പുതിയ നികുതി കുടുംബങ്ങളെ കൂടുതല്‍ ദരിദ്രരാക്കും-ചിദംബരം
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ സ്തംഭിച്ചു നിൽക്കുമ്പോൾ അധിക നികുതി ഭാരം ജനങ്ങളില്‍ ചുമത്തരുതെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി.ചിദംബരം. പുതിയതോ ഉയര്‍ന്നതോ ആയ നികുതികള്‍ കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പെട്രോളിനും ഡീസലിനുമുള്ള നികുതി കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.
സമ്പദ് വ്യവസ്ഥ കുതിച്ചുയരുമ്പോള്‍ മാത്രമാണ് പുതിയതോ ഉയര്‍ന്നതോ ആയ നികുതികള്‍ ന്യായീകരിക്കപ്പെടുകയുള്ളൂ. മധ്യവര്‍ഗത്തിനും ദരിദ്രര്‍ക്കും നികുതിഭാരം യഥാര്‍ത്ഥത്തില്‍ അവരുടെ ദുരിതത്തിനുള്ള നികുതിയാണെന്നും ചിദംബരം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് കുടുബങ്ങളിലേക്കും വ്യക്തികളിലേക്കും പണം എത്തണമെന്നാണ് ഞങ്ങള്‍ അപേക്ഷിക്കുന്നത്. എന്നാല്‍ പകരം സര്‍ക്കാര്‍ ചെയ്യുന്നത് തിരിച്ചാണ്. ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണം പിടിച്ചെടുക്കുകയാണ്. ഇത് ക്രൂരമാണ്. പുതിയതും ഉയര്‍ന്നതുമായ നികുതികള്‍ കുടുംബങ്ങളെ കൂടുതല്‍ ദരിദ്രമാക്കും. സര്‍ക്കാര്‍ അവരുടെ ധനകമ്മി നികത്താന്‍ കടംവാങ്ങുകയാണ് വേണ്ടത്. സാമ്പത്തിക പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ ഉയര്‍ന്ന നികുതി ഭാരം ജനങ്ങളില്‍ ചുമത്തരുത്’ ചിദംബരം പറഞ്ഞു.
കഴിഞ്ഞ ദിവസം സമാനമായ അഭിപ്രായ പ്രകടനം നോബൽ ജേതാവ് അഭിജിത്ത് ബാനർജിയും പങ്കുവെച്ചിരുന്നു
പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വര്‍ധനവാണ് റോഡ് ആന്‍ഡ് ഇന്‍ഫ്രാ സെസ് ഇനത്തിലും, എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS