തിരുവമ്പാടിയിൽ വർഗീയ രാഷ്ട്രീയം കളിക്കുന്നവരോട്; ജാതിക്കും മതത്തിനും അപ്പുറം അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരാണ് ഇവിടെ
പ്രതികരണം/ആബിദ് അടിവാരം
തിരുവമ്പാടിയിൽ ഇത് നടക്കുന്നുവെങ്കിൽ അത് തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണ്. തിരുവമ്പാടിയിലെ വർഗീയ രാഷ്ട്രീയം കാണാതെ പോകരുത്.
…‘ഇന്ന് രാവിലെ ഈസ്റ്റർ ആശംസിക്കാൻ കോടഞ്ചേതിരിയിലുള്ള എൻ്റെ സുഹൃത്ത് വിളിച്ചിരുന്നു, ഇരുപത്തിനാല് വർഷമായി വിശേഷ ദിവസങ്ങളിൽ തേടിയെത്തുന്ന കോളാണ്.
ജാർഖണ്ഡിൽ കന്യാസ്ത്രീയായി സേവനമനുഷ്ഠിക്കുന്ന നല്ല വായനയും രാഷ്ട്രീയ ബോധവുമുള്ള അവൾ പറഞ്ഞ ചില കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതുള്ളതു കൊണ്ട് ഇവിടെ പങ്കു വെക്കുന്നു.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഇടവകകളിലെ ചില അച്ചന്മാർ ക്രിസ്ത്യാനികളോട് പരസ്യമായി പറയുന്നു ‘കാക്കമാർക്ക് വോട്ട് ചെയ്യരുത്, ഇത്തവണ അവരെ തോൽപ്പിച്ചാൽ തിരുവമ്പാടി സീറ്റ് എക്കാലത്തേക്കും നമുക്കുള്ളതാണ്, നമ്മളേ ജയിക്കൂ എന്ന സന്ദേശം കൊടുക്കാൻ വോട്ട് ലിൻ്റോക്ക് ചെയ്യണം.’
നോക്കൂ..,
സിറിയക് ജോണും പിപി ജോർജ്ജും എവി അബ്ദുറഹിമാൻ ഹാജിയും സി മോയിൻകുട്ടിയും മത്തായി ചാക്കോയും ജോർജ്ജ് തോമസുമൊക്കെ പല തവണ പ്രതിനിധീകരിച്ചിട്ടുള്ള മണ്ഡലമാണ് തിരുവമ്പാടി.
അല്ലറ ചില്ലറ വർഗീയ കുത്തിത്തിരുപ്പുകൾ ഉണ്ടാവാറുണ്ടെങ്കിലും ഇത് പോലെ പച്ചക്ക് വീട് കേറി വർഗീയത പറയുന്ന ഒരു കാലം ഉണ്ടായിട്ടില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി രൂപത ആർഎസ്എസ് ന്റെ വ്യാജ പ്രചാരണമായ ലവ് ജിഹാദ് വിഷയമാക്കി തെരുവ് നാടകം അവതരിപ്പിച്ചതായും കേട്ടിരുന്നു.
പല നാടുകളിലും വർഗീയ കലാപങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്ന വാർത്ത കേൾക്കുന്നതല്ലാതെ മലയോര മേഖലയായ തിരുവമ്പാടിക്കാർക്കൊന്നും അതത്ര പരിചയമില്ല, അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യരാണ്, ജാതിക്കും മതത്തിനും അപ്പുറം പരസ്പരം മനസ്സിലാക്കി ഒന്നിച്ചു ജീവിക്കുന്ന സാധാരണക്കാർ.
ഇടതു പക്ഷം ഇത്തവണ സംസ്ഥാന വ്യാപകമായി വർഗീയ വിഭജനമുണ്ടാക്കി വോട്ടു പിടിക്കാൻ നോക്കുന്നു എന്നത് രഹസ്യമൊന്നുമല്ല, മധ്യകേരളത്തിലെ ക്രിസ്ത്യൻ ബെൽറ്റുകളിലൊക്കെ അത് തെളിഞ്ഞു കാണുന്നുണ്ട്.
ജോസ് കെ മാണി മുതൽ കാപ്പിപ്പൊടിയച്ചൻ വരെയുള്ളവർ ലവ് ജിഹാദ് വോട്ടാക്കി മാറ്റാനുള്ള ശ്രമം നടത്തുന്നത് പരസ്യമായാണ്. ഈ വർഗീയക്കെണിക്ക് തലവെച്ചു കൊടുത്താൽ ഊരിയെടുക്കാൻ കഴിയില്ലെന്ന് തിരുവമ്പാടിക്കാർ മനസ്സിലാക്കണം.
മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള അതിനു താഴെ ഹിന്ദുക്കളും മൂന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളുമുള്ള ഒരു മണ്ഡലത്തിൽ യുഡി.എഫ് സ്ഥാനാർഥിയെ വർഗീയമായി തോൽപിക്കണം എന്ന് പറയുന്നതിലെ അപകടം തിരിച്ചറിയാൻ എല്ലാ മതവിഭാഗങ്ങൾക്കും കഴിയണം.
മുഖ്യധാരയിൽ നിന്ന് മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള സംഘപരിവാർ ശ്രമത്തിൻ്റെ ഭാഗമാണ് സഭയിലെ ചില മുട്ടാളന്മാരുടെ ഇത്തരത്തിലുള്ള പ്രചരണം എന്ന വസ്തുത തിരിച്ചറിയണം,
നമ്മുടെ കുട്ടികൾക്കും വരുന്ന തലമുറക്കും ജീവിക്കാനുള്ളതാണ്, വർഗീയതയ്ക്ക് വളം വെച്ച് കൊടുക്കരുത്.
എൻ്റെ സുഹൃത്ത് പറഞ്ഞ വാക്കുകൾ അതേ പടി പകർത്തി അവസാനിപ്പിക്കാം…,
‘ഡാ നിനക്കറിയോ, ജാർഖണ്ഡിലൊക്കെ സഭാവസ്ത്രം ഇട്ടോണ്ട് പുറത്തിറങ്ങാൻ പേടിയാണ്, ഏത് പട്ടാപ്പകലും ബിജെപിക്കാർ ആക്രമിക്കും, സ്ഥാപങ്ങളിൽ കയറി ഭീഷണിപ്പെടുത്തുന്നതും പണം പിരിക്കുന്നതുമൊക്കെ സർവ്വസാധാരണമാണ്, പോലീസിൽ പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, നൂറുകണക്കിന് മലയാളി വൈദീകരും കന്യാസ്ത്രീകളും ഉത്തരേന്ത്യയിൽ സേവനമനുഷ്ടിക്കുന്നുണ്ട്,
‘ഈ പോക്കുപോയാൽ അടുത്ത പത്തു കൊല്ലം കൊണ്ട് എല്ലാവരും തിരിച്ചു വണ്ടി കയറും, നിനക്കറിയാല്ലോ, 20 കൊല്ലം കഴിഞ്ഞു ഞാനീ തിരുവസ്ത്രത്തിൽ കയറിയിട്ട്, ഇതിട്ടോണ്ട് നടക്കുമ്പോൾ വല്ലാത്തൊരു ധൈര്യമായിരുന്നു, ആ കാലം പോയിരിക്കുന്നു, ഈ വസ്ത്രം കാരണം ഏതു നിമിഷവും ആക്രമിക്കപ്പെടും എന്ന പേടിയാണിപ്പോൾ, വീട്ടുകാർക്കും സമാധാനമില്ലാതായി..’
‘ഞങ്ങളൊക്കെ ബിജെപിക്കാരുടെ ഈ ഭീഷണിയും അക്രമവും സഹിച്ചു ജീവിക്കുമ്പോഴാണ് സഭാ പിതാക്കന്മാർ ബിജെപിക്കാർക്ക് അത്താഴം വിളമ്പുന്നത്, സ്വന്തം ശവക്കുഴിയാണ് തോണ്ടുന്നത് എന്ന് അവർ മനസ്സിലാക്കാഞ്ഞിട്ടല്ല, പണവും സ്വന്തം നിലനില്പുമാണ് എല്ലാവരുടെയും പ്രശ്നം, നീ നോക്കിക്കോ ഇതിന്റെ അനന്തര ഫലം അനുഭവിക്കാൻ പോകുന്നത് ഇന്ത്യയിലെ ക്രിസ്ത്യാനികളാണ്, വൈകാതെ നമ്മളൊക്കെ അത് കാണും.’
‘ഇവിടെ ബിജെപിക്കാർക്ക് ശത്രു മുസ്ലിംകളാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികളാണ്, വിദ്യാഭ്യാസ പ്രവർത്തകരോടും ഈ തിരുവസ്ത്രത്തോടും അവർ കാണിക്കുന്ന പക എന്താണെന്ന് അറിയാൻ അവിടങ്ങളിൽ സേവനം ചെയ്യുന്ന ഏതെങ്കിലും ഒരു കന്യാസ്ത്രീയോട് ചോദിച്ചാൽ മതി…, ഇതൊക്കെ ആരോട് പറയാനാണ്…’
ക്രിസ്ത്യാനികൾക്ക് ഈ പറഞ്ഞത് എന്താണെന്ന് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു, ഒറ്റപ്പെടുത്തലിന്റെ അപകടം എന്താണെന്ന് മുസ്ലിംകളും തിരിച്ചറിയണം, ആര് ചിത്രം വരക്കണം എന്ന് തീരുമാനിക്കാൻ വേണ്ടിയുള്ള മത്സരത്തിൽ ചുവര് നഷ്ടപ്പെടുന്നത് കാണാതെ പോകരുത്.
ലീഗിനോട് പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം, എനിക്കുമുണ്ട്. ഈ വാളിൽ പലപ്പോഴും ലീഗിനെ തുണിയുരിഞ്ഞു നിർത്തിയിട്ടുണ്ട്. പക്ഷെ തിരുവമ്പാടിയിൽ ഇത്തവണ യുഡിഎഫ് ജയിക്കേണ്ടതിന് കക്ഷി രാഷ്ട്രീയത്തിന് അതീതമായ കാരണങ്ങളുണ്ട്.
സിപി തിരുവമ്പാടിയെ ഇത് വരെ പ്രതിനിധീകരിച്ച ഏതു സ്ഥാനാത്ഥിയെക്കാളും മികച്ചയാളാണ്. അധ്യാപനം മുതൽ സെക്രട്ടറിയേറ്റിൽ മന്ത്രിമാരോടൊപ്പം ജോലി ചെയ്തത് വരെയുള്ള പരിചയമുള്ളയാൾ, ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവർത്തനവുമായി തിരുവമ്പാടിയിലുണ്ട് സിപി.
ഇത്തവണ വോട്ട് കൊടുക്കേണ്ടത് സിപിക്കാണ്. ആ വോട്ട് ഒരു പാർട്ടിക്കോ മുന്നണിക്കോ കൊടുക്കുന്ന വോട്ടല്ല. അത് നമ്മുടെ നാടിന് കൊടുക്കുന്ന വോട്ടാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS