ഉമ്മമനം; ദു:ഖങ്ങളും പരീക്ഷണങ്ങളുമായി പറന്നകന്ന ആ ഉമ്മമനസിന്
“പപ്പയുടെ സ്വന്തം അപ്പൂസ് ” കണ്ടിറങ്ങുമ്പോൾ ചെറിയോൾക്ക് ക്ഷീണം അധികരിച്ചിരുന്നു. അമ്മ മരണപ്പെട്ട അപ്പൂസും അവന്റെ പപ്പയും തകർത്തഭിനയിച്ച സിനിമയിലൂടെ മൂന്നു മണിക്കൂർ നേരം ചെറിയോളും ജീവിക്കുകയായിരുന്നു.
“കുട്ടിമാനേം ബാപ്പുട്ടിനെം മുത്തൂനേം ഈ സിനിമ കാണിക്കണം ട്ടൊ” കാക്കയുടെ കയ്യിൽ പിടിച്ച് ചെറിയോൾ കണ്ണീരൊഴുക്കിപ്പറഞ്ഞു. രോഗത്തിന്റെ പീഢനാവസ്ഥയിൽ ശരീരവും മനസും തളർന്നു തുടങ്ങിയിരുന്നെങ്കിലും ചെറിയോൾ ജീവിതത്തെ സ്നേഹിച്ചിരുന്നു, രോഗമുക്തിയെ പ്രതീക്ഷിച്ചിരുന്നു!
പറക്കമുറ്റാത്ത മൂന്നാൺമക്കളെ കൈവിട്ടു പറന്ന കലാൻ ഒരുമ്മ മനസും കൊതിക്കില്ലല്ലോ. മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് ചെറിയോളിത്തിരി നേരം മയങ്ങി.
പുത്തനുടുപ്പും ബാഗും കുടയുമായി സ്കൂളിലേക്കോടുന്ന കുഞ്ഞിമക്കൾ. അവരുടെ കളിചിരികളും തമാശകളും വഴക്കും വക്കാണങ്ങളും കണ്ടിരിക്കാൻ എന്തു രസാ!
”വളർന്നു വലുതായാലെനിക്ക് തുണ മൂന്നാണുങ്ങളാ, ഉമ്മാനെ പൊന്നു പോലെ നോക്കുന്ന സുന്ദരൻമാർ… അവരുടെ കല്യാണന്റെ സ്വപ്നാ! വന്നു കേറുന്ന കുട്ട്യാളാ പിന്നെന്റെ പെൺമക്കൾ! “
സന്തോഷം കൊണ്ട് തുള്ളിച്ചാടിയ ചെറിയോൾ മയക്കത്തിലൊന്ന് തിരിഞ്ഞു കിടന്നു.
ഞരമ്പുകളെ വേദനിപ്പിച്ചാണിപ്പോൾ ഓരോ തുള്ളി ഗ്ലൂക്കോസും കയറുന്നത്. ആശുപത്രി വാസവും ശരീരം നുറുങ്ങുന്ന വേദനയും മടുത്തു തുടങ്ങി. എല്ലാം വിധിയെന്നോർത്ത് സങ്കടപ്പെടുമ്പോഴാണ് നഴ്സിന്റെ സ്പർശം അടുത്തുള്ളതറിഞ്ഞത്.
വേദനക്കുള്ള ഇഞ്ചക്ഷൻ ചെറിയോളെ വീണ്ടും മയക്കത്തിലേക്കാഴ്ത്തി !
തുടക്കം
പാടവും പറമ്പുകളും ധാരാളമുള്ള കച്ചവടക്കാരന്റെ അഞ്ചു മക്കളിലൊരുവളായാണ് ചെറിയോൾ പിറന്നത്. രണ്ടാം വയസിൽ ഉമ്മയെ നഷ്ടപ്പെട്ട അനാഥബാല്യങ്ങൾ. ഉപ്പയുടെ രണ്ടാം കല്യാണത്തിലുള്ള രണ്ട് മക്കളുമടക്കം കുടുംബത്തിൽ കുട്ടികൾ ഏഴു പേരുണ്ടായിരുന്നു. ചെറിയോളുടെ ബാല്യം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ഉപ്പയുടെ പാടത്തും പറമ്പിലും പണിയെടുക്കാൻ വിധിക്കപ്പെട്ടവർ. അഞ്ചു പേർക്കും കൂടി ഒറ്റപ്പാത്രത്തിൽ വിളമ്പുന്ന കഞ്ഞിയിൽ വറ്റുകളുടെ എണ്ണം വളരെ കുറവായിരിക്കും. പാതി നിറഞ്ഞ വയറുമായി ക്ഷീണിച്ചുറങ്ങുന്ന ചെറിയോൾക്കും കൂടപ്പിറപ്പുകൾക്കും കേട്ടുറങ്ങാൻ അമ്മത്താരാട്ടില്ല, തലോടലുമില്ല! പുത്തനുടുപ്പിട്ട് പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് സ്കൂളിൽ പോകുന്ന മറ്റു കുട്ടികളെ നോക്കി കണ്ണീരൊഴുക്കുന്ന നഷ്ട ബാല്യം. നാലാം ക്ലാസുവരെ തട്ടിമുട്ടി പൂർത്തിയാക്കിയ സ്കൂൾ ക്കാലം.ചെറിയോളുടെ ബാല്യത്തിന് കണ്ണീരിന്റെ നനവു മാത്രമേ ഉണ്ടായിരുന്നുള്ളു.
വിവാഹത്തിന് ശേഷം
പതിമൂന്നാം വയസിൽ അഷ്റഫ് കാക്കയുടെ മണവാട്ടിയായെത്തിയത് ചെറിയോൾക്ക് പുതുജൻമം കിട്ടിയതു പോലായിരുന്നു. നഷ്ടപ്പെട്ട ഉമ്മമണവും സ്വപ്നങ്ങളുമൊക്കെ തിരിച്ചെത്തിയ കുടുംബ ജീവിതം. അഞ്ചാറു വർഷത്തിനിടയിൽ മൂന്നു പൊന്നുംകുടങ്ങളേയും പടച്ചവനവൾക്ക് സമ്മാനിച്ചു.
ജീവിതത്തിന്റെ മുറിവുകളുണങ്ങിത്തുടങ്ങിയതേ ഉള്ളൂ, വിധിയവളെ വീണ്ടും പരീക്ഷിച്ചു തുടങ്ങി.
വിട്ടുമാറാത്ത പനി ഹൃദയ വാൾവ് ചുരുങ്ങുന്നതിന്റെ ലക്ഷണമായി വൈദ്യശാസ്ത്രം വിധിയെഴുതി. രോഗാവസ്ഥ പിന്നീട് മഞ്ഞപ്പിത്തത്തിലേക്കും പേരറിയാത്ത മറ്റു ദീനങ്ങളിലേക്കും വഴിമാറുമ്പോഴും തന്റെ മക്കളുടെ വളർച്ച കണ്ട് സന്തോഷിക്കുകയായിരുന്നാ ഉമ്മ മനം. തന്റെ വിധി മക്കൾക്കും വരുത്തരുതേയെന്നവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
രോഗവും ചികിത്സയും
വേദനയുടെ കാഠിന്യം ഉറക്കത്തിൽ നിന്നും ചെറിയോളെ വീണ്ടുമുണർത്തി. ആറു മാസത്തെ ആയുസ് ഡോക്ടർമാർ വിധിയെഴുതിയത്.
പടച്ചവനല്ലേ വലിയവൻ. മക്കളുടെ കൂടെ കുറച്ചു കാലം കൂടി .. പണിതീർത്ത പുതിയ വീട്ടിൽ കുടുംബത്തോടൊപ്പമുള്ള താമസം…
ചെറിയോൾടെ സ്വപ്നങ്ങളുടെ അതിരുകൾ ഇത്രയൊക്കെയായിരുന്നു. വിധി വീണ്ടും പരീക്ഷണത്തിൽ തന്നെ. രോഗം മൂർച്ഛിച്ചപ്പോൾ മക്കളെ കാണാനുള്ള കൊതിയും ചെറിയോളെ അലട്ടിത്തുടങ്ങി.
കുട്ടിമാനും ബാപ്പുട്ടിയും മുത്തുവും കാക്കാന്റെ കൂടെ ആശുപത്രിയിൽ എത്തി. ഉമ്മാക്ക് വെള്ളം കൊടുത്തും നെറ്റിയിൽ ഉമ്മ വെച്ചും ഉമ്മാനെ തലോടിയും അവർ അടുത്തിരുന്നു. നേരം പാതിരയായപ്പോഴാണ് മക്കൾ ഉറങ്ങാൻ പോയത്.
കിടന്നിട്ട് ഉറക്കം വരുന്നില്ല. കരൾ നുറുങ്ങുന്ന വേദനയോടെ കുട്ടിമാൻ എണീറ്റിരുന്നു. കൂട്ടത്തിൽ ചെറിയവനായ ബാപ്പുട്ടി ഒന്നുമറിയാതെ ഉറങ്ങുന്നു. പൊന്നുമ്മയുടെ റൂഹ് തൊണ്ടക്കുഴിയിൽ നിന്നകലുന്ന നിമിഷങ്ങളാണവയെന്ന് പാവം മക്കൾ തിരിച്ചറിയുന്നുണ്ടായിരുന്നില്ല. എല്ലാം അവസാനിച്ചെന്നറിയുന്നത് പ്രിയപ്പെട്ട ഉമ്മയെ കാണാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു.
”കരയരുത് മക്കളേ” എന്നു പറയുമ്പോൾ കാക്ക വിതുമ്പിക്കരയുന്നുണ്ടായിരുന്നു. ചേതനയറ്റ ശരീരത്തിൽ വീണ് പൊട്ടിക്കരയുന്ന മക്കളുടെ വേദനയോളം ഈ ലോകത്തിൽ മറ്റൊരു വേദനയുമില്ലെന്നതാണ് സത്യം!
ജീവിതത്തിൽ ദുരിതങ്ങളും ദു:ഖങ്ങളും കൂടുതൽ പരീക്ഷണങ്ങളുമായി പറന്നകന്ന ആ ഉമ്മമനസിന് നീ സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ എന്നുറക്കെ പ്രാർത്ഥിക്കാം!
കാലമൊഴുകി വീണ്ടും, ആരെയും കാത്തു നിൽക്കാതെ!
ചെറിയോളുമ്മയുടെ സ്നേഹം പകരാൻ കുടുംബത്തിൽ സൽമ ഉമ്മയായെത്തി. ചിഞ്ചുവും റിനുവും ചെറിയോൾക്ക് പിറക്കാതെ പോയ പെൺമക്കളായെത്തി.
കാലം വീണ്ടും മുന്നോട്ടൊഴുകി. മുത്തുവും കുട്ടിമാനും ബാപ്പുട്ടിയും വിവാഹിതരായി. ഷബിയും മോളുട്ടിയും മോളുവും വീട്ടിലെ വിളക്കുകളാണിന്ന്. സന്തോഷപ്പൂങ്കുരുന്നുകളായി ദിലുമിലുവും നിജുവുമുണ്ട്, കുഞ്ഞാവയും മെഹ് നുവും ഇവാനുമുണ്ട്, മനുവും ഹെസമോളുമുണ്ട്. ഈ സന്തോഷങ്ങളെ സ്വർഗത്തിൽ വെച്ചെങ്കിലും ചെറിയോൾക്ക് കാണാൻ പറ്റട്ടെ ! ഈ സ്നേഹപ്പൂക്കളുടെയൊക്കെ പ്രാർത്ഥനകൾ ചെറിയോൾക്കുണ്ടല്ലൊ. ആഖിറത്തേക്കുള്ള ഏറ്റവും വലിയ മുതലും ഈ പ്രാർത്ഥനകൾ തന്നെയാണല്ലൊ.
നാളെ സ്വർഗപ്പൂന്തോപ്പിൽ ചെറിയോളുടെ കൂടെ ഞങ്ങളേയും നീ ഒരുമിപ്പിക്കണേ നാഥാ എന്നു പ്രാർത്ഥിക്കാം !
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS