KeralaViews

അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോൾ

മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും ഇത്തരത്തിൽ രോഗം വരാൻ സാധ്യതയുള്ള എല്ലാവർക്കും ആശുപത്രി സംവിധാനങ്ങൾ ഒരുക്കാൻ കഴിയില്ല.

കോവിഡിനെതിരായ യുദ്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക് അവസരം നൽകുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ പറയാറുണ്ടല്ലോ.

ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് രോഗികളുടെ എണ്ണം വർധിച്ചോ അവിടെയൊക്കെ മരണനിരക്ക് കുതിച്ചുയർന്നു. സാധാരണഗതിയിൽ രക്ഷിച്ചെടുക്കാവുന്ന കേസുകൾ പോലും മരണത്തിൽ എത്തി. തൊണ്ണൂറു വയസ്സ് കഴിഞ്ഞവരെ പോലും രക്ഷിച്ചെടുത്ത ആരോഗ്യ പ്രവർത്തകർക്ക് എൺപത് കഴിഞ്ഞവർക്ക് വേണ്ടി ആശുപത്രി സംവിധാനങ്ങൾ ഉപയോഗിക്കണോ എന്നുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നു.

നമ്മുടെ ഉറ്റവരും, ബന്ധുക്കളും, നാട്ടുകാരും ഒക്കെ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വരുന്നത്, ആർക്ക് ചികിത്സ നൽകണം, ആർക്ക് നിഷേധിക്കണം എന്ന് തീരുമാനിക്കേണ്ടി വരുന്നത്, ഇതൊക്കെ നമ്മുടെ സമൂഹത്തിൽ ഇന്നുള്ള മൂല്യങ്ങളെ പിടിച്ചുലക്കും, കൊറോണക്കാലം കഴിഞ്ഞാലും വിശ്വാസം എന്ന സമൂഹ മൂലധനം ഇല്ലാതാക്കും.

ഇതുകൊണ്ടൊക്കെ തന്നെയാണ് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കകത്ത് നിർത്തണം എന്ന് പറയുന്നത്.

കഴിഞ്ഞ ഒരു വർഷം കൊണ്ട് രണ്ടു കാര്യങ്ങൾ ചെയ്യാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമത് ആശുപത്രി സംവിധാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാരും സ്വകാര്യ ആശുപത്രികളുമായി, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയി, ഇപ്പോൾ മൂന്നു ലക്ഷത്തോളം രോഗികളെ നമ്മുടെ ആരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്നുണ്ട്.

ആരോഗ്യപ്രവർത്തകർക്കും പ്രായമായവർക്കും മറ്റു അപകട സാദ്ധ്യതകൾ ഉളളവർക്കും വാക്സിൻ നല്കാൻ കഴിഞ്ഞതാണ് അടുത്ത മാറ്റം. വാക്സിനുകൾ നൂറു ശതമാനം പ്രൊട്ടക്ഷൻ നൽകുന്നില്ല എങ്കിലും ആവശ്യമുള്ള എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല എങ്കിലും എത്രമാത്രം വാക്സിൻ സമൂഹത്തിൽ എത്തിയോ അത്രയും അപകട സാധ്യത കുറഞ്ഞു, അത്രയും ആത്മവിശ്വാസം കൂടി. നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ പ്രത്യേകിച്ചും, അവരുടെ മരണങ്ങൾ ഒഴിവാക്കാൻ ഇത് തീർച്ചയായും സഹായിക്കും.

പക്ഷേ കേരളത്തിലെ മൂന്നര കോടി ജനങ്ങളിൽ ഇപ്പോഴും ഒരു കോടി ആളുകൾക്ക് പോലും വാക്സിൻ എടുത്തോ രോഗം വന്നോ താത്കാലിക പ്രതിരോധ ശേഷി വന്നിട്ടില്ല. അപ്പോൾ വൈറസിന് പരക്കാൻ രണ്ടുകോടി ആളുകൾ ബാക്കി നിൽക്കുകയാണ്. ഒന്നിൽ നിന്നും രണ്ടിലേക്കും രണ്ടിൽ നിന്നും നാലിലേക്കും പരക്കുന്ന വൈറസിന് കോടിയിലേക്ക് എത്താൻ നമ്മൾ വിചാരിക്കുന്ന സമയം ഒന്നും വേണ്ട.

ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും ഇത്തരത്തിൽ രോഗം വരാൻ സാധ്യതയുള്ള എല്ലാവർക്കും ആശുപത്രി സംവിധാനങ്ങൾ ഒരുക്കാൻ കഴിയില്ല.

അത് മാത്രമല്ല. ഒരു കല്യാണ മണ്ഡപം എഫ് എൽ ടി സി ആക്കുന്നത് പോലെ ഹോട്ടൽ മുറി ഐ സി യു ആക്കാൻ പറ്റില്ല. ഐ സി യു വിൽ ആവശ്യമായ ഉപകരണങ്ങൾ ഇപ്പോൾ ലോകത്ത് എല്ലാവരും വാങ്ങാൻ നടക്കുകയാണ്, അത് ഉൽപ്പാദിപ്പിക്കുന്നത് ഉടൻ ഉടൻ വിറ്റു പോകുന്നു, മാസ്ക് ഉണ്ടാക്കുന്ന പോലെ വേഗത്തിൽ വെന്റിലേറ്റർ ഉണ്ടാക്കാൻ പറ്റില്ല.

ഉപകരണങ്ങൾ കിട്ടിയാലും ഐ സി യു റൂമിലും വെന്റിലേറ്റർ ഉപയോഗിക്കുന്നതിലും പരിശീലനം കിട്ടിയ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ട്. വെന്റിലേറ്റർ ഉണ്ടാക്കുന്ന വേഗതയിൽ പോലും ടെക്‌നീഷ്യൻസിനെ പരിശീലിപ്പിച്ചെടുക്കാൻ കഴിയില്ല.

കേരളത്തിലെ രോഗത്തിന്റെ വർദ്ധന (റീപ്രൊഡക്ഷൻ റേറ്റ്) ഇപ്പോൾ രണ്ടിന് മുകളിൽ ആണെന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. നാല്പതിനായിരം രോഗികൾ എന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ അവർ ശരാശരി രണ്ടുപേരിലേക്ക് രോഗം പടർത്തിയാൽ രോഗികളുടെ എണ്ണം താമസിയാതെ എൺപതിനായിരം ആകും !!

ഇത്തരത്തിൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയുടെ തൊട്ടടുത്തേക്ക് കുതിക്കുകയാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം കൂടുമ്പോൾ ആനുപാതികമായി തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടും. രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് നാലിരട്ടിയാവാം, ആധുനിക സൗകര്യങ്ങൾ രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കാൻ പോയിട്ട് പത്തു ശതമാനം പോലും കൂട്ടാൻ നമുക്ക് സാധിക്കില്ല.

അപ്പോൾ രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.

അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി.

രോഗികളും രോഗം ഇല്ലാത്തവരും തമ്മിൽ അടുത്തുവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.

റീപ്രൊഡക്ഷൻ റേറ്റ് ഒന്നിന് താഴെ എത്തിക്കണം. അതായത് ഒരു രോഗിയിൽ നിന്നും ശരാശരി ഒരു രോഗി പുതിയതായി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.

രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴേക്ക് കൊണ്ടുവരണം.

ഈ യുദ്ധം നമ്മുടെ ആശുപത്രിയുടെ പരിമിതികൾക്കകത്ത് നടത്താൻ സാധിക്കണം.

ഇന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചാലും രോഗികളുടെ എണ്ണം അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് കൂടും.

പക്ഷെ ലോക്ക് ഡൌൺ തീർച്ചയായും രോഗവ്യാപനം തടയും.

വാക്സിനേഷൻ ആവുന്നത് പോലെ തുടരണം

ലോക്ക് ഡൌൺ രോഗികളുടെ എണ്ണം കുറക്കുകയും വാക്സിനേഷൻ പ്രതിരോധ ശേഷി ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ വീണ്ടും നമുക്ക് ശ്വാസം വിടാൻ പറ്റുന്ന സമയം വരും.

തൽക്കാലം ഈ ലോക്ക് ഡൗണിനെ പൂർണ്ണമായും അംഗീകരിച്ച് നിർദ്ദേശങ്ങൾ പാലിക്കേണ്ട സമയമാണ്.

ബുദ്ധിമുട്ടുകൾ ഏറെ ഉണ്ട്. എല്ലാവർക്കും എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭക്ഷണത്തിന് ഉള്ള ബുദ്ധിമുട്ടുകൾ വരെ മാനസിക സമ്മർദ്ദം വരെ പലവിധ പ്രശ്നങ്ങൾ ഉണ്ട്.

എന്നാലും തൽക്കാലം മറ്റൊരു വഴിയില്ല എന്ന് മാത്രമല്ല, ഇതിനപ്പുറത്ത് നമ്മുടെ അടുത്ത് മറ്റൊരു ആയുധവും ഇല്ല എന്നും ഓർക്കണം.

നമ്മുടെ ചുറ്റും നമ്മുടെ ബന്ധുക്കളും നാട്ടുകാരും ഓക്സിജൻ കിട്ടാതെ, ആശുപത്രി കിടക്കകൾ ലഭിക്കാതെ കഷ്ടപ്പെടുന്നതും മരിക്കുന്നതും ഒഴിവാക്കാൻ ഈ ലോക്ക് ഡൌൺ നമുക്ക് വിജയിപ്പിച്ചേ പറ്റൂ.

ഒരു ലോക്ക് ഡൌൺ കണ്ട ആളുകൾ ആണ് നമ്മൾ.

അന്ന് കേരളത്തിലേക്ക് അരിയും പച്ചക്കറിയും വരില്ല എന്നൊക്കെ പേടിച്ചവരാണ് നമ്മൾ. അതൊന്നും ഉണ്ടായില്ല. അരി വന്നു, പച്ചക്കറി വന്നു. ആരും പട്ടിണി കിടക്കാതെ നമ്മുടെ സർക്കാർ എല്ലാവരെയും കാത്തു.

ഈ ലോക്ക് ഡൗണും നമ്മൾ അതിജീവിക്കും. ഉറപ്പാണ്.

സുരക്ഷിതരായിരിക്കുക

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x