Entertainment

‘ഹലാൽ ലൗ സ്റ്റോറി’ ; പതിവ് സിനിമ രീതികളെ പൊളിച്ചും, പൊള്ളിച്ചുമുള്ള കഥപറച്ചിൽ

നിരൂപണം/നജീബ് മൂടാടി

ഫോട്ടോ എടുക്കുന്നത് പോലും ‘ഹറാ’മാണെന്ന് വിശ്വസിച്ച ഒരു സമൂഹത്തിന് സിനിമയോടുള്ള മനോഭാവം ഒട്ടും അനുകൂലമായിരുന്നില്ല എന്നതിൽ ആശ്ചര്യമില്ല. ആണും പെണ്ണും ഇടകലരുന്ന, ലൈംഗിക ചോദനകൾ ഏറ്റുന്ന, നിഷിദ്ധമായ സംഗീതത്തിന്റെ അതിപ്രസരമുള്ള ഒരു ഏർപ്പാട് എന്ന നിലയിൽ സിനിമയെ ഒട്ടും പ്രോത്സാഹിപ്പിക്കാത്ത സമീപനമാണ് പൊതുവേ മുസ്ലിം സമൂഹത്തിന്.

എന്നാൽ കേരളത്തിൽ പോലും സിനിമയിലെ മികച്ച കലാകാരന്മാരും അണിയറ പ്രവർത്തകരുമായി മുസ്ലിം സമൂഹത്തിൽ നിന്ന് ധാരാളം പേർ ഉണ്ടായിട്ടുണ്ട് താനും. ‘കുട്ടിക്കുപ്പായ’വും ‘കുപ്പിവള’യും ‘ഉമ്മ’യും മലയാളത്തിലെ ആദ്യ കളർ ചിത്രമായ ‘കണ്ടം ബെച്ച കോട്ടും’ അടക്കം മുസ്ലിം സമുദായ പശ്ചാത്തലത്തിലുള്ള ധാരാളം സിനിമകൾ മലയാളത്തിൽ വമ്പൻ വിജയങ്ങളുമായിരുന്നു.

എന്നാൽ മത മൂല്യങ്ങളും സദാചാര മൂല്യങ്ങളും ഇല്ലാത്തവരാണ് സിനിമാക്കാരും സാഹിത്യകാരന്മാരും എന്ന ഒരു മുൻവിധിയും മുസ്ലിം സമുദായത്തിൽ ഇല്ലാതെയല്ല. ഇത് കേരളത്തിൽ മാത്രമല്ല ലോകമെങ്ങും മുസ്ലിംകൾക്ക് സിനിമയോടുള്ള സമീപനം ഏറെക്കുറെ ഇവ്വിധത്തിൽ തന്നെയാണ്.

എന്നിട്ടും ഇറാനിൽ നിന്നും തുർക്കിയിൽ നിന്നും, ഈജിപ്തിൽ നിന്നുമൊക്കെ വരുന്ന സിനിമകൾ ലോകത്തിലെ മികച്ച ചിത്രങ്ങളായി നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. ഇന്ന് കേരളത്തിലെ ചില മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും സിനിമകൾ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴും സിനിമ എത്രത്തോളം ഹലാലാണ് എന്ന ചിന്തയിൽ നിന്നും സമുദായം വല്ലാതെ മാറിയിട്ടില്ല.

Advertisement

സക്കരിയയുടെ ‘ഹലാൽ ലൗ സ്റ്റോറി’ കണ്ടു കഴിഞ്ഞപ്പോൾ ഈ ചിന്തകളൊക്കെയാണ് വന്നത്. വേൾഡ് ട്രേഡ് സെന്റർ തകർച്ചക്ക് ശേഷം വർധിച്ചു വന്ന ഇസ്ലാമോഫോബിയയെ അതിജീവിക്കാൻ, ജനകീയമാധ്യമമായ സിനിമയിലൂടെ ഇസ്ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്താനൊരുങ്ങുന്ന, അതിനായി ഒരു ടെലിഫിലിം ചെയ്യാനിറങ്ങുന്ന നാട്ടിലെ മുസ്ലിം സംഘടനാ പ്രവർത്തകരുടെ അനുഭവങ്ങളാണ് രസകരമായ രീതിയിൽ സക്കരിയ ‘ഹലാൽ ലൗ സ്റ്റോറി’യിൽ പറയുന്നത്.

പടച്ചോന്റെ അനുമതിയേക്കാളും കിട്ടാൻ ബുദ്ധിമുട്ടുള്ള സംഘടനാ നേതൃത്വത്തിന്റെ അനുമതി മുതൽ ഹലാലായ സിനിമ നിർമ്മിക്കാൻ ഇവർ അനുഭവിക്കുന്ന എടങ്ങേറുകൾ ചില്ലറയല്ല. പലിശപ്പണം സിനിമക്കും വേണ്ട എന്ന് പറയുന്ന സംഘടനാപ്രവർത്തകനും, സിനിമയിൽ അഭിനയിക്കാൻ പോകുന്നവർ വീട്ടുകരോട് യാത്ര പറയുന്ന രംഗവുമൊക്കെ അവരുടെ സിനിമയുടെ ഉദേശശുദ്ധിയെ ധ്വനിപ്പിക്കുന്നുണ്ട്. പടച്ചോനോട് ഞാൻ പറഞ്ഞോണ്ട് എന്ന വൃദ്ധയായ ഉമ്മയുടെ വിശ്വാസത്തിന്റെ മനോഹാരിത പോലെ.

സുഡാനി എന്ന വിജയ ചിത്രം ചെയ്തില്ലായിരുന്നുവെങ്കിൽ ഇങ്ങനെ ഒരു സിനിമ സക്കരിയക്ക് എളുപ്പമാവില്ലായിരുന്നു. കേരളീയ സമൂഹത്തിന് അത്ര പരിചിതമല്ല ഇങ്ങനെ ഒരു കഥ എന്നതുകൊണ്ട് തന്നെ. പക്ഷെ പതിവു രീതികളിൽ നിന്ന് മാറി പുതുമയുള്ള ഇങ്ങനെയുള്ള കഥകൾ പറയാനും ആരെങ്കിലും മുന്നോട്ടു വരണമല്ലോ. സിനിമയുടെ പേര് കേട്ടതുമുതൽ വിമർശനം ഉയരുന്നതിൽ അതിശയമില്ല.

‘മാർക്കകല്യാണം’ ഉണ്ടായിരുന്നതിന്റെ പേരിൽ വലിയ സാഹിത്യ നിരൂപകരാൽ ബഷീറിന്റെ ബാല്യകാലസഖി പോലും അപഹസിക്കപ്പെട്ട നാടാണിത് എന്നോർക്കുക. തർക്കങ്ങൾക്കും വിമർശനങ്ങൾക്കും പല വിധമുള്ള നിരൂപണങ്ങൾക്കും ഒരുപാട് സാധ്യതയുള്ള സിനിമയാണ് ‘ഹലാൽ ലൗ സ്റ്റോറി’ എങ്കിലും തിയേറ്ററുകൾ പോലുമില്ലാത്ത അടച്ചിരിപ്പിന്റെ ഈ കൊറോണക്കാലത്ത് സാധാരണക്കാരനെ ഈ സിനിമ പ്രഥമമായും ആകർഷിക്കുക ഉള്ളു തുറന്നു പൊട്ടിച്ചിരിക്കാൻ ഉതകുന്ന നർമ്മരംഗങ്ങൾ കൊണ്ടു തന്നെയാവും. ഒപ്പം ലാളിത്യം കൊണ്ടും.

സിനിമയുടെ അവസാനം ഇത്തിരി ബലവും മുറുക്കവും കുറഞ്ഞു പോയോ എന്നു തോന്നി. ഷറഫുദ്ധീനും ജോജോയും നാസർ കറുത്തേനിയും ഇന്ദ്രജിത്തുമൊക്കെ ഗംഭീരമാവുമ്പോഴും ഒരു രക്ഷയും ഇല്ലാത്തത് ഗ്രേസ് ആന്റണിയുടെ സൂറയാണ്. മലപ്പുറത്തിന്റെ പച്ചപ്പും സൗന്ദര്യവും ഒപ്പിയെടുത്ത ക്യാമറയും പാട്ടുകളും അതിഭാവുകത്വമില്ലാത്ത കഥപറച്ചിലും കൊണ്ട് ഹൃദ്യമായ ഒരു അനുഭവമാണ് ഈ സിനിമ.

Show More
5 1 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x