പ്രവാസികളുടെ മടക്കം; മുഖ്യമന്ത്രി നിയമസഭാ പ്രമേയം മറക്കരുത് – ഉമ്മന്‍ ചാണ്ടി
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധം
പ്രവാസികള്‍ക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേന്ദ്രത്തിന്റെ സര്‍ക്കുലറിനെതിരേ മുഖ്യമന്ത്രി അവതരിപ്പിച്ച് കേരള നിയമസഭ കഴിഞ്ഞ മാര്‍ച്ച് 11നു ഐക്യകണ്‌ഠ്യേന പാസാക്കിയ പ്രമേയം മറക്കരുതെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ” അടിസ്ഥാനപരമായി ഇതു മനുഷ്യത്വവിരുദ്ധവും പ്രവാസികളായ ഇന്ത്യക്കാരെ നിഷ്‌കരുണം കൈവിടുന്നതിനു തുല്യവുമാണ്…. നമ്മുടെ നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും വിജ്ഞാനവര്‍ധനയ്ക്കും പ്രവാസി സമൂഹം നല്കുന്ന സംഭാവനകള്‍ അതുല്യമാണ്. അവരെ ഈ പ്രതിസന്ധിഘട്ടത്തില്‍ അധിക വൈഷമ്യത്തിലാക്കുന്ന സമീപനത്തിനെതിരേ ഈ സഭ അഭിപ്രായം രേഖപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ എല്ലാ മേഖലകള്‍ക്കും സംഭാവന നല്കുന്ന വിദേശത്തുള്ള നമ്മുടെ നാട്ടുകാരെ ഇവിടേക്കു വരുന്നതില്‍ നിന്നും ഫലത്തില്‍ വിലക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.” ഇതാണ് പ്രമേയത്തിന്റെ ഉള്ളടക്കം.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനു തടയിടാന്‍ മുഖ്യമന്ത്രി നിരത്തുന്ന കണക്കുകള്‍ വസ്തുതാവിരുദ്ധവും ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരികെ എത്തിയ 84,195 പ്രവാസികളില്‍ 713 പേര്‍ കൊറോണ ബാധിതരാണ് എന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്ക്. ഇതില്‍ രോഗികളുടെ അനുപാതം .85 ശതമാനമാണ്. അല്ലാതെ, മുഖ്യമന്ത്രി പറയുന്നതുപോലെ 1.5 ശതമാനം അല്ല. ഒരു വിമാനത്തില്‍ കോവിഡ് രോഗിയുണ്ടെങ്കില്‍ അത് ആ വിമാനത്തിലുള്ള എല്ലാവരേയും രോഗികളാക്കുമെന്ന മുഖ്യമന്ത്രിയുടെ കണ്ടെത്തലും ശരിയല്ല. അങ്ങനെയെങ്കില്‍ വിദേശത്തുനിന്നു വിമാനത്തില്‍ വന്ന 84,195 പേരും ഇപ്പോള്‍ രോഗികളാകുമായിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS