ലാലിഗ: റയൽ മാഡ്രിഡ് ചാമ്പ്യന്മാർ; ഒസാസുനയോട് തകർന്ന് ബാഴ്സ
മാഡ്രിഡ്: റയൽ മാഡ്രിഡിന് ലാലിഗ കിരീടം. ലോക്ക്ഡൗണിനു ശേഷം കളത്തിലെത്തിയ റയൽ മാഡ്രിഡ് തുടർച്ചയായ പത്താം മത്സരവും ജയിച്ചാണ് ലാലിഗ കിരീടം തിരിച്ചുപിടിച്ചത്. ലീഗിൽ ഒരു മത്സരം കൂടി അവശേഷിക്കെയാണ് റയൽ കിരീടത്തിൽ മുത്തമിട്ടത്. ചിരവൈരികളായ ബാഴ്സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സിദാനും സംഘവും കപ്പുയർത്തിയത്.
വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്തതോടെയാണ് റയൽ ചാമ്പ്യന്മാരായത്. റയലിന്റെ രണ്ട് ഗോളുകളും ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ബെൻസേമയുടെ ആദ്യ ഗോൾ. സെർജിയോ റാമോസിനെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബെൻസേമ രണ്ടാം ഗോൾ നേടിയത്.
ആദ്യ പെനാൽറ്റി കിക്ക് എടുത്തത് റാമോസായിരുന്നു. റാമോസ പന്ത് മെല്ലെ തട്ടി ബെൻസേമയ്ക്കു നൽകി. ഓടിയെത്തിയ ബെൻസേമയുടെ ഷോട്ട് വലയിൽ. എന്നാൽ റഫറി ഗോൾ അനുവദിച്ചില്ല. റയലിന് വീണ്ടും പെനാൽറ്റിയെടുക്കാൻ അവസരം നൽകി. ഇത്തവണ ബെൻസേമയാണ് കിക്കെടുത്തത്. പന്ത് നേരെ വലയിലെത്തി.
തെറ്റായി പെനാൽറ്റി എടുത്തിട്ടും റയലിന് വീണ്ടും അവസരം നൽകിയതിനെ വിയ്യാറയൽ ചോദ്യം ചെയ്തെങ്കിലും അപ്പീൽ റഫറി അനുവദിച്ചില്ല. ഇബോറയാണ് വിയ്യാറയലിന്റെ ആശ്വാസ ഗോൾ നേടിയത്. ഫ്രഞ്ച് ഇതിഹാസതാരം സിനദിൻ സിദാൻ പരിശീലകനായി തിരിച്ചെത്തിയ ശേഷമുള്ള റയലിന്റെ ആദ്യ ലാലിഗ കിരീട നേട്ടമാണിത്.
കോവിഡ് മൂലം മത്സരങ്ങൾ നിർത്തിവയ്ക്കുമ്പോൾ ബാഴ്സയ്ക്കു പിന്നിലായിരുന്ന റയൽ ലോക്ക്ഡൗണിനു ശേഷം മിന്നൽ കുതിപ്പാണ് നടത്തിയത്. ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെട്ടതും മാഡ്രിഡുകാരുടെ പോയിന്റ് പട്ടികയിലെ ആധികാരികത കൂട്ടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ പരാജയം. ആദ്യ പകുതിയുടെ 15 ാം മിനിറ്റിൽ തന്നെ ബാഴ്സയെ ഞെട്ടിച്ച് ഒസാസുന മുന്നിലെത്തി. രണ്ടാം പകുതിയിൽ മെസിയുടെ ഫ്രീകിക്ക് ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു. നിശ്ചിത സമയം വരെ സമനിലയിലായിരുന്ന മത്സരത്തിലെ ഇഞ്ചുറി ടൈമിൽ റോബർട്ടോ ടോറസിന്റെ ഗോളിലൂടെ ഒസാസുനയുടെ വിജയം കരസ്ഥമാക്കുകയായിരുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS