സച്ചിൻ രമേശ് ടെണ്ടുൽക്കർ: രാജ്യം നിശ്ചലമാക്കിയ താരം
” സച്ചിൻ ബാറ്റ് ചെയ്യുമ്പൊൽ ഇന്ത്യ നിശ്ചലമാവുന്നു “
തള്ളാണ് എന്ന് പറയാൻ തോന്നുന്നുണ്ടാവും ല്ലേ? ഒരിക്കൽ ഇന്ത്യയെ ടി.വി സെറ്റുകൾക്ക് മുന്നിൽ തളച്ചിട്ട ഒരു ചെറിയ മനുഷ്യൻ്റെ ജന്മദിനമാണ് ഇന്ന് – ഏപ്രിൽ 24, സച്ചിൻ രമേഷ് തെണ്ടുൽക്കർ.
ഓർമകൾ
സച്ചിനെ ആദ്യമായി കാണുന്നത് നാലാം ക്ലാസിൽ വച്ചാണ്. അന്ന് വീട്ടിൽ വാങ്ങിത്തന്ന മഞ്ഞ നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് ബാറ്റിലെ സ്റ്റാമ്പ് സൈസിലുള്ള സ്റ്റിക്കറായിട്ട്. പിന്നെ ഒരു തലമുറയെ മുഴുവൻ സ്പോർട്ശ് പേജിൽ നിന്ന് വായന തുടങ്ങാൻ പഠിപ്പിച്ച കൂട്ടത്തിൽ ഞാനും പത്രം വായിച്ചു തുടങ്ങി, പിന്നിലത്തെ പേജിൽ നിന്ന്. അവിടെയും കണ്ടു ആ മുഖം. അതുകഴിഞ്ഞ് സെൻ്റർ ഫ്രഷ് ബബിൾ ഗമ്മിൻ്റെ കൂടെക്കിട്ടുന്ന കളിക്കാരുടെ ചിത്രമുള്ള കാർഡുകളിൽ, നോട്ടുബുക്കുകളുടെ പുറത്തെ കവറിൽ.. അങ്ങനെയങ്ങനെ പലയിടത്തും. തോന്നുമ്പൊ കളി കാണാൻ പറ്റില്ല അന്ന്. ഇത്രയധികം കളികളുടെ ആധിക്യമില്ല, മൊബൈൽ ഫോണുകളില്ല, യൂട്യൂബില്ല..റേഡിയോയും ദൂരദർശനുമാണാശ്രയം. അതും മഴയുടെയും കാറ്റിൻ്റെയുമൊക്കെ ദയയിൽ..
രണ്ട് പീര്യഡ് കടിച്ചുപിടിച്ചിരുന്നിട്ട് സ്കൂളിൻ്റെ മതിൽ ചാടി അടുത്ത വീട്ടിൽ പോവണം സ്കോററിയാൻ..അറിയേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇന്ത്യയാണോ ബാറ്റിങ്ങ്..
രണ്ട്…..സച്ചിൻ ഔട്ടായോ?
സച്ചിൻ ഔട്ടായാൽ മിക്കപ്പൊഴും സ്കൂൾ വിട്ടപോലെ തിരിച്ച് പവലിയനിലെത്തുന്ന ഇന്ത്യൻ ടീമിനെ അത്ര നല്ല വിശ്വാസമായിരുന്നു. സ്റ്റാറ്റസ്റ്റിക്സിനും മുകളിൽ ആ വലിയ ഉത്തരവാദിത്വത്തിൻ്റെ ഭാരം എന്നും ഉണ്ടായിരുന്നു. മടൽ ചെത്തിയുണ്ടാക്കിയ ബാറ്റിൽ ചുവന്ന പെയിൻ്റിൽ എം ആർ എഫ് എന്ന് കോറിയിടാത്തവർ ചുരുക്കമായിരിക്കും അന്ന്. ബൂസ്റ്റ് സച്ചിൻ കുടിക്കുന്ന പാനീയമായാണ് അറിഞ്ഞത്..പെപ്സിയും. എം.ആർ.എഫ് സച്ചിൻ്റെ ബാറ്റായിരുന്നു.
കളി കാണുന്ന പിള്ളേരെ എണീപ്പിച്ച് വിടാൻ അമ്മമാർ ഏറ്റവും കൂടുതൽ പറഞ്ഞിരുന്ന വാക്ക് ഒരുപക്ഷേ ” സച്ചിൻ ഔട്ടായില്ലേ? ഇനി പോയിരുന്ന് പഠിക്കാൻ നോക്ക് ” എന്നായിരിക്കും. എന്തിന്, പ്രായത്തിനു മുതിർന്ന പെൺകുട്ടികളെ പ്രേമിക്കുന്നവർക്ക് പോലും ചൂണ്ടിക്കാട്ടാനുള്ള റോൾ മോഡലുകൾ സച്ചിനും അഞ്ജലിയുമായിരുന്നു. സ്റ്റേഡിയത്തിൽ ഇപ്പൊഴും സച്ചിൻ….സച്ചിൻ എന്നൊരു ആരവം കേൾക്കുമെങ്കിൽ അതിൻ്റെ അകമ്പടിയായി മൂന്ന് കയ്യടികളും അടുപ്പിച്ച് കേൾക്കും..അത്രയ്ക്കാണ് അടിച്ചുകൂട്ടിയ റണ്ണിലുപരി അയാൾ തന്ന ഓർമകൾ.
കരിയറിനെ വെല്ലുവിളിച്ച പരിക്കുകൾ
ഷാർജയിൽ ഓസീസിനെ ഒറ്റയ്ക്ക് തടഞ്ഞുനിറുത്തിയത്, അച്ഛൻ മരിച്ച് ചടങ്ങുകൾ മാത്രം തീർത്ത് നേരെ വന്ന് ലോകകപ്പിൽ സെഞ്ചുറി നേടിയത്, വെല്ലുവിളിച്ച കാഡിക്കിനെ ഗ്രൗണ്ടിനു പുറത്തേക്ക് പായിച്ചത്, അക്തറിനെ പഞ്ഞിക്കിട്ടത്…സച്ചിൻ്റെ ഷോട്ടുകൾ പലതും പരിക്ക് കൊണ്ടുപോയിട്ടുണ്ട്.
ഷെയിൻ വോണുമായി അങ്കം മുറുകിനിന്ന കാലത്ത് സ്റ്റെപ്പൗട്ട് ചെയ്ത് വന്ന് ബൗളറുടെ തലയ്ക്ക് മുകളിലൂടെ പന്ത് സൈറ്റ് സ്ക്രീനിനു പിന്നിലെത്തിക്കുന്ന കിണ്ണം കാച്ചിയൊരു ഐറ്റമുണ്ടായിരുന്നു…പുറം വേദനയ്ക്ക് മുൻപുള്ള കാലത്ത്..
അത് കണ്ടാൽപ്പിന്നെ വേറൊന്നും അന്ന് കണ്ടില്ലെങ്കിലും കുഴപ്പമില്ല…ടെന്നീസ് എൽബോ എന്ന് ആദ്യമായി കേൾക്കുന്നത് സച്ചിൻ്റെ കാര്യത്തിലാണ്. അന്ന് തീരും സച്ചിൻ്റെ കരിയറെന്ന് പലരും വിധിയെഴുതിയിട്ടും പിന്നെയും കളിച്ചു വർഷങ്ങളോളം.
സച്ചിനെ വീഴ്ത്താൻ വേണ്ടി മാത്രം സ്പെഷ്യൽ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട് ടീമുകൾ. ബൗൺസർ തുടർച്ചയായെറിഞ്ഞപ്പൊ മറുപടിയായി അപ്പർ കട്ട് പിറന്നതും ലെഗ് സൈഡിൽ തുടർച്ചയായി പന്തുകൾ വന്നപ്പൊ പാഡിൽ സ്വീപ്പ് പിറന്നതുമൊക്കെ ചരിത്രം…
ഒറ്റയ്ക്ക് തോളിലേറ്റി ഫൈനലിലെത്തിച്ച ലോകകപ്പ് നേടാൻ കഴിയാഞ്ഞത് സ്വന്തം നാട്ടിൽ വച്ച് കപ്പെടുത്ത് ടീമംഗങ്ങളുടെ തോളിലേറിയപ്പൊ തീർന്നു.
മറ്റ് പലരും പലവട്ടം അടുത്തെത്തിയിട്ടും വൺ ഡേയിലെ ആദ്യ ഡബിൾ സെഞ്ചുറി ആ പേരിലായത് കളിയും കാലവും കാത്തുവച്ച സമ്മാനമായിരിക്കണം. മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണ് എന്ന് പറഞ്ഞത് സച്ചിനായതുകൊണ്ടാണ് സാക്ഷാൽ താക്കറെ പോലും മിണ്ടാതെയിരുന്നത്. വാതുവയ്പിൽ ഒരിക്കലും പെടില്ലെന്ന് ഉറപ്പുണ്ടായിരുന്ന പേരുകളിൽ ആദ്യത്തേതും സച്ചിനെന്നായിരുന്നു.
ഇന്ത്യക്കാരുടെ സച്ചിൻ
അയാൾ ഇന്ത്യക്കാർക്ക് ആരായിരുന്നു എന്നതിനുത്തരം രണ്ട് സ്റ്റേഡിയങ്ങൾ പറയും. ലോകകപ്പ് സെമിയിൽ അയാൾ ഔട്ടായതിനു ശേഷം ടീം തകർന്നപ്പോൾ കളിയുടെ മാന്യതയ്ക്ക് ചേരില്ലെങ്കിലും കത്തിയ കൽക്കട്ടയിലെ ഈഡൻ ഗാർഡൻസ് ഒന്ന്..രണ്ടാമത്തേത് വർഷങ്ങൾക്ക് ശേഷം വെസ്റ്റിൻഡീസുമായി ഈഡൻ ഗാർഡൻസിൽ നടന്ന വിടവാങ്ങൽ ടെസ്റ്റ്.
സച്ചിനെക്കാൾ മികച്ചവർ വന്നേക്കാം. സച്ചിൻ്റെ സ്റ്റാറ്റസ്റ്റിക്കൽ റെക്കോഡുകളും തകർന്നേക്കാം. പക്ഷേ അയാൾ തന്ന ഓർമകൾക്ക് പകരം വയ്ക്കാൻ ഇനിയൊന്ന് വരാൻ സാദ്ധ്യത കുറവാണ്. അതൊരു കാലത്തിൻ്റെ കൂടി പ്രത്യേകതയാണ്. അതുകൊണ്ടാണ് അയാൾ കളി നിർത്തിയപ്പൊ കണ്ണ് നിറഞ്ഞതും. ജന്മദിനാശംസകൾ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS