Art & LiteratureMiddle East

ഷാർജ പുസ്തകമേള; കോവിഡ് കാലത്തെ മഹാമേള

വായന/മുജീബ് എടവണ്ണ

തിരക്കൊഴിയാത്ത റോഡ് താണ്ടിയാണ് തിരയടങ്ങിയ കടൽ പോലെ ആയ പുസ്തകമേളയിലെത്തിയത്. വാങ്ങാനൊന്നും കരുതിയിട്ടില്ലെങ്കിലും പുസ്തകങ്ങളുടെ ഗന്ധം നമ്മെ മത്തുപിടിപ്പിക്കും. ഈജിപ്ഷ്യൻ സാഹിത്യകാരനായ മൻഫലൂത്തിയുടെ ഫുൾ വർക്ക് ഒറ്റ ഗ്രന്ഥത്തിലാക്കിയതു വലിയ പേശലില്ലാതെ തരപ്പെടുത്തി. പഠന കാലത്തു തന്നെ മനസ്സിൽ പതിഞ്ഞ എഴുത്തുകാരനാണദ്ദേഹം.

അറബിക് മാഫീ മുശ്ക്കിൽ പരിഷ്ക്കരിച്ച പതിപ്പ് വിൽക്കുന്ന ഡിസി യിൽ കയറി. ‘ആസാദി’ വാങ്ങി. അൻവറും അഷ്റഫും നമ്മുടെ നാല് വർഷം പഴക്കമുള്ള പുസ്തകം ഉയർത്തിപ്പിടിച്ച് സ്നേഹം പ്രകടിച്ചു. ‘യൂ ട്യൂബ് ചാനൽ സിൻഡ്ര’മുള്ള അൻവർ പുസ്തകം വാങ്ങി ക്യാമറയിലുമാക്കി. റൗദയ്ക്ക്‌ പൊള്ളുന്ന വിലയിൽ ഒരു കഥക്കൂട്ടും. ഇത്രയുമായപ്പോൾ പോക്കറ്റും ശോഷിച്ചു.

സാംസ്കാരിക മേളകളുടെ താളപ്പെരുക്കമില്ലാത്തതിനാൽ ഒരു ഓളമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. പുസ്തക പ്രകാശനങ്ങൾ ചെറുചടങ്ങായി സ്റ്റാളുകളിൽ ചുരുങ്ങി.

മഴ കൊള്ളാതിരിക്കാൻ കടകളിൽ കയറി നിൽക്കുന്ന പ്രതീതി ജനിപ്പിച്ച് സ്റ്റാളുകൾ വേദികളാക്കി പുതിയ പുസ്തകങ്ങൾ പുറത്തുവന്നു.

Advertisement

മാസ്ക്കഴിച്ചും മുറുക്കിയും അതിഥി പുസ്തപ്പൊതി പൊളിച്ച് , സാമൂഹ്യ അകലം പാലിച്ച് മിഴിച്ചു നിൽക്കുന്നവർക്ക് മുന്നിലേക്ക് സമർപ്പിക്കുന്ന ലളിത ചടങ്ങുകൾ.

നിറഞ്ഞ സദസ്സ് മനസ്സിൽ സങ്കൽപ്പിച്ച് , കോവിഡിനെ പഴിച്ച് ഓടിക്കൂടിയവർ കരഘോഷം നടത്തി. രചയിതാവിന്റെ ചുണ്ടിൽ ചിരി വിടർന്നു. സെക്യുരിറ്റി ജീവനക്കാർക്ക് അടുത്ത് നിൽക്കുന്നവരെ അകറ്റുന്ന കോവിഡ് കാലഡ്യൂട്ടി കൂടുതലായിരുന്നു.

ഏതെങ്കിലും ഒരു കോണിൽ വൈറസ്‌ കുടിയിരിക്കുന്നുണ്ടാവുമെന്ന ധാരണ പുസ്തക പരിപാടികൾ ഹ്രസ്വവും ലളിതവുമാക്കി.

എത്രയോ പുസ്തകങ്ങളുടെ പേറ്റ് നോവറിഞ്ഞ ഇടമാണ് ഷാർജ എക്സ്പോ സെന്റർ. കോവിഡ് തീവ്രമായപ്പോൾ രോഗബാധിതരെ മാറ്റി പാർപ്പിച്ചിരുന്നതും ഈ വിശാലമായ സമുച്ചയത്തിലായിരുന്നു. ആരോഗ്യവും ആശയങ്ങളും അക്ഷരങ്ങളുമടങ്ങിയ മാനുഷികവസ്ഥയുടെ സംഗമസ്ഥാനം.

നാട്ടിലെ സാഹിത്യ, രാഷ്ട്രീയ നേതാക്കളുടെ അഭാവം മറുനാട്ടിലെ അതിഥികളുടെ മൂല്യം കൂട്ടി. ഉള്ളത് കൊണ്ട് ഓണം പോലെ പ്രിയപ്പെട്ടവരുടെ പുസ്തകങ്ങൾ പിശുക്കില്ലാതെ പ്രകാശിതമായി.

മലയാള പുസ്തക വിൽപ്പന പതിവ് പോലെയല്ലെങ്കിലും വിറ്റു പോയെന്ന സമാധാനത്തോടെ പ്രസാധകർ മടങ്ങി. ഷാർജ ഭരണാധികാരിയുടെ കനിവിൽ കുറെ ബാധ്യതകൾ ഒഴിവായ സന്തോഷം പങ്കെടുത്ത 1024 പ്രസാധകരുടെ മുഖത്തെയും പ്രസാദാത്മകമാക്കും.

ലോകം വൈറസിനു മുന്നിൽ പകച്ചു നിന്ന സമയത്തും അലങ്കാരങ്ങൾ ലഘൂകരിച്ച് ഒരു അന്താരാഷ്ട്ര പുസ്തകോത്സവം ആഘോഷമാക്കിയ യു എ ഇ സാംസ്കാരിക നഗരത്തെ പുസ്തകപ്രേമികൾക്ക്‌ മറക്കാനാകില്ല. ഒരുപക്ഷേ,
കോവിഡ് കാലത്ത് ലോകത്തെ മഹാമേളയും ഇതായിരിക്കും.

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x