സ്വതന്ത്ര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കാണ് അർധരാത്രി ആരംഭിച്ചത് . ഈ രാജ്യത്തെ നാലിലൊന്ന് ജനത ഇന്ന് പണിമുടക്കിൽ പങ്കെടുക്കും. 30 കോടി തൊഴിലാളികൾ കേന്ദ്ര ഗവർമെന്റിനെതിരായ ജനരോഷത്തിൽ പങ്കുചേരുമ്പോൾ അതിനൊപ്പം അനേക കോടി ജനത ഐക്യദാർഢ്യം പ്രഖ്യാപിക്കും.
അത്തരമൊരു ദേശീയ പണിമുടക്കിനോട് സമൂഹമാധ്യമം ഇപ്പോഴും കാണിക്കുന്ന നിസ്സംഗത ഭയപ്പെടുത്തുന്നതാണ്. തൊഴിൽ നിയമങ്ങൾ എടുത്തുകളഞ്ഞിരിക്കുന്നു, വ്യവസായശാലകൾ വിറ്റുതുലക്കുന്നു, ഉപ്പ് തൊട്ട് മിസൈൽ വരെയുണ്ടാക്കാനുള്ള കരാറുകൾ സ്വകാര്യമേഖലക്ക് കൊടുക്കുന്നു, കർഷകവിരുദ്ധ ഓർഡിനൻസുകൾ വന്നിരിക്കുന്നു, തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നു.
ഈ നാട്ടിലെ തൊഴിലാളിയോട് പ്രതിദിനം 178 രൂപക്ക് പണിയെടുക്കാൻ പറയുന്നു. ഇത്രയും മുന്നിൽ കണ്ടിട്ടും ഈ സമരത്തിനോട് പിന്തുണ പ്രഖ്യാപിക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ നിങ്ങൾ തൊഴിലാളികളും സംഘപരിവാർ സർക്കാരുമായുള്ള യുദ്ധത്തിൽ ആ ഫാസിസ്റ്റ് മുന്നണിക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പറയാതെ പറയുകയാണ്.
നിങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും പണിമുടക്കിൽ 30 കോടി തൊഴിലാളികൾ പങ്കെടുക്കും. വിവിധയിടങ്ങളിൽ പോലീസ് ഇവരെ ലാത്തിക്കടിച്ച് വീഴ്ത്തും. പലരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കും. എന്നാലും അവരീ പോരാട്ടം തുടരും.
കാരണം തൊഴിലാളിയുടെ വർഗബോധം ഓരോ തൊഴിലാളിയോടുമുള്ള ഐക്യമാണ്, ഓരോ തൊഴിലാളിക്കും നിഷേധിക്കപ്പെടുന്ന നീതിക്കായുള്ള രോഷമാണ്, ഒന്നിച്ച് സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളുടെ അഭിമാനകരമായ ഓർമകളാണ്.
നരേന്ദ്രമോദിയുടെ കോർപ്പറേറ്റ് ഭരണത്തിനെതിരെ പണിമുടക്കുന്ന ഓരോ സഖാവിനും അഭിവാദ്യങ്ങൾ. ആ പണിമുടക്കിന് പിന്തുണ നൽകുന്ന സഖാക്കൾക്കും അവർക്കൊപ്പമെന്ന് അചഞ്ചലം പ്രഖ്യാപിക്കുന്നവർക്കും അഭിവാദ്യങ്ങൾ.
178 രൂപ കൂലി മതിയെന്ന് ചിന്തിക്കുന്ന 12 മണിക്കൂർ പണിയെടുത്താലെന്താ എന്ന് ചിന്തിക്കുന്ന, കോവിഡ് കാലത്തെന്തിനാണ് തൊഴിലാളികളുടെ കുടുംബത്തിന് സാമ്പത്തിക സഹായമെന്ന് ചിന്തിക്കുന്ന വർഗശത്രുക്കളെയും ഒരു നാൾ തൊഴിലാളികൾ തേടി വരിക തന്നെ ചെയ്യും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS