മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ബുധനാഴ്ച കളി പുനരാരംഭിക്കുമ്പോൾ, കളിക്കാരുടെ യൂണിഫോമിൽ പുതിയ ശൈലിയുമായി ടീമുകൾ.
ലീഗിന്റെ പുനരാരംഭത്തിന്റെ ആദ്യ 12 മത്സരങ്ങൾക്കായി, കളിക്കാർ അവരുടെ ജേഴ്സിയുടെ പുറകിലുള്ള പേരുകൾക്ക് പകരം “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന് മാറ്റി ഉപയോഗിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
കൊറോണക്കെതിരെ പോരാടുന്നവർക്കും സേവനത്തിനും ഐക്യദാർഡ്യം അർപ്പിക്കുന്ന ബാഡ്ജും ബ്ലാക്ക് ലൈവ്സ് മാറ്റർ ലോഗോയും ബാക്കിയുള്ള സീസണിലെ മത്സരങ്ങളിൽ ജഴ്സികളിൽ ഉപയോഗിക്കും. മത്സരങ്ങൾക്ക് മുമ്പോ ശേഷമോ കാൽമുട്ട് കുത്തിയിരിക്കാനും കളിക്കാരെ പിന്തുണയ്ക്കുമെന്ന് ലീഗ് കൂട്ടിച്ചേർത്തു.
“വംശീയതയ്ക്ക് എവിടെയും ഇടമില്ലെന്ന് പ്രീമിയർ ലീഗ് വിശ്വസിക്കുന്നു” എന്നും പ്രഖ്യാപനത്തിൽ പറയുന്നു. എല്ലാ 20 ക്ലബ്ബുകളിലെയും കളിക്കാരുടെ പ്രസ്താവനയുമായി ചേർന്ന് ലീഗ് കളിക്കാരുമായുള്ള ഐക്യപ്പെടുന്നതായും പ്രഖ്യാപിച്ചു.
വംശീയ മുൻവിധികൾ നിലനിൽക്കുന്നിടത്തെല്ലാം ഉന്മൂലനം ചെയ്യുക, നിറമോ വർണ്ണമോ പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുക, തുല്യ ബഹുമാനവും തുല്യ അവസരങ്ങളുമുള്ള ഒരു ആഗോള സമൂഹം ഉണ്ടാവുക എന്നൊക്കെയുള്ള ഏക ലക്ഷ്യത്തോടെ ഞങ്ങൾ ഒരുമിച്ചുനിൽക്കുകയാണ് എന്നും പ്രസ്താവനയിൽ പറയുന്നു. വംശീയതക്ക് എതിരെയുള്ള ഈ ചിഹ്നം എല്ലാ കളിക്കാരും, സ്റ്റാഫും, മാച്ച് ഓഫീസർമാർമാരും ഉപയോഗിക്കും. അത് എല്ലാവരും ഒരുമിച്ചു നിൽക്കുമെന്ന പ്രഖ്യാപനം കൂടിയാണ് #blacklivesmatter #playerstogether എന്നിവ.
വംശീയ അനീതികളെക്കുറിച്ച് അവബോധം കൊണ്ടുവരാനുള്ള ലീഗിന്റെ ശ്രമത്തിന്റെ ഭാഗമായി നിരവധി പ്രിമിയർ ലീഗ് കളിക്കാർ ട്വിറ്ററിൽ ആ പ്രസ്താവനയിൽ നിന്നുള്ള ചില ഭാഗങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ മാസത്തെ പരിശീലനത്തിന് മുമ്പ്, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തെ പിന്തുണച്ച് ലിവർപൂൾ കളിക്കാർ മിഡ്‌ഫീൽഡ് സർക്കിളിൽ മുട്ടുകുത്തി ഇരുന്ന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു.
മറ്റ് ക്ലബ്ബുകൾ അവരുടെ രീതിയിൽ ഐക്യദാർഡ്യം പ്രകടിപ്പിച്ചു.
ഈയാഴ്ചത്തെ ബ്രെന്റ് ഫോർഡിനെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ആഴ്സണൽ കളിക്കാരും ഗ്രൌണ്ടിൽ പിന്തുണച്ച് മുട്ടുകുത്തി ഇരുന്നിരുന്നു. കളിക്കാർ “ബാക്ക് ലൈവ്സ് മേറ്റർ,” “എനിക്ക് ശ്വസിക്കാൻ കഴിയില്ല (I can’t breathe)” “എന്റെ ചർമ്മം കുറ്റകരമല്ല(My skin is not a crime)” “ഞാൻ കറുത്തവനല്ല, ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു (I’m not black but I stand with you)”, “നിശബ്ദത അക്രമമാണ് (Silence is violence)” എന്നിങ്ങനെയുള്ള എഴുത്തുകൾ പ്രദർശിപ്പിച്ചിരുന്നു.
യുവന്റസും എസി മിലാനും തമ്മിലുള്ള വെള്ളിയാഴ്ച നടന്ന കോപ്പ ഇറ്റാലിയ സെമിഫൈനൽ രണ്ടാം പാദ മത്സരത്തിന് മുമ്പ്, രണ്ട് ക്ലബ്ബുകളും വംശീയ വിരുദ്ധ സന്ദേശങ്ങളുള്ള ജെഴ്സികൾ പ്രദർശിപ്പിച്ചിരുന്നു. യുവന്റസിന്റെ ജെഴ്സിയുടെ പുറകിൽ “വംശീയത ഇല്ല” എന്ന എഴുത്തുമായിട്ടാണ് കളിച്ചത്. എസി മിലാൻ മുൻവശത്ത് “ബ്ലാക്ക് ലൈവ്സ് മാറ്റർ” എന്ന എഴുത്തുള്ള ജഴ്സികളാണ് ധരിച്ചത്.
വംശീയതക്കെതിരെ ഒത്തൊരുമിച്ച്
കളിക്കിടയിലെ ഒരു കോർണർ കിക്ക്. കാണികൾ കുരങ്ങൻ എന്ന് കളിയാക്കി ഗ്രൗണ്ടിലേക്ക് പഴം എറിയുന്നു. ലോകത്ത് തന്നെ മികച്ച കളിക്കാരിൽ ഒരാളായ ഡാനി ആൽവേസ് ആ പഴം കയ്യിലെടുത്തു കഴിച്ചുകൊണ്ട് കോർണർ എടുക്കുന്നു. എത്ര ധൈര്യത്തോടെയാണ് അദ്ദേഹം വംശീയതയുടെ മുനയൊടിച്ചത്.
ആഫ്രിക്കൻ കളിക്കാരനുനേരെ വർണവെറിയുടെ പരിഹാസങ്ങൾ ഉയർന്നപ്പോൾ കൂടെയുള്ള കളിക്കാർ കൈകൾ ഒരുമിച്ച് പിടിച്ചു പന്തുകളിയിൽ വർണവിവേചനത്തിനിടമില്ലെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. കളികഴിഞ്ഞു ജേഴ്‌സി ഊരി കറുത്തവനും വെളുത്തവനും തോളിൽ കയ്യിട്ട് നിൽക്കുന്ന മനോഹര കാഴ്ചകൾ നിങ്ങൾക്ക് ഇവിടെയല്ലാതെ മറ്റെവിടെ കാണാനാകും?
ഇസ്രായേൽ ഫലസ്തീൻ കുട്ടികൾക്ക് നേരെ പോലും അതിക്രമങ്ങൾ കാണിക്കുമ്പോൾ ആദ്യം പ്രതിഷേധം ഉയരുന്നത് ഫുട്ബോൾ ജേഴ്സികളിലാണ്. ആമസോൺ കാടിന് തീ പിടിച്ചപ്പോൾ ഫണ്ട് സ്വരൂപിക്കാനും, പട്ടിണി രാജ്യങ്ങളിലെ കുട്ടികൾക്ക് ഭക്ഷണം കണ്ടെത്താനും കളികൾ നടത്തുന്നത് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായല്ല.
അമേരിക്കയിലെ വർണവെറിയുടെ പ്രധിഷേധച്ചൂടിൽ ലോകം വെന്തുമറിയുമ്പോൾ അവർക്ക് ഐക്യപ്പെട്ടുകൊണ്ട് #black_lives_matter എന്നെഴുതിയ ജേഴ്‌സി അണിഞ്ഞാവും കളിക്കുകയെന്ന് പ്രീമിയർ ലീഗ് ഫുട്ബോൾ വ്യക്തമാക്കുന്നത് അവരുടെ മാനവിക മൂല്യങ്ങളാണ്. ഇത് കൊണ്ട് ഒക്കെ തന്നെയാണ് ഫുട്ബോൾ ഇത്ര ജനകീയമാവുന്നതും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
#black_lives_matter