FeatureTech

Predictive Analytics; നമ്മുടെ ഡാറ്റ ഉപയോഗിച്ച് കാര്യങ്ങൾ ചികഞ്ഞെടുക്കുന്ന കോർപറേറ്റ് രീതി

നമ്മളെക്കുറിച്ച് നമ്മുടെ മാതാപിതാക്കൾക്ക് അറിയാത്ത കാര്യങ്ങൾ പോലും ചിലപ്പോൾ സോഷ്യൽ മീഡിയയ്ക്കു അറിയാൻ കഴിയുമെന്ന് പറഞ്ഞാൽ അത്ഭുതപ്പെടരുത്.

ഉദാഹരണത്തിന് അമേരിക്കയിലെ ഡിപ്പാർട്മെന്റ് സ്റ്റോർ ചെയിനായ ടാർഗെറ്റിൽ നടന്ന കഥ നോക്കൂ.

ടാർഗറ്റ് തങ്ങളുടെ ഷോപ്പിംഗ് ഡാറ്റ വിശകലനം ചെയ്തു നോക്കിയപ്പോൾ , സ്ത്രീകൾ ഗർഭകാലത്ത് ഒരിടത്ത് ഷോപ്പ് ചെയ്യാൻ തുടങ്ങിയാൽ, കുട്ടി ജനിച്ച ശേഷവും അവിടെത്തന്നെ ഷോപ്പിംഗ് തുടരും എന്ന് കണ്ടെത്തി.

അതുകൊണ്ട് ടാർഗറ്റ് കൂടുതൽ സ്ത്രീകളെ തങ്ങളുടെ ഷോപ്പിലേക്ക് ആകർഷിക്കാനായി ഡിസ്‌കൗണ്ട് കൂപ്പണുകൾ അയക്കാനുള്ള പദ്ധതി തയ്യാറാക്കി.

പക്ഷെ സ്ത്രീകൾ ഗർഭിണികളാണെന്ന് എങ്ങിനെ കണ്ടുപിടിക്കും? അതിനും ടാർഗെറ്റിന്റെ കയ്യിലുള്ള ഷോപ്പിംഗ് ഡാറ്റ സഹായിച്ചു.

ഗർഭിണികളായ സ്ത്രീകൾക്ക് ചില ഗന്ധങ്ങൾ ഇഷ്ടമില്ലാത്തത് കൊണ്ട് അവർ കൂടുതലായി മണമില്ലാത്ത ലോഷൻ വാങ്ങുമെന്നും, അതുപോലെ തന്നെ കാൽസ്യം, മാഗ്നിഷ്യം, സിങ്ക് തുടങ്ങിയ സപ്പ്ളിമെന്റു ഗുളികൾ സാധാരണ സമയത്തെ അപേക്ഷിച്ച് വളരെ കൂടുതലായി വാങ്ങുമെന്നും ഈ ഡാറ്റ വച്ച് അവർ കണ്ടുപിടിച്ചു.

ഇങ്ങിനെ ഷോപ്പ് ചെയ്യുന്ന സ്ത്രീകൾക്ക് ടാർഗറ്റ്, കുട്ടി ജനിച്ച് കഴിഞ്ഞു ഉപയോഗം വരുന്ന ബേബി ഫോർമുല, ക്രിബ് , ഡയപ്പെർ തുടങ്ങിയ സാധനങ്ങളുടെ ഡിസ്‌കൗണ്ട് കൂപ്പണുകൾ അയക്കാൻ ആരംഭിച്ചു.

ഈ കൂപ്പണുകൾ മാത്രം അയച്ചാൽ ആളുകൾക്ക് സംശയം വരുമെന്നത് കൊണ്ട്, ഈ കൂപ്പണുകളുടെ കൂടെ ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറെ കുറെ സാധനങ്ങൾക്ക് ഉള്ള കൂപ്പണുകളും അയച്ചു. അല്ലെങ്കിൽ ടാർഗറ്റ് നമ്മളെ നിരീക്ഷിക്കുന്നു എന്ന് ആളുകൾക്ക് മനസിലാകുമല്ലോ.

അങ്ങിനെയൊരിക്കൽ ഒരു ടാർഗറ്റ് സ്റ്റോറിൽ ഹൈസ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ പിതാവ് ബഹളമുണ്ടാക്കിയത് വലിയ വിവാദമായി. ഹൈസ്കൂൾ കുട്ടിയായ തന്റെ മകൾക്ക് ടാർഗറ്റ് കുട്ടികളുടെ ഉടുപ്പുകൾ, ക്രിബ്, ഡയപ്പർ തുടങ്ങിയ, സാധാരണ ഗർഭിണികൾക്ക് അല്ലെങ്കിൽ പുതിയ അമ്മമാർക്ക് അയക്കുന്ന കൂപ്പണുകൾ അയക്കുന്നു എന്നായിരുന്നു പിതാവിന്റെ പരാതി.

തന്റെ കമ്പനി ചെയ്യുന്ന പരസ്യത്തിന് പിറകിൽ മേല്പറഞ്ഞ പോലെ ഗുലുമാലുകൾ ഉണ്ടെന്ന് അറിയാതിരുന്ന സ്റ്റോർ മാനേജർ ആ പിതാവിനോട് ക്ഷമ ചോദിച്ചു, ഇതിന്റെ പിറകിലുള്ള കാരണം കണ്ടുപിടിച്ച് പിന്നെ അറിയിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു.

ഈ സംഭവത്തിന് ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷം ഈ പിതാവ് ടാർഗറ്റ് സ്റ്റോർ മാനേജരെ വിളിച്ച് ക്ഷമ ചോദിച്ചു. കാരണം അദ്ദേഹത്തിന്റെ മകൾ യഥാർത്ഥത്തിൽ ഗർഭിണിയായിരുന്നു.

ടാർഗെറ്റിൽ നിന്ന് വിറ്റാമിൻ ഗുളികൾ വാങ്ങിയ ബില്ലുകൾ കണ്ട പിതാവ് ചോദ്യം ചെയ്തപ്പോളാണ് കുട്ടി ആ രഹസ്യം അച്ഛനോട് പറയുന്നത്. അച്ഛൻ അറിയുന്നതിന് മുന്നേ തന്നെ ടാർഗെറ്റിനു ഇക്കാര്യം മനസിലായി എന്ന് ചുരുക്കം.

പലപ്പോഴും ഒരു സാധനം വാങ്ങണം എന്ന് നമ്മൾ മനസ്സിൽ വിചാരിച്ചാൽ പോലും ഫേസ്ബുക്കിൽ അതിന്റെ പരസ്യം വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ഇങ്ങിനെയുള്ള, ഡാറ്റ ഉപയോഗിച്ച് കാര്യങ്ങൾ മനസിലാക്കുന്ന രീതി എപ്പോഴും ശരിയായി പ്രവർത്തിക്കണം എന്നില്ല. ആളുകൾ മരുന്ന് വാങ്ങിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തിൽ ഏതൊക്കെ നഗരങ്ങളിലാണ് ഫ്ലൂ പടർന്നു പിടിക്കുന്നത് എന്ന് പ്രവചിക്കുന്ന ഗൂഗിളിന്റെ അലോഗൊരിതം പരാജയമായിരുന്നു.

പക്ഷെ നമ്മളെ കുറിച്ച് നമ്മൾ പോലുമറിയാത്ത കുറെ കാര്യങ്ങൾ സോഷ്യൽ മീഡിയ കമ്പനികൾക്കും, നമ്മൾ സാധനങ്ങൾ വാങ്ങുന്ന മറ്റ് കോർപറേറ്റ ഭീമന്മാർക്കും അറിയാമെന്നത് സത്യമാണ്.

ചിലപ്പോഴൊക്കെ നമ്മൾ സംസാരിക്കുന്നത് പോലും ഫേസ്ബുക്കും മറ്റ് സോഷ്യൽ മീഡിയ ആപ്പുകളും ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് അതിൽ വരുന്ന പരസ്യങ്ങൾ.

ഓർക്കുക ഫ്രീ ആയുള്ള എല്ലാ സോഷ്യൽ മീഡിയ ആപ്പുകളിലും നമ്മളുടെ സ്വകാര്യ വിവരങ്ങളും നമ്മുടെ ശീലങ്ങളുമാണ് പ്രോഡക്റ്റ്.

തന്നെക്കുറിച്ച് ടിൻഡർ ഇതുവരെ ശേഖരിച്ച വിവരങ്ങൾ എന്തൊക്കെയാണ് എന്ന് ടിൻഡറിനോട് ഒരു വക്കീൽ വഴി ചോദിച്ച യുവതിക്ക്, 800 പേജ് ഡാറ്റയാണ് ടിൻഡർ അയച്ചു കൊടുത്തത് എന്നൊരു വാർത്ത മുൻപ് കണ്ടിരുന്നു. അത് കണ്ട് യുവതി ബോധം കേട്ടു പോയിരിക്കാനാണ് സാധ്യത.

നമ്മുടെ ഡാറ്റ ഉപയോഗിച്ച് നമ്മളെ കുറിച്ച് അറിയാത്ത കാര്യങ്ങൾ ചികഞ്ഞെടുക്കുന്ന രീതിക്കാണ് predictive analytics എന്ന് പറയുന്നത്. മേല്പറഞ്ഞ ടാർഗറ്റ് സംഭവം പവർ ഓഫ് ഹാബിറ്റ് മുതൽ നേക്കഡ് സ്റ്റാറ്റിസ്റ്റിക്‌സ് വരെയുള്ള പുസ്തകങ്ങളിൽ ഉള്ളതായത് കൊണ്ട് ചില വായനക്കാരെങ്കിലും മുൻപ് കേട്ടിട്ടുണ്ടാകും.

ടാർഗറ്റ് മാത്രമല്ല ഇങ്ങിനെ ചെയ്യുന്നത് ഫേസ്ബുക് തങ്ങളുടെ ഉപഭോക്താക്കളെ കുറിച്ച് ഇങ്ങിനെ ശേഖരിച്ച വിവരങ്ങൾ വച്ച് ഊഹിച്ച രാഷ്ട്രീയ ചായ്‌വുകൾ, കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന കമ്പനിക്ക് കൊടുത്ത്, അത് രാഷ്ട്രീയ പാർട്ടികൾ പരസ്യത്തിനായി ഉപയോഗിച്ചത് 2014 ൽ വലിയ വിവാദമായിരുന്നു.

Nazeer Hussain Kizhakkedathu

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x