PoliticalWorld

മ്യാൻമർ സൈനിക നേതൃത്വത്തിന് അന്താരാഷ്‌ട്ര ബിസിനസിൽ പങ്കാളിത്തം : ആംനസ്റ്റി ഇന്റർനാഷണൽ

വിവർത്തനം/ നിയാസ് മാഞ്ചേരി

റോഹിൻഗ്യൻ മുസ്ലിംകൾക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ വംശീയ അക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മ്യാൻമർ സൈനിക നേതൃത്വത്തിന് അന്താരാഷ്ട്ര ബിസിനസുകളിൽ പങ്കാളിത്തമുള്ളതായി ആംനസ്റ്റി ഇന്റർനാഷനലിനെ ഉദ്ധരിച്ചു കൊണ്ട് അൽ ജസീറ റിപ്പോർട് ചെയ്തു.

മ്യാൻമർ ഇക്കണോമിക് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നു ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.

മ്യാൻ‌മറിന്റെ സൈന്യത്തിന് 18 ബില്യൺ ഡോളർ ലാഭവിഹിതം യാങ്കോൺ ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് വർഷങ്ങളായി ലഭിച്ചുവെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥരാണ് കമ്പനിയുടെ ബോർഡ് അംഗങ്ങളെന്നും ആംനസ്റ്റി വ്യക്തമാക്കി.

“മ്യാൻ‌മറിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവർ എം‌ഇ‌എച്ച്‌എല്ലിന്റെ ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നവരിൽ ഉൾപ്പെടുന്നു. ഈ രേഖകൾ മിയാൻമർ സൈനികർക്ക് എം‌എ‌എച്ച്‌എല്ലിന്റെ വിശാലമായ ബിസിനസ്സ് സാമ്രാജ്യത്തിൽ നിന്ന് എങ്ങനെ നേട്ടമുണ്ടാക്കുന്നു എന്നതിന്റെ പുതിയ തെളിവുകൾ നൽകുന്നു, കൂടാതെ സൈന്യവും എം‌എ‌എച്ച്‌എല്ലും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.” ചോർന്നു കിട്ടിയ കമ്പനിയുടെ ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് ആംനസ്റ്റിയുടെ ബിസിനസ്, സുരക്ഷ, മനുഷ്യാവകാശ വിഭാഗം മേധാവി മാർക്ക് ഡമ്മെറ്റ് പറഞ്ഞു.

സജീവവും വിരമിച്ചതുമായ സൈനിക ഉദ്യോഗസ്ഥരുടെ പൂർണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് കമ്പനിയുടെ പ്രവർത്തനങ്ങളെന്ന് കമ്പനിയുടെ ഷെയർഹോൾഡർ രേഖകളിലൂടെ വ്യക്തമാകുന്നുണ്ട്. വിവിധ സൈനിക യൂണിറ്റുകളാണ് – സമീപകാലത്ത് സംഘർഷം രൂക്ഷമായ റാഖൈൻ സ്റ്റേറ്റിലേക്ക് നിയോഗിച്ചിട്ടുള്ള കോംബാറ്റ് ഡിവിഷനുകൾ ഉൾപ്പെടെ – കമ്പനിയുടെ മൂന്നിലൊന്ന് ഭാഗം സ്വന്തമാക്കിയിട്ടുള്ളത്.

കമ്പനിയിൽ നിന്ന് നേരിട്ട് നേട്ടമുണ്ടാക്കുന്നവരിൽ മ്യാൻമറിലെ ഉന്നത സൈനിക കമാൻഡർ ജനറൽ മിൻ ആംഗ് ഹേലിംഗും ഉൾപ്പെടുന്നു. 2010 നും 2011 നും ഇടയിൽ 5,000 ഓഹരികൾ സ്വന്തമാക്കിയിരുന്ന അദ്ദേഹത്തിന് 250,000 ഡോളർ പേയ്‌മെന്റുകൾ ലഭിച്ചുവെന്ന് ആംനസ്റ്റിക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.

റോഹിംഗ്യകൾക്കെതിരായ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ അന്വേഷണവും പ്രോസിക്യൂഷനും നേരിടാനിരിക്കുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് ജനറൽ മിൻ ആംഗ് ഹേലിംഗ്.

അതേസമയം , ചൊവ്വാഴ്ച, മ്യാൻമറിൽ നിന്നുള്ള രണ്ട് സൈനികർ 2017 ലെ ക്രൂരമായ ആക്രമണത്തിനിടെ റോഹിംഗ്യൻ ഗ്രാമീണരെ കൊന്ന് ബലാത്സംഗം ചെയ്യാൻ തങ്ങളുടെ മേലുദ്യോഗസ്ഥർ നിർദേശം നൽകിയതായും 700,000 ലധികം റോഹിംഗ്യകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും വെളിപ്പെടുത്തി.

ഏറ്റവും പുതിയ ഈ റിപ്പോർട്ടിനെക്കുറിച്ച് ജനറൽ മിൻ ആംഗ് ഹേലിംഗും മ്യാൻമർ മിലിട്ടറിയും ഇതുവരെ അഭിപ്രായമൊന്നും അറിയിച്ചിട്ടില്ല. റാഖൈനിൽ റോഹിംഗ്യകൾക്കെതിരെ അക്രമം നടത്തിയതായ റിപ്പോർട്ടുകൾ സൈന്യം നേരത്തെ നിഷേധിച്ചിരുന്നു.

വിശാലമായ ബിസിനസ്സ് താൽപ്പര്യം

ഖനനം, ഉൽപ്പാദനം, ബാങ്കിംഗ് എന്നിവയിലുടനീളം കമ്പനിക്ക് വിശാലമായ താൽപ്പര്യങ്ങളുണ്ട്, കൂടാതെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന കമ്പനി കൂടിയാണ് എം‌ഇ‌എച്ച്‌എൽ .

ജാപ്പനീസ് പാനീയ കമ്പനിയായ കിരിൻ ഹോൾഡിംഗ്സ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രോപ്പർട്ടി ഡെവലപ്പർ ഐ‌എൻ‌ഒ ഗ്രൂപ്പ്, വസ്ത്ര കയറ്റുമതിക്കാരായ പാൻ-പസഫിക്, ഉരുക്ക് നിർമ്മാണ ഗ്രൂപ്പ് പോസ്കോ, മ്യാൻമറിൽ പുകയില ബിസിനസുള്ള സിംഗപ്പൂർ ഫണ്ടായ ആർ‌എം‌എച്ച് സിംഗപ്പൂർ, ചൈനീസ് മെറ്റൽ ഖനന കമ്പനിയായ വാൻ‌ബാവോ മൈനിംഗ് തുടങ്ങിയ വൻകിട കമ്പനികളാണ് എം‌ഇ‌എച്ച്‌എല്ലുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുള്ളത്.ചോർന്ന രേഖകളും ഷെയർഹോൾഡർ റിപ്പോർട്ടും മ്യാൻമറിലെ ജനങ്ങളുടെ നീതിക്ക് വേണ്ടി പ്രചാരണം നടത്തുന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘ജസ്റ്റിസ് ഫോർ മ്യാൻമർ’ ആണ് നൽകിയതെന്ന് ആംനസ്റ്റി പറഞ്ഞു.

1990 ൽ MEHL സ്ഥാപിതമായതുമുതൽ ഷെയർഹോൾഡർമാർക്ക് ലഭിച്ച ഗണ്യമായ വാർഷിക ലാഭവിഹിതം സംബന്ധിച്ച വിവരങ്ങൾ ഈ രേഖകളിലുണ്ട്. മ്യാൻമറിൽ കമ്പനികളുടെ രജിസ്ട്രിയായി പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് ഇൻ‌വെസ്റ്റ്മെൻറ് ആൻറ് കമ്പനി അഡ്മിനിസ്ട്രേഷന് (ഡി‌സി‌എ) 2020 ജനുവരിയിൽ സമർപ്പിച്ച ഒരു ഫയലിംഗാണ് പ്രധാനപ്പെട്ട ഒരു രേഖ. ഇത് പ്രകാരം 381,636 ഷെയർഹോൾഡർമാരാണ് എം‌ഇ‌എച്ച്‌എല്ലിന്റെ ഉടമസ്ഥരായുള്ളത്. 1,803 സ്ഥാപന ഓഹരിയുടമകളും സേവനമനുഷ്ഠിക്കുന്ന അല്ലെങ്കിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥരുമാണിവർ. സൈനിക ഉദ്യോഗസ്ഥരിൽ പ്രാദേശിക കമാൻഡുകൾ, ഡിവിഷനുകൾ, ബറ്റാലിയനുകൾ, സൈനികർ എന്നിവർ ഉൾപ്പെടുന്നുതായി ഈ രേഖ വ്യക്തമാക്കുന്നു.

20 വർഷത്തെ കാലയളവിൽ മേല്പറഞ്ഞ ഓഹരി ഉടമകൾക്ക് ഏകദേശം 18 ബില്യൺ ഡോളർ കമ്പനി ലാഭവിഹിതം നൽകിയിട്ടുണ്ട്., റോഹിംഗ്യകളുടെ ആസ്ഥാനമായ റാഖൈൻ സ്റ്റേറ്റിൽ പ്രവർത്തിക്കുകയും ഇപ്പോഴും അരാക്കൻ ആർമിയിൽ നിന്നുള്ള പോരാളികളുമായി യുദ്ധം ചെയ്യുകയും ചെയ്യുന്ന യൂണിറ്റുൾപ്പെടെ വിവിധ സൈനിക യൂണിറ്റിലേക്ക് 16 ബില്യൺ ഡോളർ MEHL കൈമാറി. റാഖൈനിൽ പ്രവർത്തിക്കുന്ന സൈനിക യൂണിറ്റുകൾക്ക് 4.3 ദശലക്ഷത്തിലധികം എം‌എ‌എച്ച്‌എൽ ഓഹരികൾ കൈവശമുണ്ടെന്നും 2010 നും 2011 നും ഇടയിൽ 208 മില്യൺ ഡോളറിന്റെ പേയ്‌മെന്റുകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്.

“ഔദ്യോഗിക സൈനിക ബജറ്റിന് പുറമെ ഗണ്യമായ വരുമാനം ഈ ലിങ്കിലൂടെ സൈന്യത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഈ ബന്ധത്തിന്റെ കൃത്യമായ സ്വഭാവം ജനങ്ങളിൽ നിന്നും രഹസ്യമായി മറച്ചു പിടിച്ചിരിക്കുകയാണ് “. സൈനിക മേഖലയിൽ കൂടുതൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ആംനസ്റ്റി പറഞ്ഞു. ‌ഇ‌എച്ച്‌എല്ലിന്റെ ലാഭം ഉപയോഗിച്ച് വംശീയ ഹത്യയുടെ ഇരകളാക്കപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി ഒരു പ്രത്യേക ഫണ്ട് സ്ഥാപിക്കാനും ആംനസ്റ്റി മ്യാൻമർ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

MEHL യുമായുള്ള ബിസിനസ് പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്ന് ആംനസ്റ്റി റിപ്പോർട്ടിനുള്ള മറുപടിയായി ദക്ഷിണ കൊറിയൻ കമ്പനിയായ പാൻ-പസഫിക് പറഞ്ഞു. ജാപ്പനീസ് കമ്പനിയായ കിരിനും മ്യാൻമർ കമ്പനിയായ കെബിസെഡും എം‌എ‌എച്ച്‌എല്ലുമായുള്ള ബന്ധം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.

എന്നാൽ രേഖകളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മറ്റ് കമ്പനികൾ എം‌എ‌എച്ച്‌എല്ലുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. സായുധ സേനയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന ആംനസ്റ്റി റിപ്പോർട്ടിനോട് എം‌ഇ‌എച്ച്‌എലും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ജസ്റ്റിസ് ഫോർ മ്യാൻമർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന വിശദീകരണത്തോടെ മ്യാൻമറിലെ ഗതാഗത, വാർത്താവിനിമയ മന്ത്രാലയം തടഞ്ഞിരിക്കുകയാണ്. വിമർശകരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ നടപടിയാണിതെന്ന് ജസ്റ്റിസ് ഫോർ മ്യാൻമർ പറഞ്ഞു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Source
Al Jazeera
Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x