Middle EastSports

ഖത്തർ ലോകകപ്പും നുണ പ്രചാരങ്ങളും; പാശ്ചാത്യർ തുടങ്ങിവെച്ചത് ഏറ്റുടുത്ത് ഇന്ത്യൻ മാധ്യമങ്ങൾ

മെതിലാജ് എം ഏ

കഴിഞ്ഞ 26 വർഷമായി മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന, ജിവിക്കുന്ന ഒരാളാണ് ഞാൻ. അതായതു ജീവിതത്തിന്റെ പകുതിയിലേറെ.

അതിൽ തന്നെ 20 വർഷം യൂ എ ഇ യിൽ, 2 വർഷത്തിലധികം ബഹ്‌റൈനിൽ, ഇപ്പോൾ മൂന്നു വർഷത്തിലധികമായി ഖത്തറിൽ.

എപ്പൊഴും ബാഗ് റെഡിയാണ്, ജോലി ചെയ്യുന്ന സ്ഥാപനം നാളെ ഒമാനിലേക്കോ ഈജിപ്തിലേക്കോ പോകാൻ പറഞ്ഞാൽ അപ്പൊ പോകും.

ഏതാണ്ടെല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും നിരന്തരം സന്ദർശിക്കാറുണ്ടായിരുന്നു. തൊഴിലിന്റെ ഭാഗമായി രാജ്യത്തിനകത്തും നിരന്തരം യാത്ര ചെയ്യുന്നയാൾ. അതായതു 8 – 5 ഓഫീസ് ജോബല്ല. ദിവസവും മൂന്നു നാല് ലൊക്കേഷനുകളിലേക്കെങ്കിലും പോകും, അതും നാലാൾ കൂടുന്ന ഷോപ്പിംഗ് മാളുകളിലും ഹൈ സ്ട്രീറ്റിലുമൊക്കെ.

നിരന്തരം വ്യത്യസ്ത മനുഷ്യരെ കാണുകയും ഇടപെടുകയും ചെയ്യുക എന്നതാണ്‌ പ്രധാന തൊഴിൽ

മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും രാജ്യത്തോട് പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല. ഏതെങ്കിലും നാടിനോട് പ്രത്യേകമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് കേരളത്തോടും കേരളത്തിൽ കൊല്ലത്തോടും കൊല്ലത്ത് ചിന്നക്കടയോടും മാത്രമാണ്.

രാജ്യാതിർത്തികൾ മുതലാളിത്തത്തിന്റെ വിപണിയുടെ അതിരുകൾ മാത്രമാണ് എന്നാണു ചെറുപ്പത്തിൽ വായിച്ചു വളർന്നത്. അതിർത്തികൾ ഇല്ലാതാകുന്ന, ആർക്കും പാസ്പോർട്ട് വേണ്ടാത്ത, ലോകം ഒറ്റ രാജ്യമാകുന്ന ഒരു കാലം എന്നെങ്കിലും വരും എന്ന് ഇപ്പോഴും കരുതുന്നുമുണ്ട്. ( അവസാനം ഭരണകൂടം തന്നെ കൊഴിഞ്ഞു പോകുമോ സഖാവേ എന്ന് ചോദിക്കരുത്, അറിയില്ല, കൊഴിയണേ എന്നാണു ആഗ്രഹം).

ജനാധിപത്യം ആണ് മനുഷ്യൻ ഇത് വരെ പ്രാവർത്തികമാക്കി എടുത്തതിൽ ഏറ്റവും മികച്ച സാമൂഹ്യ വ്യവസ്ഥ എന്നും വിശ്വസിക്കുന്നു, അതുകൊണ്ടു തന്നെ രാജാധിപത്യ, മതാധിപത്യ സംവിധാനങ്ങളോട് നല്ല അനിഷ്ടമുണ്ട് താനും.

സാംസ്കാരികമായി, മധ്യേഷ്യൻ രാജ്യങ്ങൾ പൊതുവേ ഇനിയും ഒരുപാട്‌ മാറാനുണ്ട് എന്നാണു എന്റെ കാഴ്ചപ്പാട്. സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഇറാനിലെ തെരുവിൽ പ്രതിഷേധിക്കുന്ന ജനതയോടൊപ്പമാണ് ഞാൻ. മതത്തിലല്ല മനുഷ്യനിലാണ് വിശ്വാസം.

ഇത്രയും പറഞ്ഞതെന്തിനെന്നോ, ഖത്തറിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ തുടങ്ങി വെച്ച, ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റെടുക്കുന്ന, ഞാൻ വ്യക്തിപരമായി അറിയുന്ന, ബഹുമാനിക്കുന്ന ആളുകൾ പോലും അത് ശരിയല്ലേ എന്ന് സംശയിക്കുന്ന വ്യാജ പ്രചാരണങ്ങളെ എതിർക്കുമ്പോൾ എനിക്ക്‌ ഖത്തറിനോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ടെന്ന് പറയുന്ന സുഹൃത്തുക്കൾ അറിയാൻ.

ഖത്തറിനോട് ഒരു പ്രത്യേക മമതയും ഇല്ലെന്നു മാത്രമല്ല, നേരത്തേ പറഞ്ഞത് പോലെ ഇനി മറ്റൊരു രാജ്യത്തേക്ക് പോകാൻ കമ്പനി പറഞ്ഞാൽ ഉടൻ പോകാനായി ബാഗ് പാക്ക് ചെയ്തു വെച്ചിട്ടുള്ളയാളുമാണ് ഞാൻ.

വ്യാജ പ്രചാരണം 1 : ഖത്തറിൽ വസ്ത്ര സ്വാതന്ത്ര്യം ഇല്ല

എന്തൊരു നുണയാണിത്. എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാൻ സ്വാതന്ത്ര്യം മറ്റെല്ലാ രാജ്യങ്ങളിലെയും പോലെ ഖത്തറിലും ഉണ്ട്. ഞാൻ മിക്കവാറും ഷോർട്സ് ധരിച്ചാണ് വൈകുന്നേരങ്ങളിൽ പുറത്തു പോകുക. എല്ലാ ദിവസവും ഷോർട്സും മൈക്രോ മിനി സ്കേർട്ടും സ്ലീവ് ലെസ്സ് ടോപ്പും ഒക്കെ ധരിച്ച സ്ത്രീകളെയും കാണാറുണ്ട് ഞാൻ. രാജ്യത്തുപയോഗിക്കാമെങ്കിൽ സ്റ്റേഡിയത്തിലും ഉപയോഗിക്കാം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇതെഴുതുമ്പോഴും എന്റെ മുന്നിലൂടെ ഹൈലി ഫാഷനബിൾ എന്ന് വിളിക്കാവുന്ന വസ്ത്രം ധരിച്ചു ഒരു പെൺകുട്ടി കടന്നു പോയി.

വ്യാജ പ്രചാരണം 2 : ഖത്തറിൽ മദ്യം അനുവദനീയമല്ല

വലിയ നുണയാണിത്. ഖത്തറിൽ ലീഗലി മദ്യം വിൽക്കുകയും വാങ്ങുകയും ചെയ്യാം. മദ്യം വിൽക്കുന്ന വലിയ ഷോപ്പിംഗ് മാൾ പോലെയുളള കടയുണ്ട് ( നാട്ടിലെ പോലെ റോഡരികിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ക്യു നിൽക്കേണ്ടതില്ല). രാജ്യത്തു മിക്ക സ്റ്റാർ ഹോട്ടലുകളിലും മദ്യം ലഭിക്കും.

വേൾഡ് കപ്പിനോട് അനുബന്ധിച്ചു തുടങ്ങിയ മിക്കവാറും ഫാൻ സോണുകളിലും ഫാൻ വില്ലേജുകളിലും വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റുകളിലും സ്‌പെഷൽ മദ്യ ഷോപ്പുകൾ തുറന്നിട്ടുണ്ട് ( ഈ ഫാൻ സോണുകളിൽ എല്ലാം ഞങ്ങളുടെ കോഫി ഷോപ്പുകളും റെസ്റ്റോറന്റുകളും തുറന്നിട്ടുള്ളതിനാൽ ഞാൻ ഇപ്പൊ ദിവസവും അവിടങ്ങളിലാണ് സന്ദർശനം. ചിലയിടങ്ങളിൽ തുറന്നു വെച്ചിരിക്കുന്ന ബാറുകളുടെ എണ്ണം കണ്ടു അത്രയൊക്കെ വേണോ എന്ന് ഞാൻ അത്ഭുതം കൂറി).

സ്റ്റേഡിയങ്ങളിൽ മദ്യം അനുവദനീയമല്ല എന്നത് ശരിയാണ്. അതൊരു വിമർശനമായി ഉന്നയിക്കുന്നവർ ലോകത്തിലെ 75 ശതമാനം രാജ്യങ്ങളിലും പരസ്യമായി, വലിയൊരു ആൾക്കൂട്ടത്തിലിരുന്നു മദ്യപിക്കാൻ കഴിയില്ലെന്ന് മറന്നു പോകരുത്. ഇന്ത്യയിലും ഒരു സ്റ്റേഡിയത്തിലുമിരുന്നു മദ്യപിക്കാൻ കഴിയില്ല.

ഞാൻ അവസാനം ചെക്ക് ചെയ്യുമ്പോൾ ചിന്നക്കടയിൽ പോലും പരസ്യമായി റോഡിലിരുന്നു മദ്യപിച്ചാൽ അറസ്റ് ചെയ്യപ്പെടും എന്നാണറിഞ്ഞത്. ഓടുന്ന സ്വകാര്യ കാറിലിരുന്ന് മദ്യപിച്ചാൽ കേസെടുക്കാമെന്ന് കോടതി ഉത്തരവുണ്ട്.

വ്യാജ പ്രചാരണം 3 : ലോകകപ്പ് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനിടെ 3650 പേർ മരിച്ചു

നുണ നിർമ്മിക്കുമ്പോൾ ഏതു ഗാർഡിയൻ ആയാലും അൽപ സ്വല്പം മര്യാദ ഒക്കെ കാട്ടണം. 3650 പേർ ഒരു വർഷം കൊണ്ട് മരിക്കണമെങ്കിൽ ഒരു ദിവസം 10 പേർ വെച്ച് മരിക്കണം, 10 വർഷം കൊണ്ടെങ്കിൽ ഒരു ദിവസം ഒരാൾ വീതം. ഏതായാലും ഭീകരമായ നുണയാണ്.

സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് മധ്യേഷ്യൻ രാജ്യങ്ങളിൽ യൂറോപ്പിനോപ്പം വരില്ലെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളെക്കാൾ വളരെ മുന്നിലാണ്. ഒന്നാമത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന മിക്കവാറും വലിയ കോൺട്രാക്ട് കമ്പനികൾ ഓക്കെ യൂറോപ്പിയൻ ബേസ്ഡ് ആണ്.

നിർമ്മാണം നടക്കുന്ന മാളുകളിലും മറ്റും സ്ഥിരം സന്ദര്ശകനാണ്‌ ഞാൻ. സേഫ്റ്റി ഷൂസ്, ഹെൽമറ്റ്, സേഫ്റ്റി ജാക്കറ്റ് ഇവ മൂന്നും ധരിക്കാതെ എന്നെ ഒരിക്കലും ഒരു സൈറ്റിലും കയറ്റിയിട്ടില്ല. ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. മിനിസ്ട്രി സൈറ്റ്‌ വിസിറ്റുകളും ചെക്കിങ്ങും ഒക്കെ വളരെ കൂടുതലാണ് ഇവിടെ ഇന്ത്യയുമായി തട്ടിക്കുമ്പോൾ ( ഇടയ്‌ക്കിടെ ഇന്ത്യയുമായി തട്ടിക്കുന്നതു എനിക്കറിയാവുന്ന പ്രധാന സ്റ്റാൻഡേർഡ് അതാണെന്നത് കൊണ്ടാണ്).

വർഷങ്ങൾക്കു മുൻപ് നടന്ന ഒരു മാൾ തീപിടുത്ത ദുരന്തത്തിന് ശേഷം ഖത്തറിൽ ഫയർ ആൻഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് ദുബായിലേക്കാളും മറ്റു മധ്യേഷ്യൻ രാജ്യങ്ങളെകാളും ഉയർന്നതാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (നിർമാണ മേഖലയിലെ സേഫ്റ്റി അവിടെ നിൽക്കട്ടെ, ഫുഡ് ബിസിനസ്സിൽ കൂടി ഉള്ള ഞങ്ങളുടെ ഒക്കെ സ്ഥാപനങ്ങളിൽ ഏതാണ്ട് എല്ലാ ദിവസവും ഏത്ര സ്ട്രിക്ട് ആയ ചെക്കിങ് ആണെന്നോ മിനിസ്ട്രി ഇൻസ്‌പെക്ടേഴ്‌സ് ദിവസവും നടത്തുക. ഇപ്പോൾ വേൾഡ് കപ്പ് പ്രമാണിച്ചു അത് പതിന്മടങ്ങായി, സന്ദർശകരിൽ ഒരാൾക്ക് പോലും ഫുഡ് പോയിസണിംഗ് ഉണ്ടാകരുതല്ലോ).

സാന്ദർഭികമായി പറയട്ടെ ദുബായിൽ നിന്ന് മിനിസ്ട്രി നടത്തിയ സേഫ്റ്റി ട്രെയിനിങ്ങിൽ പങ്കെടുത്തു സെർട്ടിഫൈഡ് സേഫ്റ്റി ഇൻസ്‌പെക്ടർ എന്നൊരു സംഗതിയൊക്കെ കിട്ടിയിട്ടുണ്ട് എനിക്ക്, എന്നാൽ ഖത്തറിലെ സേഫ്റ്റി സ്റ്റാൻഡേർഡ്‌സും ചെക്കിങ്ങും ഒക്കെ അതിനേക്കാൾ കൂടുതൽ ആണ് എന്നാണു എന്റെ അനുഭവം.

ഇപ്പൊ തന്നെ ഒരുപാടു നീണ്ടു, ഇനിയും എഴുതുന്നില്ല,

യൂ എ ഇ യിൽ നിന്ന് അൽപം മുൻപ് ഒരു സുഹൃത്ത് വിളിച്ചു,

“ഖത്തറിന് ഇതൊക്കെ നടത്താനുള്ള സൗകര്യമൊക്കെ ഉണ്ടോടെയ് ” എന്ന് ചോദിച്ചു

കക്ഷിയോട് പറഞ്ഞത് തന്നെ നിങ്ങളോടും പറയാം.

കൊച്ചി പഴയ കൊച്ചിയല്ല. കഴിഞ്ഞ കുറെ വർഷങ്ങളിൽ ഖത്തർ ഒരുപാടു വികസിച്ചു. വേൾഡ് കപ്പു പ്രഖ്യാപിച്ചതിനു ശേഷം ഖത്തർ ചെലവഴിച്ച 220 ബില്യൺ സ്റ്റേഡിയം നിർമ്മിക്കാൻ മാത്രമായല്ല ഉപയോഗിച്ചതു, പത്തും പതിനാറും ലെയിനുകളുള്ള റോഡുകളും ഫ്‌ളൈ ഓവറുകളും കെട്ടിടങ്ങളും പാർക്കുകളും ഒക്കെ വന്നു. ഏഴെട്ട് കൊല്ലം മുൻപ് വരെ ഖത്തർ ഇടയ്ക്കൊക്കെ തൊഴിൽപരമായി സന്ദർശിക്കാറുണ്ടായിരുന്ന ഞാൻ പോലും അത്ഭുതപ്പെടുന്ന തരത്തിൽ.

ഇനിയും ഒരുപാട്‌ മാറാൻ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്, പക്ഷേ അത് ഇത് വരെ ഉണ്ടാക്കിയെടുത്ത മാറ്റങ്ങൾ കാണാതെയുള്ള അന്ധമായ വിമർശനങ്ങൾ ആകരുത്, നുണ പ്രചരണങ്ങളും.

മെതിലാജ് എം ഏ

3 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x