KeralaOpinion

കെ എസ് ആർ ടി സിയിലെ സമരം; അടിച്ചമർത്തലിന്റെ ഭാഷയിലല്ല ഭരണകൂടം തൊഴിലാളികളെ നേരിടേണ്ടത്

പ്രമോദ് പുഴങ്കര

കെ എസ് ആർ ടി സിയിലെ തൊഴിലാളി സമരത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് അടിസ്ഥാനപരമായി തൊഴിലാളിവർഗ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്നതല്ല.

അതുകൊണ്ടാണ് സമരത്തെ നേരിടാൻ അവശ്യ സേവനമായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ഡൈസ്നോൺ ബാധകമാക്കുകയും ചെയ്യുന്നത്.

ഇതല്ല ഒരു തൊഴിലാളി സമരത്തോട് സംസാരിക്കാൻ ഇടതുമുന്നണി സർക്കാർ കൈക്കൊള്ളേണ്ട ഭാഷ. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും പണിമുടക്ക് സമരങ്ങളും പൊതുസമൂഹത്തിനെതിരാണ് എന്ന ഉപരിവർഗ രാഷ്ട്രീയാഖ്യാനത്തെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇതെല്ലാം സഹായിക്കുക.

CITU അടക്കമുള്ള ഇടതുപക്ഷ തൊഴിലാളി സംഘടനകൾ നേതൃത്വം നൽകുന്ന ഒരു സമരം ജനവിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കെതിരാണെന്നും സർക്കാർ പറയുമ്പോൾ അതെന്തുകൊണ്ട് എന്ന് വിശദീകരിക്കാനുള്ള ബാധ്യത ഇടതുമുന്നണിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെങ്കിലുമുണ്ട്.

ശമ്പളവർധനക്കായി തൊഴിലാളികൾ സമരം ചെയ്യുന്നത് ഒരു തെറ്റല്ല. സമരം ചെയ്തതുകൊണ്ട് മാത്രമാണ് ഇന്ന് സമരങ്ങളെ തള്ളിപ്പറയുന്നവർക്കടക്കം സാമാന്യമായി മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നത്.

തൊഴിലാളികളും തൊഴിലാളി സംഘടനകളുമാണ് നാട്ടിലെ ‘വ്യാവസായിക’ മേഖല ശക്തിപ്പെടാത്തതിന്റെ കാരണമെന്നും ‘മുതലാളിമാർ’ മൂലധനനിക്ഷേപം നടത്താത്തതിന്റെ കാരണമെന്നുമുള്ള പ്രചാരണം കേരളത്തിൽ എത്രയോ കാലമായി ശക്തമാണ്.

‘വരവേൽപ്പ്’ സിനിമയാണ് നമ്മുടെ തൊഴിലാളി സമരത്തിന്റെയും സംഘടിത തൊഴിലാളിയുടെയും മധ്യവർഗബോധത്തിന്റെ വാർപ്പുമാതൃക. ഇതിന്റെ ചുവടു പിടിച്ചാകരുത് ഒരു ഇടതുമുന്നണി സർക്കാർ തൊഴിലാളി സമരങ്ങൾക്ക് നേരെ സംസാരിക്കേണ്ടത്.

തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളിൽ ചർച്ച നടത്തുകയും അതിൽ ചിലപ്പോൾ ചില ആവശ്യങ്ങൾ നടപ്പാക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതാണെന്നു വരികയും ഒക്കെ സ്വാഭാവികമായ കാര്യങ്ങളാണ്.

എന്നാലത് ഭരണകൂട ഭീഷണിയുടെ പശ്ചാത്തലത്തിലല്ല നടക്കേണ്ടത്.

KSRTC എന്ന പൊതുമേഖല ഗതാഗത സംവിധാനം ഇത്രയേറെ തകർച്ചയെ നേരിടാനുള്ള കാരണം തൊഴിലാളികളാണെന്നു വരുത്തിത്തീർക്കുന്നത് തെറ്റാണ്.

കമ്പനിയുടെ തകർച്ചയെ തടയാനുള്ള ക്രിയാത്മകമായ നിർദേശങ്ങൾ വെക്കുന്നതിലും ആധുനിക പൊതുഗതാഗത സംവിധാനമാക്കി അതിനെ മാറ്റുന്നതിന് വേണ്ട വർഗപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിലും തൊഴിലാളി സംഘടനകൾക്ക് പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ട് എന്നതിൽ സംശയമൊന്നുമില്ല.

എന്നാൽ KSRTC യെ ഈ അവസ്ഥയിൽ എത്തിച്ചതിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഭരണ നേതൃത്വത്തിനാണ് ഏറ്റവും മുന്തിയ പങ്ക്. കേരളത്തിലെ മഹാഭൂരിഭാഗം ജനങ്ങളും തങ്ങളുടെ യാത്രാ ആവശ്യങ്ങൾക്ക് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരുന്ന കാലത്തും KSRTC യെ നഷ്ടത്തിലോടിക്കാൻ വിദഗ്ധ പരിശീലനം സിദ്ധിച്ചവരായിരുന്നു അത് നടത്തിക്കൊണ്ടുപോയിരുന്നത്.

കോവിഡിന് മുമ്പുള്ള കാലത്ത് സ്വകാര്യ ബസുകളുടെ ശൃംഖലകൾ താരതമ്യേന ലാഭത്തിൽ ഓടിയിരുന്നപ്പോഴും സർക്കാർ വക സ്ഥാപനം നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് പോയിരുന്നത് കെടുകാര്യസ്ഥതയുടെയും അഴിമതിയുടേയും എത്രയോ പതിറ്റാണ്ടുകാലത്തെ ശ്രമഫലമായാണ്.

KSRTC തൊഴിലാളികൾ ശമ്പള വർധന ആവശ്യപ്പെടുമ്പോൾ സാമൂഹ്യവിരുദ്ധരെന്ന മട്ടിൽ ഗതാഗത മന്ത്രി സംസാരിക്കുന്നു. എന്നാൽ കഴിഞ്ഞ 7 വർഷത്തിനിടയിൽ രണ്ടു തവണ ശമ്പളം കനത്ത രീതിയിൽ വർധിപ്പിച്ചു കിട്ടിയ സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഇതല്ല ഒരു രാഷ്ട്രീയ കക്ഷിയുടേയും നിലപാട്.

സർക്കാർ ഗുമസ്തന്മാരുടെയും സ്‌കൂൾ/ കോളേജ് അദ്ധ്യാപകരുടെയും ശമ്പളം കൂട്ടിയത് വരുമാനത്തകർച്ചയുടെ പ്രളയത്തിലും മഹാമാരിയിലും കേരളത്തിലെ മഹാഭൂരിഭാഗം ജനങ്ങളും സർക്കാരും മുങ്ങിക്കിടക്കുമ്പോഴാണ്.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായതുകൊണ്ട് യാതൊരു സാമൂഹ്യ-സാമ്പത്തിക വീണ്ടുവിചാരങ്ങളുമില്ലാതെ ഇപ്പറഞ്ഞ വിഭാഗത്തിന് ശമ്പളവർധന നടപ്പാക്കിക്കൊടുത്തു. കാര്യക്ഷമതയും നഷ്ടവും ലാഭവുമൊന്നും സർക്കാരിനും മുഖ്യധാരാ കക്ഷികൾക്കും പ്രശ്നമായിരുന്നില്ല. സാമാന്യം മികച്ച ജീവിതനിലവാരം പുലർത്താൻ കഴിയുന്ന ശമ്പളം ലഭിക്കുന്ന ഒരു വിഭാഗത്തിനാണ് ശമ്പള വർധന ലഭിച്ചത്.

കേരളത്തിന്റെ എല്ലാ സാമ്പത്തിക മേഖലകളും വരുമാനത്തകർച്ചയിൽ നിൽക്കുമ്പോൾ ഇത്തരത്തിലൊരു പടുകൂറ്റൻ ശമ്പള വർധനയുടെ സാമൂഹ്യ-സാമ്പത്തിക ന്യായം എന്തായിരുന്നുവെന്ന ചർച്ചയെപ്പോലും ‘തൊഴിലാളി വിരുദ്ധത’ എന്ന പേരിലാണ് എതിർത്തത്. 4810 കോടി രൂപയാണ് സർക്കാരിന് അധികബാധ്യതയായി വന്നത്.

2011-12 നും 2019-നും ഇടയ്ക്കുള്ള 7 കൊല്ലങ്ങൾക്കൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശരാശരി ശമ്പളം ഇരട്ടിയായി വർധിച്ചു. (Rs 25, 458 per month in 2011-12 to Rs 49, 657 per month in 2018-19).

പ്രളയവും കോവിഡും തകർത്തു തരിപ്പണമാക്കിയ ഒരു സംസ്ഥാനത്തിന്റെ പൊതുഖജനാവിൽ നിന്നും ഇത്ര അടിയന്തരമായി നടപ്പാക്കേണ്ട ഒന്നായിരുന്നില്ല ആ ശമ്പള പരിഷ്‌ക്കരണം. എന്നിട്ടും അവസാന മനുഷ്യനേയും ഊറ്റിയെടുത്താലും നടപ്പാക്കുക തന്നെ ചെയ്യും എന്ന മട്ടിൽ അത് നടന്നു.

എന്നാൽ KSRTC ജീവനക്കാരുടെ ശമ്പളവർദ്ധനവ് ഉണ്ടാക്കുന്ന അധികബാധ്യത 30 കോടിയാണെന്ന് ഗതാഗത മന്ത്രി പറയുന്നു. അത് നൽകാനുള്ള സാമ്പത്തിക ശേഷി KSRTC ക്ക് ഇല്ല എന്നും സർക്കാർ പറയുന്നു.

4810 കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കാനുള്ള സാമ്പത്തിക ശേഷി കേരള സർക്കാരിനുണ്ടായിരുന്നുവോ? അർദ്ധ അതിവേഗ തീവണ്ടിക്കായി മുക്കാൽ ലക്ഷം കോടി രൂപയോളം വരുന്ന പദ്ധതി നടപ്പാക്കാൻ മുട്ടി നിൽക്കുന്ന സർക്കാരാണ് പതിറ്റാണ്ടുകളായി KSRTC യെ എന്തുചെയ്യണം എന്നറിയാതെ ഉഴറുന്നത്!

ഒടുവിൽ കട്ടപ്പുറത്തെ ബസുകൾ ലഘുഭക്ഷണശാലകളാക്കുന്ന പരിഷ്കാരമൊക്കെയാണ് കൊണ്ടാടപ്പെടുന്നത് ! കോഴിക്കോട് KSRTC സമുച്ചയം 74.59 കോടി രൂപ ചെലവിൽ പണിപൂർത്തിയാക്കി കഴിഞ്ഞപ്പോൾ കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിയുടെ നിത്യസ്മാരകമായി മാറിയിരിക്കുന്നു.

തിരുവനന്തപുരത്തും അങ്കമാലിയിലുമൊക്കെയുള്ള പുത്തൻ സമുച്ചയങ്ങൾ സമാന അഴിമതികളുടെ കെട്ടുകാഴ്ചകളാണ്. ആരാണ് ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടേണ്ടത്? എന്ത് അന്വേഷണമാണ് നടക്കുന്നത്? എന്തുകൊണ്ടാണ് ഇത്ര ഭീമമായ അഴിമതി രാഷ്ട്രീയകക്ഷികൾ ഇത്ര സജീവമായി ഇടപെടുന്ന ഒരു ഒരു പൊതുസമൂഹത്തിൽ സുഗമമായി നടന്നുപോയത്?

രാഷ്ട്രീയ പരിഹാരങ്ങൾക്ക് പകരം ഭരണകൂട അടിച്ചമർത്തലിന്റെ ഭാഷയിലല്ല തൊഴിലാളി സമരങ്ങളുമായി സംസാരിക്കേണ്ടത്.

KSRTC എന്ന സ്ഥാപനം മലയാളിയുടെ സാമാന്യബുദ്ധിക്ക് മുന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം നടത്തുന്ന പരിഹാസനാടകമായി മാറിയിരിക്കുന്നു. പൊതുഗതാഗതം ജനങ്ങളുടെ ജനാധിപത്യാവകാശമാണ്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x