FeatureKerala

ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി വിടപറഞ്ഞു

അനുസ്മരണം / നൗഷാദ് കുനിയിൽ

ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി വിടപറഞ്ഞു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ, ‘ലിവിങ് ഓണ്‍ ദ് എഡ്ജ്’ വായിച്ചപ്പോള്‍ എഴുതിയത്:

പണമോ മതിയായ രേഖകളോ ഇല്ലാതെ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കൻ വൻകരയിലുമായി പരന്നുകിടക്കുന്ന നാൽപതിലധികം രാജ്യങ്ങളിലൂടെ സഞ്ചരിക്കുക. മനുഷ്യാനുഭവങ്ങള്‍ തൊട്ടറിയാനും സംസ്കാരങ്ങള്‍ എന്തെന്ന് പഠിക്കാനും ഫക്കീറിനെപ്പോലെ അലയുക. കള്ളവണ്ടി കയറിയും നടന്നുമാണ് യാത്രകളേറെയും. കൃത്രിമമായി പൗരത്വരേഖകളുണ്ടാക്കി പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും തുര്‍ക്കിയിലും ഈജിപ്തിലും സുഗമസഞ്ചാരം!

പല രാജ്യങ്ങളിലും ചാരന്‍ എന്നു മുദ്രയടിച്ച് തെരുവുകളിലൂടെ ചങ്ങലയില്‍ ബന്ധിച്ച് കൊണ്ടുപോയിട്ടുണ്ട്, പട്ടാളക്കാര്‍. പട്ടാളക്യാമ്പുകളില്‍ കഴിഞ്ഞിട്ടുണ്ട്. ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ ചാടിയിട്ടുണ്ട്. ഡല്‍ഹി, കശ്മീര്‍, പാകിസ്താൻ , അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍, ഉക്രയിന്‍, ഇറാൻ, ഇറാഖ്, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ഖസാകിസ്ഥാന്‍, അസര്‍ബൈജാന്‍, സോവിയറ്റ് യൂനിയന്‍, തുര്‍ക്കി, തുർക്ക്മെനിസ്ഥാൻ, സ്വിറ്റ്സർലാൻഡ്‌, പോളണ്ട്, ചെച്നിയ ഫ്രാൻസ്, ജെർമനി… ആ പഥികന്റെ കാൽപാദങ്ങൾ പതിഞ്ഞിടങ്ങളിൽ ചിലത് മാത്രമാണിവ.

അവിശ്വസനീയതയുടെ അതിർത്തിതൊടുന്ന ഉദ്വേഗജനകമായ അലസഗമനത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങൾ സ്വന്തമാക്കിയ ആ യാത്രിന്റെ പേര്, മൊയ്തു കിഴിശ്ശേരി. അദ്ദേഹത്തിന്റെ യാത്രയോർമകൾ അതീവഹൃദ്യമായി അടുക്കിവച്ച പുസ്തകങ്ങളിൽ ഒന്നാണ് എന്റെ മേശപ്പുറത്ത് ഇപ്പോഴുള്ളത് -‘ലിവിങ് ഓൺ ദ് എഡ്ജ്’.

Advertisement

അലക്ഷ്യമായ യാത്രകളിൽ നേരിട്ടുകാണുകയും നേരിടുകയും ചെയ്ത കാഴ്ചകളും സന്ദർഭങ്ങളും മിനുക്കി മനോഹരമാക്കിയ, സുഗന്ധം പൂശിയ അക്ഷരങ്ങൾ വിളക്കിച്ചേർത്ത് അവതരിപ്പിക്കുന്നത് അവാച്യമായ അനുഭൂതിയോടെ, ആകാംക്ഷകൾ നിലക്കാത്ത നൈരന്തര്യത്തോടെ വായിച്ചുതീർക്കാം.

മൊയ്തു, പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രവേദന അനുഭവിച്ചിട്ടുണ്ട് ഈ യാത്രകളില്‍. പാകിസ്ഥാനിലെ ഗുല്‍ബര്‍ഗിലെ ഫിദ എന്ന പ്രണയിനിയോട് യാത്രപറഞ്ഞ് അഫ്ഗാന്‍ അതിര്‍ത്തി കടന്ന് കിര്‍ഗിസ്ഥാനും താജികിസ്ഥാനും ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചുറ്റി ഇറാനിലെത്തി. അവിടം വിട്ട് ഇറാഖിലേക്ക് കടക്കുമ്പോള്‍ സൈനികര്‍ പിടികൂടി. ഇസ്ഫഹാനിലെ കൊട്ടാരസദൃശമായ പട്ടാളക്യാമ്പിലായി പിന്നീട് ജിവിതം. ആദ്യമൊക്കെ തടവുകാരന്‍. ഒരു ദിവസം ഖുർ ആൻ ഉറക്കെ വായിക്കുകയായിരുന്നു വായനയില്‍ മുഴകി കുറേനേരം. അല്‍പ്പം കഴിഞ്ഞു നോക്കുമ്പോള്‍ പിന്നിലത്രയും പട്ടാളക്കാര്‍. അവര്‍ക്കാര്‍ക്കും അത്ര ഭംഗിയായി ഖുർ ആൻ വായിക്കാന്‍ അറിയില്ലത്രെ. അതോടെ അവരുടെ ഉസ്താദായി. ആ ക്യാമ്പിലെ പത്തു വനിതാ സൈനികരില്‍ ഒരാളായ മെഹര്‍നൂശ് എന്ന സുന്ദരിയുടെ സാമീപ്യം. അവളുമായുള്ള പ്രണയകാലം. ഒടുവില്‍ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു കിടക്കുമ്പോള്‍ മെഹര്‍ നെറ്റിയില്‍ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു, മുഹ്യീ, നിനക്കെന്തിങ്കിലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. രക്ഷപ്പെടാന്‍പറഞ്ഞ് വിലയേറിയ വജ്രം പതിച്ച മോതിരം ചെറുവിരലിലണിയിച്ചു അവള്‍. മെഹറിനെ വിരഹിയാക്കി ആ മോതിരവുമായി ഇറാന്‍ വിട്ടു. പിന്നീട് ഈ മോതിരം വിറ്റാണ് തുര്‍ക്കിയിൽ പഠനം മുഴുമിപ്പിച്ചു.

ഡൽഹിയിലെ തെരുവുകളിലൂടെ വിശപ്പുതിന്ന് നടക്കും നേരം ചിതയിലേക്ക് ചാടി സതി’യനുഷ്ഠിക്കുന്ന ഇരുപതുകാരിയുടെ തീയാളുന്ന കാഴ്ച, ലാഹോറിൽ ഷിയാ പള്ളിയിലെ ബോബ് സ്ഫോടനത്തിനു നേർസാക്ഷിയായതിന്റെ ചോരമണക്കുന്ന ഓർമ, തീവ്രാനുഭവങ്ങളുടെ മാറാപ്പുപേറി, ക്രൂരമായ കനൽപാടുകൾ എരിയുന്ന മംഗോളിയൻ മരുഭൂമിയിലൂടെയുള്ള നടത്തം, കൊള്ളസംഘങ്ങളുടെ കരവലയത്തിൽ നിന്നും മുടിനാരിഴക്ക് രക്ഷപ്പെട്ടത്… മൊയ്തു കിഴിശ്ശേരിയുടെ ഉദ്വേഗജനകമായ സഞ്ചാരാനുഭവങ്ങൾ ശ്വാസമടക്കിപ്പിടിച്ച് വായിക്കും.

പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് അതിര്‍ത്തി കടക്കണമെന്ന് മോഹം തുടങ്ങിയത്. അട്ടാരിയില്‍വച്ച് സൈനികര്‍ പിടികൂടി മര്‍ദിച്ചു. അവിടന്ന് രക്ഷപ്പെട്ട് ഒടുവില്‍ ചെറുനാരകത്തോട്ടത്തിലൂടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി. മനുഷ്യസ്രഷ്ടമായ അതിര്‍ത്തികളെ കൂസാതെയുള്ള സഞ്ചാരം തുടർന്നു. നല്ല മനുഷ്യരുടെ കാരുണ്യത്തില്‍ പല നാടുകള്‍ പല വേഷങ്ങള്‍. പഠിച്ചെടുത്തത് ഇരുപതോളം ഭാഷകള്‍.

ഈ പുസ്തകം, ഭാഷയിലെ സൗന്ദര്യംകൂടിയ പദങ്ങൾ സൂക്ഷിച്ചുവച്ച സംഭരണിയിൽ നിന്നും ശ്രദ്ധയോടെ തെരഞ്ഞെടുത്ത വാക്കുകൾ അതിസൂക്ഷ്മതയോടെ, ചായവും സുഗന്ധവും പൂശി സന്നിവേശിപ്പിച്ചാണ് നിർമിച്ചതെന്നു തോന്നിപ്പോകും, വായിക്കുമ്പോൾ.

ടിക്കറ്റെടുക്കാതെ കോഴിക്കോടുനിന്നും ഡൽഹിയിലേക്കുള്ള തീവണ്ടി കയറി ദില്ലിയിലെത്തി. അവിടുത്തെ തെരുവീഥികളിലൂടെ അലഞ്ഞുനടന്നു. അപ്പോൾ കണ്ട കാഴ്ചകൾ എത്ര മനോഹരമായാണ് അദ്ദേഹം പറഞ്ഞുതരുന്നതെന്ന് കേൾക്കണോ?:

തെരുവുകളിൽ ഭിന്നമുഖങ്ങൾ. മനുഷ്യജീവിതത്തിന്റെ ദുരന്തനാടകങ്ങളാണെങ്ങും. തകരച്ചേരികളുടെ, അഭിസാരികമാരുടെ, ഉന്തുവണ്ടിക്കാരുടെ താളംതെറ്റിയ ജീവിതലയങ്ങൾ. വഴിയോരത്തെ ക്ഷേത്രനടയിൽ നിന്ന് ചന്ദനത്തിരിയുടെ ഗന്ധം മുഖത്തെ തഴുകി കടന്നുപോയി. മുന്നോട്ടു നടന്നപ്പോൾ മായ്ക്കാൻ പറ്റാത്ത വെളുത്ത നിറമുള്ള മുലപ്പാലിന്റെ മണം. തൊട്ടരികെ ഇരുട്ടിന്റെ ഗന്ധം.പെണ്മക്കൾ കടംകൊടുത്ത ശരീരത്തിന്റെ വിയർപ്പുഗന്ധം.

മൃദുവും സൗമ്യവുമായ ഒരു രാഗം, കട്ടിയുള്ള ഇമ്പം, ആർദ്രത കലർന്ന താളം, ശാന്തമായ സ്വരം… ഏതോ കിളവന്റെ കരഞ്ഞ തൊണ്ടയിൽ നിന്നുയർന്ന കവ്വാലി കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു. അവിടെ പാതയോരത്ത് കണ്ട ആളിക്കത്തുന്ന ചിതയിലേക്ക് സ്വയം എടുത്തുചാടിയ ഇരുപതുകാരിയുടെ കത്തിയമരുന്ന പച്ചശരീരം! പാഠപുസ്തകങ്ങളിൽ കേട്ടുമറന്ന സതിസമ്പ്രദായം! ഹൃദയം അഗ്നിസ്ഫുലിംഗങ്ങളേറ്റു ചുട്ടുപൊള്ളി. തെല്ലകലെ വഴിവക്കിൽ കണ്ട കൽഭിത്തിയിൽ ഞാൻ തളർന്നുകിടന്നു. അര ചാൺ വയറിന്റെ ക്ഷുത്തടക്കാൻ റിക്ഷവലിക്കുന്ന വയസ്സന്റെ കുഴിഞ്ഞ കണ്ണുകളിൽ ഡൽഹിയുടെ സൗന്ദര്യത്തിന് പുഴുക്കുത്ത് നിറഞ്ഞപോലെ…”

യാദൃച്ഛികതകളുടെ അപൂർവസുന്ദര മുഹൂർത്തങ്ങൾ നിറഞ്ഞുനിൽക്കുന്ന പുസ്തകമാണിത്. കഴിഞ്ഞ ദിവസം ഇതിന്റെ വായനപുരോഗമിക്കുമ്പോഴാണ് യു.എ.ഇ.യിലുള്ള പ്രിയ സുഹൃത്ത് റസീസ് Rasees Ahammed ബന്ധപ്പെടുന്നത്. അവനോട് ഈ പുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചാണ് സംസാരം തുടങ്ങിയത്. അവൻ പറഞ്ഞു:

” ഈ പുസ്തകം മുഴുവൻ ടൈപ് ചെയ്തത് ഞാനാണ്…”

(മൊയ്തുക്ക മരണപ്പെട്ട വിവരവും വാട്സാപില്‍ അറിയിച്ചത് റസീസ് തന്നെയാണെന്നത് അതിശയിപ്പിക്കുന്നൊരു ആകസ്മികതയാണ്!)

ജീവിതം തന്നെ യാദൃച്ഛികതകൾ നിറഞ്ഞുകവിഞ്ഞ ഒരു മഹായാത്രയാകുന്നു!

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments

Related Articles

Back to top button
0
Would love your thoughts, please comment.x
()
x