ധീരജിൻ്റെ കൊലപാതകം: പ്രതികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടുക്കി പൈനാവ് ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ട്. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ സ്വദേശി ധീരജിന് കുത്തേറ്റത്. കഴുത്തിനും നെഞ്ചിനും മധ്യേയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.
ധീരജിനെ കുത്തിയത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണെന്നാണ് ആരോപണം. വാഴത്തോപ്പ് മണിയാറൻ കുടി സ്വദേശി നിഖിൽ പൈലി എന്നയാൾ സംഭവത്തിന് ശേഷം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതായും എസ്എഫ്ഐ – സിപിഎം. നേതാക്കൾ ആരോപിച്ചു. പോലീസ് ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി. കോളേജിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംഘർഷത്തെ തുടർന്ന് പുറത്ത് നിന്നെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
കത്തിക്കുത്തിൽ പരിക്കേറ്റ് അഭിജിത്, അമൽ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാൾക്ക് കുത്തേറ്റിട്ടുണ്ട്. ഇവരുടെ നില അതീവ ഗുരുതരമല്ലന്നാണ് വിവരം.
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കൊലപാതകത്തെ കോൺഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും. കെ എസ് യു മുൻകൈയെടുത്ത് ഒരു കലാലയത്തിലും കൊലപാതകം നടക്കില്ലെന്ന് ഉറപ്പുണ്ട്. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS