
പ്രധാനമന്ത്രി നൽകിയത് തലക്കെട്ടും ശൂന്യമായ പേജും – സാമ്പത്തിക പാക്കേജിനെ കുറിച്ച് പി ചിദംബരം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോവിഡ് പ്രതിരോധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരം.
“ഇന്നലെ നമുക്ക് പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും എന്റെ പ്രതികരണവും ശൂന്യമായിരുന്നു. ഇന്ന് ധനമന്ത്രി ആ പേജ് പൂരിപ്പിക്കാന്‍ കാത്തിരിക്കുകയാണ് നാം. സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എണ്ണും”, ചിദംബരം ട്വീറ്റ് ചെയ്തു.
മറ്റൊരു ട്വീറ്റില്‍ ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുകയെന്ന് ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുമെന്നും അദ്ദേഹം കുറിച്ചു.
“ആര്‍ക്കൊക്കെ എന്തൊക്കെയാണ് ലഭിക്കുന്നതെന്ന് ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കും. ദരിദ്രരും പട്ടിണികിടക്കുന്നവരും എല്ലാം നഷ്ടപ്പെട്ടവരുമായ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്നുകഴിഞ്ഞെത്തുമ്പോള്‍ അവര്‍ക്കെന്ത് ലഭിക്കും എന്നതാണ് ഞങ്ങള്‍ ആദ്യം അന്വേഷിക്കുക, ”ചിദംബരം പറഞ്ഞു.