൽ സ്വന്തം വീട് ആക്രമിക്കപ്പെടുമോ എന്ന് പോലും ഭയന്ന് ജീവിക്കേണ്ടി വരുന്ന കളിക്കാർക്ക് മാനസിക സമ്മർദ്ദവും അതിന്റെ ഫലമായി മാനസിക പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ യാതൊരു സാധ്യതയുമില്ല.
ലോകത്തെ ഏറ്റവും മികച്ച കളിക്കാർ ആകാൻ ചാൻസും പ്രതിഭയും ഉണ്ടായിരുന്ന എത്രയെത്ര കളിക്കാരാണ് യൗവ്വനം തീരും മുന്നേ കളി നിർത്തി പോയതെന്ന് ആലോചിക്കണം. ലക്ഷ്മൺ ശിവരാമകൃഷ്ണൻ, സദാനന്ദ് വിശ്വനാഥ്, വിനോദ് കാംബ്ലി എന്നിങ്ങനെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.
മാക്‌സ്‌വെൽ തന്റെ മാനസിക പ്രശ്നങ്ങൾ തുറന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിന് സപ്പോർട്ടുമായി മുന്നോട്ടു വന്ന വിരാട് കോഹ്ലി താനും 2014 ൽ സമാനമായ ഒരു അവസ്ഥയിൽ പെട്ടുപോയതായും അന്ന് ആരോട് എങ്ങനെ ഇതേപ്പറ്റി പറയണം, സഹായം തേടണം എന്നറിയാതെ വിഷമിച്ച കാര്യം 2019 ലെ ഒരു പ്രസ് കോൺഫറൻസിൽ പറഞ്ഞിരുന്നു.
കായിക താരങ്ങൾക്ക് ഉണ്ടാകാവുന്ന പരിക്കുകൾ പോലെ ഒരു ഒക്കുപ്പേഷണൽ ഹസാർഡ് ആണ് മാനസിക പ്രശ്നങ്ങളും. പുരോഗതി നേടിയ സമൂഹങ്ങളിൽ കായിക താരങ്ങൾ അതേപ്പറ്റി തുറന്നു പറയുന്നു, സമൂഹവും ആരാധകരും അവരെ അതിന്റെ പേരിൽ ജഡ്ജ് ചെയ്യുന്നില്ല.
മാനസിക പ്രശ്നങ്ങളുള്ള സാധാരണ മനുഷ്യരെ വരെ അകറ്റി നിർത്തുന്ന നമ്മുടെ നാട്ടിൽ സൂപ്പർ ഹ്യൂമൻ ഇമേജുമായി ജീവിക്കേണ്ടി വരുന്ന കായിക താരങ്ങൾ ഇതേപ്പറ്റി മിണ്ടാതിരുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഡോ: കുഞ്ഞാലൻ കുട്ടി
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS