അക്ഷരമെന്ന വലിയ അനുഗ്രഹത്തെ ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ച ആ വിദ്യാലയമുറ്റത്തേക്ക് ഒരുവട്ടം കൂടി ഞാൻ നടന്നു ചെന്നു. നീണ്ടു നിവർന്ന് കിടക്കുന്ന റയിൽ പാളത്തിൽ നിന്ന് തുടങ്ങുന്ന ഇടുങ്ങിയ ചവിട്ടു പാതയാണ്. കാഞ്ഞിരത്തിന്റെയും ചീനിയുടേയും വേരുകൾ വഴിയിൽ പുറം തള്ളി നിൽക്കുന്നു . രണ്ടു വശങ്ങളിലുമായി പച്ച പുതച്ചു നിൽക്കുന്ന കമ്മ്യൂണിസ്ററ് പച്ച , തൊട്ടാവാടി , തെച്ചി എന്നിങ്ങനെ വിവിധങ്ങളായ ചെടികളും പുല്ലും മനസ്സിനെ കുളിരണിയിച്ചു . കുത്തിയൊലിക്കുന്ന മഴവെള്ളം വഴിയിൽ തീർത്തിട്ട കുണ്ടിലും കുഴിയിലും ഇന്ന് കാണാൻ കഴിയുന്നത് നിറഞ്ഞു നിൽക്കുന്ന കലാനൈപുണ്യമാണ് .
സ്കൂൾ മുറ്റത്തിന്റെ പടിഞ്ഞാറേ മൂലയിലെ കാഞ്ഞിരത്തിന്റെ കായകൾ ചിന്നി ചിതറി കിടക്കുന്നത് ഒട്ടും അലോസരപ്പെടുത്തിയില്ല . മുറ്റത്തിന് നടുവിലെ പൂമരം, നിറയെ ചുവന്ന പൂക്കൾ വിതറി കാത്തിരിക്കുകയാണ്. കണ്ണുകൾ മനസ്സിനോട് പറഞ്ഞു കൊണ്ടേയിരുന്നു, വോവ് . …എന്ത് മനോഹരമാണ് ഈ കാഴ്ച്ചകൾ. മടിച്ചു നിന്നിരുന്നതും കരഞ്ഞു പിന്തിരിഞ്ഞോടിയിരുന്നതും ഈ സ്കൂളിൽ നിന്നായിരുന്നല്ലോ എന്നോർത്തു മനസ്സ് വല്ലാതെ സങ്കടപ്പെട്ടു. അതങ്ങനെയാണ്, കുട്ടിക്കാലത്ത് സ്കൂളിനോടും പഠനത്തോടുമെല്ലാം ഒട്ടുമിക്ക ആളുകൾക്കും മടിയും ഒരു തരം വെറുപ്പുമായിരിക്കും. ഒന്ന് തീർന്നു കിട്ടിയെങ്കിൽ എന്നു ചിന്തിച്ചതെല്ലാം പിൽക്കാലത്ത് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നാശിക്കാത്തവർ ചുരുക്കമല്ലേ കാണൂ.
ചുകപ്പിട്ടു നിൽക്കുന്ന പൂമരത്തിന് ചുവട്ടിൽ പൂക്കളെ തട്ടി തട്ടി അൽപ നേരം കളിച്ചു നടന്നു. ഓഫീസ് റൂമിന്റെ വാതിൽ പാളികളിലൊന്ന് തുറന്നു കിടക്കുന്നുണ്ട് . വട്ട കണ്ണടയിലൂടെ നോക്കി നമ്പീശൻ മാഷ് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. നരച്ച താടിയും മുടിയും നെറ്റിയിൽ വട്ടത്തിലുള്ള ചന്ദന കുറിയുമായി മാഷിനെ കാണാൻ നല്ല ചേലാണ്. മാഷിന്റെ നുള്ളലിന് നല്ല നോവുമാണ്. മാഷിന്റെ ഉപമകൾ ഏറെ ഹൃദ്യവും. ഇടയ്ക്കിടക്ക് മരത്തണലിൽ വട്ടത്തിലിരുത്തിയാണ് മാഷ് ക്ലാസ്സെടുക്കുക. ബെല്ലടിക്കരുതേ എന്ന് മനസ്സിൽ പറയുന്നത് ആ ക്ലാസ്സിൽ മാത്രമാണ് . ഗ്രൗണ്ടിന്റെ അറ്റത്തുള്ള ആ ഉങ്ങ് മരം മാഷിനെയും ഞങ്ങളെയും വീണ്ടും വീണ്ടും കാത്തിരുന്നിരിക്കണം.
ഓഫീസ് മുറിക്ക് തൊട്ടടുത്തുള്ള ഒന്നാം ക്ലാസ്സിൽ കയറിയിരുന്നു. മറ്റു ക്ളാസ്സുകളെക്കാൾ താരതമ്യേന വലിയ ക്ളാസ് മുറിയാണ്. രണ്ടടി പൊക്കത്തിൽ മാത്രമാണ് ചുമരുള്ളത്. അതുകൊണ്ട് പുറം കാഴ്ചകൾ നന്നായി കാണാം. ചുമരിനു ചാരി ബാക്ക് ബെഞ്ചിലുള്ള ഇരിപ്പിടത്തിൽ നിന്നും നേരെ പുറത്തേക്ക് നോക്കി. കിഴക്കേ മുറ്റത്തെ ഭീമൻ മാവ് ഇപ്പോഴും ആരോഗ്യദൃഢഗാത്രനായി തലയുയർത്തി നിൽക്കുന്നു. വവ്വാല് കൊത്തിയിട്ട മാങ്ങകകൾ മാവിന് ചുറ്റും ചിന്നി ചിതറി കിടക്കുന്നുണ്ട് . മലയാള പുസ്തകത്തിലെ ‘തോണി’ എന്ന വാക്കിനെ ആനന്ദൻ മാഷ് പഠിപ്പിച്ചത് ഓർമയിൽ വന്നു.
ഇതുപോലെയുള്ള വലിയ മരങ്ങൾ കൊണ്ടാണ് തോണി ഉണ്ടാക്കുക എന്നാണ് മാഷ് ആ മാവിനെ ചൂണ്ടി അന്ന് പറഞ്ഞത്. ഇടത്തോട്ട് നോക്കിയാൽ വിശാലമായ ഗ്രൗണ്ടാണ്. നാലരക്ക് ജയ ജയ ജയ ജയഹേ എന്ന ദേശീയ ഗാനത്തിന്റെ അവസാന വരി കേട്ടാലുടനെ അരച്ചുമരു ചാടി വീട്ടിലെക്കോടുന്നത് ഈ ഗ്രൗണ്ട് വഴിയാണ്. മൂന്നു കാലിൽ ചാരി നിൽക്കുന്ന മര ബോർഡിൽ ഇന്നലെ മാഷ് എഴുതിയിട്ട വാക്കുകളുടെ ചോക്ക് പൊടി അങ്ങിങ്ങായി പറ്റിപ്പിടിച്ചു കിടക്കുന്നു. മാഷ് വന്നാൽ ഇന്നും അത് തുടച്ചു മാറ്റുന്ന ജോലി എനിക്ക് കിട്ടുമോ ആവോ. സമചതുർഭുജാകൃതിയിലുള്ള ഡസ്റ്റർ അതിനടിയിൽ തൂങ്ങി കിടക്കുന്നുണ്ട്. ആ പഹയൻ കാരണം എത്ര ഉച്ചയുറക്കത്തിൽ നിന്നാണ് ഞെട്ടി ഉണരേണ്ടി വന്നിട്ടുള്ളത്.
കണ്ണ് നന്നായൊന്ന് തിരുമ്മി ചുറ്റും നോക്കിയപ്പോഴാണ് അത് കണ്ടത്, എന്റെ ചുറ്റും പഴയ കൂട്ടുകാരൊക്കെയുണ്ട്. പെൻസിൽ കൂർപ്പിച്ചു കൊണ്ടിരിക്കുന്നു സത്താറും ഉണ്ണിയും. യൂസുഫും യാഷിക്കും വെള്ളത്തണ്ടിന്റെ കണക്ക് പറഞ്ഞു അടിയുടെ വക്കിൽ എത്തിയിട്ടുണ്ട് . സ്കൂൾ വിടുന്നതിന് മുൻപ് എല്ലാവർക്കും ഓരോ കൊട്ട് കൊടുക്കാനുള്ള കാരണം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സദാ മൂക്കള ഒലിപ്പിച്ചു നടക്കുന്ന അനീസ്. അസീസ് ഉപ്പുമാവിനുള്ള ഇലയ്ക്ക് ഓർഡർ എടുക്കുന്നത് നേരത്തെ തുടങ്ങിയിട്ടുണ്ട് .
മുസ്തഫയും അനുജൻ അബ്ബാസും വീട്ടിൽ നിന്നും തീരാത്ത അടി സ്കൂളിലും തുടരുന്നു. പതിവ് പോലെ മൗനിയായി കരീം എന്റെ തൊട്ടടുത്തുണ്ട്. ഇന്റെർവെല്ലിനു കളിക്കാനുള്ള ഗോട്ടി വീണ്ടും വീണ്ടും എണ്ണി നോക്കുന്ന തിരക്കിലാണ് ആസാദ്. ഫിറോസിന്റെ തോൽ കിറ്റ് ഇന്നും മടിയിൽ നിന്ന് താഴെ വെക്കുമെന്ന് തോന്നുന്നില്ല. ആനന്ദൻ മാഷ് കൊടുത്ത അടിയുടെ പാട് യൂസുഫിന്റെ തുടയിൽ ഇപ്പോഴും ചുവന്ന് കിടക്കുന്നുണ്ട്.
എല്ലാ ബെഞ്ചിനും താഴെ കറുത്ത പ്ലാസ്റ്റിക് കീസ് തുന്നിയുണ്ടാക്കിയ ഞങ്ങളുടെ കിറ്റുകൾ നിരത്തി വെച്ചിട്ടുണ്ട്. പെൺകുട്ടികളുടെ ഭാഗത്ത് മുന്നിലെ ബെഞ്ചിന് താഴെ കറുത്ത കീസ് കിറ്റുകൾക്കിടയിൽ വെട്ടി തിളങ്ങുന്ന ജംഷീറയുടെ അലൂമിനിയം ബോക്സ് . അവളാണല്ലോ സ്കൂളിലെ ഏക ധനിക. സ്കൂളിനടുത്ത കോളനിയിലെ സുന്ദരേട്ടനാണ് അവളുടെ ബോക്സ് എന്നും സ്കൂളിൽ കൊണ്ട് വരുന്നതും സ്കൂൾ വിട്ടാൽ മടക്കി കൊണ്ട് പോകുന്നതും. അവളിന്നും വാച്ച് കെട്ടിയിട്ടുണ്ട് . ഇന്ന് ആർക്കാണാവോ അവൾ വാച്ച് കെട്ടി കൊടുക്കുന്നത്. അവളും ഫിറോസുമൊഴികെയുള്ള എല്ലാവരുടെയും വേഷം ഇന്നല ഇട്ടിരുന്ന ഷർട്ട് തന്നെയാണ്.
‘അറബി മാഷെ’ന്ന ഖാദർ മാഷിന്റെ ബുള്ളറ്റ് ബൈക്ക് എന്നത്തേയും പോലെ കിണറിന് തൊട്ടടുത്ത് തലയെടുപ്പോടെ വിശ്രമിക്കുകയാണ്. സ്കൂളിനോടടുത്തുള്ള വാടക വീടിന്റെ മാളിക പുറത്തു നിന്നും ആനന്ദൻ മാഷ് പടിയിറങ്ങി വരുന്നത് കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു, യൂസുഫ് അടങ്ങിയൊതുങ്ങി ഇരിക്കാൻ തുടങ്ങി. പൊടുന്നനേയാണ് ശക്തമായ മഴ കോരി ചൊരിഞ്ഞത്. ഒന്നാം ക്ലാസ്സിനും രണ്ടാം ക്ലാസ്സിനും ഇടയിൽ , മേൽക്കൂരയിലെ കോണിൽ ഒരു തകര പാത്തിയുണ്ട്. അതിലൂടെ ഇടതടവില്ലാതെ ശക്തിയായി വെള്ളം താഴേക്ക് പതിക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നു.
ഇടയ്ക്കെപ്പോഴോ ഉപ്പുമാവിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറാൻ തുടങ്ങി. ഹാജർമാത്തയും സാഹിബുമാണ് ഉപ്പുമാവ് പാചകക്കാർ. രാവിലെ ഒരു ഗ്ലാസ് സുലൈമാനി മാത്രം മോന്തി ഒരു കിലോമീറ്ററോളം നടന്നു ക്ലാസ്സിലെത്തിയാൽ ഉപ്പുമാവ് വിളമ്പുന്ന വരാന്തയിലേക്ക് ഇടക്കിടക്ക് ഒരു നോട്ടമുണ്ട്. ഇന്റെർവെല്ലിന് അസീസ് ഒടിച്ചു നൽകുന്ന പൊടുവെണ്ണി ഇലയിലാണ് ഉപ്പുമാവ് വാങ്ങുന്നത്. അവൻ അന്നേ തികഞ്ഞൊരു മരം കയറ്റക്കാരനാണ്. കത്തുന്ന വയറ്റിലേക്ക് ഉപ്പുമാവ് നാവിലൂടെ അരഞ്ഞിറങ്ങുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെയാണ്.
ഹാജർമാത്തയും സാഹിബും നമ്പീശൻ മാഷും കൂടി ഉപ്പുമാവ് ചെമ്പ് താങ്ങി പിടിച്ചു വരാന്തയിൽ കൊണ്ട് വന്നു എന്ന് തോന്നുന്നു . ബെല്ലടി ശബ്ദം കേൾക്കുന്നുണ്ട് . ഇലയെടുത്ത് ക്യൂവിലേക്ക് ഇറങ്ങി ഓടിയപ്പോഴാണ് അത് കണ്ടത് .കഷ്ടം , മൊബൈലിൽ അലാറം അടിച്ചു കൊണ്ടേയിരിക്കുന്നു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS